Viral
പൊതുനിരത്തിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ധീരമായി നേരിട്ട പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഇ-റിക്ഷയിൽ യാത്ര ചെയ്തിരുന്ന വ്യക്തി തനിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചുവെന്നാണ് ബൈക്ക് യാത്രികയായ യുവതി ആരോപിക്കുന്നത്. തന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ ഈ ദൃശ്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞത് യുവാവിനെ കുടുക്കാൻ സഹായകമായി.
തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുമ്പോൾ അരികിലൂടെ കടന്നുപോയ ഇ-റിക്ഷയിലിരുന്ന യുവാവ് മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുവതി വാഹനം തടഞ്ഞുനിർത്തുകയും ഒരടി പോലും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.
ക്യാമറയിൽ എല്ലാം റെക്കോർഡ് ആകുന്നുണ്ടെന്നും ഇപ്പോൾ തന്നെ പോലീസിനെ വിളിക്കുമെന്നും പറഞ്ഞ് ഉറച്ച ശബ്ദത്തിൽ യുവതി യുവാവിനെ ചോദ്യം ചെയ്തു.
പ്രകോപിതനായ യുവാവ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും യുവതി അയാളെ തടഞ്ഞുനിർത്തുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു.
നാട്ടുകാർ ചുറ്റും കൂടിയതോടെ ഭയന്നുപോയ യുവാവ് തനിക്ക് തെറ്റുപറ്റിയതാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും പറഞ്ഞ് മാപ്പപേക്ഷിച്ചു. എന്നാൽ ഇത്തരം പ്രവർത്തികൾ എങ്ങനെയാണ് അബദ്ധത്തിൽ സംഭവിക്കുക എന്ന് ചോദിച്ചുകൊണ്ട് യുവതി അയാളുടെ ക്ഷമാപണം തള്ളിക്കളഞ്ഞു.
പിന്നീട് സ്ഥലത്തെത്തിയ വഴിയാത്രക്കാരോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയും തെളിവായി ക്യാമറ ദൃശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും അതിനെതിരെ പെൺകുട്ടി കാണിച്ച ആർജ്ജവത്തെക്കുറിച്ചും നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി.
Viral
നീതിക്കായി സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന വലിയൊരു ആയുധമായി സോഷ്യൽ മീഡിയ മാറുന്ന കാഴ്ചയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ വാർത്തയിലൂടെ നാം കാണുന്നത്.
സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വരുന്ന അവഗണനകൾക്കും മോശം പെരുമാറ്റത്തിനുമെതിരെ ഒരു യുവതി നടത്തിയ വേറിട്ട പോരാട്ടം ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തന്റെ റേഷൻ കാർഡിലെ തിരുത്തലുകൾക്കായി എത്തിയ യുവതിക്ക് നേരെ ഉദ്യോഗസ്ഥർ തട്ടിക്കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ നിസഹായരായി മടങ്ങുന്നവരിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് നേരിട്ട ദുരനുഭവം തത്സമയം ക്യാമറയിൽ പകർത്തി ലോകത്തെ അറിയിക്കാനാണ് ഈ സ്ത്രീ തീരുമാനിച്ചത്.
റേഷൻ കാർഡിൽ നിന്ന് ഭർത്താവിന്റെ പേര് ഒഴിവാക്കുക എന്ന ലളിതമായ ആവശ്യവുമായാണ് യുവതി ഓഫീസിനെ സമീപിച്ചത്. എന്നാൽ നടപടിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥ പ്രകോപിതയാവുകയും അസഭ്യമായ രീതിയിൽ സംസാരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
ഉടൻ തന്നെ തന്റെ മൊബൈൽ ഫോൺ പുറത്തെടുത്ത യുവതി, തന്നെ അപമാനിച്ച ഉദ്യോഗസ്ഥയെ മുൻനിർത്തി വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. താൻ നേരിട്ട ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിലെ കാഴ്ചക്കാരോട് നേരിട്ട് സംസാരിക്കുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഇതോടെ ഈ ദൃശ്യങ്ങൾ ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റത്തിനുള്ള ശക്തമായ 'ഓൺലൈൻ തെളിവായി' മാറി. വീഡിയോ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ അതുവരെ ധിക്കാരപരമായി സംസാരിച്ചിരുന്ന ഉദ്യോഗസ്ഥയുടെ ഭാവം പെട്ടെന്ന് മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ക്യാമറയ്ക്ക് മുന്നിൽ തന്റെ ഭാഗം ന്യായീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും, ഭയം കലർന്ന ആ സ്വരമാറ്റം സോഷ്യൽ മീഡിയ ഉപയോക്താക്കൾ കൃത്യമായി തിരിച്ചറിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി കാഴ്ചക്കാരെയാണ് ലഭിച്ചത്.
സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സോഷ്യൽ മീഡിയയെ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാമെന്നതിന് മികച്ച ഉദാഹരണമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ സേവകരാണെന്നും അവരോട് മാന്യമായി പെരുമാറേണ്ടത് പ്രാഥമികമായ കടമയാണെന്നും ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ ഓർമ്മിപ്പിക്കുന്നു.
സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ കാണിച്ച ഈ ധൈര്യത്തെ നിരവധി ആളുകൾ അഭിനന്ദിക്കുമ്പോൾ തന്നെ, അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി പോലും ജനങ്ങൾക്ക് ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ പോരായ്മയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
വീഡിയോയിലെ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥരുടെ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ പ്രതികരിക്കാൻ ഈ സംഭവം പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
Leader Page
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിൽ നിർണായകമായിരിക്കുമെന്നതിൽ സംശയമില്ല. അതിൽതന്നെ ക്രൈസ്തവ സമുദായ അംഗങ്ങളുടെ തീരുമാനത്തിന് ഏറെ പ്രാധാന്യവുമുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂർവകമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരേ വ്യക്തമായ വിധിനിർണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം രാഷ്ട്രീയപാർട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ്.
വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക യാഥാർഥ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷൻ. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല; സ്ഥിതിവിവരക്കണക്കുകളും യാഥാർഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആ നീതിപത്രം മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും ഭരണകൂടത്തിന്റെ മേശവലിപ്പിൽ പുറംലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്.
റിപ്പോർട്ട് ഉണ്ടായി; നീതി ഉണ്ടായില്ല
മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ കത്തോലിക്കർ, മത്സ്യത്തൊഴിലാളി ക്രൈസ്തവർ, മലയോര മേഖലകളിലെ കർഷക സമൂഹങ്ങൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ കഴിയുന്ന ക്രൈസ്തവർ, കുട്ടനാട്ടിലെയും തീരദേശത്തെയും ക്രൈസ്തവർ എന്നിവരൊക്കെ കേരളത്തിന്റെ വികസനചരിത്രത്തിൽ പലപ്പോഴും സൗകര്യപൂർവം പിന്നോട്ട് തള്ളപ്പെട്ടവരാണ്. വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, ക്ഷേമപദ്ധതികൾ തുടങ്ങി എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിർദേശിക്കുന്ന കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്; സാമൂഹ്യനീതി എന്ന ആശയത്തോടുള്ള തുറന്ന അവഹേളനമാണ് എന്ന് പറയാതെ വയ്യ.
വോട്ടിനായി മാത്രം ന്യൂനപക്ഷ പ്രേമം
തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിൽ മാറിമാറി പരീക്ഷിക്കുക പതിവാണ്. എന്നാൽ, അധികാരം ലഭിച്ചാൽ, റിപ്പോർട്ടുകളും ശിപാർശകളും സൗകര്യപൂർവം മറക്കുന്നു. ജെ.ബി. കോശി കമ്മീഷൻ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം; പക്ഷേ പരിഹരിക്കാൻ രാഷ്ട്രീയ മനസ് വേണ്ടെന്നാണോ? ഈ ചോദ്യം ക്രൈസ്തവ സമൂഹം ഇനി സൗമ്യമായി ചോദിച്ചാൽ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാൻ പോകുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനു നൽകിയ വ്യക്തമായ മുന്നറിയിപ്പിന്റെ ജനസ്വരമായിരുന്നു. അതുകൊണ്ട് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്. ഈ ഫലങ്ങളിൽ ക്രൈസ്തവ അവഗണനയ്ക്കെതിരായ ശക്തമായ പ്രതികരണമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണം. പല പ്രദേശങ്ങളിലും ഭരണകക്ഷികൾക്ക് സംഭവിച്ച വോട്ട് ചോർച്ച, പരമ്പരാഗത രാഷ്ട്രീയ വിശ്വാസങ്ങളിൽ പൊതുജനത്തിനുണ്ടാകുന്ന നിസംഗത, തങ്ങളുടെ കോട്ടകളെന്നു പാർട്ടികൾ കരുതിപ്പോന്ന പല സ്ഥലങ്ങളിലും സ്വതന്ത്രരും പ്രാദേശിക കൂട്ടായ്മകളും ശക്തമായി കളം പിടിക്കുന്ന കാഴ്ച ഇതൊന്നും വികാരാധീനമായ പ്രതിഷേധമായി തള്ളിക്കളയാനാവില്ല. സാധാരണ പൗരന്റെ സർക്കാരിനോടുള്ള ബോധപൂർവമായ അകൽച്ചയാണ് ഇവിടെ വെളിവാകുന്നത്. “ഞങ്ങളെ കേൾക്കുന്നില്ലെങ്കിൽ, ഞങ്ങളും നിങ്ങളെ കേൾക്കില്ല” എന്ന ജനാധിപത്യ സന്ദേശം കഴിഞ്ഞ ലോക്സഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണവർഗത്തിന് നൽകുന്നുണ്ട് എന്നത് നിസ്തർക്കമാണ്.
ക്രൈസ്തവർക്ക് അന്യായമായതൊന്നും ആവശ്യമില്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസ കാര്യങ്ങളിലും ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യങ്ങളിലും സാമൂഹ്യനീതിയുടെ ദൃശ്യമായ ഫലങ്ങൾ വെളിപ്പെടുത്തുന്ന നിലപാടുകളും പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഇതൊന്നും സംഭവിച്ചില്ല. അതിനാൽതന്നെ അടിസ്ഥാനതലത്തിൽ നടന്ന തെരഞ്ഞെടുപ്പു വിശകലനം കാണിക്കുന്നത് സർക്കാരിനോടുള്ള രാഷ്ട്രീയ വിശ്വാസം അടിസ്ഥാനവർഗങ്ങൾക്ക് പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന മുന്നറിയിപ്പല്ല; അവസാന അവസരമാണ്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വ്യക്തമായ രാഷ്ട്രീയ പ്രതിജ്ഞ ഇല്ലാതെ, ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഒരു മുന്നണിക്കും കഴിയില്ല.
ഇത് ഒരു സമുദായത്തിന് പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്ന പോരാട്ടമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിക്കായുള്ള അവകാശസംരക്ഷണ പോരാട്ടമാണ്. ഇത് തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ സമരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കത്തോലിക്ക കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല. എന്നാൽ, സാമൂഹ്യനീതിയുടെ കാവൽക്കാരാണ്.
അതുകൊണ്ട് വ്യക്തമായി പറയാനുള്ളത്:
•ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണം.
•അതിന് സമയബന്ധിതമായ നിയമനിർമാണവും പദ്ധതികൾക്ക് വേണ്ട തുകയും ബജറ്റിൽ ഉറപ്പാക്കണം.
അല്ലെങ്കിൽ, ക്രൈസ്തവ സമൂഹം കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളിലൂടെയും പ്രതികരിക്കും. അവഗണിക്കപ്പെട്ട സമൂഹങ്ങൾ ഒടുവിൽ രാഷ്ട്രീയ ചരിത്രം മാറ്റും എന്നത് കേരളത്തിന്റെ ഗതകാല ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്.
(എകെസിസി ഗ്ലോബൽ ഡയറക്ടറാണ് ലേഖകന്)
National
ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ എത്തുന്നു. സുപ്രീംകോടതി കൊളീജിയം നൽകിയ ശിപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസാകുന്നത്.
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി ഒൻപതിനാകും പുതിയ ചീഫ് ജസ്റ്റീസായി സെൻ ചുമതലയേൽക്കുക.
ഡിസംബർ 18നാണ് ജസ്റ്റീസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാക്കാനായി സുപ്രീംകോടതി കൊളീജിയം ശിപാർശ നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.
Kerala
തൃശൂര്: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള് ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.
ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.
ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റീസ് കെ.ടി.ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോംഗ് റൂം വീണ്ടും പരിശോധിക്കാനാണ് നീക്കം.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടിമാനിച്ചായിരിക്കും പരിശോധനകൾ. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു.
ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ ഉൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.
അതേസമയം പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Editorial
കോപ്പിയടി പിടിച്ച അധ്യാപകനെതിരേ എസ്എഫ്ഐ വിദ്യാർഥിനികൾ നൽകിയത് വ്യാജ പീഡനക്കേസാണെന്ന് കോടതി. നാളെ അധ്യാപകദിനമാണ്. കൂട്ടുനിന്ന പാർട്ടി നേതാക്കൾ മനുഷ്യരാണെങ്കിൽ കുട്ടിനേതാക്കളുമായി ചെന്ന് അധ്യാപകന്റെ കാലിൽ വീഴണം. രാഷ്ട്രീയാന്ധത ബാധിച്ച സഹ അധ്യാപകരെയും കൂട്ടിക്കൊള്ളൂ.
നാളെ അധ്യാപകദിനമാണ്. ഒരധ്യാപകനെതിരേയുള്ള പീഡനക്കേസ്, കോപ്പിയടി പിടിച്ചതിന് മക്കളുടെ പ്രായമുള്ള വിദ്യാർഥിനികൾ വ്യാജമായി കൊടുത്തതാണെന്നു കോടതി പറഞ്ഞിരിക്കുന്നു. 11 വർഷത്തിനുശേഷം അധ്യാപകനെ വെറുതേ വിട്ടു. മഞ്ഞിന്റെ വിശുദ്ധിയിൽ ശാന്തമായൊഴുകുന്ന മൂന്നാറിൽ ഏതാനും രാഷ്ട്രീയ നേതാക്കളും അധ്യാപകരും വിദ്യാർഥികളും കലക്കിയ വിഷം കഴുകിക്കളയാതെ, അധ്യാപകദിനത്തെക്കുറിച്ച് ഗൂഢാലോചനക്കാരേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്.
മൂന്നാർ ഗവൺമെന്റ് കോളജിൽ 2014ലായിരുന്നു സംഭവം. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് എസ്എഫ്ഐ വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥൻ പിടികൂടി. സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, ആ ‘മഹാഗുരു’ ഇടത് അനുകൂല സംഘടനക്കാരനാണത്രേ. കോപ്പിയടി റിപ്പോർട്ട് ചെയ്തില്ല. തീർന്നില്ല; അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. മൂന്നാർ പോലീസ് കേസെടുത്തു.
11 വർഷത്തിനുശേഷമാണ് അന്തിമവിധി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു വിധി. വിദ്യാർഥിനികളാണു ശരിയെങ്കിൽ അപ്പീൽ പോകട്ടെ. അല്ലെങ്കിൽ കുട്ടിനേതാക്കളും ഒത്താശ ചെയ്ത മൂത്ത നേതാക്കളും അധ്യാപകന്റെ കാലിൽ വീഴണം. ലോകത്തെ ഏറ്റവും പവിത്രമായ തൊഴിലിൽ വ്യാപരിക്കവേ, സഹ അധ്യാപകനെ ചതിക്കാൻ കൂട്ടുനിന്ന അധ്യാപകരും കൂടെ പോകട്ടെ. നിങ്ങളാദ്യം മനുഷ്യരാകണം; എന്നിട്ടാകാം നാടുനന്നാക്കൽ.
പരീക്ഷാഹാളിൽ അധ്യാപകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി. ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലു കേസിൽ രണ്ടെണ്ണത്തിൽ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു വർഷം തടവും 5,000 രൂപ പിഴയും ചുമത്തി. ഇതിനെതിരേ അധ്യാപകൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചാണ് ജഡ്ജി ലൈജുമോൾ ഷെരീഫ് അധ്യാപകനെ വെറുതേ വിട്ടത്. വ്യാജപരാതിക്ക് കോളജ് പ്രിൻസിപ്പലുൾപ്പെടെ കൂട്ടു നിന്നു.
പെൺകുട്ടികളുടെ മൊഴികള് മാത്രം അടിസ്ഥാനമാക്കി നിരപരാധിയെ കുറ്റക്കാരനാക്കിയ പോലീസിനെയും കോടതി വിമര്ശിച്ചു. എന്തു കാര്യം! സ്വന്തം വിദ്യാർഥിനികളെ പീഡിപ്പിച്ച ഗുരുനാഥനെന്ന അപമാനവും പേറി 11 വർഷം നരകിക്കേണ്ടിവന്നു. വിശ്വനാഥൻ കോൺഗ്രസ് അധ്യാപക സംഘടനയിൽ അംഗമായിരുന്നതാവാം കുടുക്കാനുള്ള മറ്റൊരു കാരണം. മൂന്നാറിലെ സിപിഎം ഓഫീസിൽവച്ച് പരാതി തയാറാക്കിയെന്നായിരുന്നു ആരോപണം. പക്ഷേ, പാർട്ടിക്കൊരു ബന്ധവുമില്ലെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ന്യായീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും മർദനവും നടത്തി മരണത്തിലേക്കു പറഞ്ഞുവിട്ടപ്പോഴും പാർട്ടിക്ക് ന്യായങ്ങളുണ്ടായിരുന്നു!
ഈ കേസിനു മറ്റൊരു ഗൂഢാലോചനയുടെ പശ്ചാത്തലവുമുണ്ട്. എംജി സർവകലാശാലയുടെ വിജിലൻസ് സ്ക്വാഡ് കണ്വീനറായി താൻ പ്രവർത്തിച്ചിരുന്ന 2007ൽ കോളജിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്കു നയിച്ചതെന്ന് ആനന്ദ് വിശ്വനാഥൻ ദീപികയോടു പറഞ്ഞു.
“ഒരു പോള കണ്ണടയ്ക്കാൻ പോലും കഴിയാത്ത തീവ്രവേദനയുടെ നാളുകളിലൂടെയാണ് കടന്നുപോയത്. ഭാര്യയും മൂന്നു മക്കളും ഒപ്പം നിന്നു. കോപ്പിയടി റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതിനെത്തുടർന്നാണ് മൂന്നാർ ഗവ. കോളജിലേക്ക് തിരികെ എത്താനായത്.” 2021ൽ ചിറ്റൂർ ഗവൺമെന്റ് കോളജിൽനിന്നു പ്രിൻസിപ്പലായിട്ടാണ് വിശ്വനാഥൻ വിരമിച്ചത്.
സ്ത്രീകൾ സ്വന്തം മാനത്തെക്കുറിച്ചു നുണ പറയില്ലെന്ന നിഗമനത്തിലാണ് പീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കു കോടതികൾ പ്രാധാന്യം കൊടുത്തത്. പക്ഷേ, അത്തരം സങ്കൽപങ്ങളെയൊക്കെ ചവിട്ടിത്തേച്ചും യഥാർഥ പീഡനക്കേസുകളിലെ ഇരകളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇടയാക്കിയുമാണ് ഈ പാർട്ടി വിദ്യാർഥിനികളുടെ വ്യാജ പീഡനക്കേസ്. ഇത്തരം വ്യാജപരാതിക്കാർ മറഞ്ഞിരിക്കാൻ പാടില്ല; കേസെടുക്കണം. 11 വർഷം സ്വന്തം അധ്യാപകനെ കല്ലെറിയാൻ നിർത്തിയ വിദ്യാർഥിനികളും പാർട്ടിനേതാക്കളും രാഷ്ട്രീയതിമിരം ബാധിച്ച സഹ അധ്യാപകരും വിചാരണ ചെയ്യപ്പെടണം; ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുഷ്കിൽ അവരിനിയും ഗുരു-ശിഷ്യ ബന്ധത്തെയും നിയമസംവിധാനത്തെയും വരെ ദുരുപയോഗിക്കാൻ ശ്രമിക്കും.
Leader Page
ഇന്ന് നീതി ഞായർ
1950 ഓഗസ്റ്റ് 10നു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിലൂടെ ഹിന്ദുമതത്തിൽ മാത്രം (1956ൽ സിക്ക് മതത്തിലും 1990ൽ ബുദ്ധമതത്തിലും) വിശ്വസിക്കുന്നവർക്കേ പട്ടികജാതി അവകാശങ്ങൾ നൽകുകയുള്ളൂ എന്ന് പ്രഖ്യാപിച്ച്, ക്രിസ്തുമത വിശ്വാസികളായ ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി അവകാശങ്ങൾ നൽകില്ല എന്നു പറയാതെ പറഞ്ഞുവച്ചു. സ്വതന്ത്രഭാരതത്തിൽ നടന്ന ആദ്യത്തെ ഭരണഘടനാ അവകാശ ലംഘനമായി കണക്കാക്കാവുന്നതാണ് ദളിത് ക്രൈസ്തവ പട്ടികജാതി സംവരണ നിഷേധം.
‘Justice Delayed is Justice Denied’ എന്നത് നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്ത്വമാണ്. പക്ഷേ അതിന്റെ വാചികവും അല്ലാത്തതുമായ തലങ്ങളിലുള്ള നീതിനിഷേധം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ നിലനിൽക്കുന്നു; ഭാരതത്തിലെ ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണ നിഷേധം. കാലങ്ങളായി തമസ്കരിക്കപ്പെടുന്ന, അനീതിയുടെയും അവകാശലംഘനങ്ങളുടെയും വേദനപേറുന്ന ഒരു ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘നീതി ഞായർ (Justice Sunday)’ ആയി ആചരിക്കുന്നു.
1950 ഓഗസ്റ്റ് 10നു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിലൂടെ ഹിന്ദുമതത്തിൽ മാത്രം (1956ൽ സിക്ക് മതത്തിലും 1990ൽ ബുദ്ധമതത്തിലും) വിശ്വസിക്കുന്നവർക്കേ പട്ടികജാതി അവകാശങ്ങൾ നൽകൂ എന്ന് പ്രഖ്യാപിച്ച്, ക്രിസ്തുമതവിശ്വാസികളായ ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി അവകാശങ്ങൾ നൽകില്ല എന്നു പറയാതെ പറഞ്ഞുവച്ചു. ഒരേ ജാതീയ ശ്രേണിയിലും, ഒരേ സാമൂഹികഘടനാ പശ്ചാത്തലത്തിലും തുല്യമായ വർണ, ജാതി, വർഗ വിവേചനങ്ങളും, അസ്പൃശ്യതയും അനുഭവിച്ച പട്ടികജാതി / ദളിതുകളെ മതാധിഷ്ഠമായി വർഗീകരിച് ഹൈന്ദവമത വിശ്വാസികളായ ദളിതുകൾക്കു മാത്രം (പിന്നീട് സിക്ക് മതത്തിലും ബുദ്ധമതത്തിലും) സംവരണം നൽകി. സ്വതന്ത്ര ഭാരതത്തിൽ നടന്ന ആദ്യത്തെ ഭരണഘടനാ അവകാശലംഘനമായി കണക്കാക്കാവുന്നതാണ് ദളിത് ക്രൈസ്തവ പട്ടികജാതി സംവരണ നിഷേധം.
വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹികഘടന നിലനിന്നിരുന്ന ഇന്ത്യയിൽ ജാതീയ വേർതിരിവിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ദളിത് വിഭാഗങ്ങൾക്കു രാഷ്്്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ രാജ്യം നൽകേണ്ട കരുതലായി സംവരണത്തെ അംബേദ്കർ അടക്കമുള്ള ഭരണഘടനാ വിധാതാക്കൾ കണ്ടു. എന്നാൽ ഒരേ ജാതീയ ശ്രേണിയിൽ നിലനിന്ന, അടിമത്ത്വവും ജാതീയ വിവേചനങ്ങളുമടക്കം ഒരേ സാമൂഹിക പശ്ചാത്തലത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഭാരതത്തിലെ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് ഹിന്ദുമതത്തിൽ മാത്രം വിശ്വസിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്കു മാത്രമേ സംവരണമുണ്ടാകൂ എന്ന ഉത്തരവിറക്കിയത്തിന് പിന്നിൽ രാഷ്ട്രീയ മൗഢ്യമോ അതോ രാഷ്ട്രീയ ഗൂഢാലോചനയോ? 1950 വരെ പട്ടികജാതി വിഭാഗമായി കരുതപെട്ട ജനതയെ സ്വാതന്ത്ര്യാനന്തരം പ്രത്യേക ഉത്തരവിലൂടെ പുറത്താക്കിയെങ്കിൽ ഗൂഢാലോചനയുടെ വേരുകൾതേടി കടൽ കടന്നുപോകേണ്ടതുണ്ടോ?
മതാധിഷ്ഠിത പട്ടികജാതി നിർണയത്തിലൂടെ ഏതൊരു മതത്തിൽ വിശ്വസിക്കാനും പിന്തുടരാനും പ്രചരിപ്പിക്കാനും പൗരന് അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഭരണകൂടങ്ങൾ നടത്തിയത്, ഒപ്പം ഒരു ജനതയോടുള്ള വഞ്ചനയും. 1956 സിക്ക് മതം പിന്തുടരുന്ന ദളിതുകൾക്കും 1990ൽ ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ദളിതുകൾക്കും പട്ടികജാതി സംവരണം നൽകാനായി ഭരണഘടന ഭേദഗതി ചെയ്തു എന്നറിയുന്നിടത്താണ് ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ മതാധിഷ്ഠിതമായ വിവേചനം നടന്നു എന്നു വ്യക്തമായി തിരിച്ചറിയുന്നത്.
ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം പാടില്ല എന്നു വാദിക്കുന്നവർ ഉയർത്തുന്ന വിവിധ ആശയങ്ങളിൽ ഒന്നാണ്, ക്രിസ്തുമതത്തിൽ ജാതീയതയിൽ അധിഷ്ഠിതമായ വിവേചനമില്ല എന്നുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ജാതീയതയിൽ അധിഷ്ഠിതമായ വിവേചനം സമൂഹത്തിൽനിന്നു മാറ്റാനുള്ള മാർഗമായല്ല ഭരണഘടനാ വിധാതാക്കൾ പട്ടിക ജാതി സംവരണം ആവിഷ്കരിച്ചത്, മറിച്ചു നൂറ്റാണ്ടുകളായി മൃഗതുല്യരായി കരുതപ്പെട്ട ഒരു ജനതയെ കൈപിടിച്ചു നടത്താനുള്ള സാമൂഹിക ശക്തീകരണ നടപടി എന്ന നിലയിലായിരുന്നു. ഒരാൾ മതം മാറുമ്പോൾ സാമൂഹ്യഘടനയിലെ അയാളുടെ ജാതീയ സ്ഥാനത്തിനും മാറ്റമുണ്ടാകുമോ? ഇത് പ്രസക്തമായ ചോദ്യമാണ്. ഇതിനു ഉത്തരം ഇല്ല എന്നുതന്നെയാണ്. അങ്ങനെ മാറുമായിരുന്നെങ്കിൽ ക്രിസ്തുമതം സ്വീകരിച്ച ദളിതുകൾ ‘ദളിതുകൾ’ എന്ന് അറിയപ്പെടുമായിരുന്നില്ല. മതംമാറ്റത്തിലൂടെ ജനിച്ച ജാതീയ സ്ഥാനത്തിലും സാമൂഹികസ്ഥാനത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. കാരണം, ഭാരതത്തിലെ ജാതീയ ചിന്തകൾ നിലനിൽക്കുന്നത് മതത്തിന്റെ അസ്തിത്വത്തിൽ അല്ല, മറിച്ച് സാമൂഹികഘടന തലത്തിലാണ്.
ഒരു വ്യക്തി മതം മാറുന്നതിലൂടെ അയാളുടെ ആത്മീയതയ്ക്കും ദൈവികസങ്കല്പങ്ങൾക്കും മാത്രമാണു പരിവർത്തനമുണ്ടാകുന്നത്; സാമൂഹിക, ജാതീയ മാനങ്ങളിൽ അല്ല. ഭാരതത്തിലെ എല്ലാ മതങ്ങളിലും ജാതീയ ചിന്തകൾ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാണ്. കാരണം ഈ മതങ്ങളെല്ലാം നിലനിൽക്കുന്നതു ജാതീയത രൂഢമൂലമായ ഈ നാടിന്റെ മണ്ണിലാണ്.
ദളിത് ക്രൈസ്തവർക്കുള്ള സംവരണ നിഷേധത്തിൽ പ്രതിഷേധിച്ച് 1950ൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ച ക്രൈസ്തവ നേതാക്കൾക്ക് നൽകിയ എഴുത്തിൽ തുടങ്ങി 2023ൽ നിയമിതമായ ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷൻവരെ നീണ്ടുനിൽക്കുന്നു ദളിത് ക്രൈസ്തവ സംവരണ നിഷേധത്തിന്റെ ചരിത്രം. ഇത്രയേറെ പഠനങ്ങൾ, കമ്മീഷനുകൾ, റിപ്പോർട്ടുൾ, നിയമ പോരാട്ടങ്ങൾ നടന്ന ഒരു വിഷയം സ്വതന്ത്ര ഭാരതത്തിലിലുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പിന്നാക്ക പഠന കമ്മീഷനായ കാക്ക കാലേൽക്കർ കമ്മീഷൻ (1953), രണ്ടാം പിന്നാക്ക പഠന കമ്മീഷനായ മണ്ഡൽ കമ്മീഷൻ എന്നീ കമ്മീഷനുകൾ മതം സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തില്ല എന്നും, ദളിത് ക്രൈസ്തവരുടെ അവസ്ഥ പിന്നാക്കമാണ് എന്നും ആയതിനാൽ പട്ടികജാതി സംവരണ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാം എന്നും വിവരിച്ചു. 2009ൽ നിയമിതനായ രംഗനാഥ് മിശ്ര കമ്മീഷൻ സാമൂഹിക വ്യവസ്ഥകളും സാഹചര്യങ്ങളും പഠിച്ചു ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണ വിഷയത്തിൽ അനുകൂല നിലപാടുകൾ എടുക്കണം എന്ന് ശിപാർശ ചെയ്തു. കൃത്യമായ സാഹചര്യ പഠനങ്ങൾ നടത്താതെയാണ് രംഗനാഥ് മിശ്ര കമ്മീഷൻ പരിവർത്തിത ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ അനുകൂല റിപ്പോർട്ട് നൽകിയത് എന്ന വാദമുയർത്തി വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷനെ കേന്ദ്ര സർക്കാർ 2023ൽ നിയമിച്ചു.
ദളിത് ക്രൈസ്തവ സംവരണ വിഷയത്തിലുള്ള ഉത്തരവാദപ്പെട്ടവരുടെ നിഷേധാത്മകതയും നിസംഗതയും തിരുത്തണം. 1950 ഓഗസ്റ്റ് 10നു പുറത്തിറങ്ങിയ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പിൻവലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
Editorial
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.