Kerala
തിരുവനന്തപുരം: ഇന്നത്തെ ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്റെ നിലപാട് വ്യക്തമാണ്, പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നു, എന്നാൽ തടസപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന ഓടിച്ചുവിട്ടു. ഇപ്പോൾ പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ കായികബല രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്.
സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എന്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്.
ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഫാക്ടറികൾക്കുള്ളിൽ നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയൻ പ്രവർത്തനം മൂലം കേരളത്തിന്റെ സൽപ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു.
ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല.
വിയോജിക്കാനുള്ള അവകാശത്തെ നമുക്ക് മാനിക്കാം, എന്നാൽ അതോടൊപ്പം നമ്മളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും നമുക്ക് ശക്തമായി സംരക്ഷിക്കാം. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം. അല്ലാതെ കായികമായ ഒരു ഉപരോധമാകരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
പുതിയ ലേബർ കോഡുകൾ, ഇന്ത്യ - യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Kerala
തിരുവനന്തപുരം: ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്കിൽ കോണ്‍ഗ്രസ് അനുകൂല സംഘടനകളും പങ്കെടുക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. എല്ലാ മേഖലയിലെയും ഐഎൻടിയുസി സംഘടനകൾ പണിമുടക്കും. പണിമുടക്കിൽ പങ്കെടുക്കാൻ എഐസിസി നേതൃത്വം പിസിസികൾക്കു നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകളായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അടക്കം പണിമുടക്കിൽ പങ്കെടുക്കില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.
അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്റിന്റെ മുന്നില്‍ ഇറക്കി വിടുന്നത്.
തുടര്‍ന്നു ഗേള്‍സ് സ്കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.
NRI
ബെര്‍ലിന്‍: ചൊവ്വാഴ്ച ജര്‍മനിയിലെ ആശുപത്രികളിലും സ്കൂളുകളിലും പണിമുടക്ക് നടക്കും. ഡ്യൂസല്‍ഡോര്‍ഫില്‍ വെര്‍ഡി ട്രേഡ് യൂണിയന് സംഘടിപ്പിച്ച റാലിയില്‍ പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി.
ജിഇഡബ്ല്യുവും വെര്‍ഡിയും ഈ ആഴ്ച മുന്നറിയിപ്പ് പണിമുടക്കുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ആവോ ഡേകെയര്‍ സെന്ററുകളെയും സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ആശുപത്രികളെയും ബാധിക്കും. തിങ്കളാഴ്ചയും ജീവനക്കാര്‍ സമരത്തിലായിരുന്നു.
പ്രത്യേകിച്ച്, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, മധ്യ ജര്‍മനി എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനങ്ങളിലേക്കുള്ള കാലതാമസം, റദ്ദാക്കല്‍ അല്ലെങ്കില്‍ കുറവ് എന്നിവ അനുഭവപ്പെടാം.
നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ആഹന്‍, എസെന്, കൊളോണ്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാല ആശുപത്രികളില്‍ രണ്ട് ദിവസത്തെ പണിമുടക്ക് നടക്കും.
അടിയന്തര ചികിത്സ ഇപ്പോഴും ലഭ്യമാകുമെങ്കിലും രോഗി പരിചരണം നിയന്ത്രിക്കുമെന്ന് ഈ ആശുപത്രികള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാഡന്‍ - വുര്‍ട്ടംബര്‍ഗില്‍, സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും ശ്രദ്ധ കേന്ദ്രീകരിക്കും. അവിടെ മിക്കവാറും എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ഇതില്‍ സര്‍വകലാശാലകളും കോളജുകളും സംസ്ഥാന പാര്‍ലമെന്റും മന്ത്രാലയങ്ങളും വിദ്യാര്‍ഥി സേവനങ്ങളും വില്‍ഹെല്‍മ, സ്റ്റേറ്റ് ഗാലറി, സ്റ്റേറ്റ് തിയേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
വീന്സ്ബര്ഗ് സെന്റര്‍ ഫോര്‍ സൈക്യാട്രിയെയും ഷ്വാബിഷ് ഹാളിലെ അതിന്റെ ശാഖയെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും വലിയ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മധ്യ ജര്നനിയില്, ലൈപ്സിഗ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പണിമുടക്കുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്സണി, സാക്സണി - അന്‍ഹാള്‍ട്ട്, തുറിംഗിയ എന്നിവിടങ്ങളില്‍, സംസ്ഥാന അധികാരികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടും.
ഹാലെ, ജെന, ലീപ്സിഗ് എന്നിവിടങ്ങളിലെ സര്‍വകലാശാല ആശുപത്രികളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തുരിംഗിയയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജെനയില്‍ നടക്കുന്ന ഒരു വലിയ റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്കൂളുകള്‍, സ്കൂള്‍ കഴിഞ്ഞുള്ള പരിചരണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥി യൂണിയന് ചൈല്‍ഡ്കെയര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവരും.
മാര്‍ച്ചുകളും പ്രകടനങ്ങളും കാരണം വലിയ നഗരങ്ങളിലും ഗതാഗത കാലതാമസം ഉണ്ടായേക്കാം. ചൊവ്വാഴ്ച ആശുപത്രികളിലോ സ്കൂളുകളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ അപ്പോയിന്റ്മെന്റുകള്‍ ഉള്ളവര്‍ അവ മുന്‍കൂട്ടി പരിശോധിക്കാന്‍ അധികൃതർ നിര്‍ദശിച്ചു.
പണിമുടക്കുകള്‍ എന്തുകൊണ്ട് നടക്കുന്നു
ജര്‍മ്മനിയിലെ ഫെഡറല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഒരു പ്രധാന പൊതുമേഖലാ വേതന തര്‍ക്കത്തിന്റെ ഭാഗമാണ് പണിമുടക്കുകള്‍. വെര്‍ഡി, ജിഇഡബ്ല്യു, മറ്റുള്ളവ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഏഴ് ശതമാനം ശമ്പള വര്‍ധനവ് (അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 300 യൂറോ), ജൂണിയര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 200 യൂറോ എന്നിവ ആവശ്യപ്പെടുന്നു.
ബുധനാഴ്ച പോട്സ്ഡാമില്‍ ആരംഭിക്കാന്‍ പോകുന്ന മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സമ്മര്‍ദം വര്‍ധിപ്പിക്കുക എന്നതാണ് യൂണിയനുകളുടെ ലക്ഷ്യം.
Kerala
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.
സഹകരിക്കണമെന്ന് സിഐടിയു
ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.
ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.
- ചന്ദ്രന് പിള്ള
(ജിസിഡിഎ ചെയര്മാന്, സിഐടിയു ദേശീയ സമിതി അംഗം)
എല്ലാവരും പണിമുടക്കും
വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.
- ആര്. ചന്ദ്രശേഖരന്
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്)
ജോലിക്കു കയറാൻ തയാർ
ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കാറുണ്ട്. ഷിപ്യാര്ഡ്, നേവല ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.
-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്തതിലും കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ സമരം.
ബാരിക്കേഡുകൾ വച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.
കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവും സമരമുഖത്തുണ്ട്.
Kerala
തൃശൂർ: എട്ടുവർഷമായി ശന്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ 21നു സൂചനാ പണിമുടക്കും തൃശൂരിൽ സമരപ്രഖ്യാപന കണ്‍വൻഷനും നടത്തും.
മുഴുവൻ നഴ്സുമാരും പണിമുടക്കും. അത്യാഹിതവിഭാഗത്തിലും വാർഡിലും മൂന്നിലൊന്നു നഴ്സുമാരുണ്ടാകും. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം അറിയിച്ചു.
തൃശൂർ പ്രഫ. ജോസഫ് മുണ്ടശേരി ഹാളിൽ നടന്ന യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ശന്പളം നൽകാൻ മാനേജ്മെന്റുകൾ തയാറാണെന്നു പറയുന്നുണ്ടെങ്കിലും സർക്കാർ ഉത്തരവിറക്കുന്നില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണു സമരപ്രഖ്യാപന കണ്വൻഷൻ നടത്തുന്നതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
Kerala
തിരുവനന്തപുരം: തയ്യൽ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽനിന്നു പിന്മാറിയതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Kerala
കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്റെ മകന്റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന് മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.
അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.
അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.
District News
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന് ക്യാപ്റ്റനായി കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെ വടക്കന്‍ മേഖല ജാഥയും സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ക്യാപ്റ്റനായി കോട്ടയം മുതല്‍ തിരുവനന്തപുരം വരെ തെക്കന്‍ മേഖലാ ജാഥയും നടത്തും.
തെക്കന്‍ മേഖല ജാഥ ഇന്നു രാവിലെ ഒമ്പതിന് കോട്ടയം തിരുനക്കരയില്‍ സിഐടിയു ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജാഥകളുടെ സമാപനത്തിനുശേഷം ഫെബ്രുവരി ഒമ്പതു മുതല്‍ 17 വരെ സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹവും തുടര്‍ന്ന് 23 മുതല്‍ അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കും. സഹകരണ മന്ത്രിക്കും പെന്ഷന് ബോര്‍ഡ് ചെയര്‍മാനും പലവട്ടം നിവേദനം നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍, ട്രഷറര്‍ കെ.എം. തോമസ്, ജില്ലാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍, സെക്രട്ടറി വി.ജി. വിജയകുമാര്‍, കമ്മിറ്റിയംഗങ്ങളായ ടോമി തുരുത്തിക്കര, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശന്പളപരിഷ്കരണ കുടിശിക നൽകുക, ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു.
ഇന്നലെ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത സേവനങ്ങളും ബഹിഷ്കരിച്ചു സെക്രട്ടേറിയറ്റ് ധർണ നടത്തി.
ഇതോടൊപ്പം അനിശ്ചിതകാല റിലേ സത്യഗ്രഹവും ആരംഭിച്ചു. ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു സത്യഗ്രഹം. ഇന്നു മുതൽ നിരാഹാരം മെഡിക്കൽ കോളജിലായിരിക്കും.
Kerala
നെടുങ്കണ്ടം: സംസ്ഥാനത്തെ 26,000 ത്തോളം വരുന്ന സഹകരണ പെന്‍ഷന്‍കാര്‍ സമരത്തിലേക്ക്.
മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ധിപ്പിക്കുക, സഹകരണ പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് നടപ്പാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, പെന്ഷന് ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നടപ്പാക്കുക, സംഘങ്ങളുടെ പെന്ഷന് വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി ഒമ്പതുമുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും ഫെബ്രുവരി 23 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തുമെന്ന് കേരള കോ ഓപ്പറേറ്റീവ്സര്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ പറഞ്ഞു.
ഇതിനു മുന്നോടിയായി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 29 മുതല്‍ ഫെബ്രുവരി നാലു വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് വാഹന പ്രചാരണ ജാഥകളും നടത്തും.
വടക്കന്‍ മേഖലാ ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണനും തെക്കന്‍ മേഖലാ ജാഥ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനും നയിക്കും.
Kerala
തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Kerala
കണ്ണൂർ: പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.
പാർലമെന്റിനകത്തും പുറത്തും നടത്തിയ സമരത്തിനു പുറമെ എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ച യായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Kerala
കോഴിക്കോട്: ഇതരസംസ്ഥാന ഖനന ലോബികളെ സഹായിക്കുന്ന നിലപാടാണ് വ്യവസായ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച് ക്വാറി, ക്രഷർ മേഖല അനിശ്ചിതകാല സമരത്തിലേക്ക്.
18ന് എറണാകുളത്ത് വ്യവസായ നിർമാണ മേഖലയിലെ മുഴുവൻ സംഘടനകളുടെയും വിപുലമായ യോഗം ചേർന്ന് സമരസമിതിക്കു രൂപം നൽകും.
26 മുതൽ സംസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടി നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെഎംസിഒഎ) സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു പറഞ്ഞു.
International
ആഥൻസ്: ഗ്രീസിൽ കർഷകപ്രക്ഷോഭം കനത്തു. രാജ്യത്തുടനീളമുള്ള കർഷകർ പ്രഖ്യാപിച്ച 48 മണിക്കൂർ നീണ്ട ബന്ദ് മൂലം ഇന്നലെ പ്രധാന ഹൈവേകൾ, ജംഗ്ഷനുകൾ, ടോൾ സ്റ്റേഷനുകൾ എന്നിവിടങ്ങൾ സ്തംഭിച്ചു. കുതിച്ചുയർന്ന നിർമാണച്ചെലവും യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറുമാണ് പ്രതിഷേധിക്കാർ ചൂണ്ടിക്കാട്ടുന്ന പ്രതിസന്ധികൾ.
വ്യാപാരക്കരാർ യാഥാർഥ്യമായാൽ യൂറോപ്യൻ വിപണിയിലേക്കു വൻതോതിൽ ഇറക്കുമതികൾ ഒഴുകുമെന്ന് കർഷകർ കരുതുന്നു. ഇന്നലെ എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റൊന്നും സമരക്കാർ കടത്തിവിട്ടില്ല.
സമരക്കാരെ നീക്കാനുള്ള ശ്രമങ്ങൾ പോലീസും നടത്തിയില്ല. എന്നിരുന്നാലും ദിവസങ്ങളോളം സാഹചര്യം തുടരാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ മറ്റ് കാരണങ്ങൾ മൂലം കൂടുതൽ തീവ്രമാകുകയായിരുന്നു.
സബ്സിഡി നൽകാതിരുന്നതും അടുമാടുകൾക്കിടയിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതും കാരണങ്ങളാണ്. സമരക്കാരെ മെരുക്കാൻ ഇന്ധന നികുതിയിളവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഫ്രാൻസിലും ഇന്നലെ കർഷകർ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.
ഒപി ബഹിഷ്കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം.
ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
Kerala
കൊച്ചി: ഇരട്ടനികുതിക്കെതിരേ സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഉടനില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഒമ്പതിന് തിരുവനന്തപുരത്ത് സര്‍ക്കാരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഇതിനുശേഷം സമരത്തെക്കുറിച്ചു തീരുമാനിക്കാമെന്ന് ഇന്നലെ നടന്ന ഫിലിം ചേംബര്‍ യോഗത്തില്‍ ധാരണയായി. ജിഎസ്ടിക്കു പുറമെയുള്ള വിനോദനികുതി ഒഴിവാക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.
വിനോദനികുതി ഒഴിവാക്കാത്ത പക്ഷം സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇരട്ടനികുതി ഒഴിവാക്കണമെന്നും വൈദ്യുതി താരിഫില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ലെന്ന് ഫിലിം ചേംബര്‍ പറയുന്നു.
National
ന്യൂഡൽഹി: ഗിഗ് തൊഴിലാളികളുടെ യൂണിയനുകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്കിനിടയിൽ ഡെലിവറി ഏജന്റുമാർക്ക് ഇൻസെന്റീവുകൾ പ്രഖ്യാപിച്ച് ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും.
ഉത്സവസീസണുകളിൽ ഇൻസെന്റീവുകൾ വർധിപ്പിക്കുന്നത് സാധാരണ നടപടിയാണെങ്കിലും പണിമുടക്ക് ഡെലിവറി സേവനങ്ങളെ തടസപ്പെടുത്താതിരിക്കാനാണു സമരത്തിനിടയിൽത്തന്നെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ ഡെലിവറി ഏജന്റുമാർക്കുള്ള കമ്മീഷനിലടക്കം വർധന പ്രഖ്യാപിച്ചത്.
പുതുവർഷത്തലേന്ന് വൈകുന്നേരം ആറിനും രാത്രി 12നുമിടയിലുള്ള തിരക്കേറിയ മണിക്കൂറുകളിൽ ഡെലിവറി ഏജന്റുമാർക്ക് 120 മുതൽ 150 രൂപ വരെ ഒരു ഓർഡറിന് പേഔട്ട് നൽകുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചപ്പോൾ പുതുവർഷത്തലേന്നുള്ള ഈ ആറു മണിക്കൂർ വിൻഡോയിലെ തിരക്കുള്ള മണിക്കൂറുകളിൽ 2000 രൂപവരെ വരുമാനം സ്വിഗ്ഗിയും പ്രഖ്യാപിച്ചു.
ഓർഡറുകളുടെ എണ്ണവും തൊഴിലാളി ലഭ്യതയുമനുസരിച്ച് പുതുവർഷത്തലേന്ന് 3000 രൂപ വരെ ഏജന്റുമാർക്കു ലഭ്യമാക്കുമെന്ന് സൊമാറ്റോ ഉറപ്പ് നൽകിയപ്പോൾ ഡിസംബർ 31നും ജനുവരി ഒന്നിനുമിടയിലുള്ള ഓർഡറുകൾക്ക് ഡെലിവറി ഏജന്റുമാർക്ക് 10,000 രൂപ വരെ നേടാനുള്ള അവസരമാണ് സ്വിഗ്ഗി വാഗ്ദാനം ചെയ്തത്.
ഓണ്‍ലൈൻ ടാക്സി, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെതിരേയാണ് ഗിഗ് തൊഴിലാളികളുടെ യൂണിയനുകൾ ഓർഡറുകൾ ഏറ്റവും കൂടുതൽ വരുന്ന ദിനങ്ങളിലൊന്നായ പുതുവർഷത്തലേന്ന് പണിമുടക്ക് നടത്തിയത്.
പത്തുമുതൽ 20 വരെ മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന അതിവേഗ സേവനങ്ങൾ കന്പനികൾ നിരോധിക്കുക, ഗിഗ് തൊഴിലാളികൾക്ക് അടിസ്ഥാന മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ പണിമുടക്ക്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
ഇന്ന് വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
International
ലിസ്ബൺ: നിർദിഷ്ട തൊഴിൽ പരിഷ്കരണങ്ങൾക്കെതിരേ ആരംഭിച്ച പൊതു പണിമുടക്കിൽ പോർച്ചുഗൽ സ്തംഭിച്ചു. റെയിൽ, വിമാന സർവീസുകൾക്കു പുറമേ വിദ്യാഭ്യാസ, ആശുപത്രി സേവനങ്ങളും തടസപ്പെട്ടു.
നൂറിലധികം തൊഴിൽച്ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകൾ സംയുക്ത പണിമുടക്ക് നടത്തുന്നത്. ഉത്പാദനവും സാന്പത്തികവളർച്ചയും വർധിപ്പിക്കാനാണ് പരിഷ്കരണമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ നിർദേശങ്ങളിൽ പലതും തൊഴിലവകാശം ലംഘിക്കുന്നതായി യൂണിയനുകൾ ആരോപിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ പാസാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ ഇന്നലെ വാഹനങ്ങൾ പരിമിതമായിരുന്നു. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിയതിനാൽ അപ്പോയിന്റ്മെന്റുകളും സർജറികളും നീട്ടിവയ്ക്കേണ്ടിവന്നു.
സർക്കാർ എയർലൈൻസായ ടിഎപിക്ക് മൂന്നിലൊന്നു സർവീസുകൾ നടത്താനേ കഴിഞ്ഞുള്ളൂ.2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്.
Kerala
കോട്ടയം: സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സഹകരണസംഘം ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.
സഹകരണ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധ മാര്‍ച്ചും നടത്തും. പ്രതിഷേധ മാര്‍ച്ച് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എംഎല്‍എ, സി.പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Kerala
തിരുവനന്തപുരം: വന്യജീവികൾ മനുഷ്യരെ കൊല്ലുന്നത് ഭരണകൂടം നോക്കിനില്‍ക്കരുതെന്ന് തമിഴ്നാട് ഫാർമേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ആർ. പാണ്ഡ്യൻ. കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച 100 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ശല്യത്തിനെതിരേയുള്ള കേരളത്തിലെ സമരത്തിന് തമിഴ്നാട് കർഷകരുടെ സന്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തുന്നവർ, വന്യജീവികൾ മനുഷ്യരെ കൊല്ലുന്നതു കണ്ട് കൈ കെട്ടി നോക്കിനിൽക്കുന്നത് ലജ്ജാകരമാണ്.
കർഷകർ മണ്ണുസംരക്ഷണത്തിനും ജലസംരക്ഷണത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്പോൾതന്നെ കൃഷിയും സ്വന്തം ജീവനും സംരക്ഷിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്, കർണാടക ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണെന്നും പി.ആർ. പാണ്ഡ്യൻ സൂചിപ്പിച്ചു.
വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി കാസർഗോഡ് വെള്ളരിക്കുണ്ടിൽ ഓഗസ്റ്റ് 15 മുതൽ നടക്കുന്ന സത്യഗ്രഹത്തിന്റെ തുടർച്ചയായാണ് സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം നടത്തുന്നത്.
കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട, കണ്‍വീനർ ബേബി ചെന്പരത്തി, ഐകൃദാർഢ്യ സമിതി ചെയർമാൻ അഡ്വ കെ.വി. ബിജു എന്നിവരാണ് 100 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. മേരി ജോർജ്, അഡ്വ. ഗുരുസ്വാമി, വിളയോടി വേണുഗോപാൽ, ആന്റോ ഏലിയാസ്, സിസ്റ്റർ മേഴ്സി, ജേക്കബ് പുളിക്കൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, റോജർ സെബാസ്റ്റ്യൻ ,ഐക്യദാർഢ്യ സമിതി കണ്‍വീനർ അഡ്വ. ബിനോയി തോമസ്, റോസ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തി. അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുന്നത്.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പോലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.
Kerala
തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് പൂര്‍ണമായി ഒപി ബഹിഷ്കരിച്ച് പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) അറിയിച്ചു.
ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
21നും 29നും ഒപി ബഹിഷ്കരിക്കും. ഇന്ന് രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി സി.എസ്. അരവിന്ദ് നിര്‍വഹിക്കും.
Kerala
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ ജീവന്‍രക്ഷാ സമരം ആരംഭിക്കുന്നു.
ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍നിന്ന് വിട്ടുനിന്നുകൊണ്ട് നിസഹകരണ സമരം ആരംഭിക്കും.
തുടര്‍ച്ചയായി നല്കപ്പെട്ട ഉറപ്പുകള്‍ ലംഘിച്ചുകൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് തികച്ചും നിരാശാജനകമാണെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ. പി.കെ. സുനിലും ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
NRI
ടൊറന്റോ: എയർ കാനഡയുടെ പതിനായിരത്തിലേറെ വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിവന്നിരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയൻ എയർലെെനുമായി താത്കാലിക കരാറിലെത്തി. പ്രതിദിനം 1,30,000 യാത്രക്കാരെയാണു പണിമുടക്ക് ബാധിച്ചത്.
വിമാനങ്ങൾ ഗ്രൗണ്ടിൽ ആയിരിക്കുന്പോൾ ജീവനക്കാർ ചെയ്യുന്ന ജോലികൾക്കും അവർക്ക് പണം നൽകാനുള്ള തീരുമാനം നിലവിൽവന്നുവെന്നു യൂണിയൻ പ്രതിനിധികൾ അറിയിച്ചു. സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും അതിൽ ഉറച്ചുനിൽക്കുകയായിരുന്നു യൂണിയൻ.
തിങ്കളാഴ്ച കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡാണു സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള രണ്ടാമത്തെ ഉത്തരവും ലംഘിക്കപ്പെട്ടതോടെ എയർ കാനഡ നിരവധി ടിക്കറ്റുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 700 വിമാനസർവീസുകൾ എയർ കാനഡ നടത്തുന്നുണ്ട്.
District News
തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തലസ്ഥാന ജില്ല സ്്തംഭിച്ചു. കടകൾ അടച്ചും സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കാതെയും ജനങ്ങളും സഹകരിച്ചതോടെ ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. ജില്ലയിലെ ചില ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
ആളുകളെയും കയറ്റി സഞ്ചരിച്ച ഓട്ടോറിക്ഷകളെ സമരാനുകൂലികൾ തടഞ്ഞു. വെള്ളയന്പലത്തും സ്റ്റാ ച്യുവിലും മണക്കാടും ആട്ടോറിക്ഷക്കാരും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യഥാസമയം പോലീസ് എത്തിയതിനാൽ സംഘർഷം വലുതായില്ല. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല, പാളയം മാർക്കറ്റുകൾ പൂർണമായും അടഞ്ഞുകിടന്നു.
ഹോട്ടലുകളും തുറന്നില്ല. കെ എസ്ആർടിസി സർവീസ് നടത്താത്തതു മറ്റു സ്ഥലങ്ങളിൽ നിന്നും ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്കു വലിയ ബുദ്ധിമുട്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയ്ക്കെത്തിയവർ പണിമുടക്കിൽ ആകെ ബുദ്ധിമുട്ടി.
ഹോട്ടലുകൾ പണിമുടക്കിൽ സജീവമായതു ആഹാരം കിട്ടാതെ രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകിവരുന്ന പൊതിച്ചോറായിരുന്നു ഇവർക്കൊക്കെ ആശ്രയമായത്. ഇതിനിടെ കുപ്പിവെള്ളം 40 ഉം 50 ഉം രൂപയ്ക്കു വിറ്റചിലരെ പോലീസ് ആശുപത്രി വളപ്പിൽ നിന്നും പുറത്താക്കി.
സമരാനുകൂലികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാർച്ചു നടത്തി. ഇടതുപക്ഷ തൊഴിലാളി സംഘടനകൾ രാജ്ഭവനിലേയ്ക്കു മാർച്ച് നടത്തി. രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. തുടർന്നു രാജ്ഭവനു മുന്നിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്തു. ഐഎൻടിയുസി നേതൃത്വത്തിലുള്ള യുഡിറ്റിഎഫ് ജിപിഒയ്ക്കു മിന്നിൽ മാർച്ച് നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
District News
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.
പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.
തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.