ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
എല്ലാ മേഖലകളിലും നിർമിതബുദ്ധിയുടെ (എഐ) വേഗത്തിലുള്ള വികസനവും പരിണാമവും കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനത്തിനും നിയന്ത്രണത്തിനുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കു സമാനമായ സ്ഥാപനം ലോകത്തിന് ആവശ്യമാണെന്ന് ഓപ്പണ്‍ എഐ തലവനും ചാറ്റ് ജിപിറ്റി നിർമാതാവുമായ സാം ആൾട്ട്മാൻ. ഏതെങ്കിലുമൊരു രാജ്യത്തോ കന്പനിയിലോ എഐയുടെ കേന്ദ്രീകരണം നാശത്തിലേക്കു നയിച്ചേക്കാമെന്നും ഡൽഹി എഐ ഉച്ചകോടിക്കെത്തിയ മുൻനിര ടെക് സിഇഒമാരിൽ ഒരാളായ ആൾട്ട്മാൻ പറഞ്ഞു.
മാനവികത അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം എഐയുടെ ജനാധിപത്യവത്കരണമാണ്. എന്നാൽ നിർമിതബുദ്ധിക്കു നിയന്ത്രണമോ സുരക്ഷാസംവിധാനങ്ങളോ ആവശ്യമില്ല എന്നല്ല ഇതിനർഥം.
ശക്തമായ മറ്റു സാങ്കേതികവിദ്യകൾക്കുള്ളതുപോലെ അടിയന്തരമായി എഐക്കും സുരക്ഷയും നിയന്ത്രണങ്ങളും ആവശ്യമാണ്. എഐയുടെ അന്താരാഷ്ട്ര ഏകോപനത്തിന് ആണവോർജ ഏജൻസിയായ ഐഎഇഎ പോലുള്ള ഒന്ന് ലോകത്തിന് ആവശ്യമാണ്. മാറുന്ന സാഹചര്യങ്ങളോടു വേഗത്തിൽ പ്രതികരിക്കാൻ അത്തരമൊരു സ്ഥാപനത്തിന് കഴിയണമെന്നും ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.
Tags : Artificial intelligence AI transformative history PM Modi Narendra Modi Global AI Impact Summit