ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാർഥികള്‍ തോൽവി ഭയക്കുകയാണ്.
ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിംഗ് ബൂത്തിൽ ഏജന്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്. കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
Tags : Rahul Gandhi BJP kiran rijiju Rahul Gandhi Hydrogen bomb Election Commission PM Modi Congress Postal vote Haryana vote chori voter ID assembly election bihar election