ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും "ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ' ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു.
ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ വോട്ടിനിട്ട് തള്ളിയതോടെയാണിത്. മൗണ്ട് സിനായ്, മോണ്ടിഫിയോർ ആശുപത്രികളിലെ പതിനായിരത്തോളം നഴ്സുമാർ പുതിയ കരാർ അംഗീകരിച്ചു. ഇവർ വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും.
ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയനിലെ ഏകദേശം 4,200 നഴ്സുമാരാണ് കരാറിനെതിരേ വോട്ട് ചെയ്തത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ തീരുമാനം.
നഴ്സുമാരുടെ സംഘടനയായ NYSNAയുടെ നേതൃത്വം കരാർ അംഗീകരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും നഴ്സുമാരുടെ പ്രാദേശിക കമ്മിറ്റി ഇതിനെ എതിർത്തു. നഴ്സുമാരുടെ ക്ഷേമത്തിന് കൂടുതൽ ഉറപ്പുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
നാല് ആഴ്ചയായി കൊടും തണുപ്പിലും തുടരുന്ന ഈ സമരം ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നഴ്സിംഗ് സമരങ്ങളിലൊന്നാണ്. ജീവനക്കാരുടെ കുറവ് മൂലം രോഗീപരിചരണം തടസപ്പെടുന്നു എന്നതായിരുന്നു സമരത്തിന്റെ പ്രധാന കാരണം.
Tags : nurses strike usa strike