Kerala
കണ്ണൂർ: രമേശ് ചെന്നിത്തലയുടെ ജനാധിപത്യസംരക്ഷണ ജാഥയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ യുവ പദയാത്രയ്ക്കും മലപ്പട്ടത്തെ ഇളക്കാനായില്ല. ഇക്കുറിയും അവിടെ മൂന്നു സീറ്റുകളിൽ സിപിഎമ്മിന് എതിരില്ല. മലപ്പട്ടത്തും ആന്തൂരും വലിയ ഭീഷണിയുണ്ടെന്നാണ് യുഡിഎഫ് ആരോപണം. സമർദത്താൽ പത്രിക പിൻവലിച്ചാൽ ‘എതിരില്ലാത്തവർ’ ഇനിയും കൂടും.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സനീഷിന്റെ വീട് ആക്രമിച്ചതിലും ഗാന്ധി പ്രതിമ തകർത്തിലും പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് പദയാത്ര നടത്തിയിരുന്നു. എന്നാൽ, ഈ സംഭവം നടന്ന സ്ഥലമായ അഡുവാപ്പുറത്താണ് എൽഡിഎഫിന് എതിരാളിയില്ലാതെ പോയത്. പഞ്ചായത്ത് രൂപീകരിച്ച ശേഷം സിപിഎം മാത്രമേ മലപ്പട്ടം ഭരിച്ചിട്ടുള്ളൂ.
സിപിഎമ്മിനെതിരേ മത്സരിപ്പിക്കുക സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥ. പത്രിക പിൻവലിച്ചില്ലെങ്കിൽ ജീവിക്കാനാകില്ല. മലപ്പട്ടത്ത് 1995 ലെ തെരഞ്ഞെടുപ്പിൽ ചൂളിയാട്ടുനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി ജയിച്ചത് സിപിഎമ്മിന് അടിയായി. അടുത്ത വാർഡ് വിഭജനത്തോടെ ചൂളിയാട്ടിലെ യുഡിഎഫ് വോട്ടുകൾ പല വാർഡുകളിലായി ചിതറി. 2020ൽ രണ്ടാം വാർഡ് ആയ അടൂരിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് വിജയിച്ചു.
ആന്തൂർ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന നഗരസഭയാണ്. ഇത്തവണ രണ്ട് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. നഗരസഭ രൂപീകരിച്ച് ആദ്യമായി തെരഞ്ഞെടുപ്പു നടന്ന 2015ൽ സിപിഎമ്മുകാരായ 14 പേർക്കും 2020 ൽ ആറു പേർക്കും എതിരില്ലായിരുന്നു.
Kerala
കണ്ണൂർ: ഇരുത്തംവന്നവരവിടെ നിൽക്കട്ടെ, യുവത്വം തുളുന്പുന്നവർ വരൂ എന്നാണ് ഇക്കുറി മുന്നണികൾ പറഞ്ഞത്. 21 വയസിനും 40നും ഇടയിൽ പ്രായമുള്ളർ മത്സരരംഗത്ത് ഏറെയുണ്ട്.
വനിതാസംവരണ സീറ്റുകളിലാണ് കൂടുതൽ യുവരക്തം. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും സീറ്റുകൾ വാരിക്കോരി നല്കി.
അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ സീറ്റ്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കുന്നുണ്ട്. സ്ഥാനാർഥിലിസ്റ്റിൽ 21 വയസിനും 30നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്. ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്നവരും മത്സരരംഗത്തുണ്ട്.
രാഷ്ട്രീയം മാത്രം തൊഴിലാക്കിയവരല്ല മത്സരിക്കുന്നത്. മറിച്ച്, മികച്ച ജോലിയുള്ളവരാണ് രംഗത്തുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണത്തിനൊപ്പം കിടിലൻ പ്രോജക്ട് റിപ്പോര്‍ട്ടും വേണം. സാങ്കേതികവിദ്യ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന പുതുതലമുറ വരാതെ വയ്യ.