National
ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകുമെന്ന് സൂചന. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.
നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തിയാകും ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കുക.
ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുൻപാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ പരിഗണനയിലുളളത്.
ഒന്നിച്ച് വാദം കേള്‍ക്കാനായി ഇരു ഹര്‍ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്‍ജികളിലെ ആരോപണം.
ശബരിമലയിലെ സ്വര്‍ണം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
National
ന്യൂഡൽഹി: ജോലിക്കു ഭൂമി കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാദത്തെ എതിർത്ത് അന്വേഷണ ഏജൻസിയായ സിബിഐ.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് നിയമനങ്ങൾക്കു കൈക്കൂലിയായി ഉദ്യോഗാർഥികളിൽനിന്ന് ഭൂമി എഴുതിവാങ്ങിയെന്നതാണു കേസ്.
റെയിൽവേ മന്ത്രിയെന്ന നിലയിൽ നിയമന കാര്യങ്ങളിൽ ലാലു പ്രസാദ് യാദവിനു അധികാരങ്ങളൊന്നുമില്ലെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചത്.
അടുത്തയാഴ്ച തുടർവാദം കേൾക്കാനായി കേസ് കോടതി മാറ്റിവച്ചു.
National
ചെന്നൈ: കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല എന്നാണ് വിജയുടെ നിലപാട്.
കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.
Kerala
ന്യൂഡൽഹി: കരൂരിൽ 41 പേർ മരിച്ച ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുത്ത് സിബിഐ. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ചാണ് വിജയ്യുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.
ചൊവ്വാഴ്ചയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു.
തീയതി മാറ്റി നൽകണമെന്ന് വിജയ്യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും.
മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
National
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ അധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് തിങ്കളാഴ്ച സിബിഐയ്ക്ക് മുന്നിൽ ഹാജരാകും. ഡൽഹി സിബിഐ ഓഫീസാണ് വിജയ് ഹാജരാകുക.
നേരത്തെ ടിവികെ ഭാരവാഹികൾ ആയ ബുസി ആനന്ദ്, ആധവ് അർജുന, സിടിആർ നിർമൽകുമാർ, മതിയഴകൻ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം വിജയ്യുടെ കാരവാനിൽ അടക്കം ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
41 പേർ മരിച്ച ദുരന്തത്തിൽ, ടിവികെ അവശ്യപ്രകാരമാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണം എന്നാവശ്യപ്പെട്ടുള്ള അപ്പീലും തിങ്കളാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ എത്തിയേക്കും.
Kerala
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിൽ ദുരന്തമുണ്ടായത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.
നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.
National
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Kerala
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്.
2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്.
പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി.
ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്നിടത്താണ് സംഭവം നടന്ന വീട്. ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണി വിദേശത്ത് ജോലിക്കു പോകാൻ പണം ആവശ്യപ്പെട്ടെന്നും അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി നൽകിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
രാത്രി വീട്ടിലെത്തിയ ആന്റണി വാക്കത്തികൊണ്ട് ആദ്യം റാണിയെയും ക്ലാരയെയും വെട്ടിക്കൊന്നുവെന്നും പിന്നീട് സമീപത്തെ തിയറ്ററിൽ സിനിമ കണ്ടു തിരികെയെത്തിയ നാലംഗ കുടുംബത്തെയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിദേശത്തേക്കു കടന്ന പ്രതി ആന്റണിയെ പ്രത്യേക ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ച് ഭാര്യയെക്കൊണ്ടു നിരന്തരം വിളിപ്പിച്ചാണ് ആലുവയിൽ എത്തിച്ചത്.
സിബിഐ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ദയാഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു. എന്നാൽ വധശിക്ഷ നടപ്പിലാക്കാൻ കാലതാമസം വന്നതോടെ 2018ൽ വധശിക്ഷയിൽ ഇളവ് ലഭിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടിസാധനങ്ങൾ എന്നിവ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷിയില്ലാതെ പ്രതിക്കു വധശിക്ഷ വിധിച്ച അപൂർവകേസുകളിൽ ഒന്നാണിത്.
അതേസമയം സംഭവത്തിൽ ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുണ്ടെന്നാണ് ഒരുവിഭാഗം ബന്ധുക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്. നിരവധി വാദങ്ങൾ അവർ ഉയർത്തുന്നുമുണ്ട്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാർശയിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.
എന്നാൽ അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനായി പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്.
പണം വന്നതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം. വി.ഡി. സതീശൻ പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല.
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്, ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് നൽകിയത്. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
സ്വർണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാൽ ഇഡിയുടെ അന്വേഷണവും ഐബി മുന്നോട്ടുവയ്ക്കുന്നുണ്ട്.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ജമ്മു: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ മകൾ റൂബയ്യ സയിദിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ പ്രത്യേക കോടതി വിട്ടയച്ചു.
1989ൽ നടന്ന സംഭവത്തിൽ 36 വർഷത്തിനുശേഷം അറസ്റ്റിലായ ഷഫാത് അഹമ്മദ് ഷാംഗ്ലുവിന്റെ ജുഡീഷൽ കസ്റ്റഡി തേടിയാണ് സിബിഐ കോടതിയെ സമീപിച്ചത്.
എന്നാൽ കുറ്റപത്രത്തിൽ ഷഫാത് അഹമ്മദിന്റെ പേരില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം കോടതിയെ ബോധിപ്പിച്ചതോടെ സ്വതന്ത്രനാക്കുകയായിരുന്നു.
1989 ഡിസംബർ എട്ടിനാണു ജമ്മുകാഷ്മീരിലെ ഭീകരസംഘടനയായ ജെകെഎൽഎഫ് റൂബയ്യയെ തട്ടിക്കൊണ്ടുപോയത്.
തടവിൽ കഴിയുകയായിരുന്ന അഞ്ച് ഭീകരരെ മോചിപ്പിച്ചതിനുശേഷമാണ് റൂബയ്യയെ ഭീകരർ വിട്ടയച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ആദ്യം സിബിഐ അന്വേഷിക്കണമെന്നും മറ്റു തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഏറ്റെടുക്കാമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കു പുറമെ നിക്ഷേപ തട്ടിപ്പുകൾ, പാർട്ട് ടൈം ജോലി തട്ടിപ്പുകൾ എന്നിങ്ങനെ അമിക്കസ് ക്യൂറി എടുത്തുകാണിച്ച സൈബർ കുറ്റകൃത്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി.
ഇതോടൊപ്പം ഇത്തരം തട്ടിപ്പിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് നിർമിതബുദ്ധിയോ (എഐ) മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയോ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ സിബിഐയുമായി മികച്ച ഏകോപനം ഉറപ്പുവരുത്താൻ സംസ്ഥാന, റീജണൽ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും തടസമുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിൽ സിബിഐക്ക് വിശദാംശങ്ങൾ കൈമാറാനും സഹകരണം നൽകാനും വിവരസാങ്കേതികവിദ്യ ദാതാക്കളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റവാളികൾ വിദേശരാജ്യങ്ങളിൽനിന്നാണ് പ്രവർത്തിക്കുന്നതെങ്കിൽ അവരെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം സിബിഐക്ക് തേടാം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്പോൾ ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ്, ധനമന്ത്രാലയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം എന്നിവ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇതിനൊപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ പല സിം കാർഡുകൾ ഉപഭോക്താക്കൾക്ക് ടെലികോം സേവന ദാതാക്കൾ നൽകുന്നില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പുവരുത്തണം. പൗരന്മാരുടെ പണം തട്ടിയെടുക്കാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പോലീസ് സംവിധാനങ്ങൾക്ക് സിബിഐക്കൊപ്പം സ്വാതന്ത്ര്യം ഉണ്ടായിരിക്കും. തട്ടിപ്പിന് കൂട്ടുനിൽക്കുകയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കാൻ തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചും സിബിഐ അന്വേഷണം നടത്തും.
ഡിജിറ്റൽ അറസ്റ്റിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേസ് പരിഗണിച്ചപ്പോൾ മുതൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഹരിയാനയിൽനിന്നുള്ള വൃദ്ധദന്പതികളിൽനിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്തത് ദന്പതികൾതന്നെ കത്തെഴുതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചത്.
National
ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ ഭീകരർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. 36 വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇഷ്ബർ നിഷാത് നിവാസിയായ ആളെയാണ് അറസ്റ്റ് ചെയ്തത്.
1989 ഡിസംബർ എട്ടിന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റ മകളെ ജെകെഎൽഎഫ് ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യ പ്രതിയായ യാസിൻ മാലിക്, തീവ്രവാദ ധനസഹായ കേസിൽ 2023ൽ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചതിന് ശേഷം തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.
തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് റുബയ്യ സയീദിനെ മോചിപ്പിച്ചത്. തമിഴ്നാട്ടിലാണ് റുബയ്യ സയീദ് ഇപ്പോൾ താമസിക്കുന്നത്.
Kerala
കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ പ്രതിഷേധത്തിനിടെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
ഓമശേരി ഗ്രാമ പഞ്ചായത്തംഗവും ജനകീയ സമരസമിതി ഭാരവാഹിയുമായ ഷീജ ബാബു ഫയല്‍ ചെയ്ത ഹര്‍ജിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നോട്ടീസ് ഉത്തരവായത്.
കമ്പനിക്ക് പോലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടെന്ന പേരില്‍ ഒക്ടോബര്‍ 21ന് സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നു ഹര്‍ജിയില്‍ പറയുന്നു. പോലീസ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇതിനുശേഷം സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ തെറ്റായ പരാതി ഉന്നയിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ലാത്തിച്ചാര്‍ജിന് ഇരയായി. പോലീസ് എറിഞ്ഞ ഗ്രനേഡില്‍ സമരസമിതി അംഗമായ ഷുഹൈബിന്റെ മൂന്നു വിരലുകള്‍ നഷ്ടപ്പെട്ടു.
സമര സമിതി പ്രവര്‍ത്തകരെ കേസില്‍പ്പെടുത്തി പ്രതിഷേധം ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ജനത്തിന് വിശ്വാസമില്ല. അതിനാല്‍, അന്വേഷണം സിബിഐക്ക് വിടുകയോ നിഷ്പക്ഷരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Kerala
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, എക്സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അഹമ്മദ് മുസ്താഖിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകളുടെ വിശദാംശങ്ങൾ കൈമാറാൻ സുപ്രീംകോടതി നിർദേശം നൽകി.
ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല സിബിഐക്കു കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സിബിഐക്ക് ഉണ്ടോയെന്നു വ്യക്തമാക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി.
കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഏകീകൃത അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത്തരം കേസുകളിൽ സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കണമെന്നും അതിനാൽ ഇപ്പോൾ നിർദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞമാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽനിന്നും കവർന്നുവെന്നു ചൂണ്ടിക്കാട്ടി വൃദ്ധദന്പതികൾ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് പരാമർശിച്ചാണ് കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹര്‍ജി നൽകിയത്.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴത്തെ സംവിധാനം മാറ്റി പുതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അതേസമസയം ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിലും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാരിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്.
വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സർക്കാരിന്റെയും ഇടത് ബോർഡുകളുടെയും കാലത്താണ്.
District News
പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി. മത്തായി ( പൊന്നു -41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ സംഘം പുനരന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി ഇന്നലെ ഇവർ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. ഒരു മണിക്കൂറോളം ഷീബാമോളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ വീട്ടിൽ നിന്ന് വിളച്ചിറക്കി ജീപ്പിൽ കയറ്റി ക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചതെന്നും കുറ്റക്കാരായ വനപാലകരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടുവെന്നും ഷീബാമോൾ പറഞ്ഞു.
മത്തായിക്കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി തുടരന്വേഷണിന് ഉത്തരവിട്ടത്. 2020 ജൂലൈ 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നായിരുന്നു ആക്ഷേപം. എന്നാൽ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകർ പറയുന്നത്.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സിബിഐ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മന:പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയത്. എന്നാൽ മത്തായിയുടേത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.
പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്തിരുന്നില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി.
അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.
Kerala
കൊച്ചി: കല്‍പ്പറ്റ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ഗോകുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട സംഭവം സിബിഐ അന്വേഷണത്തിനു വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ജി.ഗിരീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുലിന്റെ അമ്മ ഓമന ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കോഴിക്കോടുനിന്ന് കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്. സുഹൃത്തായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലുമാക്കി.
ഏപ്രില്‍ ഒന്നിനാണു സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കാര്യക്ഷമമല്ലെന്നും സുതാര്യമായ അന്വേഷണത്തിന് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.