സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പിൽ മരണം 11 ആയി. 29 ലേറെ പേർക്ക് വെടിവയ്പിൽ പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ആയിരത്തിലേറെ ജൂതമത വിശ്വാസികളാണ് ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്. അക്രമികളെത്തിയതെന്ന് സംശയിക്കുന്ന സ്ഫോടക വസ്തുക്കൾ വച്ച കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഇഡി സ്ഫോടക വസ്തുക്കളാണ് അക്രമികളെത്തിയ കാറിനുള്ളിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ട് പേരാണ് സിഡ്നിയുടെ കിഴക്കൻ തീരത്തെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിലുള്ളവരുടെ ഹനൂക്ക ആഘോഷത്തിനിടയിലേക്ക് വെടിയുതിർത്തത്.
വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ബോണ്ടി ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർഥ ധീരനെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് വിശദമാക്കിയത്. അക്രമികൾ ആളുകൾക്ക് നൂറ് മീറ്ററോളം അടുത്തെത്തിയാണ് വെടിയുതിർക്കാൻ ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ അക്രമികളുണ്ടോയെന്നത് പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
Tags : Bondi Beach shooting death toll rises injured