കൊച്ചി: വിശ്വാസമുള്ളതിനാലാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും എന്നാല്‍ കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായതായും പി.ടി. കുഞ്ഞുമുഹമ്മദില്നിന്ന് ലൈംഗികാതിക്രമം നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫ്. എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രധാനം അവരുടെ താത്പര്യമാണ്. പ്രതീക്ഷിക്കാത്ത പലരും പി.ടി. കുഞ്ഞുമുഹമ്മദിനായി ഒത്തുതീര്‍പ്പിനു വന്നെന്നും മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ഡോ. ആശ വെളിപ്പെടുത്തി.
പരാതി നല്കിയപ്പോള് നേരിടേണ്ടിവന്നത് നീതിനിഷേധമാണ്. മുഖ്യമന്ത്രിയെ അറിയിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ ഇട്ടില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടിയും ലഭിച്ചില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നടപടിയുണ്ടായില്ല. വാര്‍ത്ത വന്നതിനുശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതു താന്‍ വിശ്വസിച്ചിരുന്ന വ്യവസ്ഥിതിയില്‍ സംശയങ്ങള്‍ ഉളവാക്കി. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്.
കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണം. അധികാരമുള്ള പുരുഷന്മാര്ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഇതു തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
നിയമസംവിധാനത്തെ സമീപിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങളും ഒത്തുതീര്‍പ്പുശ്രമങ്ങളും ഞെട്ടിച്ചു. സ്ത്രീയുടെ അന്തസിന് രണ്ടാംസ്ഥാനം മാത്രമാണു ലഭിച്ചത്. കുഞ്ഞുമുഹമ്മദിന്റെ ദൂതന്മാര് ഒത്തുതീര്‍പ്പിനായി സമീപിച്ചു. മാപ്പ് നല്കിയാല് മതിയെന്നും ഇതൊരു ചെറിയ കാര്യമല്ലേ എന്നുമെല്ലാം പറഞ്ഞു.
വിശ്വസിച്ച പലരും കുഞ്ഞുമുഹമ്മദിനുവേണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കു വന്നതില്‍ അദ്ഭുതപ്പെട്ടു. ആരുടെയും പേരെടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. തന്റെ സുരക്ഷ തനിക്കു മാത്രമുള്ള ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെട്ടു.
ആരോപണവിധേയനെ ഔദ്യോഗിക പദവികളില്‍നിന്നു നീക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. താനൊരു സെലക്ഷന് കമ്മിറ്റി ജൂറി ആയിരിക്കുമ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നത് തന്റെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ആരോഗ്യം പറഞ്ഞു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വ്യവസ്ഥിതി ആര്‍ക്കൊപ്പമാണെന്നു മനസിലാകുന്നില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ആശാ ആച്ചി ജോസഫ് വ്യക്തമാക്കി.
Tags : denial justice pt kunjumuhammed Dr. Asha Achi Joseph