Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.
Business
മുംബൈ: ഫെബ്രുവരിയിൽ ഇതുവരെയായി ഇന്ത്യൻ ഐടി ഓഹരികളിൽ നേരിട്ട കുത്തനെയുള്ള ഇടിവ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയെയും ബാധിച്ചുതുടങ്ങി. ഈ തകർച്ചയ്ക്കു പിന്നിൽ അതിവേഗത്തിൽ വളരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിലുണ്ടായ മുന്നേറ്റമാണ്.
ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിക്കാരുടെ പ്രധാന വരുമാന സ്രോതസായ പരന്പരാഗത ഐടി സേവനങ്ങളുടെ രീതിതന്നെ മാറ്റാൻ എഐക്കു കഴിയുമെന്ന ആശങ്ക ശക്തമാണ്. സാധാരണയായി ലാഭവിഹിതത്തിലുണ്ടായ കുറവ് മൂലം സംഭവിക്കുന്ന പിൻവാങ്ങലുകളിൽനിന്ന് വ്യത്യസ്തമായി ബിനിനസ് മോഡലുകൾ എങ്ങനെ മാറുമെന്ന ആഴത്തിലുള്ള ചോദ്യങ്ങളാണ് ഈ ഘട്ടം ഉയർത്തുന്നത്.
മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവ്
എയ്സ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിലാണ് ഈ സൂചന. ജനുവരി അവസാനം മുൻനിരയിലുള്ള 10 ഐടി ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവാണ് ഈ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചത്.
ഒറ്റയാഴ്ചയ്ക്കുള്ളിൽ തന്നെ ടെക് ഫണ്ടുകളുടെ ആദായം ആറു ശതമാനം ഇടിഞ്ഞു. ഒരു മാസത്തെ കണക്കെടുത്താൽ ഇത് 12 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐടി ഓഹരികളുടെ പ്രകടനം
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിൽ രണ്ടക്കത്തിന്റെ ഇടിവുണ്ടായി. ഇത് നിഫ്റ്റി ഐടി സൂചികയെ ഏകദേശം 14 ശതമാനത്തോളം ഇടിവുയാകാൻ കാരണമായി.
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ തകർച്ച നേരിട്ടത്.
മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നിക്ഷേപമുള്ള കന്പനിയാണ് ഇൻഫോസിസ്. തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസുമാണ്.ഇൻഫോസിസിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമൂല്യം ജനുവരിയിൽ 1.37 ലക്ഷം കോടി രൂപയിൽ നിന്നു ഫെബ്രുവരി 13 വരെ 1.14 ലക്ഷം കോടിയായി താഴ്ന്നു. ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്നോളജീസ് ഓാഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയും ഫെബ്രുവരി 13 വരെയായി കുറഞ്ഞു.
ഇടിവ് എന്തുകൊണ്ട് ?
യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു വേണ്ടി ഈ മാസം ആദ്യം ലഭ്യമാക്കിയ ഓപ്പണ്‍-സോഴ്സ് പ്ലഗ് ഇനുകളുടെ മികവ് വെളിപ്പെട്ടതോടെയാണ് പരന്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്. പുതിയ പ്ലഗ്ഇനുകൾ വഴി ക്ലോഡിന് കന്പനികളിലെ ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളിലെ ജോലികൾ നേരിട്ട് ചെയ്യാൻ സാധിക്കും.
സാധാരണയായി ഇന്ത്യൻ ഐടി കന്പനികൾ ആയിരക്കണക്കിനു ജീവനക്കാരെ ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഇനി എഐ കുറഞ്ഞ ചെലവിൽ ചെയ്യും. ഇത് ഐടി കന്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം.
Business
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും വലിയ ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനികളിലൊന്നായ ആന്ത്രോപിക് ബംഗളൂരുവിൽ ഓഫീസ് തുറന്നു. ഇന്ത്യയിൽ യുഎസ് കന്പനി നിർമിക്കുന്ന ആദ്യത്തെ ഓഫീസാണ്.
ഏഷ്യ-പസഫിക് മേഖലയിൽ ഇതിനു മുന്‍പ് ടോക്കിയോയിലാണ് കന്പനി ഓഫീസ് സ്ഥാപിച്ചത്. ഇന്ത്യയിൽ എയർ ഇന്ത്യ, കോഗ്നിസന്റ്, ക്രെഡ് തുടങ്ങിയ കന്പനികളുമായും വിദ്യാഭ്യാസ സന്നദ്ധ സ്ഥാപനം ‘പ്രാഥം’ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്.
കണക്കുകൾ പ്രകാരം ക്ലോഡ് (Claude) എഐ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യമാറിയിരുന്നു. സോഫ്റ്റ്വേർ വികസനം, സിസ്റ്റം നവീകരണം, പ്രൊഡക്ഷൻ സോഫ്റ്റ്വേറുകൾ നിർമിക്കുക തുടങ്ങിയ കംപ്യൂട്ടർ, മാത്തമാറ്റിക്കൽ ജോലികൾക്കായാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ പകുതിയോളം എഐ മോഡലുകൾ ഉപയോഗിക്കുന്നതെന്ന് കന്പനി വ്യക്തമാക്കി.
കാർഷികം, നിയമം തുടങ്ങിയ പ്രാദേശിക പ്രാധാന്യമുള്ള മേഖലകളിൽ എഐയുടെ സ്വാധീനം വിലയിരുത്തുന്നതിനായി നൈതികമായ എഐ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാര്യ, കളക്ടീവ് ഇന്റലിജൻസ് പ്രോജക്ട് എന്നീ കന്പനികളുമായി ആന്ത്രോപിക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ പങ്കാളിത്തങ്ങൾ പ്രാദേശിക ഭാഷകളിൽ എഐയുടെ സ്വാധീനം കൂടുതൽ ഉറപ്പാക്കാൻ സഹായിക്കും. ആറു മാസം മുന്‍പ് ഇന്ത്യയിൽ വ്യാപകമായി സംസാരിക്കുന്ന മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ തങ്ങളുടെ മോഡലുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ സ്റ്റാർട്ടപ്പ് ഒരു പദ്ധതിക്ക് തുടക്കംകുറിച്ചു.
ഇതിൽ ഹിന്ദി, ബംഗാളി, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയുമുണ്ട്. എഐ സാങ്കേതികവിദ്യ ഇംഗ്ലീഷിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാർക്ക് അവരുടെ മാതൃഭാഷയിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
National
ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിലെ ആഗോള ശക്തിയാകാൻ ലക്ഷ്യമിട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബൃഹത്തായ എഐ ഉച്ചകോടിക്കു തുടക്കമായി. ലോകത്തെ സാങ്കേതികവിദ്യ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും ഒത്തുചേരുന്ന "ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്' മേഖലയിൽ രാജ്യത്തിന്റെ കരുത്ത് തെളിയിക്കാനുള്ള വേദിയാകും. 19, 20ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഐടി പ്രമുഖർ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ആന്ത്രാപിക് സിഇഒ ഡാരിയോ അമോഡി, മെറ്റയുടെ അലക്സാണ്ടർ വാംഗ് തുടങ്ങിയ സാങ്കേതിക ലോകത്തെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ യാൻ ലെകുൻ, ആർതർ മെൻഷ് തുടങ്ങിയ പ്രശസ്ത ഗവേഷകരും ചർച്ചകളുടെ ഭാഗമാകും. രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ വിവരശേഖരവും ആധാർ അടക്കമുള്ള ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉപയോഗപ്പെടുത്തി എഐ രംഗത്ത് കുതിച്ചുചാട്ടം നടത്താനാണ് രാജ്യത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ തനതായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന എഐ മോഡലുകൾ ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന "ഭാരത്ജെൻ', 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന 17 ബില്യൺ പാരാമീറ്ററുകളുള്ള "പരം-2' എന്ന മോഡൽ പുറത്തിറക്കും.
കുറഞ്ഞ ചെലവിൽ
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് എഐ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ലൈറ്റ്സ്പീഡ് വെഞ്ചേഴ്സിന്റെ പിന്തുണയുള്ള "സർവം എഐ'യും തദ്ദേശീയമായ വലിയ മോഡലുകൾ അവതരിപ്പിക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം എഐ മത്സരരംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സജീവമായി രംഗത്തുണ്ട്.
National
ന്യൂഡൽഹി: ആഗോള ആർട്ടിഫിഷൽ ഇന്റലിജൻസ് ചർച്ചകളുടെ കേന്ദ്രമാകാൻ ന്യൂഡൽഹി ഒരുങ്ങുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി’ക്ക് നാളെ തുടക്കമാകും. ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സാങ്കേതിക ലോകത്തെ സിഇഒമാരും രാജ്യ തലവൻമാരും പങ്കെടുക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റോ പ്രധാനമന്ത്രിയോ വൈസ് പ്രസിഡന്റോ ഉച്ചകോടിയിലെത്തും.
നാല്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും അഞ്ച് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും. യുഎൻ സെക്രട്ടറി ജനറലും വിവിധ അന്താരാഷ്ട്ര സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. യുകെയിലെ എഐ സേഫ്റ്റി ഉച്ചകോടി, എഐ സിയൂൾ ഉച്ചകോടി, ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടി, ഗ്ലോബൽ എഐ സമ്മിറ്റ് ഓണ്‍ ആഫ്രിക്ക എന്നിവയുടെ ചുവടുപിടിച്ചാണ് ഈ സമ്മേളനം നടത്തുന്നത്.
ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സൂത്രങ്ങളെ മുൻനിർത്തിയാണ് ഉച്ചകോടി രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യക്ഷേമം, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കു സ്ഥാനം നല്കുന്ന സാങ്കേതിക മുന്നേറ്റത്തിന്റെ കാതലായി പ്രതിഷ്ഠിക്കുന്ന എഐ സഹകരണത്തോടുള്ള ഇന്ത്യയുടെ ദർശനമാണ് ഈ മൂന്നു സ്തൂപങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കേവലം ഒരു സാന്പത്തികം അല്ലെങ്കിൽ തന്ത്രപ്രധാനമായ ഉപകരണം എന്നതിലുപരി, മനുഷ്യരാശിയെ ആകമാനം തുല്യമായ രീതിൽ പ്രയോജനപ്പെടുത്തുന്ന ഒരു ശക്തിയായി കാണാനാണ് ഇന്ത്യയുടെ ഈ ചട്ടക്കൂട് ലോകത്തെ ക്ഷണിക്കുന്നത്.
► ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുയീസ് ഇനാസിയോ ലുല ഡിസിൽവ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരസ്, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ്, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ. ബൊളീവിയ, ഗയാന, എസ്റ്റോണിയ, സ്ലോവാക്യ, സെർബിയ, ലിക്റ്റൻസ്റ്റെൻ, സീഷെൽസ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
► ടെക് മേഖലയിലെ പ്രമുഖർ
സുന്ദർ പിച്ചെ (ഗൂഗിൾ, സിഇഒ), സാം ഓൾട്ട്മാൻ (ഓപ്പണ്‍ എഐ, സിഇഒ), ബിൽ ഗേറ്റ്സ് (ചെയർ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ), ഡാരിയോ അമോഡെയ് (ആന്ത്രോപിക്, സിഇഒ), ഡെമിസ് ഹസാബിസ് (ഡീപ്മൈൻഡ്, സിഇഒ), ബ്രാഡ് സ്മിത് (മൈക്രോസോഫ്റ്റ് പ്രസിഡന്റ്), ക്രിസ്്റ്റ്യാനോ അമോണ്‍ (ക്വാൽകോം, സിഇഒ), ശന്തനു നാരായണ്‍ (അഡോബി, സിഇഒ). മുൻ മെറ്റ ചീഫ് സയന്റിസ്റ്റും എഎംഐ ലാബ്സ് സ്ഥാപകൻ യാൻ ലീകുൻ, ഗോഡ്ഫാദർ ഓഫ് എഐ എന്നു വിളിക്കുന്ന യോഷ്വ ബെൻജിയോ, കംപ്യൂട്ടർ സയന്റിസ്റ്റ് സ്റ്റുവർട്ട് റസൽ എന്നിവരും പങ്കെടുക്കും.
ഇന്ത്യൻ വ്യവസായലോകത്തെ പ്രമുഖരായ റിലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ സണ്‍സ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ടിസിഎസ് സിഇഒ കെ. കൃതിവാസൻ, ഇൻഫോസിസ് സിഇഒ സലിൽ പ്രകാശ്, എച്ച്സിഎൽ ടെക് ചെയർപേഴ്സണ്‍ റോഷ്നി നാടാർ മൽഹോത്ര തുടങ്ങിയവർ പങ്കെടുക്കും.
► ജെൻസെൻ ഹുവാംഗ് പങ്കെടുക്കില്ല
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാംഗ് നാളെ ആരംഭിക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളെത്തുടർന്നാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയതെന്നും പകരം എൻവിഡി ഉന്നതല പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘കീ റ്റു എൻട്രൻസ്’ പ്രത്യേക പരിശീലനപരിപാടിയുടെ എഐ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘട്ടം ആരംഭിച്ചു.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ എട്ടു ലക്ഷം കുട്ടികൾക്ക് കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്സി തുടങ്ങിയ വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇതു സഹായിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ സ്ട്രീമുകളിലെയും കുട്ടികൾക്കായി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്. പൊതുപ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുമ്പോൾ പ്രായോഗിക പരിശീലനം അത്യാവശ്യമായതിനാൽ കുട്ടികൾക്കു സ്വയം പരിശീലിക്കുന്നതിനായി വിപുലമായ മോക് ടെസ്റ്റുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
എഐ സംവിധാനങ്ങളോടൊപ്പം വിദഗ്ധരായ അധ്യാപകർ പരിശോധിച്ച് ഉറപ്പാക്കിയ 20,000ലധികം ചോദ്യങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ പരിശീലനം പോർട്ടലിലുണ്ട്. 25 മുതൽ രണ്ടാം ഘട്ടത്തോടൊപ്പം ഇംഗ്ലീഷ്, റീസണിംഗ്, ജനറൽ അവയർനസ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലനവും ആരംഭിക്കും.
11, 12 ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ സ്കൂളുകളിൽനിന്നു ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് www.entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. കുട്ടിയുടെ യൂസർ ഐഡി ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ആപ്ലിക്കേഷൻ നമ്പരാണ്. ഇതു പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതത് പ്രിൻസിപ്പൽ/ നോഡൽ ടീച്ചർ ഇതനുസരിച്ച് പാസ്വേഡ് ജനറേറ്റ് ചെയ്തു നൽകും. ഇതിനുള്ള വിശദമായ യൂസർ ഗൈഡുകളും വീഡിയോ ട്യൂട്ടോറിയലുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമെ എൻട്രൻസ് പോർട്ടൽ വഴിയും youtube.com/itsvicters കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയും കുട്ടികൾക്ക് ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം. സ്വന്തമായി ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്കൂളുകളിൽത്തന്നെ അതിനുള്ള സൗകര്യം പ്രിൻസിപ്പൽമാർ ഒരുക്കിനൽകും. കൂടുതൽ സാങ്കേതിക സഹായങ്ങൾക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുകളെ സമീപിക്കണം.
Business
കൊച്ചി: എഐ നിയന്ത്രിത ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനമായ വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സിന് 2026 സാമ്പത്തികവര്‍ഷം മൂന്നാം പാദ ഫലങ്ങളില്‍ മികച്ച നേട്ടം.
ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ പ്രധാന സാമ്പത്തിക മേഖലകളിലെല്ലാം വണ്‍ പോയിന്റ് വണ്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
മുന്‍ പാദത്തെ അപേക്ഷിച്ച് 9.1 ശതമാനം വരുമാന വളര്‍ച്ചയുമായി കമ്പനിയുടെ ആദായം 77.3 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാം പാദത്തിലെ മൊത്തം വരുമാനം 81.3 കോടി രൂപയാണെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാലോ കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായ ഐടി സര്‍വീസ് മേഖലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ വെല്ലുവിളിയാകുമെന്ന് 2025-26 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇന്ത്യയുടെ നിലവിലെ ഐടി ബിസിനസ് മാതൃക അപകടത്തിലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്നതും ലളിതമായ കോഡിംഗും ചെയ്യുന്ന ജൂനിയര്‍ ലെവലിലുള്ള ടെക്കികളുടെ ജോലികള്‍ എഐ ഏറ്റെടുക്കും.
വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളെ ജോലിക്ക് വെച്ച് വിദേശ കമ്പനികള്‍ക്ക് സേവനം നല്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ എഐ വരുന്നതോടെ കുറഞ്ഞ ആളുകളെ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത് ഇന്ത്യയുടെ മത്സരശേഷിയെ ബാധിക്കും.
കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലെ ഐടി സെന്ററുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. അത്തരം ഇടങ്ങളിലെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്), കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ്) ജോലികള്‍ എഐയിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്. 2022 ഡിസംബറിന് ശേഷം ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ വന്നതോടെ ഐടി മേഖലയിലെ ജിഡിപി വളര്‍ച്ചയും തൊഴില്‍ നിയമനങ്ങളും തമ്മിലുള്ള ബന്ധം വേര്‍പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതായത് വരുമാനം വര്‍ദ്ധിക്കുമ്പോഴും പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. ഐടി ജീവനക്കാര്‍ അടിയന്തരമായി പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നേടണമെന്നും, കമ്പനികള്‍ വെറും സേവന ദാതാക്കളാകാതെ സ്വന്തം എഐ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Business
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റു ഗ്രൂപ്പ് കന്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പുവച്ചു.
ഈ ദീർഘകാല കരാറിന്റെ ഭാഗമായി അത്യാധുനിക എൻജിനിയറിംഗ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റ്ഫോമുകളെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യുഎസ്ടി അവതരിപ്പിക്കും.
സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്പോണ്‍സ്, പുതുതലമുറ എൻഡ്പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും.
ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി ടെക്നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്.
Kerala
തിരുവനന്തപുരം: ഭരണ നിര്‍വഹണ മേഖലയില്‍ നിര്‍മിതബുദ്ധിക്ക് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള റീജണല്‍ എഐ ഇംപാക്റ്റ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിര്‍വഹണത്തില്‍ എഐ ഉപയോഗം സംബന്ധിച്ച സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. ജനാധിപത്യവും ധാര്‍മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാവണം നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ആഗോള നിര്‍മിത ബുദ്ധി സമ്മിറ്റിന് വൈജ്ഞാനികവും ക്രിയാത്മകവുമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ ഈ കോണ്‍ഫറന്‍സിന് സാധിച്ചു.
ചരിത്രം അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ഇന്നവേഷന്‍ ടൂ ഇംപാക്ട് എന്നത് സാങ്കേതിക വിദ്യയെ കേവലം കല്പനകളായി മാത്രം കാണാതെ പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ആഹ്വാനം കൂടിയാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് സര്‍കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ നിര്‍മിതബുദ്ധിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന് സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
Business
മുംബൈ: ഒാൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോമാറ്റോയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നു സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എഐ ചിത്രങ്ങൾ നിർമിച്ചാണ് തട്ടിപ്പ്. ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെലിവറി ഏജന്റുമാരെ കബിളിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടുന്നതിനു മുമ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.
മോശമായ ഭക്ഷണങ്ങളുടെ യഥാർഥ ചിത്രങ്ങൾ അയയ്ക്കുന്നതിനു പകരം ഈച്ചകളെയും പ്രാണികളെയും കൃത്രിമമായി ചേർത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. നല്ല രീതിയിൽ കൈമാറിയ കേക്കുകൾ തകർന്ന നിലയിലാണ് കിട്ടിയതെന്നു തോന്നിപ്പിക്കും വിധം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അയച്ച അനുഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് സൊമാറ്റോ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോയൽ പറഞ്ഞു.
പണം തിരികെ ലഭിക്കാനോ ഭക്ഷണം മാറ്റിക്കിട്ടാനോ വേണ്ടിയാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ ആളുകൾ സോമാറ്റോയുടെ ഭക്ഷണം മോശമാണെന്നു വരുത്തി തീർക്കുകയും തങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
മുടി തട്ടിപ്പും വ്യാപകം
എന്നാൽ, വ്യാജ ചിത്രങ്ങൾ മാത്രമല്ലപഴയ തരത്തിലുള്ള അടവുകളും പയറ്റുന്നവരുമുണ്ട്. ഭക്ഷണത്തിൽ സ്വന്തം മുടിയിഴകൾ ഇട്ട ശേഷം ഇതു റസ്റ്ററന്റിൽനിന്നുമുള്ളതാണെന്ന് അവകാശപ്പെടുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഇനിയിതല്ലാതെ മറ്റൊരു കൂട്ടം ആളുകൾ ഭക്ഷണം വാങ്ങിയ ശേഷം അവ ഉടയ്ക്കുകയും അമർത്തുകയും ചെയ്ത് ചിത്രങ്ങൾ എടുത്ത ശേഷം കിട്ടിയപ്പോൾ അങ്ങനെയായിരുന്നുവെന്ന് വരുത്തിതീർക്കുന്നു.
കുഴപ്പത്തിലാകുന്നവർ
ഓരോ റീഫണ്ടും അത് തയാറാക്കിയ റസ്റ്ററന്റിനെയും ഡെലിവറി ഏജന്റിനെയും ബാധിക്കും. അതിനാൽ ഇത്തരം പരാതികൾ ലഭിച്ചാൽ ഇപ്പോൾ അതിനെ സൂക്ഷ്മമായി സോമാറ്റോ പരിശോധിക്കും.
ഡെലിവറി ഏജന്റുമാരും ചിലപ്പോഴൊക്കെ ഈ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുണ്ടെന്നും ദീപിന്ദർ ചൂണ്ടികാണിക്കുന്നു. ഇത്തരം തട്ടിപ്പുകളുടെ ഭാഗമാകുന്ന ഡെലിവറി ഏജന്റുമാരെ പുറത്താക്കുന്നുണ്ട്. പ്രതിമാസം അയ്യായിരത്തിലേറെ ഡെലിവറി ഏജന്റുമാരെ സോമാറ്റോയിൽനിന്നു പുറത്താക്കുന്നുണ്ട്. ഉപഭോക്താക്കൾക്കു ഭക്ഷണം നല്‍കാതെ ഡെലിവറി ചെയ്തു എന്ന് ആപ്പിൽ രേഖപ്പെടുത്തുന്നതാണ് ഡെലിവറി ഏജന്റമാരുടെ മറ്റൊരു കുതന്ത്രം. സമാനമായ മറ്റൊരു തട്ടിപ്പ് നടക്കുന്നത് കാഷ്-ഓൺ-ഡെലിവറി ഓർഡറുകളിലാണ്.
ബാക്കി നൽകാതെ
ചില ഡെലിവറി ഏജന്റുമാർ ബാക്കി നൽകാൻ പണം നല്കാനില്ലാത്ത സാഹചര്യത്തിൽ മുഴുവൻ തുകയും വാങ്ങിയ ശേഷം ബാക്കി പണവുമായി തിരികെ വരാമെന്നു വാഗ്ദാനം ചെയ്യും. എന്നാൽ, തിരികെ വരാറില്ല. ഇതിലൂടെ ഉപഭോക്താവിനു നഷ്ടപ്പെടുന്ന പണം കന്പനിക്ക് ഏറ്റെടുക്കേണ്ടതായിട്ടും
പരിഹരിക്കേണ്ടതായും വരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സൊമാറ്റോ കർമ സ്കോർ എന്നൊരു രീതി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താവിന്റെയും ഡെലിവറി ഏജന്റിന്റെയും മുൻകാല പെരുമാറ്റങ്ങൾ പരിശോധിക്കുന്നതിനാണ് ഈ സ്കോർ ഉപയോഗിക്കുന്നത്.
ഒരു ഉപഭോക്താവ് സ്ഥിരമായി പരാതിപ്പെടുന്ന ആളാണെങ്കിൽ, ഡെലിവറി ഏജന്റിന്റെ റിക്കാർഡ് മികച്ചതാണെങ്കിൽ സൊമാറ്റോ ഡെലിവറി പങ്കാളിയെയാണ് വിശ്വസിക്കുക. ഡെലിവറി ഏജന്റിനെതിരെ ധാരാളം പരാതികൾ ഉണ്ടെങ്കിൽ സൊമാറ്റോ ഉപഭോക്താവിന്റെ ഒപ്പം നിൽക്കും. സ്ഥിരമായി ഒരേ ഡെലിവറി ഏജന്റിനെതിരെ പരാതികൾ ആവർത്തിക്കുമ്പോൾ, സൊമാറ്റോ കർശന നടപടിയെടുക്കുകയും അവരെ പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും വ്യക്തമായാൽ സൊമാറ്റോ റീഫണ്ട് നിരസിക്കും.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
National
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്കി.
ഐ.ടി നിയമപ്രകാരം പ്ലാറ്റ്ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്ഫോമുകള് ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്റെ ദുരുപയോഗം പ്ലാറ്റ്ഫോമിന്റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.
Business
കൊച്ചി: എഐസിആര്എം കമ്പനിയായ സെയില്‍സ്ഫോഴ്സ്, ബഹുരാഷ്ട്ര റിക്രൂട്ട്മെന്റ്, മനുഷ്യവിഭവ സ്ഥാപനമായ ടാസ്ക് ഔട്ട്സോഴ്സിംഗുമായി കൈകോര്‍ക്കുന്നു.
മികച്ച ഉപഭോക്തൃബന്ധങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്വതന്ത്ര എഐ ഏജന്റ്സിനെ സെയില്‍സ്ഫോഴ്സ് നല്‍കും.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ എഐ നിര്മിതമെന്നു മന്ത്രി വി.ശിവന്‍കുട്ടി. കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന നടപടിയാണ്.
ചിത്രത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കൊച്ചി: വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്റര്‍ പാര്‍ക്കുമായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് എന്‍ജിഒ. സൗത്ത് വയനാട്ടില്‍ കല്പറ്റയ്ക്കും നിലമ്പൂരിനും ഇടയില്‍ ഒരു പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായിട്ടാണ് പാര്‍ക്ക് നിലവില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ ഈ സെന്റര്‍ സഥാപിക്കുന്നത്.
പതിനായിരം കോടിയുടെ പ്രോജക്ട് ആണിതെന്ന് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജനുവരി 1, 2 തീയതികളില്‍ പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഫെസ്റ്റിവല്‍ സംഘിപ്പിക്കുന്നത്.
ജനുവരി ഒന്നിന് ആറിന് ഉദ്ഘാടനവും രണ്ടിന് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്റേഷനും നടക്കും. പൊതുസമ്മേളനത്തില്‍ 16 ഗ്ലോബല്‍ മലയാളികള്‍ക്ക് 'ഗ്ലോബല്‍ മലയാളി രത്ന' അവാര്‍ഡുകള്‍ നല്കി അംഗീകരിക്കും. കേന്ദ്രമന്ത്രിമാരും കേരള മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഗള്‍ഫ് അടക്കം 52 രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക അതിഥികളും പങ്കെുക്കും.
District News
അരുവിത്തുറ: "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിർത്തികൾ - സിദ്ധാന്തങ്ങൾ, ചട്ടക്കൂടുകൾ, നൂതന പ്രയോഗങ്ങൾ' എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്റർനാഷണൽ സെൻട്രൽ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടർ ഡോ. ടി.ടി. സുനിൽ നിർവഹിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) അടൽ പദ്ധതിയുടെ സ്പോൺസർഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കലിറ്റി അംഗങ്ങളും ഗവേഷക വിദ്യാർഥികളുമുൾപ്പെടെ 250 ഓളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ആധുനിക എഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കുന്നതിനും ഗവേഷണങ്ങളിൽ ഉപയോഗിക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ സൈദ്ധാന്തിക അറിവുകളും പ്രായോഗിക പ്രയോഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സൗമ്യ ജോർജ്, ഡോ. ജസ്റ്റിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.
NRI
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്ത്യക്ക് ഒരു ’വലിയ സമീകരണ ശക്തി’ (Great Equalizer) ആയി മാറുമെന്ന് പ്രമുഖ സാങ്കേതിക നിക്ഷേപകൻ വിനോദ് ഖോസ്ല അഭിപ്രായപ്പെട്ടു.
എഐ ’സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ അവസരം’ ആണെന്ന് സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഇന്ത്യയുടെ എഐ ഇംപാക്ട് സമ്മിറ്റ് പ്രീകോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അടുത്ത 15 വർഷത്തിനുള്ളിൽ വൈദ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലെയും വിദഗ്ധ സേവനങ്ങൾ സൗജന്യമാകും. എഐ ഉപയോഗിക്കാൻ ഭാഷാപരമായ കഴിവുകൾ മാത്രം മതിയാകും എന്നതിനാൽ, വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാർക്ക് ഇത് വലിയ സ്വാധീനം ചെലുത്തും.
2030ഓടെ ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും കുറഞ്ഞ ചെലവിൽ വ്യക്തിഗത ട്യൂട്ടർമാരെ ലഭിക്കുമെന്നും, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വീടുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശശാങ്ക് മിശ്ര.
എഐ ഉപകരണങ്ങളുടെ സഹായത്തോടെ വൈദ്യുതി മേഖലയിലെ സാങ്കേതിക പ്രശ്നങ്ങളും കൊള്ളയും കണ്ടെത്താൻ ഊർജ വിതരണ കന്പനികൾക്ക് എളുപ്പം സാധിക്കും.
ഇതോടെ വൈദ്യുതി പാഴാക്കുന്നത് തടയാനും സാധാരണക്കാരുടെ വൈദ്യുത ബിൽ കുറയ്ക്കാനും കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ശശാങ്ക് വ്യക്തമാക്കി.
മിക്ക വീടുകളിലും തെറ്റായ വയറിംഗ് മൂലമോ ഭൂമിയിലെ ചോർച്ച മൂലമോ (എർത്ത് ലീക്കേജ്) വൈദ്യുതി പാഴായി പോകുന്നതായി ശശാങ്ക് ചൂണ്ടിക്കാണിക്കുന്നു.
പ്രതിദിനം ഇത്തരം വീഴ്ചകൾ കണ്ടെത്തുന്നതിനായി എഐ ഉപകരണങ്ങൾ പ്രോഗ്രാം ചെയ്യുമെന്നും അതുവഴി വിതരണ കന്പനികൾ വീഴചയുള്ള വീടുകൾ കണ്ടെത്തി അത് പരിഹരിക്കുമെന്നും ശശാങ്ക് പറഞ്ഞു.
Business
കൊച്ചി: ഒന്നാംനിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സ്ഥാപനം സെയില്സ്ഫോഴ്സിന്റെ വരുമാനത്തില്‍ 47 ശതമാനം വളര്‍ച്ച.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ കമ്പനിയുടെ വരുമാനം ഉയര്‍ന്ന് 13,384 കോടിയിലെത്തി.
ഇന്ത്യന്‍ സംരംഭകര്‍ക്കിടയില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ ഏറ്റവും വിശ്വസ്തരായി എന്നതാണ് സെയില്സ്ഫോഴ്സിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.
Business
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ എഐ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് 2030ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എത്തിക്കാനുള്ള പദ്ധതികൾ ആമസോണ്‍ പ്രഖ്യാപിച്ചു.
ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 12.7 ബില്യണ്‍ ഡോളർ നിക്ഷേപിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. കൂടാതെ കന്പനിയുടെ വിവിധ ബിസിനസുകളിലൂടെ ഒന്നര കോടിയിലധികം ചെറുകിട ബിസിനസുകൾക്ക് എഐയുടെ പ്രയോജനങ്ങൾ എത്തിക്കുകയും ചെയ്യും.
2030 ഓടെ 40 ലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് എഐ സാക്ഷരതയും കരിയർ അവബോധവും നൽകാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്. ആമസോണിലെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് കൂടുതൽ എളുപ്പമുള്ളതും ആകർഷകവുമാക്കാൻ കന്പനിയുടെ എഐ സംവിധാനം തുടരുകയും ചെയ്യും.
Business
തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കന്പനിയായ യുഎസ്ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സിഎസ്ആർ അവാർഡാണിത്.
സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നവയാണ് യുഎസ്ടിയുടെ സിഎസ്ആർ സംരംഭങ്ങൾ.
Kerala
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം.
വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും.
പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Leader Page
“നീ നിന്റെ മസ്തിഷ്കത്തിന്റെ സ്വഭാവംപോലെയായിരിക്കും. നിന്റെ മസ്തിഷ്കം എന്നാൽ നീ തന്നെയാണ്.” അഭിജിത്ത് നാസ്കർ.
നിർമിതബുദ്ധിയുടെ പിന്നാലെയാണു ലോകം. വിശാലസാധ്യതകൾ തുറന്നുകിട്ടാൻ ആവേശത്തോടെ എഐ(നിർമിതബുദ്ധി)യുമായി ചേർന്ന് എല്ലാ മേഖലകളിലുമുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ശാസ്ത്രലോകം. എഐയുടെ വളർച്ചയിൽ മനുഷ്യന് എന്തു പറ്റുന്നു? മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ എന്തു മാറ്റവും വളർച്ചയുമാണ് ഉണ്ടാകുക എന്നത് വിലയിരുത്തേണ്ടതുണ്ട്. എഐ ഒരുക്കുന്ന അറിവും വിമർശനാത്മക ചിന്ത കൂടാതെ എഐയുടെ സ്വാധീനത്തിൽപ്പെടുന്നതും കുട്ടികളുടെ പഠനസ്വഭാവം അപകടകരമാകുംവിധം പരിവർത്തനവിധേയമാകുന്നതും ശ്രദ്ധിക്കാതെ പറ്റില്ല. ഇവിടെ നിന്നുകൊണ്ട് നിർമിതബുദ്ധിയുടെ സാധ്യതകൾ തേടുന്നതിനൊപ്പം മനുഷ്യന്റെ മേന്മയും വളർത്തിയെടുക്കണം.
അനുദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായിമാരായാണ് എഐയും കൂട്ടരും തന്റെ കൂട്ടാളികളുമായി കടന്നുവരുന്നത്. നിത്യോപയോഗ മേഖലകളിലൂടെ എഐ, റോബോട്ടിക്സ്, മെഷിൻ ലേണിംഗ് എന്നിവയൊക്കെ സാധാരണക്കാർക്കും പരിചിതമായിരിക്കുന്നു. ഈ വിഷയങ്ങൾ പഠിച്ച് ജോലിക്ക് ഒരുങ്ങുന്നവരും ഏറെയാണ്. റോഡിൽ കാമറയായും ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങളായും സ്കൂളിൽ സ്മാർട്ട് ബോർഡും ആപ്പുകളുമായും മൊബൈലിൽ ചാറ്റ് ജിപിടിയായും പല രൂപങ്ങളിൽ നൂതന സാങ്കേതികവിദ്യ മനുഷ്യരുടെ കൂട്ടുകാരാണ്.
വേഗത്തിലും കൃത്യതയിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകുന്നു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും എഐ കടന്നുകയറുകയാണ്. തൊഴിൽമേഖലയിൽ അടിമുടി മാറ്റം വന്നുകഴിഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ഉത്തരം ലഭിക്കുന്നു. കൂടുതലായറിഞ്ഞ് നല്ല രീതിയിൽ എഐയെ ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനാകും. ഇതിനുവേണ്ടി തലമുറകളെ പരിശീലിപ്പിക്കാം.
മനുഷ്യന്റെ മഹിമ
ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ മഹിമയോടു ചേർന്നുവേണം നിർമിതബുദ്ധി വികസിക്കാനും വിശാലമാകാനും.
മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷകരാകേണ്ടത് ആരാണ്? ദൈവത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യൻ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽനിന്ന് ആരെ തെരഞ്ഞെടുക്കണം? പ്രശ്നപരിഹാരത്തിനും ക്രിയാത്മക നേതൃത്വത്തിനും മനുഷ്യഭാവനയും ബോധവും ഒഴിച്ചുകൂടാനാകാത്തതാണ്. ചിന്താബോധം, തീരുമാനം, നേതൃത്വം എന്നിവയിലൂടെ മനുഷ്യനു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂ. നന്മ-തിന്മ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ, തന്നെയും ചുറ്റുപാടിനെയും തിരിച്ചറിഞ്ഞ് അന്തരാത്മാവിലെ നന്മകൂടി ഉൾക്കൊണ്ട് ക്രിയാത്മകമായി വഴിതെളിക്കണം.
അറിവിനെ (data) പലതരത്തിൽ ക്രമീകരിക്കാനുള്ള ശേഷി (intelligence)യേക്കാൾ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള തിരിച്ചറിവിന്റെ ബോധമാണ് ശ്രേഷ്ഠമായത് എന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോവ ഹരാരി പറയുന്നു. വൈകാരികത, ബന്ധങ്ങൾ, ചിന്ത, അനുഭവങ്ങൾ, ധാർമികത എന്നിവയിലൂന്നി നില്ക്കുന്നതും ആന്തരികതയുടേ (ദൈവസാന്നിധ്യത്തിന്റെ)തുമായ നന്മയാണ് ബോധം. മനുഷ്യന്റെ മേന്മ ഇതിലാണ്.
മനുഷ്യബുദ്ധി വ്യതിരിക്തമാണ്. അനുഭവങ്ങൾക്ക് അർഥം നല്‍കുന്നതും ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ധാർമികതയുടെ ഉൾപ്രേരണയിൽ, ശരി-തെറ്റിന്റെ അളവുകോലുപയോഗിച്ച്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നത് മനുഷ്യനിലെ ബുദ്ധിയാണ്.
ചിന്തകളെയും ആശയങ്ങളെയും കഴിവുകളെയും വികാരങ്ങളെയുംകാൾ ഉന്നതമാണ് മനുഷ്യന്റെ മൂല്യം. മനുഷ്യന് അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മനുഷ്യനിർമിത സാങ്കേതികവിദ്യയെ വളർത്തരുത്. ഉത്തരവാദിത്വത്തോടെ മനുഷ്യനന്മയെ ലക്ഷ്യംവച്ച് ധാർമിക ക്രമീകരണത്തിന്റെ സഹകരണത്തോടെയേ സാങ്കേതികവിദ്യയുടെ വികാസം നടക്കാവൂ. നിയന്ത്രണമില്ലാതെ മുന്നേറുന്ന നിർമിതബുദ്ധിയുടെ വികാസം മനുഷ്യനും പരിസ്ഥിതിക്കും എതിരേ തിരിയും.
എഐയുടെ പ്രകടനത്തിനു മുന്നിൽ മനുഷ്യബുദ്ധിയെ അടിയറവയ്ക്കാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്. മനുഷ്യനും നിർമിതബുദ്ധിയും നേർക്കുനേർ വരുന്പോൾ, മനുഷ്യനേ വിജയിക്കാവൂ. മനുഷ്യബുദ്ധിയുടെ കഴിവുകൾ, അനന്യത, ബോധം എന്നിവ തിരിച്ചറിയണം. മനുഷ്യബുദ്ധിയുടെ സവിശേഷതകളെ വളർത്തിയെടുക്കണം.
2025 ജനുവരിയിൽ വത്തിക്കാൻ പുറപ്പെടുവിച്ച Antiqua et Nova എന്ന എഐ മനുഷ്യബുദ്ധിയെ സംബന്ധിച്ച രേഖ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് റിലേഷണൽ ഇന്റലിജൻസ്. മനുഷ്യബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിലൂടെ വളരുന്ന ബോധത്തിന്റെ അനുഭവം ഓരോ വ്യക്തിക്കും ആവശ്യമുള്ളതാണ്. മനുഷ്യബുദ്ധിയുടെ നിലനില്പിലും വളർച്ചയിലും ബോധത്തിന്റെ അടുപ്പവും വികാരവും കരുതലും ആവശ്യമാണ്. എഐയുടെ സ്വഭാവത്തിലും കൂട്ടായ്മയുടെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന റിലേഷണൽ ഇന്റലിജൻസ് വേണം.
മനുഷ്യന്റെ മഹത്വം അനിഷേധ്യമായ സത്യമാണ്. ഇതിനെ ബഹുമാനിച്ച്, മനുഷ്യനന്മയ്ക്കുള്ള ഉപാധികളായാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകേണ്ടത്. മനുഷ്യനന്മയെ സംരക്ഷിച്ച് - മനുഷ്യന്റെ നേതൃത്വത്തിലാണ് പുരോഗതിയും പ്രകൃതിസംരക്ഷണവും പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തലും നടത്തേണ്ടത്.
നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന സാമൂഹിക-സാന്പത്തിക വിടവ് ഗൗരവമായി കാണണം. എഐ ഉപയോഗിക്കാൻ ശേഷിയും സാഹചര്യവും ഉള്ളവർക്കു മാത്രമായി ചുരുക്കപ്പെടുന്ന വളർച്ചയും വികാസവും അല്ല മനുഷ്യകുലത്തിനും പ്രകൃതിക്കും ആവശ്യം. കൂട്ടായ്മയിൽ, പരസ്പര സഹകരണത്തിൽ വലിയവനും ചെറിയവനും ദരിദ്രനും ധനികനും സ്ത്രീയും പുരുഷനും കുട്ടികളും വൃദ്ധരും എല്ലാം സംരക്ഷിക്കപ്പെടുന്ന, വളർന്നു വികസിക്കുന്ന ചിന്തകളും ബന്ധവും തീരുമാനവും ഉണ്ടാകണം. ഈ കൂട്ടായ്മയെ മനസിൽ സൂക്ഷിക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനാണു സാധിക്കുക.
വിദ്യാർഥികളുടെ ലോകം
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വിദ്യാർഥികളുടെ വൻതോതിലുള്ള ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമിതബുദ്ധിയുടെ സാധ്യതകളെ ഒരുപാട് ഉപയോഗപ്പെടുത്തുന്നവരാണ് കുട്ടികളും യുവാക്കളും. എഐയുടെ വികാസത്തിൽ ഏറ്റവുമധികം റിസ്ക് അനുഭവിക്കുന്ന വിഭാഗവും കുട്ടികളാണ്. ചിന്തിക്കാനും അന്വേഷകരാകാനും പരിശീലിക്കാനും ബോധതലത്തെ വികസിപ്പിക്കാനും വിദ്യാർഥികൾക്കുള്ള അവസരങ്ങളെ അറിവുകൊണ്ടു നിറച്ച് വേഗത്തിൽ ഉത്തരമരുളി നിർമിതബുദ്ധി സഹായിക്കുകയാണ്.
മനുഷ്യമസ്തിഷ്കത്തെ മനസിലാക്കാൻ ശാസ്ത്രലോകത്ത് തീക്ഷ്ണതയോടെ പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കം എന്ന അദ്ഭുതം നിഗൂഢമായും അതിശയിപ്പിക്കുന്ന സാധ്യതയായും ഇന്നും നിലകൊള്ളുന്നു. വിദ്യാലയങ്ങളിലും കുട്ടികളുടെ ദിനചര്യകളിലും മനുഷ്യബുദ്ധിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പെരുമാറ്റവും ശീലങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സ്കൂൾതലത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്പോഴും മനുഷ്യബുദ്ധിയുടെ വ്യതിരിക്തത മനസിലാക്കി വേണം പരിശീലനം നല്കാൻ. വളരാനും സാധ്യതകൾ കണ്ടെത്താനും പൊരുത്തപ്പെടാനും ശേഷിയുള്ള അദ്ഭുതമാണ് തലച്ചോറ്. ഇതിനു പറ്റുന്ന അനുഭവങ്ങളും പരിശീലനങ്ങളും വേണ്ടുവോളം നല്‍കണമെന്നു മാത്രം.
നിർമിതബുദ്ധിയുടെ പുരോഗതി മനുഷ്യബുദ്ധിയുടെ വികാസത്തിനു വഴിയൊരുക്കണം. എഐയുടെ സ്വാധീനം പലപ്പോഴും പുകമറ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം നടക്കുന്നു - പ്രോജക്ട്സ്, ഉത്തരങ്ങൾ, കണ്ടുപിടിത്തങ്ങൾ, വിഷയാവതരണം എല്ലാം ഭംഗിയായി നടക്കുന്നു. നൂതന സങ്കേതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൂത്രപ്പണികളും കുറുക്കുവഴികളും ചിന്ത, ഭാവന, അന്വേഷണം, വിലയിരുത്തൽ, ഭാഷ, ആസൂത്രണം എന്നിവ പരിശീലിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നു. എളുപ്പവഴിയിൽ കുട്ടികൾ ക്രിയ ചെയ്യുന്നു. ഇതിന്റെ ഫലമായി ബുദ്ധിയുടെ വിവിധ കഴിവുകൾ അശ്രദ്ധമായി തഴയപ്പെടുന്നു, മടി പിടിക്കുന്നു.
കുട്ടികളുടെ ശ്രദ്ധയുടെ പരിധിയും വ്യാപ്തിയും പഠനരീതികളും മാറി. അന്വേഷണത്തിന്റെ ഭാഗമായ മാനസിക വികാസവും യാത്രകളും അപ്രത്യക്ഷമായി, എല്ലാം വേഗത്തിൽ ലഭ്യമാകുന്നു. കഠിനാധ്വാനം അന്യമായി. അറിവു നേടുന്ന പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട സ്വഭാവ രൂപീകരണം, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ഗൗരവശ്രദ്ധയിൽപ്പെടുന്നില്ല. പെട്ടെന്ന് കണ്ടു മറയുന്ന വായനാനുഭവം നമ്മുടെ ചിന്തയെയും ഭാവനയെയും എല്ലാം തമസ്കരിക്കുന്നു. ഇതുമൂലം ബുദ്ധിയുടെ പരിശീലനങ്ങൾ പലതും അന്യംനിന്നുപോകുന്ന കാഴ്ചയാണ് ചുറ്റുപാടും.
പക്വതയും ചിന്തയും ബോധവും ബന്ധവും ആകാംക്ഷയും അന്വേഷണവുമെല്ലാം നിമിഷനേരംകൊണ്ട് വറ്റിവരണ്ടു പോകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് എഐ കൊണ്ടുവരുന്നത് എന്നു ഭയപ്പെടുന്നു. ഇത് ഗൗരവമായ വിദ്യാഭ്യാസ പ്രതിസന്ധിയും കുട്ടികളുടെ വളർച്ചയിൽ അപകടം കൊണ്ടുവരുന്ന അവകാശനിഷേധവുമാണ്. ബുദ്ധിയുടെ ശരിയായ വികാസം നിഷേധിക്കപ്പെട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കുട്ടികളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നിർമിത-മനുഷ്യബുദ്ധികളുടെ സ്വഭാവം, സാധ്യത എന്നിവ വിശദമായി പഠിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. മനുഷ്യന്റെ മഹിമയും മനുഷ്യബുദ്ധിയുടെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. അറിവിനെ ക്രമീകരിക്കാനും വ്യത്യസ്ത രീതിയിൽ അവയുപയോഗിച്ച് കണക്കുകൂട്ടാനുള്ള കഴിവുകളിൽ മാത്രം ശ്രദ്ധിച്ച് ബുദ്ധിയെ വളർത്തുന്ന വിദ്യാഭ്യാസ രീതിയല്ല വേണ്ടത്.
കാൽക്കുലേറ്ററിൽ നന്പറുകളെ ഉപയോഗിച്ച് കണക്കുകൂട്ടി എടുക്കുന്നതുപോലെ പല ചേരുവകളിലൂടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അറിവിനെ പുനർനിർമിക്കുന്ന രീതി ബുദ്ധിയുടെ പക്വമായ രീതിയോ പൂർണതയോ അല്ല.
ബോധത്തിൽ, ബന്ധത്തിൽ, നന്മയിൽ വളരുന്ന മനസിന്റെ കഴിവുകൾ ശ്രദ്ധിക്കണം. മനുഷ്യബുദ്ധിയുടെ ശീലമാക്കി ബോധത്തെ തിരിച്ചറിയണം, വളർത്തിയെടുക്കണം. മനുഷ്യനോടും പ്രകൃതിയോടുമുള്ള കരുതലും നന്മയും ഇവയുടെ വളർച്ചയും സംരക്ഷണവും സാധ്യമാക്കുന്ന മനസ്, ബോധത്തിന്റെ അടിസ്ഥാനമാണ്. അറിവിന് അർഥവും ബന്ധവും നന്മയും നല്കി, അറിവിനെ വ്യാഖ്യാനിക്കുന്ന വിദ്യാഭ്യാസം ഇവിടെ രൂപപ്പെടും. ശരീരത്തിൽനിന്നും പ്രകൃതിയിൽനിന്നും ആത്മാവിൽനിന്നും അറിവിനെ മുറിച്ചുമാറ്റാനാവില്ല. അറിവിനെ മാത്രം കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധിയുടെ രീതിയിലുള്ള വിദ്യാഭ്യാസം അപകടം കൊണ്ടുവരും. ജൈവസ്വഭാവമുള്ളതാണ് അടിസ്ഥാനപരമായി അറിവ്, അങ്ങനെ ആയിരിക്കുകയും വേണം. ബന്ധങ്ങളിൽ, പ്രവൃത്തിയിൽ, ആന്തരികമായി അനുഭവത്തിൽ അറിവ് അതിന്റെ ജൈവസ്വഭാവം സ്വീകരിക്കും - നിലനിർത്തും.
NRI
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എന്ന വിഷയത്തെ ആസ്പദമാക്കി പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ വിജ്ഞാനപ്രദമായി. പമ്പ കമ്യൂണിറ്റി സെന്ററില്‍ നടന്ന സെമിനാറില്‍ പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു.
നിർമിത ബുദ്ധി എന്താണ്, എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തിലുള്ള പ്രയോജനങ്ങള്‍, എങ്ങനെ ഉപയോഗിക്കാം, ചതിക്കുഴികള്‍ തുടങ്ങിയ കാര്യങ്ങളിൽ സംശയനിവാരണം നടത്താൻ സെമിനാർ സഹായകമായി.
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആശുപത്രിയിലെ ഐടി വിദഗ്ധന്‍ ഡോ. ഈപ്പന് ഡാനിയേല്‍ മെഡിക്കല്‍ രംഗത്ത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍മിത ബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ നേട്ടങ്ങളും വിശദീകരിച്ചു.
District News
കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.
ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.
ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.
Tech
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.
മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.