Leader Page
രാഷ്ട്രീയമോ ആശയപരമോ ആയ കാര്യസാധ്യത്തിനുവേണ്ടി അക്രമമാർഗമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതോ വസ്തു, ആൾനാശം വരുത്തുന്നതോ ആണ് ഭീകരവാദമെന്ന് നിർവചിക്കാം. സാധാരണഗതിയിൽ, തർക്കത്തിൽ ഉൾപ്പെടാത്ത ആളുകളാണ് ഭീകരവാദത്തിന്റെ ഇരകളായിത്തീരുന്നത്. ഭീകരവാദത്തിന്റെ വിവിധ നിർവചനങ്ങളിൽ ഈ ഘടകങ്ങളെല്ലാം ഉൾച്ചേർന്നിട്ടുണ്ട്. അപ്രതീക്ഷിത സമയത്ത് പൊടുന്നനെയാണ് പലപ്പോഴും ഭീകരാക്രമണങ്ങൾ സംഭവിക്കുക. ആരെയാണോ ഭയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്, അവരെ വരുതിയിലാക്കുന്നതിനുവേണ്ടി ക്രൂരതയുടെ അങ്ങേയറ്റംവരെ പോകാൻ ഭീകരവാദികൾക്കു മടിയില്ല. പ്രശ്നവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണു മിക്കപ്പോഴും ഇരകളായി മരിച്ചുവീഴുന്നതും മുറിവേറ്റ് ജീവച്ഛവങ്ങളായി മാറുന്നതും.
തങ്ങളുടെ ലക്ഷ്യം നേടുന്നതിനുവേണ്ടി ഏതക്രമവും ചെയ്യാൻ ഭീകരവാദികൾക്കു മടിയില്ല. പരമാവധി ആൾനാശവും സാന്പത്തിക നഷ്ടവും വരുത്തി സർക്കാരുകളെ ഭയപ്പെടുത്തി സമ്മർദത്തിലാഴ്ത്താൻ ഇക്കൂട്ടർ തങ്ങളുടെ ക്രിമിനൽ ബുദ്ധി കൗശലപൂർവം പ്രയോഗിക്കും. ധാരാളം ആളുകൾ ഒന്നിച്ചുകൂടുന്ന കച്ചവടകേന്ദ്രങ്ങൾ, നിശാക്ലബ്ബുകൾ, വിനോദയാത്രാ കേന്ദ്രങ്ങൾ, അനേകം പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം ആക്രമണങ്ങളുടെ ലക്ഷ്യമാകാം. ജനങ്ങളിൽ അരക്ഷിതബോധം വളർത്തി, സർക്കാരുകളെ അല്ലെങ്കിൽ ആരെയാണോ ലക്ഷ്യംവയ്ക്കുന്നത് അവരെ തങ്ങളുടെ ചൊല്പടിയിലാക്കി തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിയുമെന്ന് ഇക്കൂട്ടർ കരുതുന്നു. ഇടതു-വലതു പക്ഷങ്ങളും മതവിഭാഗങ്ങളും ദേശീയവാദികളും വിപ്ലവകാരികളും സർക്കാരുകളുമൊക്കെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭീകരവാദത്തിന്റെ ഉപയോക്താക്കളായിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവത്തോടെയാണ് ഭീകരവാദം (ടെററിസം) എന്ന വാക്ക് പ്രചാരത്തിലായത്. ഫ്രഞ്ച് വിപ്ലവം നയിച്ചവർ അഴിച്ചുവിട്ട ഭീകരതയിൽ കൊല്ലപ്പെട്ടവരിൽ രാജാവു മുതൽ സാധാരണ പ്രജകൾവരെ ഉണ്ടായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകരപ്രസ്ഥാനങ്ങൾ ഉണ്ടാവുകയും അവ നാശം വിതയ്ക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച ശക്തമായ പല ഭീകരപ്രസ്ഥാനങ്ങളും ഇന്നും മുതിർന്ന തലമുറയുടെ ഓർമയിലുണ്ട്. വടക്കൻ അയർലണ്ടിലും സ്പെയിനിലും പലസ്തീനിലും മറ്റും അരങ്ങേറിയ ഭീകരാക്രമണങ്ങൾ നിരവധിയാണ്. 1980കൾക്കുശേഷമാണ് ചാവേറുകൾ ആത്മഹത്യാ ബോംബുകളായി പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. മേരിലാൻഡ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ടെററിസം ഡാറ്റാബേസ് 1970 മുതൽ ലോകമെങ്ങുമുണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചിട്ടുണ്ട്. കൂട്ടക്കൊലകൾ, വംശഹത്യകൾ, അപ്രത്യക്ഷമാകലുകൾ, തട്ടിക്കൊണ്ടുപോകലുകൾ, ഒരു പ്രദേശത്തെ ഒട്ടാകെ നശിപ്പിക്കുന്ന കാർപ്പെറ്റ് ബോംബിംഗുകൾ, ഹൈജാക്കിംഗ് (വിമാനം, കപ്പൽ, കെട്ടിടം), ദണ്ഡന മുറകൾ എന്നിവയെല്ലാം ഭീകരാക്രമണങ്ങളാണ്.
ഭീകരാക്രമണങ്ങളുടെ ഫലമായി ഉണ്ടാകുന്ന മരണങ്ങൾ യുദ്ധമോ പകർച്ചവ്യാധികളോ മൂലമുണ്ടാകുന്ന മരണങ്ങളേക്കാൾ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2001-2021 വർഷങ്ങളിൽ 45,000ൽ ഏറെ ഭീകരാക്രമണങ്ങളും രണ്ടുലക്ഷത്തിലേറെ മരണവും ഉണ്ടായി എന്നാണ് കണക്ക്. അതായത് ഒരുവർഷം 10,000ൽ അല്പം കൂടുതൽ മാത്രം മരണം.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരതയെക്കുറിച്ചു പറയുന്പോൾ അതിനെ മതപരമായി മുദ്രകുത്തുന്ന ഒരു സാഹചര്യം ഉളവായിട്ടുണ്ട്. അതിന്റെ പ്രധാനകാരണം വിവിധ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ആവിർഭാവവും അവർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുമാണ്. ഇത്ര വ്യാപകവും വിപുലവും സംഖ്യാതീതവുമായ തീവ്രവാദഗ്രൂപ്പുകൾ വേറെ ഇല്ല എന്നതാണു വാസ്തവം. മതപ്രബോധനങ്ങളുടെ പ്രചോദനത്താലാണോ ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എന്നതൊരു വേറിട്ട പ്രശ്നമാണ്.
ഭീകരതയുടെ ആദ്യ ദശകം
പുത്തൻ സഹസ്രാബ്ദത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്പോൾ, 1999 ഡിസംബർ 24ന് സംഭ്രമജനകമായ ഒരു വിമാനറാഞ്ചലിന്റെ പേടിപ്പെടുത്തുന്ന വാർത്തയാണ് ലോകം കേട്ടത്. ‘സഹസ്രാബ്ദ ഭീകരാക്രമണം’ എന്ന് അക്രമികൾ പേരിട്ട ഒരു വിമാനറാഞ്ചൽ. കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്കുള്ള ഫ്ളൈറ്റ് നന്പർ ഐസി 814 വിമാനമാണ് പാക്കിസ്ഥാൻ സ്വദേശികളായ ഹർകത്ത്-ഉൽ മുജാഹിദീൻ എന്ന തീവ്ര ഇസ്ലാമിക തീവ്രവാദഗ്രൂപ്പംഗങ്ങൾ തട്ടിയെടുത്തത്. വിമാനവും യാത്രക്കാരും സ്ഫോടനത്തിനിരയായില്ല. അങ്ങനെയൊരു വെടിക്കെട്ടോടുകൂടി പുതിയ സഹസ്രാബ്ദത്തിലേക്കു കാലെടുത്തുവയ്ക്കാനായിരുന്നു ഭീകരരുടെ പദ്ധതി.
എങ്കിലും പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകങ്ങൾ ഭീകരപ്രവർത്തനങ്ങളുടെ സ്ഫോടനശബ്ദങ്ങൾ കേട്ട് നടുങ്ങി എന്നതാണ് വാസ്തവം. ആദ്യ ദശകത്തിൽ നിരവധി ഭീകരാക്രമണങ്ങളുണ്ടായി. ഭീകരവാദികളിൽ എല്ലാവരും ഉച്ചരിച്ച ഒരു പേര് ഒസാമ ബിൻ ലാദന്റേതായിരുന്നു. ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് പാക്കിസ്ഥാനിലാണ് ഈ ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചതും വളർന്നതും ലോകത്തിനാകെ ഭീഷണിയായി പൊട്ടിത്തെറിക്കാൻ തുടങ്ങിയതും. ഹർകത്ത്-ഉൽ മുജാഹിദീനെപ്പോലെ പാക്കിസ്ഥാൻ പിന്തുണയോടെ വളർന്നുവന്ന അൽ ഖയ്ദ, അഫ്ഗാനിസ്ഥാനിലെ താലിബാൻ, ഇറാക്കിലെ ഐഎസ്ഐ എന്നിവയാണ് ആദ്യ ദശകത്തെ രക്തരൂഷിതമാക്കിയത്. ലോസ് ആഞ്ചലസ്, അമ്മാൻ, ഏദൻ, ഡൽഹി എന്നിവിടങ്ങളിൽ ഡിസംബർ 31നു രാത്രി വിമാനസ്ഫോടനങ്ങൾ നടത്താനുള്ള അവരുടെ പദ്ധതി വിജയിച്ചില്ല.
2001 സെപ്റ്റംബർ 11ന് (9/11) അൽ ഖയ്ദ നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചി. അവർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തു. പെന്റഗൺ ആക്രമിച്ചു. വാഷിംഗ്ടണിലെ പാർലമെന്റ് മന്ദിരം തകർക്കാൻ ശ്രമിച്ചു. പാക്കിസ്ഥാനിയായ ഖാലിദ് ഷയ്ക്ക് മുഹമ്മദും സൗദി പൗരനായ ഒസാമ ബിൻ ലാദനുമായിരുന്നു 9/11ന്റെ സൂത്രധാരർ. ആ തീയതിക്കു ശേഷം ലോകം ഒരിക്കലും പഴയപടി ആയില്ല. രണ്ടു യുദ്ധങ്ങൾ, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പതനം, ഭീകരതയ്ക്കെതിരായ ആഗോളയുദ്ധത്തിന്റെ തുടക്കം എന്നിവ അതിന്റെ ചില അനന്തരഫലങ്ങളാണ്. താലിബാൻ അഫ്ഗാനികളാൽപോലും വെറുക്കപ്പെടുന്നുവെന്നു വ്യക്തമായി. പാക്കിസ്ഥാനിലെ പ്രസിഡന്റ് പർവേസ് മുഷറഫ് പോലും താലിബാനെ തള്ളിപ്പറഞ്ഞു. ബിൻ ലാദനും കൂട്ടരും പിടിക്കപ്പെടുമെന്ന അവസ്ഥ എത്തിച്ചേർന്നു. എന്നാൽ, 9/11ന്റെ പിന്നിൽ ഇറാക്കെന്ന തെറ്റായ ബോധ്യത്തിൽ അവിടെ യുദ്ധം ചെയ്യാനാണ് പ്രസിഡന്റ് ജോർജ് ബുഷ് തീരുമാനിച്ചത്. തെറ്റായ നിലപാടായിരുന്നു അത്.
2001 ഡിസംബർ 13ന് അൽ ഖയ്ദയോടു ബന്ധമുണ്ടായിരുന്ന ലഷ്കർ-ഇ-തോയ്ബ, ജയിഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദസംഘങ്ങൾ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. ഇന്ത്യൻ നേതാക്കളെ വധിച്ച് ഇന്ത്യയെ പാക്കിസ്ഥാനുമായി യുദ്ധത്തിലേക്കു തള്ളിവിടുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. അൽ ഖയ്ദ ഭീകരരെ തുറുങ്കലടയ്ക്കാൻ പാക്കിസ്ഥാൻ തയാറായില്ല. അങ്ങനെ അവർ ഒരു ദശകംകൂടി സ്ഫോടകവസ്തുക്കളുമായി വിഹരിച്ച് ലോകത്തെ ഭയപ്പെടുത്തി. ഇന്തോനേഷ്യ, കെനിയ, സ്പെയിൻ, മൊറോക്കോ രാജ്യങ്ങളിലെല്ലാം അൽ ഖയ്ദ ഭീകരതാണ്ഡവം നടത്തി. എല്ലാറ്റിനും പാക്കിസ്ഥാന്റെ ഒത്താശയും ഉണ്ടായിരുന്നു. 2005 ജൂൺ ഏഴിന് ലണ്ടനിൽ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിൽ പരിശീലനം നേടിയ അൽ ഖയ്ദയുടെ യുകെ സ്വദേശികളായ ഇസ്ലാമിക ഭീകരരായിരുന്നു. ബിൻ ലാദന്റെ നേരേ താഴെയുള്ള നേതാവായ സവാഹിരിയുടെ ആഖ്യാനത്തോടുകൂടിയ അക്രമവീഡിയോ അവർ പ്രചരിപ്പിക്കുകയും ചെയ്തു.
9/11നുശേഷമുള്ള അഞ്ചു വർഷക്കാലം ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി ഒളിജീവിതം നയിച്ചു. 2004ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അയാൾ അമേരിക്കക്കാർക്കു മുന്നറിയിപ്പു നൽകി. അറബികളായ അൽ ഖയ്ദ ഭീകരർ ബാഗ്ദാദിലെ യുഎൻ കെട്ടിടം തകർക്കുകയും ഷിയാ-സുന്നി ആഭ്യന്തരയുദ്ധത്തിനു വഴിമരുന്നിടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ ഐഎസ് താലിബാനെ പിന്തുണച്ചുപോന്നു. പ്രസിഡന്റ് ബുഷ് അഫ്ഗാനിസ്ഥാനിൽനിന്നു മാറി ഇറാക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താലിബിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി.
2006 ഓഗസ്റ്റിൻ അൽ ഖയ്ദയുടെ ഒരു വന്പൻ ഭീകരാക്രമണ പദ്ധതി തകർക്കാൻ ബ്രിട്ടീഷ് രഹസ്യാന്വേഷണത്തിനു സാധിച്ചു. അഞ്ചാം വാർഷികം, ഹീത്രൂവിൽനിന്നുള്ള ഏതാനും വിമാനങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തിൽ പൊട്ടിച്ചുതാഴ്ത്തി ആഘോഷിക്കാനുള്ള പൈശാചികമായ പദ്ധതിയായിരുന്നു അത്. അതു നടന്നിരുന്നെങ്കിൽ വ്യോമയാനരംഗം മാത്രമല്ല ആഗോള സാന്പത്തിക ക്രമംതന്നെ കുഴപ്പത്തിലാകുമായിരുന്നു. ബിൻലാദനോടൊപ്പം ഇത് ആസൂത്രണം ചെയ്ത പാക്കിസ്ഥാനി - ബ്രിട്ടീഷ് ഭീകരനായ റഷീദ് റൗഫ് പാക്കിസ്ഥാനിൽ അറസ്റ്റിലായെങ്കിലും തടവുചാടിയത് ദുരൂഹമാണ്. 2007ൽ ഭീകരതയുടെ വളർത്തുനാടായ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോ ഭീകരരുടെ തോക്കിനിരയായി. അൽ ഖയ്ദ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാക്കിസ്ഥാനിൽ പോലീസ് തന്നെ തെളിവുകൾ നശിപ്പിച്ചത് മറ്റൊരു സമസ്യയായി തുടരുന്നു.
ദശകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരാക്രമണമുണ്ടായത് മുംബൈയിലാണ്. ദീർഘകാലത്തെ, സൂക്ഷ്മമായ പ്ലാനിംഗിനു ശേഷം പാക്കിസ്ഥാൻ കേന്ദ്രമായ ലഷ്കർ ഇ തായ്ബ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ പത്തു ഭീകരരാണ് നാലു ദിവസം നീണ്ട ഈ കൊലപാതക പരന്പര നടപ്പാക്കിയത്. പാക്കിസ്ഥാനിൽ വേരുകളുള്ള ഡേവിഡ് ഹെഡ്ലി എന്ന ഭീകരനാണ് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത്. ഡെൻമാർക്കിൽ ആക്രമണം നടത്താൻ പോകുംവഴിയാണ് ഇയാൾ അറസ്റ്റിലായത്. അമേരിക്കയിൽ വീണ്ടും ആക്രമണമുണ്ടായത് 2009ലെ ക്രിസ്മസ് ദിനത്തിലാണ്. ഒരു നൈജീരിയൻ ഇസ്ലാമിക തീവ്രവാദി ഒരു അമേരിക്കൻ വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും യാത്രികർ അതു തടഞ്ഞു. ന്യൂയോർക്ക് മെട്രോയും ചരക്കുവിമാനങ്ങളും തകർക്കാനും ടൈംസ് സ്ക്വയറിൽ കാർബോംബ് പൊട്ടിക്കാനുമുള്ള ശ്രമങ്ങളും വിജയിച്ചില്ല.
സിഐഎ ബിൻ ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നത് 2010ലാണ്. പാക്കിസ്ഥാനെ അറിയിക്കാതെ അമേരിക്ക നടത്തിയ ഓപ്പറേഷനിൽ ഇസ്ലാമിക ഭീകരരുടെ ആചാര്യനായ ഒസാമ ബിൻ ലാദൻ 2011 മേയ് 11ന് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഐഎസ്ഐ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെ ഹർക്കത്ത്-ഉൾ മുജാഹിദിൻ അംഗങ്ങൾ ഇസ്ലാമാബാദിൽ സന്തോഷപൂർവം ജീവിച്ചുവരികയായിരുന്നുവെന്ന് ലോകത്തിനു മനസിലായി. ഇവരാണ് 9/11 ആസൂത്രണം ചെയ്തത്. ബിൻ ലാദന്റെ മരണത്തോടെ ഇസ്ലാമിക ഭീകരതയ്ക്ക് അന്ത്യമാകുമെന്ന് പ്രത്യാശിച്ചവർക്കു തെറ്റി. ലഷ്കർ ഇ-തായ്ബയുടെ നേതാവായ ഹാഫിസ് സിയിദ്, താലിബാൻ നേതാവായ മുള്ളാ ഒമാർ എന്നിവർ ബിൻ ലാദന്&
International
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നൽകി ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു.
ഉച്ചകോടിയിലെ പ്രസംഗത്തിൽ മയക്കുമരുന്നിനെതിരെ ജി20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മയക്കുമരുന്നീലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും മോദി ചൂണ്ടിക്കാട്ടി.
വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നൽകണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തിൽ ഇടം കിട്ടി.
National
ഡൽഹി: കള്ളപ്പണ നിരോധന നിയമപ്രകാരം അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലായിരുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയാണ് അറസ്റ്റിലായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളിൽനിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തെരയുകയായിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി അന്വേഷണസംഘം. സ്ഫോടനത്തെ തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രതി അദീൽ മജീദ് റാത്തറാണ് ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി കരുതുന്നത്.
ഇയാളുടെ വസതിയിൽ നിന്ന് 14 മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നിലധികം കശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോ കോൾ രേഖകളും ഇതിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. സെഷൻ ആപ്പിലും വാട്ട്സ്ആപ്പിലും രാത്രി വൈകിയുള്ള എൻക്രിപ്റ്റഡ് ചാറ്റുകളും കണ്ടെത്തിയതായി അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രാദേശിക ഡോക്ടർമാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഒരു ഹണിട്രാപ് രീതിയാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന് സഹായം നൽകിയിരുന്നോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Editorial
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്‍പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്‍പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
Special News
ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ ഒളിത്താവളങ്ങളിലോ, ഏകാന്തവാസത്തിലോ അല്ല..!
അവര്‍ പാക്കിസ്ഥാന് എന്ന നീചരാജ്യത്ത് സര്‍വ സ്വതന്ത്രരായി വിലസുന്നു. അത്യാഡംബര ജീവിതം നയിച്ച്, ഭാര്യമാരും മക്കളുമായി! അവര്‍ക്കു പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ!
പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍.
സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ ലോകം കുറ്റക്കാരായി കാണുമ്പോഴും ആ രാജ്യം അവരെ പിന്തുണയ്ക്കുന്നു.
അവരുടെ രാജകീയജീവിതത്തിനു കാവല്‍ക്കാരാകുന്നു. ആരൊക്കെയാണ് ഈ കൊടും തീവ്രവാദികള്‍?
ഹാഫിസ് സയീദ്
1990കളുടെ തുടക്കത്തില്‍, പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഇസ്ലാമിക മതമൗലികവാദ മിഷനറി ഗ്രൂപ്പായ മര്‍കസ് ഉദ് ദവാ വല്‍ ഇര്‍ഷാദിന്റെ സൈനിക വിഭാഗമായി സയീദ് സ്ഥാപിച്ച ലഷ്കര്‍ അഥവാ എല്‍ഇടി എന്ന ഭീകര സംഘടനയുടെ തലവനാണ് ഹാഫിസ് സയീദ്.
ഇന്ത്യന്‍ സൈനികര്‍ക്കും സാധാരണക്കാര്ക്കുമെതിരേയുള്ള നിരവധി ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കൊടുംഭീകരന്. ഇന്ത്യക്കെതിരായ ലഷ്കര്‍ ആക്രമണങ്ങളുടെ പട്ടിക രക്തരൂക്ഷിതമാണ്.
ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് ഇയാള്‍. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയിട്ടുണ്ട് ഇയാള്‍. 2000ല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലും ഇയാളുടെ ആസൂത്രണത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
യുഎസും ഐക്യരാഷ്ട്രസഭയും ഹാഫിസ് സയീദിനെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സായുധ കാവലില്‍ ലാഹോറില്‍ ഈ "കൊലയാളി' സുഖമായി താമസിക്കുന്നു.
മസൂദ് അസ്ഹര്‍
പാക് സൈന്യത്തിന്റെയും ഇന്റലിജന്‍സ് ഏജന്‍സിയുടെയും സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസ്ഹര്‍. 59 സൈനികരെ കൊല്ലുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ അസ്ഹറിനെ 2019 ല്‍ ഐക്യരാഷ്ട്രസഭ "ആഗോള ഭീകരന്' - ആയി മുദ്രകുത്തി.
പാക്കിസ്ഥാനില്‍ സ്വതന്ത്രനായി വിഹരിക്കുന്ന ഇയാള്‍ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകരിലൊരാളാണ്. എന്നാല്‍, മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പാക് സര്‍ക്കാരിന്റെ വിചിത്രവാദം!
കഴിഞ്ഞ വര്‍ഷം നവംബറില്‍ പാക്കിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലെ ഇസ്ലാമിക് സെമിനാരിയില്‍ അയാള്‍ പ്രസംഗിക്കുകയും ഇന്ത്യക്കെതിരേ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍, പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ മൂക്കിനുകീഴെ വിലസുന്ന അയാളെ അറിയില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലെ ബഹവല്‍പുര്‍ കേന്ദ്രീകരിച്ച് ഭീകരപരിശീലനം നടത്തിയിരുന്നു.
ഓപ്പറേഷന് സിന്ദൂറില്‍ മസൂദിന്റെ ഭീകരക്യാംപ് ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
സാക്കിയുര്‍ റഹ്മാന് ലഖ്വി
മതമൗലികവാദ പ്രഭാഷകനും ലഷ്കര്‍ ഇ തൊയ്ബയിലെ മുതിര്‍ന്ന നേതാവുമായ സാക്കിയുര്‍ റഹ്മാന് ലഖ്വിയാണ് ഇന്ത്യയുടെും വിവിധ ലോകരാജ്യങ്ങളുടെയും പട്ടികയിലുള്ള മറ്റൊരു ആഗോളഭീകരന്‍.
ലഖ്വി ഭീകരസംഘത്തിന്റെ സൈനിക മേധാവിയാണെന്നും 26/11 മുംബൈ ആക്രമണത്തിന്റെ ശില്പ്പിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ചുകാലം പാക് ജയിലിലുണ്ടായിരുന്ന ലഖ്വി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
സയിദ് സലാഹുദീന്‍
ഭീകരപ്പട്ടികയിലെ നാലാമനാണ്, സയിദ് സലാഹുദ്ദീന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ തലവനും കാഷ്മീര്‍ താഴ്വരയെ "ഇന്ത്യന്‍ സേനയുടെ ശവക്കുഴി' ആക്കുമെന്ന് പ്രതിജ്ഞയുമെടുത്തയാളാണ് സയിദ് സലാഹുദ്ദീന്.
ദാവൂദ് ഇബ്രാഹിം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഒരാള്‍. മാഫിയ തലവന്‍. കുപ്രസിദ്ധമായ ഡി-കമ്പനി ക്രൈം സിന്‍ഡിക്കേറ്റിന്റെ തലവന്‍, കൊലപാതകം, കൊള്ളയടിക്കല്‍, മയക്കുമരുന്നുകടത്ത്, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷിക്കുന്ന വ്യക്തി.
ദാവൂദിന്റെ തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണു താമസം. പാക് സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ), സായുധ സേനയുടെയും സുരക്ഷയിലാണ് ഇയാളുടെ രാജകീയജീവിതം.
ഇഖ്ബാല്‍ ഭട്കൽ, റിയാസ് ഭട്കൽ
ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപിച്ച ഇഖ്ബാല്‍ ഭട്കലും, ഗ്രൂപ്പിന്റെ സഹസ്ഥാപകനും അതിന്റെ ധനസഹായിയുമായി പ്രവര്‍ത്തിക്കുന്ന സഹോദരന് റിയാസ് ഭട്കലും കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.
ഇരുവരും കറാച്ചിയിലാണ് താമസം. പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും സംരക്ഷണയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
ഇന്ത്യയെ ആക്രമിക്കാന്‍ ഒന്നിലധികം ഭീകര ഗ്രൂപ്പുകളെ വളർത്തുന്ന പാക്കിസ്ഥാൻ ലോകത്തെ "ഭീകരതയുടെ തലസ്ഥാന'മാണ്.
അന്താരാഷ്ട്ര സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിട്ടും ഈ അവസ്ഥ തുടരുന്നു. ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വര്‍ധിച്ചുവരികയാണിപ്പോള്‍.
Editorial
പർവതനിരകൾ തുരന്നുണ്ടാക്കിയ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബുകൾ തുരന്നുകയറി. അമേരിക്കയും പങ്കെടുത്തതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഗതി മാറിയിരിക്കുകയാണ്. രണ്ടഭിപ്രായമുണ്ട്; സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിൽ അതിക്രമിച്ച് ആക്രമണങ്ങൾ നടത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരേയാണ് ഒരു പക്ഷം. അതേസമയം, പാക്കിസ്ഥാനെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ, തുർക്കിയെപ്പോലെ...
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരേ ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെക്കൊണ്ടു നിഴൽയുദ്ധം നടത്തിക്കുന്ന ഇറാൻ ആണവശക്തിയാകുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയുംകുറിച്ചുള്ള മിക്ക ചർച്ചകളിലും ഇസ്ലാമിക തീവ്രവാദം മുഖ്യ അജൻഡയാകുന്നത് മുന്നറിയിപ്പാണ്. യുദ്ധം വേണ്ടെന്നും തീവ്രവാദം വേണമെന്നും ഒരേ സ്വരത്തിൽ പറയരുത്.
ഇന്നലെ പുലർച്ചെയാണ്, അമേരിക്കൻ വ്യോമസേന ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും പൂർണമായും തകർന്നോയെന്നതിൽ കൃത്യമായ വിവരം വരേണ്ടതുണ്ട്.
ഇറാനിലേക്ക് അമേരിക്കൻ ബോംബർ വിമാനങ്ങൾ പുറപ്പെട്ടത് ഇന്നലെ ദീപികയുടെ പ്രധാന വാർത്തയായിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി 135 വിമാനങ്ങളുടെ അകന്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ അതു വായിക്കുന്പോഴേക്കും അമേരിക്ക ദൗത്യം പൂർത്തിയാക്കിയിരുന്നു. വിമാനങ്ങൾ തിരിച്ചെത്തിയെന്നാണ് ട്രംപ് അറിയിച്ചത്. “പശ്ചിമേഷ്യയിലെ ഹിറ്റ്ലർ’’ എന്ന് 2017ലും 2018ലും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ച ആയത്തുള്ള അലി ഖമനയ് ഒളിത്താവളത്തിലാണ്. ഇസ്രയേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നുമുണ്ട്. അമേരിക്കൻ സൈനികതാവളങ്ങളിൽ ഇറാൻ തിരിച്ചടി നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ച് ലോകവ്യാപാരത്തിന്റെ കടൽമാർഗം തടയുകയോ ചെയ്തേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇറാന് സമാധാനമോ ദുരന്തമോ ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാനാകൂ എന്നാണ് അമേരിക്കയുടെ ഭീഷണി.
ഇറാൻ സമാധാന ചർച്ചകൾക്ക് വഴങ്ങുമോ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമോ എന്നതാണ് ലോകത്തിന്റെ ഉദ്വേഗം. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 19 സൈനികതാവളങ്ങളുണ്ട്. അത്യാധുനിക ആയുധങ്ങള്‍ക്കു പുറമെ 45,000 സൈനികരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലായതിനാൽ അവർ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നും ഭൂമിയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തതെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അമേരിക്കയ്ക്കെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത് തുർക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗനാണ്. എല്ലാം തുടങ്ങിയത് ഇസ്രയേലാണെന്നും നെതന്യാഹുവും ഹിറ്റ്ലറും ഒരേ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
2023 ഓക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ-വിദേശ പൗരന്മാരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. അതിനടുത്ത മാസങ്ങളിൽ 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ നാടു കടത്താനും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അസർബൈജാന് എല്ലാ സഹായവും ചെയ്തുകൊടുത്ത “വംശീയപ്രേമി’’യാണ് എർദോഗൻ.
1915-18ൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ, പിന്നീട് ഹിറ്റ്ലർ പോലും മാതൃകയാക്കിയ വംശഹത്യയെ ന്യായീകരിച്ചതും ഇദ്ദേഹമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ ഓടിനടക്കുന്ന ഇതേ എർദോഗനാണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ ഒരുളുപ്പുമില്ലാതെ മോസ്കാക്കിയത്.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക ഭീകരർ കഴുത്തറത്തും മതം മാറ്റിയും ആട്ടിയോടിച്ചും ക്രൈസ്തവരെ അവരുടെ ഈറ്റില്ലങ്ങളിൽ ഉന്മൂലനം ചെയ്യുന്നതൊന്നും കാണാത്ത എർദോഗന്റെ കുടിലബുദ്ധിയുള്ളവർ കേരളത്തിലുമുണ്ട്. ഹാഗിയ സോഫിയ പള്ളിയാണോ മസ്ജിദാണോയെന്ന് അവർക്കറിയില്ല.
പക്ഷേ, ബാബറി മസ്ജിദ് എന്താണെന്നു കൃത്യമായറിയാം. നൈജീരിയയിൽ തീവ്രവാദികൾ കൈകൾ പിന്നിലോട്ടു കെട്ടി അടുക്കിക്കിടത്തി വെടിവച്ചുകൊല്ലുന്ന ക്രിസ്ത്യാനികളുടെ പിടച്ചിൽ അവരുടെ മനസ് അലിയിക്കില്ല. ഇക്കൂട്ടരുടെ മനുഷ്യാവകാശങ്ങളും യുദ്ധവിരുദ്ധതയും അന്തർദേശീയ വാർത്തകളും മതം നോക്കിയാണ്.
ഇടയ്ക്കിടെ മതേതരത്വമെന്ന് ഉരുവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിനു മതേതരത്വകീശയുള്ള ജനാധിപത്യക്കുപ്പായം തുന്നലാണ് പണി. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ഭീകരർ അവർക്കു വംശീയവാദികളല്ല; തെമ്മാടികളുമല്ല. പക്ഷേ, തീവ്രവാദത്തിന്റെ ഇരകൾക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയും ഇറാനും സിറിയയുമൊക്കെ വംശവെറിയന്മാരായ തെമ്മാടികളാണെന്നു മറക്കേണ്ട.
യുദ്ധം പങ്കെടുക്കുന്നവരുടെ യാഥാർഥ്യമാണ്. പക്ഷേ, സമാധാനം എല്ലാവരുടെയും ആവശ്യമാണെന്നു കരുതി പങ്കെടുക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. ചർച്ചകളുടെ അജണ്ടയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം ആഗോള വിഷയം തന്നെയാണ്. അതുകൊണ്ട്, ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹിസ്ബുള്ളയെയും യെമനിൽ ഹൂതികളെയും ഇറാക്കിൽ ഷിയ തീവ്രവാദികളെയും തീറ്റിപ്പോറ്റുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിൽ തലതല്ലിക്കരയാനും പ്രതിഷേധിക്കാനും എല്ലാവർക്കും ബാധ്യതയില്ല.
ശരിയത്ത് നിയമം അനുവദിക്കാതിരുന്ന, ഒരു പരിധിവരെ മതേതരത്വം പാലിച്ചിരുന്ന സദ്ദാം ഹുസൈനെ ആക്രമിച്ചതുപോലെയല്ല, മതഭ്രാന്തനും സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖം മറയ്ക്കുകയും പൗരപ്രതിഷേധങ്ങളെ അടിച്ചമർത്തുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തി മേഖലയിൽ അരാജകത്വം വളർത്തുകയും ചെയ്യുന്ന, സൗദി രാജകുമാരൻ നവ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ച ഖമനയ്.
നമുക്കു യുദ്ധങ്ങൾ വേണ്ട. ഇസ്ലാമിക തീവ്രവാദമൊഴുക്കുന്ന വംശഹത്യകളും വേണ്ട. രണ്ടാമത്തേത് ആകാമെന്നു പറയുന്ന കറുത്ത രാഷ്ട്രീയത്തിന്റെ കള്ളനാണയങ്ങൾ ആരും കൈമാറരുത്; പശ്ചിമേഷ്യയിലായാലും കേരളത്തിലായാലും.
Editorial
പലസ്തീനിലെ കുട്ടികൾക്കുവേണ്ടിയെന്നു പറഞ്ഞ്, എസ്ഐഒ എന്ന സംഘടന 'സുഡിയോ'യ്ക്കു മുന്നിൽനിന്ന് പോസു ചെയ്തത് ഒരു മതഫ്രെയിമിനുവേണ്ടിയാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയാണ് എസ്ഐഒ. ഇസ്രായേലിന് പിന്തുണ നൽകുന്ന ടാറ്റയുടെ സുഡിയോ എന്ന കടയിൽനിന്നു തുണി വാങ്ങരുതെന്നായിരുന്നു ആഹ്വാനം. ഗാസയിലെ കുഞ്ഞു മൃതദേഹങ്ങൾ ആർക്കും കണ്ടു നിൽക്കാവുന്നതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദം ലോകമെങ്ങും കൊന്നുതള്ളിയ കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തുകയും വിൽക്കുകയും അടിമകളാക്കുകയും ചെയ്ത ഇതര മതസ്ഥരായ പെൺകുട്ടികളെയും കുരിശിലേറ്റപ്പെട്ടവരെയും കഴുത്തറക്കപ്പെട്ടവരെയുമൊന്നും കണ്ടില്ലെന്നു നടിക്കുന്നവരുടെ കരുണ ഒരു മതമൗലികവാദ ചിത്രമാണ്.
എസ്ഐഒയുടെ പ്രതിഷേധം അവരുടെ അവകാശമായിരിക്കാം. പക്ഷേ, അതേ അവകാശം ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോള ഇരകളായ ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചാൽ ലോക വ്യാപാരക്രമത്തിൽ മുസ്ലിം പങ്കിനുണ്ടാകുന്ന തിരിച്ചടി എത്ര വലുതായിരിക്കും?
സുഡിയോയുടെ കോഴിക്കോട്ടെ കടയ്ക്കു മുന്നിലാണ് ബലിപ്പെരുന്നാളിനു തലേന്ന് എസ്ഐഒയുടെ ബഹിഷ്കരണ ആഹ്വാനം നടന്നത്. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളിൽ ടാറ്റയും പങ്കാളികളാണെന്നുമാണ് ആരോപിച്ചത്.
ബലിപ്പെരുന്നാളിനു സുഡിയോയിൽനിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്നും എസ്ഐഒ പറഞ്ഞു. 'ഒരു കുഞ്ഞിനെ കൊല്ലാൻ നിങ്ങളുടെ പണം ചെലവഴിക്കാതിരിക്കട്ടെ.' തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളും നിരത്തി. അഡിഡാസ്, എച്ച് ആൻഡ് എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, വിക്ടോറിയാസ് സീക്രട്ട് തുടങ്ങിയ ബ്രാൻഡുകൾക്കെതിരേയും ബഹിഷ്കരണാഹ്വാനമുണ്ട്. സുഡിയോയുടെ കച്ചവടം കൂടിയെന്നതും സംഘപരിവാർ സംഘടനകൾ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നതും വേറെ കാര്യം.
ഇക്കഴിഞ്ഞ ഏപ്രിലിൽ വഖഫ് നിയമഭേദഗതിക്കെതിരേ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗമായ എസ്ഐഒയും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂർ വിമാനത്താവള ഉപരോധത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളായ മുസ്ലിം ബ്രദർഹുഡ്, ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് ഏറെ വിവാദമായിരുന്നു. സുഡിയോ സമരത്തോടെ ഈ പ്രസ്ഥാനങ്ങൾ അവയുടെ മുഖം കുറെക്കുടി വെളിപ്പെടുത്തിയിരിക്കുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാകാം രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കുന്നില്ല.
ആഗോള തീവ്രവാദം, ജനാധിപത്യ-മതേതര രാജ്യങ്ങളിലെ അവയുടെ ഇരവാദം, വോട്ടിനുവേണ്ടി അവയെ കണ്ടില്ലെന്നു നടിക്കുന്ന പ്രീണന രാഷ്ട്രീയം എന്നിവയെ എസ്ഐഒ വീണ്ടും ചർച്ചയാക്കി. ഇസ്രായേലുമായി വ്യാപാര സൗഹൃദമോ സൈനിക സഹകരണമോ ഉള്ളതാണ് പ്രശ്നമെങ്കിൽ ഇന്ത്യയിലെ നിരവധി കമ്പനികളെ സമരക്കാർക്ക് ഉപരോധിക്കേണ്ടിവരുമെന്നും ടാറ്റയുടെ നിരവധി ഉത്പന്നങ്ങൾ നിരന്തരം വാങ്ങിക്കുകയും അവരുടെ വിമാനങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർ അപഹാസ്യരാകുകയാണെന്നുമുള്ള പ്രതികരണങ്ങളുണ്ട്.
അതുപോലെ, ഇസ്രായേലിൻ്റെ സുഹൃദ് രാഷ്ട്രമായ അമേരിക്കയിൽ പഠിക്കുന്ന എസ്ഐഒ ബന്ധമുള്ളവരെയെല്ലാം തിരിച്ചുവിളിക്കുമോയെന്ന ചോദ്യങ്ങളും സജീവമായി. എന്നാൽ, സുഡിയോ വിരുദ്ധ സമരത്തിൻ്റെ ഇമ്മാതിരി മേൽക്കൂരകളെക്കുറിച്ചല്ല, തീവ്രവാദ അടിത്തറകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആഗോള തീവ്രവാദത്തിന്റെ വിത്തുത്പാദന കേന്ദ്രമായ മുസ്ലിം ബ്രദർഹുഡിൻ്റെ പോഷകസംഘടനയാണ് ഹമാസ്.
അതുകൊണ്ടാണ് പലസ്തീൻ പ്രശ്നത്തിൻ്റെ പരിഹാരമായി ദ്വിരാഷ്ട്രവാദം അംഗീകരിക്കുന്നവരിൽ പലരും ആഭരണത്തിൽ ഹമാസിനു പങ്കുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത്. പാലസ്തീനിൽ ഒരു കുഞ്ഞും മരിക്കരുത്. പക്ഷേ, അതിനു ലോകം ആവശ്യപ്പെടുന്നത് ഇസ്രയേലിനോടു വെടിനിർത്താൻ മാത്രമല്ല, ഹമാസിനോട് ബന്ദികളെ വിട്ടു കൊടുക്കാനുമാണ്. അതായത്, കുഞ്ഞുങ്ങളുടെ ചോര ഹമാസിൻ്റെ കൈകളിലുമുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവർ മനുഷ്യത്വമുള്ള എല്ലാവരുടെയും ദുഃഖമാണ്. പക്ഷേ, എസ്ഐഒ കേട്ടിട്ടുണ്ടാകുമോ എന്നറിയില്ല, ഈ അനുകമ്പയോ ഐക്യദാർഢ്യമോ കിട്ടാതെ ലോകത്ത് നിരവധി കുട്ടികൾ കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാകുകയും പോഷകാഹാരക്കുറവുകൊണ്ട് മരിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികൾ കുട്ടികളെ ആയുധം കൊടുത്ത് യുദ്ധത്തിന് ഇറക്കുകയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ സ്ഥിതിയെക്കുറിച്ചുള്ള യുഎൻ, പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോ എന്നിവയുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി 'സേവ് ദ ചിൽഡ്രൻ' നടത്തിയ പഠനത്തിൽ കുട്ടികൾക്കു ജീവിക്കേണ്ടിവന്നിരിക്കുന്ന ഏറ്റവും സംഘർഷഭരിതമായ 10 രാജ്യങ്ങളുണ്ട്.
അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ, യെമൻ, സൊമാലിയ, മാലി, നൈജീരിയ, കാമറൂൺ, സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ നിത്യയുദ്ധഭൂമികളാക്കി മാറ്റിയത് ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ക്വയ്ദ, ബൊക്കോ ഹറാം, മുസ്ലിം ബ്രദർഹുഡ് തുടങ്ങിയവയോ അവയുടെ പോഷക സംഘടനകളോ ആണെന്നും ഇസ്ലാമിക തീവ്രവാദികൾ ചോരയിൽ മുക്കിയ കുഞ്ഞുടുപ്പുകൾ ലോകമെങ്ങുമുണ്ടെന്നുമുള്ള യാഥാർഥ്യം കേരളത്തിലും പലർക്കും അറിയില്ല.
വംശഹത്യയിലേക്കുകൂടി ഒന്നു വരാം. മുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം ഏതെങ്കിലും ഗോത്ര, വർഗ, മത, ഭാഷാ, സംസ്കാര, ദേശീയ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് വംശഹത്യ. അതനുസരിച്ച് ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നു പറയുന്നതിനെ ഇസ്രയേലിനു ചെറുക്കാനാകും.
ഒന്നാമത്, ഇസ്രയേൽ മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമല്ല, 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. രണ്ടാമത്തെ കാര്യം, പാലസ്തീനികൾ ഉൾപ്പെടെ 18 ലക്ഷത്തോളം മുസ്ലിംകൾ ഇസ്രയേലിൽ ജീവിക്കുന്നുണ്ട്. അതിൽ ഒട്ടുമുക്കാലും തുല്യാവകാശങ്ങളുള്ള ഇസ്രയേൽ പൗരന്മാരാണ്. പലസ്തീനികളുടെ ഉന്മൂലനമാണ് ഇസ്രയേലിന്റെ ലക്ഷ്യമെങ്കിൽ ഇസ്രയേലിലെ പലസ്തീനികൾ എങ്ങനെയാണ് സുരക്ഷിതരായി കഴിയുന്നത്? വം ശഹത്യ എന്ന വാക്ക് തോന്നിയപടി ഉപയോഗിക്കാനാകുമോ?
വംശഹത്യ വിശേഷണം ഹമാസിനു ചേരുമോയെന്നുകൂടി വ്യക്തമാക്കണം. ഗാസ താത്കാലിക ലക്ഷ്യമാണെന്നും യഹുദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് അന്തിമ ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുള്ള ഭീകര പ്രസ്ഥാനമാണ് ഹമാസ്. ഹമാസ് കമാൻഡർ മഹ്മുദ് അൽ സഹർ ഉൾപ്പെടെ പരസ്യമായി പറഞ്ഞ ആ ലക്ഷ്യത്തെ ഹമാസിൻ്റെ ഒരു നേതാവും തള്ളിക്കളഞ്ഞിട്ടില്ല.
യഹൂദരെയും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യാൻ നടക്കുന്നത് ഹമാസ് വംശീയവാദികളല്ലേ? എസ്ഐഒ മാത്രമല്ല, മുസ്ലിം ബ്രദർഹുഡിനെയും ഹമാസിനെയുമൊക്കെ വിമോചന പോരാളികളായി കാണുന്നവരും ഉത്തരം പറയേണ്ടതാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും മനസില്ലാമനസോടെയാണെങ്കിലും തള്ളിപ്പറയാൻ നിർബന്ധിതരായവർ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ അങ്ങനെയായിരുന്നില്ല.
വീണ്ടും പറയട്ടെ, സുഡിയോ ബഹിഷ്കരണം മതരാഷ്ട്രവാദക്കാർ ജനാധിപത്യ സംവിധാനത്തിൽ നടത്തുന്ന ഇരവാദ പ്രകടനങ്ങളാണ്. കൊല്ലപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ചോര അവരെ അസ്വസ്ഥരാക്കില്ല. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയ അതേ കാലയളവിൽ അസർബൈജാൻ, തുർക്കി സഹായത്തോടെ സ്വന്തം മണ്ണിൽനിന്നു നാടുകടത്തിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കാണാതിരുന്നതുപോലെ.