ന്യൂഡൽഹി: ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാന പോലീസാണോ അതോ സിബിഐ ആണോ അന്വേഷിക്കേണ്ടതെന്ന നിർണായക നിയമപ്രശ്നം പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. തമിഴ്നാട് ആസ്ഥാനമായുള്ള 'യൂണിവേഴ്സൽ ട്രേഡിംഗ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി നടത്തിയ 1,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നീക്കം.
കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനി 12% വാർഷിക പലിശയും 10% മാസ വരുമാനവും വാഗ്ദാനം ചെയ്ത് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 73,000 നിക്ഷേപകരിൽ നിന്ന് 1,000 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. 2019-ലാണ് കമ്പനി തിരിച്ചടവ് മുടക്കിയത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള കേസുകൾ നിലവിൽ സിബിഐ ആണ് അന്വേഷിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ അന്വേഷണം നടത്തുന്നത് അവിടുത്തെ ഇക്കണോമിക് ഒഫൻസ് വിംഗ് ആണ്. അന്വേഷണം പല ഏജൻസികളിലായി ചിതറിക്കിടക്കുന്നത് നീതിപൂർവ്വമായ അന്വേഷണത്തെ ബാധിക്കുമെന്നും, അന്തർസംസ്ഥാന ബന്ധമുള്ള കേസുകളിൽ സംസ്ഥാന പോലീസിന് പരിമിതികളുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
2019-ലെ 'ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്' നിയമപ്രകാരം ഇത്തരം വലിയ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമോ എന്നാണ് കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി ആറിന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
Tags : Inter-state financial frauds CBI Supreme Court