Kerala
മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി.ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 ലെ സൂര്യന് ചുവക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
2010 ലെ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നു. എന്നാൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി. അത്തരത്തിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിക്കും.
ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളെന്നും കെ.ടി.ജലീല്‍ കുറിച്ചു.
National
ന്യൂഡൽഹി: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ബുധനാഴ്ചയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രംഗത്തെത്തിയത്.
അതേസമയം രാഹുൽ ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍ രംഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച 'സ്വീറ്റി' യഥാർഥ വോട്ടറെന്നാണ് റിപ്പോർട്ട്.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാർഥികള്‍ തോൽവി ഭയക്കുകയാണ്.
ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിംഗ് ബൂത്തിൽ ഏജന്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്. കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
National
ന്യൂഡല്‍ഹി: 2024-ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തു ബൂത്തുകളിലായി 22 പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടുകയും വോട്ട് രേഖപ്പെടുത്തപ്പെടുകയും ചെയ്തുവെന്നും തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ വഴിയൊരുക്കുകയായിരുന്നു. വലിയ ഗൂഢാലോചനയിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വേയും എക്സിറ്റ് പോളുകളും പ്രവചിച്ച തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതെന്നും രാഹുല്‍ ആരോപിച്ചു.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ വിവിധ പേരുകളിൽ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും പത്തു ബൂത്തുകളിലായി 22 വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും രാഹുൽ പറഞ്ഞു.
ഇത്തരത്തില്‍ ഹരിയാനയില്‍ അഞ്ചു വിഭാഗങ്ങളിലായി 25 ലക്ഷം കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറിൽ വൻ ക്രമക്കേട് നടന്നതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
വാർത്താമ്മേളനത്തിൽ ബിഹാറിലെ വോട്ടർമാരെ ഹാജരാക്കിയാണ് രാഹുൽ ക്രമക്കേട് ഉന്നയിച്ചത്. ഒരു ഗ്രാമത്തിലെ 187 വോട്ട് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകിയിട്ടും പലരുടേയും വോട്ട് ചേർത്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കമ്മീഷൻ തട്ടിപ്പ്
തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സർക്കാർ ചോരി
ഹരിയാനയിൽ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് രാഹുൽ പറഞ്ഞു. ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.