കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കച്ചവടം തടയിടാന്‍ ഒരുങ്ങി പോലീസ്. പരിശോധന ശക്തമാക്കുമെന്നും നാട്ടുകാര്‍ നിയമം കൈയില്‍ എടുക്കരുതെന്നും റൂറല്‍ എസ്പി ഇന്ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നാട്ടുകാരുടെ ജനകീയ സമിതിയെ കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം.
ജനങ്ങളും പോലീസും എക്‌സൈസ് ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായി ഒരു കമ്മിറ്റി രൂപീകരിച്ച് പോലീസിന്‍റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന തീരുമാനം എടുക്കും. സദുദ്ദേശ്യത്തോടു കൂടി ജനങ്ങള്‍ രൂപീകരിച്ച ചെറിയ കമ്മിറ്റികളുണ്ട്.
അത് അക്രമത്തിലേക്കും നിയവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും പോകുന്നതായുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വമേധയ നിയമം നടപ്പിലാക്കാനോ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്ന് എസ്പി മുന്നറിയിപ്പു നല്‍കി.
പെരുമ്പാവൂരില്‍ പൊതുപ്രവര്‍ത്തകനായ ഷരീഫിനെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ലഹരി കച്ചവടം നടത്തുന്നതിനെതിരെ നാട്ടുകാരും ഷരീഫും മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്യസംസ്ഥാനക്കാരനായ യുവാവിന്‍റെ പരാതിയില്‍ ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു എന്നാണ് ഷരീഫിനെതിരെ ചുമത്തിയ കുറ്റം. മൊബൈല്‍ കട നടത്തുന്ന അന്‍വര്‍. മുനീറുല്‍ എന്നിവരാണ് പരാതി നല്‍കിയത്. പേടിഎം സ്‌കാനര്‍ തട്ടിയെടുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
ലഹരി ഇടപാടിൽ പ്രതിഷേധിക്കുന്നവർക്കെതിരേ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ചു വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്‍റെയും ലഹരി കച്ചവടം നടത്തുന്നതിന്‍റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Tags : Police meeting Perumbavoor warning