International
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്, മുതിര്‍ന്ന നേതാവ് എ.കെ. ബാലന് എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാൻ വാക്കുകൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
പ്രതികരണം അനവസരത്തിലായിരുന്നു എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
Kerala
കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
അപകടസ്ഥിതിയിലേക്ക്
തുടര്‍ച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.
ആശങ്ക കനക്കുന്നു
പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.
കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്കുകളെയും ആശ്രയിക്കേണ്ടി വരും.
National
ന്യൂഡൽഹി: ഭീകരവിരുദ്ധ സൈനികനടപടി ഇന്ത്യ തുടരുകയാണെന്നും അതിർത്തിക്കിപ്പുറം ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം നിയന്ത്രണരേഖയ്ക്കു കുറുകേ കുറഞ്ഞത് ആറു ഭീകരക്യാന്പുകളും അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത് രണ്ട് ഭീകരക്യാന്പുകളും ഇപ്പോഴും സജീവമാണെന്നും കരസേനാ മേധാവി സ്ഥിരീകരിച്ചു.
ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പ്രതികരിക്കാനുള്ള വ്യക്തമായ തീരുമാനം ഉന്നതതലത്തിൽ എടുത്തതായും ജനറൽ ദ്വിവേദി വ്യക്തമാക്കി. കരസേനാ ദിനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.
വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
Movies
എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ താക്കീതുമായി നടി നിവേദ തോമസ് രംഗത്ത്. സ്വകാര്യതയിലേയ്ക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്നും നിയമവിരുദ്ധവുമാണെന്ന് നടി പറഞ്ഞു.
എന്റെ വ്യക്തിത്വത്തെയും സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇതു ഡിജിറ്റൽ സ്വത്വവഞ്ചനയും എന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.
അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ ഉത്തരവാദികളായവർ ഇത്തരം ഉള്ളടക്കം ഉടനടി നിർത്തലാക്കാനും നീക്കം ചെയ്യാനും നിർദേശിക്കുന്നു. ഈ പെരുമാറ്റം. സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ളവ യാതൊരു തരത്തിലും വീണ്ടും പങ്കുവയ്ക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. നിവേദ കുറിച്ചു.
ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
നടി ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പങ്കുവച്ച ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ ഗ്ലാമറസായ രീതിയില്‍ പ്രചരിപ്പിച്ചത്. തമിഴ് ഓൺലൈൻ ചാനലുകളിൽ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
National
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്ര ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ന് ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
Kerala
കൊച്ചി: ചെറിയ വാഹനങ്ങള്‍ ആയാല്‍പ്പോലും പൊതുനിരത്തുകള്‍ പോര്‍ക്കളങ്ങളാക്കി അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിക്കുന്നവരെ സംസ്ഥാനത്തിന്റെ പലയിടത്തും ഇന്ന് കാണാം. വേഗതക്കുതിപ്പില് മറ്റുള്ളവരുടെ ജീവനെടുത്തും സ്വന്തം ജീവിതം ബലികൊടുത്തും നിരത്തുകള്‍ ചോരക്കളങ്ങളാക്കി മാറ്റുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.
റോഡ് റേഞ്ച് വേണ്ട...
വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയാണ് റോഡ് റേഞ്ച്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകും.
ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരം ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇതു ശ്രദ്ധിക്കാം....
*നിരത്ത് മത്സര വേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
*വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും
*മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക
*ആവശ്യക്കാരെ കടത്തിവിടണം
*അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക
*മദ്യപിച്ച് വാഹനം ഓടിക്കരുത്
*ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ കൃത്യമായ ട്രാക്കുകള്‍ പാലിച്ചുമാത്രം വാഹനമോടിക്കുക
*അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ നിരത്തില്‍ ഒഴിവാക്കണം
*നിരത്തുകളില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടിയാണ്
Kerala
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം.
പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഇതു ശ്രദ്ധിക്കാം
ഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു വന്‍ തട്ടിപ്പ് ആണ്.
നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ചിലപ്പോള്‍ ഫോണ്‍ തന്നെയോ ഹാക്ക് ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. ജാഗ്രത പാലിക്കൂ, സംശയാസ്പദ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.