മാവേലിക്കര: ജസറ്റീസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെപ്പറ്റി പഠിക്കാനും ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അത് നടപ്പാക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനെ 2020 നവംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ നിയമിച്ചത്.
മൂന്നു വര്‍ഷം വിവിധ ക്രൈസ്തവ സംഘടനകളുമായും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ചകള്‍ നടത്തി ഈ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് 2023 മേയ് 14ന് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റീസ് ജെ. ബി. കോശി സമര്‍പ്പിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. റിപ്പോര്‍ട്ടിലെ ശിപാര്ശകളെപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ പല വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രസ്തുത റിപ്പോര്‍ട്ടിലെ 220 ശിപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കിയതായി അവകാശപ്പെട്ടു.
ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ ബാക്കി നടപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
എന്നാല്‍ റിപ്പോര്‍ട്ടിലെ ഏതെങ്കിലും ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ ഒരു വിവരവും ക്രിസ്ത്യന്‍ സമൂഹത്തിന് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ ശിപാര്‍ശകള്‍ എപ്പോള്‍, എവിടെ, എങ്ങനെ നടപ്പാക്കിയെന്നറിയാനുള്ള അവകാശം ക്രൈസ്തവ സമൂഹത്തിനുണ്ട്.
ജാതിമതഭേദമെന്യേ വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തങ്ങളിലൂടെയും സമൂഹത്തിന് ഏറ്റവും മികച്ച സേവനം നല്കാന് ക്രൈസ്തവ സഭ നിരന്തരമായി പരിശ്രമം നടത്തിയതിന്റെ പരിണതഫലമാണ് സംസ്ഥാനം വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പുരോഗതി നേടിയത്. ഈ വസ്തുതകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് സഭ ഓർമിപ്പിച്ചു. അധ്യാപക നിയമനം, ഭിന്നശേഷി സംവരണം തുടങ്ങിയ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലും സഭ തീര്‍ത്തും ആശങ്കയിലാണ്.
യോഗത്തിൽ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന ചാന്‍സിലര്‍ ഫാ. ഗീവർഗീസ് വൈദ്യന് സ്വാഗതം ആശംസിച്ചു. വികാരിജനറാൾ ജോബ് കല്ലുവിളയില്‍ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക എന്ന പ്രമേയം മലങ്കര കാത്തലിക് അസോസിയേഷന് മുന്‍ സഭാതല പ്രസിഡന്റ് അഡ്വ. തോമസ്. എം. മാത്തുണ്ണി അവതരിപ്പിച്ചു. വൈദികര്‍, സിസ്റ്റേഴ്സ്, പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.