പേരൂര്‍ക്കട: അജ്ഞാത വാഹനത്തില്‍ നിന്നു റോഡിലേക്ക് ചോര്‍ന്ന ഓയിലില്‍ തെന്നി നിരവധി വാഹനയാത്രികര്‍ വീണു.
ഏകദേശം നാല് ഇരുചക്ര വാഹനയാത്രികരാണ് തെന്നിവീണത്. മിക്കവര്‍ക്കും കൈകൾക്കു പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ശാസ്തമംഗലം ദന്താശുപത്രിക്കു സമീപത്തെ റോഡിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് അജ്ഞാത വാഹനത്തില്‍നിന്ന് ഓയില്‍ ചോര്‍ന്നത്. ഓയില്‍ ടാങ്ക് പൊട്ടിയാണോ മറ്റേതെങ്കിലും വിധത്തിലാണോയെന്നു ഓയിൽ റോഡിൽ വീണതെന്നു വ്യക്തമായിട്ടില്ല.
പരിസരവാസികള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവഴി കടന്നുപോയ ലോറിയില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സവിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷമീര്‍, രേഷ്മ, രശ്മി, സേനാംഗം ശ്രീരാജ് എന്നിവര്‍ ചേര്‍ന്നു ഹോസ് ഉപയോഗിച്ച് റോഡില്‍നിന്ന് ഓയില്‍ ചോര്‍ത്തി മാറ്റുകയായിരുന്നു. ഓയില്‍ നീക്കം ചെയ്തുവെങ്കിലും വാഹനയാത്രികരുടെ സുരക്ഷയ്ക്കുവേണ്ടി ഈ ഭാഗത്ത് മരപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കി.