ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിലെ ആഗോള ശക്തിയാകാൻ ലക്ഷ്യമിട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബൃഹത്തായ എഐ ഉച്ചകോടിക്കു തുടക്കമായി. ലോകത്തെ സാങ്കേതികവിദ്യ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും ഒത്തുചേരുന്ന "ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്' മേഖലയിൽ രാജ്യത്തിന്റെ കരുത്ത് തെളിയിക്കാനുള്ള വേദിയാകും. 19, 20ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഐടി പ്രമുഖർ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ആന്ത്രാപിക് സിഇഒ ഡാരിയോ അമോഡി, മെറ്റയുടെ അലക്സാണ്ടർ വാംഗ് തുടങ്ങിയ സാങ്കേതിക ലോകത്തെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ യാൻ ലെകുൻ, ആർതർ മെൻഷ് തുടങ്ങിയ പ്രശസ്ത ഗവേഷകരും ചർച്ചകളുടെ ഭാഗമാകും. രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ വിവരശേഖരവും ആധാർ അടക്കമുള്ള ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉപയോഗപ്പെടുത്തി എഐ രംഗത്ത് കുതിച്ചുചാട്ടം നടത്താനാണ് രാജ്യത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ തനതായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന എഐ മോഡലുകൾ ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന "ഭാരത്ജെൻ', 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന 17 ബില്യൺ പാരാമീറ്ററുകളുള്ള "പരം-2' എന്ന മോഡൽ പുറത്തിറക്കും.
കുറഞ്ഞ ചെലവിൽ
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് എഐ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ലൈറ്റ്സ്പീഡ് വെഞ്ചേഴ്സിന്റെ പിന്തുണയുള്ള "സർവം എഐ'യും തദ്ദേശീയമായ വലിയ മോഡലുകൾ അവതരിപ്പിക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം എഐ മത്സരരംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സജീവമായി രംഗത്തുണ്ട്.
Tags : AI Impact Summit international summit on artificial intelligence New Delhi global gathering AI IndiaAI Mission