ന്യൂഡൽഹി: ആഗോള ആർട്ടിഫിഷൽ ഇന്റലിജൻസ് ചർച്ചകളുടെ കേന്ദ്രമാകാൻ ന്യൂഡൽഹി ഒരുങ്ങുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി’ക്ക് നാളെ തുടക്കമാകും. ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സാങ്കേതിക ലോകത്തെ സിഇഒമാരും രാജ്യ തലവൻമാരും പങ്കെടുക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റോ പ്രധാനമന്ത്രിയോ വൈസ് പ്രസിഡന്റോ ഉച്ചകോടിയിലെത്തും.
നാല്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും അഞ്ച് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും. യുഎൻ സെക്രട്ടറി ജനറലും വിവിധ അന്താരാഷ്ട്ര സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. യുകെയിലെ എഐ സേഫ്റ്റി ഉച്ചകോടി, എഐ സിയൂൾ ഉച്ചകോടി, ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടി, ഗ്ലോബൽ എഐ സമ്മിറ്റ് ഓണ്‍ ആഫ്രിക്ക എന്നിവയുടെ ചുവടുപിടിച്ചാണ് ഈ സമ്മേളനം നടത്തുന്നത്.
ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സൂത്രങ്ങളെ മുൻനിർത്തിയാണ് ഉച്ചകോടി രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യക്ഷേമം, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കു സ്ഥാനം നല്കുന്ന സാങ്കേതിക മുന്നേറ്റത്തിന്റെ കാതലായി പ്രതിഷ്ഠിക്കുന്ന എഐ സഹകരണത്തോടുള്ള ഇന്ത്യയുടെ ദർശനമാണ് ഈ മൂന്നു സ്തൂപങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കേവലം ഒരു സാന്പത്തികം അല്ലെങ്കിൽ തന്ത്രപ്രധാനമായ ഉപകരണം എന്നതിലുപരി, മനുഷ്യരാശിയെ ആകമാനം തുല്യമായ രീതിൽ പ്രയോജനപ്പെടുത്തുന്ന ഒരു ശക്തിയായി കാണാനാണ് ഇന്ത്യയുടെ ഈ ചട്ടക്കൂട് ലോകത്തെ ക്ഷണിക്കുന്നത്.
► ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുയീസ് ഇനാസിയോ ലുല ഡിസിൽവ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരസ്, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ്, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ. ബൊളീവിയ, ഗയാന, എസ്റ്റോണിയ, സ്ലോവാക്യ, സെർബിയ, ലിക്റ്റൻസ്റ്റെൻ, സീഷെൽസ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
► ടെക് മേഖലയിലെ പ്രമുഖർ
സുന്ദർ പിച്ചെ (ഗൂഗിൾ, സിഇഒ), സാം ഓൾട്ട്മാൻ (ഓപ്പണ്‍ എഐ, സിഇഒ), ബിൽ ഗേറ്റ്സ് (ചെയർ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ), ഡാരിയോ അമോഡെയ് (ആന്ത്രോപിക്, സിഇഒ), ഡെമിസ് ഹസാബിസ് (ഡീപ്മൈൻഡ്, സിഇഒ), ബ്രാഡ് സ്മിത് (മൈക്രോസോഫ്റ്റ് പ്രസിഡന്റ്), ക്രിസ്്റ്റ്യാനോ അമോണ്‍ (ക്വാൽകോം, സിഇഒ), ശന്തനു നാരായണ്‍ (അഡോബി, സിഇഒ). മുൻ മെറ്റ ചീഫ് സയന്റിസ്റ്റും എഎംഐ ലാബ്സ് സ്ഥാപകൻ യാൻ ലീകുൻ, ഗോഡ്ഫാദർ ഓഫ് എഐ എന്നു വിളിക്കുന്ന യോഷ്വ ബെൻജിയോ, കംപ്യൂട്ടർ സയന്റിസ്റ്റ് സ്റ്റുവർട്ട് റസൽ എന്നിവരും പങ്കെടുക്കും.
ഇന്ത്യൻ വ്യവസായലോകത്തെ പ്രമുഖരായ റിലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ സണ്‍സ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ടിസിഎസ് സിഇഒ കെ. കൃതിവാസൻ, ഇൻഫോസിസ് സിഇഒ സലിൽ പ്രകാശ്, എച്ച്സിഎൽ ടെക് ചെയർപേഴ്സണ്‍ റോഷ്നി നാടാർ മൽഹോത്ര തുടങ്ങിയവർ പങ്കെടുക്കും.
► ജെൻസെൻ ഹുവാംഗ് പങ്കെടുക്കില്ല
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാംഗ് നാളെ ആരംഭിക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളെത്തുടർന്നാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയതെന്നും പകരം എൻവിഡി ഉന്നതല പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
Tags : Summit India AI IT Ministry global South