ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തി സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ആദ്യം സിബിഐ അന്വേഷിക്കണമെന്നും മറ്റു തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഏറ്റെടുക്കാമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കു പുറമെ നിക്ഷേപ തട്ടിപ്പുകൾ, പാർട്ട് ടൈം ജോലി തട്ടിപ്പുകൾ എന്നിങ്ങനെ അമിക്കസ് ക്യൂറി എടുത്തുകാണിച്ച സൈബർ കുറ്റകൃത്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി.
ഇതോടൊപ്പം ഇത്തരം തട്ടിപ്പിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് നിർമിതബുദ്ധിയോ (എഐ) മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയോ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ സിബിഐയുമായി മികച്ച ഏകോപനം ഉറപ്പുവരുത്താൻ സംസ്ഥാന, റീജണൽ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും തടസമുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിൽ സിബിഐക്ക് വിശദാംശങ്ങൾ കൈമാറാനും സഹകരണം നൽകാനും വിവരസാങ്കേതികവിദ്യ ദാതാക്കളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കുറ്റവാളികൾ വിദേശരാജ്യങ്ങളിൽനിന്നാണ് പ്രവർത്തിക്കുന്നതെങ്കിൽ അവരെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം സിബിഐക്ക് തേടാം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്പോൾ ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ്, ധനമന്ത്രാലയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം എന്നിവ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇതിനൊപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ പല സിം കാർഡുകൾ ഉപഭോക്താക്കൾക്ക് ടെലികോം സേവന ദാതാക്കൾ നൽകുന്നില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പുവരുത്തണം. പൗരന്മാരുടെ പണം തട്ടിയെടുക്കാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പോലീസ് സംവിധാനങ്ങൾക്ക് സിബിഐക്കൊപ്പം സ്വാതന്ത്ര്യം ഉണ്ടായിരിക്കും. തട്ടിപ്പിന് കൂട്ടുനിൽക്കുകയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കാൻ തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചും സിബിഐ അന്വേഷണം നടത്തും.
ഡിജിറ്റൽ അറസ്റ്റിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേസ് പരിഗണിച്ചപ്പോൾ മുതൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഹരിയാനയിൽനിന്നുള്ള വൃദ്ധദന്പതികളിൽനിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്തത് ദന്പതികൾതന്നെ കത്തെഴുതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചത്.
Tags : CBI probes digital arrests Supreme Court CBI