x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ പണിമുടക്ക്: പൊതുഗതാഗതവും കടകളും ബാങ്കുകളും തടസപ്പെട്ടേക്കും, വിട്ടുനില്‍ക്കാൻ ബിഎംഎസ്

കൊച്ചി ബ്യൂറോ
Published: February 10, 2026 05:10 PM IST | Updated: February 10, 2026 05:17 PM IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്‍റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്‌കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.

 സഹകരിക്കണമെന്ന് സിഐടിയു

ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്‍റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.

ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.

- ചന്ദ്രന്‍ പിള്ള
(ജിസിഡിഎ ചെയര്‍മാന്‍, സിഐടിയു ദേശീയ സമിതി അംഗം)

എല്ലാവരും പണിമുടക്കും

വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്‍പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.

- ആര്‍. ചന്ദ്രശേഖരന്‍
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്)

 

ജോലിക്കു കയറാൻ തയാർ

ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്‌മെന്‍റ് ഒരുക്കാറുണ്ട്. ഷിപ്‌യാര്‍ഡ്, നേവല‍ ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.

-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)

Tags : National strike public transport banks strike general strike citu intuc bms

Recent News

Up