Leader Page
കേരളത്തിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കുപോലും പാഠനാവശ്യത്തിന് പോകുന്ന യുവാക്കൾ കേരളത്തിലേക്ക് തിരികെ വരാൻ മടിക്കുന്നു. അങ്ങനെ കേരളം വൃദ്ധജനങ്ങളുടെ ഒരു സംസ്ഥാനമായി താമസിയാതെ മാറും എന്ന സൂചനകൾ പുറത്തുവന്നിട്ട് കുറച്ചു കാലമായി. 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 25 ലക്ഷം കേരളീയർ വിദേശത്തു താമസിക്കുന്നു. അതിൽ അഞ്ചു ലക്ഷം യുവാക്കളാണ്. കഴിഞ്ഞ കാലങ്ങളിൽ ജോലിക്കായിട്ടാണ് വിദേശത്തു കുടിയേറിയിരുന്നതെങ്കിൽ, ഇപ്പോൾ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും വേണ്ടിയാണ്. ഇവർ കേരളത്തിലേക്കു മടങ്ങിവരാതെ അവിടെ തുടരാൻ പലതരത്തിലുള്ള, നമ്മേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളാണ് കാരണമെന്ന് നമുക്കറിയാം. അതുകൊണ്ടാണല്ലോ വിദേശ സർവകലാശാലകൾ കേരളത്തിലോ ഇന്ത്യയിലോ വന്നാലും, യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് കുറയില്ല എന്നു പറയുന്നത്. യുവാക്കളെ വിദേശത്ത് ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് യാത്രാസൗകര്യം, അത് ട്രെയിൻ, ബസ്, വിമാനം എന്തുമാകട്ടെ. ഇവയിലെല്ലാംതന്നെ ഏതാണ്ടൊരേ നിലവാരത്തിലുള്ള യാത്രാസൗകര്യം സാധാരണ ജനങ്ങൾക്കുപോലും പ്രാപ്യമാണെന്നുള്ളതാണ്. തിങ്ങിനിറഞ്ഞ ബസുകളോ ട്രെയിനുകളോ ഒന്നും അവിടെ കാണാൻ കഴിയില്ല. വളരെ നേരത്തേ റിസർവ് ചെയ്ത് നോക്കിയിരിക്കേണ്ട ആവശ്യവുമില്ല. ഒരു അത്യാവശ്യത്തിനു യാത്ര ചെയ്യാൻ ഇപ്പോഴും നമ്മുടെ സാധാരണക്കാർക്കുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചനകൂടിയാണല്ലോ ഗതാഗത സൗകര്യം. അവിടെ എല്ലാം ഭദ്രം ആണെന്നുള്ളതല്ല, മറിച്ച്, ഇത്തരം കാര്യങ്ങളിൽ അവർ കാണിക്കുന്ന ഉത്തരവാദിത്വമാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ റോഡപകടങ്ങൾ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സൗകര്യങ്ങളിൽ കുറച്ചു പുരോഗതിയുണ്ട് എന്നുള്ളത് ശരിയാണെങ്കിലും, കേരളത്തിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം മൂന്നാമതാണ്. 2024ലെ കണക്കനുസരിച്ച് ദിവസം 130 റോഡപകടങ്ങളും ശരാശരി 10 മുതൽ 11 വരെ മരണവും ഉണ്ടായി എന്നാണ് റിപ്പോർട്ട്. നമ്മുടെ യുവാക്കളുടെ ഇഷ്ടപ്പെട്ട ഒരു രാജ്യമായ ഇംഗ്ലണ്ടുമായി താരതമ്യം ചെയുമ്പോൾ ചെറിയ സംസ്ഥാനമായ കേരളത്തിൽ ഒരു വർഷം ഇംഗ്ലണ്ടിനേക്കാൾ രണ്ടര ഇരട്ടി റോഡപകടങ്ങൾ ഉണ്ടെന്നാണ് കണക്ക്.
ഈ അപകടങ്ങൾ കൂടാതെ, ദിവസേനയുള്ള യാത്ര അത്യന്തം ബുദ്ധിമുട്ടേറിയതും, എപ്പോൾ എവിടെ എത്താമെന്ന് ഉറപ്പില്ലാത്തതുമായി മാറുകയാണ്. അതുകൊണ്ടാണല്ലോ പ്രായോഗികമായി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ എന്ന് അവകാശപ്പെടുന്നവർ പോലീസ് സഹായത്തോടെയും അകമ്പടി കാറോടുകൂടിയും വലിയ സൈറൺ ശബ്ദത്തോടെയും ഒക്കെ യാത്ര ചെയ്യേണ്ടി വരുന്നത്. ഒരുപക്ഷേ സുഗമവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഐപി യാത്രകൾ സാവധാനം ഒഴിവായേനെ. അങ്ങനെ സൗകര്യമുള്ള രാജ്യങ്ങളിൽ ഇത്തരം പ്രമുഖ വ്യക്തികൾ സ്വയം കാറോടിച്ചും സൈക്കിൾ ചവിട്ടിയും അല്ലെങ്കിൽ ബസിലും ട്രെയിനിലും ഒക്കെ സാധാരണക്കാരെപോലെ യാത്ര ചെയ്യുന്നത് പതിവാണ്. അത് നമുക്ക് വലിയ വാർത്തയുമാണ്. ഇങ്ങനെ യാത്രാ അസൗകര്യങ്ങളെ സാധാരണ ജനങ്ങളുടെകൂടി നികുതിപ്പണം ദുരുപയോഗിച്ച്, അവരെ കൂടുതൽ ദുരിതത്തിലാക്കി അവരവരുടെ കാലഘട്ടത്തിലേക്ക് മാത്രം പരിഹരിക്കാനാണ് ഗവൺമെന്റുകൾ പരിശ്രമിച്ചുകാണുന്നത്. ഇനി ചില്ലറ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽപോലും അത്, അതത് ഗവൺമെന്റുകളുടെ ജനങ്ങൾക്കുള്ള ഔദാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ദുരിതയാത്രയുടെ ഗതികേടിൽ പൊതുജനം
ഈ സന്ദർഭത്തിലാണ് കേരളത്തിലെ ട്രെയിൻ ഗതാഗതത്തെക്കുറിച്ചുള്ള വിവാദം നടക്കുന്നത്. ഒരു പ്രമുഖനായ വ്യക്തി, കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരമാണെന്ന അവകാശവാദത്തിൽ സ്വന്തമായി ഒരു പദ്ധതിപ്രഖ്യാപിക്കുന്നു, അതിനായി ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. എന്നാൽ, സാക്ഷാൽ റെയിൽവേ മന്ത്രിതന്നെ അതിനെക്കുറിച്ച് ഒന്നും പറയാൻ തയാറാകുന്നില്ല. സംസ്ഥാന ഗവൺമെന്റാകട്ടെ അവരുടേതായ മറ്റൊരു പദ്ധതി പ്രഖ്യാപിക്കുന്നു. പ്രതിപക്ഷമാകട്ടെ ഇതൊന്നുമല്ലാതെ അധികാരത്തിൽ വന്നാൽ മറ്റൊരു പദ്ധതി തയാറാക്കുമെന്ന് പറയുന്നു. ഇതിന്റെയെല്ലാം നടുവിൽ പൊതുജനം ദുരിതയാത്രയുടെ ഗതികേടിൽ നെടുവീർപ്പിടുന്നു. ജനം ആരെ വിശ്വസിക്കണം. ഇത് ഉന്നതമായ സൗകര്യങ്ങളുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും ശരിയാണ്.
ദീർഘകാലത്തേക്ക് നിലനിൽക്കേണ്ട, തലമുറകളെതന്നെ ബാധിക്കുന്ന, അതിലധികം വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങളുള്ള ഇത്തരം പദ്ധതികൾ എത്ര സൂക്ഷ്മതയോടെ വേണം പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും. നമ്മുടെ യുവാക്കൾ പോകുന്ന രാജ്യങ്ങൾ എത്ര രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമല്ല, വൈദഗ്ധ്യവും രാജ്യത്തിന്റെ ഭാവിയും മാത്രമേ പരിഗണിക്കൂ.
എന്നാൽ, കേരളം ഒരു ജനതയായി, രാഷ്ട്രീയ സമൂഹമായി ഇത്തരം കാര്യങ്ങളിൽ എവിടെ നിൽക്കുന്നു എന്ന് സൂചിപ്പിക്കുന്ന ചില നിർണായക സംഭവ വികാസങ്ങളാണിത്. ഇത്തരം കാര്യങ്ങളിൽ കേരളത്തെപോലെ സാംസ്കാരിക സാമൂഹിക ഉന്നതി നേടാത്ത സംസ്ഥാനങ്ങൾപോലും ഇത്തരം വികസന കാര്യങ്ങളിൽ രാഷ്ട്രീയ സമന്വയത്തിൽ എത്താറുള്ളതായി നാം മനസിലാക്കുന്നു. നാം ആകട്ടെ രാഷ്ട്രീയമായ വേർതിരിവിൽ ഇതെല്ലാം നഷ്ടപ്പെടുത്തുന്നു.
ഇവിടെ വിസ്മയകരമായ ഒരു കാര്യം, നമ്മുടെ താത്പര്യം നമ്മുടെ യുവ തലമുറയോടല്ല, നമ്മുടെ ജനങ്ങളോടല്ല, നമ്മുടെ സംസ്ഥാനത്തോടല്ല, മറിച്ച് അത്ര ശാശ്വതമല്ലാത്ത ചില രാഷ്ട്രീയ രൂപീകരണത്തോടും അതിന്റെ യാന്ത്രികമായ കുറച്ചു സിദ്ധന്തങ്ങളോടും സ്വാർഥ മതികളായ കുറച്ച് നേതാക്കളോടും ആണെന്ന് തോന്നിപ്പോകുന്നു.
ഇത്തരം രാഷ്ട്രീയ സങ്കുചിതത്വവും വിഭാഗീയതയും വിവേചനവും സാധാരണ മനുഷ്യരുടെ അടിസ്ഥാന അവകാശമായ യാത്രാ സൗകര്യത്തിലും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. അതുകൊണ്ട് നമ്മുടെ നാടുവിടുന്ന ചെറുപ്പക്കാരെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കുക, സത്യസന്ധമായി അവരെ അവരുടെ വഴിക്കു വിടുക, എന്നിട്ട് കേരളം, പറ്റുമെങ്കിൽ ഇന്ത്യയും രാഷ്ട്രീയക്കളികൾക്ക് മാത്രമായുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കുക.
Kerala
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്നും പരാതിക്കാർ പറയുന്നു. പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.
അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
International
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ. അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തന്റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.
ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ ത്തുടർന്നു കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പൊലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്നു രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി ജെയിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പങ്കെടുത്തു. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് .
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. യുവജനപ്രവർത്തനങ്ങളുടെ ദിശാസൂചികയും പ്രവർത്തനമാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ.ആർ. അനൂപ്, ജോഷ്ന എലിസബത്ത്, ജോസ്മി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. നോർബർട്ട സിടിസി എന്നിവർ അസംബ്ലിക്കു നേതൃത്വം നൽകി.
യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യവികസനവും കരിയർ ശക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയത, മാധ്യമ-കലാ-സാഹിത്യമേഖല, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചചെയ്തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യൂത്ത് അസംബ്ലി, യുവജനങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി ഭാവിയിലെ പ്രവർത്തനങ്ങൾക്കു വ്യക്തമായ രൂപരേഖ തയാറാക്കുന്നതിനുള്ള വേദിയായി.
കെസിവൈഎം സംസ്ഥാനസമിതി മുന്നോട്ടുവയ്ക്കുന്ന യുവജനനയം സഭയുടെയും സമൂഹത്തിന്റെയും വികസനത്തിൽ യുവജനങ്ങളെ സജീവപങ്കാളികളാക്കുന്നതിനു സഹായകരമാകുമെന്നു സംഘാടകർ വ്യക്തമാക്കി.
Kerala
ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് സ്വയം വീഡിയോ പകർത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ. അമൽ എൻ. അജികുമാർ(23) ആണ് പിടിയിലായത്.
ഹെബ്ബഗോഡി പോലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്നുകളിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടഅടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പോലീസ് കണ്ടെടുത്തു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ ബിവ്റേജസ് ജീവനക്കാരനെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടുകോട് കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ ആദര്‍ശ് (19) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ബിവ്റേജസ് പൂട്ടിയ ശേഷം പുറത്തിറങ്ങിയ അംഗവൈകല്യമുള്ള ജീവനക്കാരനായ വിമേഷി(39)നോട് ഇയാൾ മദ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞെന്നും മദ്യം നൽകാൻ കഴിയില്ലെന്നും മറുപടി നൽകിയ വിമേഷിനെ ആദർശ് മർദിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിമേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവ്റേജസ് ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐ അസീം, സിവില്‍ പോലീസുകാരായ ജെസീം, ജിജു , വിഷ്ണു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആദർശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗീകാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
National
തവാംഗ്: അരുണാചൽ പ്രദേശിലെ തവാങ്ങിലെ സേലാ തടാകത്തിൽ വിനോദയാത്രയ്ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊല്ലം സ്വദേശിയായ ദിനു (26) ആണ് മരിച്ചത്.
കാണാതായ മാധവന് വേണ്ടിയുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം താൽക്കാലികമായി നിർത്തിവച്ചു. ഏഴംഗ സംഘമാണ് അപകടത്തിൽപെട്ടത്.
Kerala
കൊച്ചി: ആലുവയില്‍ 50 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ബിലാല്‍(21) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ പരവൂര്‍ കവലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗുളൂരുവില്‍ നിന്നും വോള്‍വോ ബസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു ബിലാല്‍. എംഡിഎംഎ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പതിവായി ബംഗുളൂരുവില്‍ പോയി എംഡിഎംഎ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍ക്കുന്നതാണ് പ്രതിയുടെ രീതി.
മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആയിരുന്നു ബിലാല്‍. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു. ഇതിനിടെയാണ് ആലുവയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊച്ചി മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ യുവാവിന് 1.46 ലക്ഷം നഷ്ടമായി. 32കാരനായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ യുവാവിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പുകാരുടെ ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്.
തുടര്‍ന്ന് യുവാവ് ബുധനാഴ്ച മുളവുകാട് പോലീസില്‍ പരാതി നല്കി. ആദിലക്ഷ്മി എന്ന യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
District News
കൊല്ലം : സലേഷ്യന്‍ ഡോണ്‍ ബോസ്കോ സഭ തീരദേശ മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികളും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളും ലഹരിവിരുദ്ധ മുന്നേറ്റവും മാതൃകാ പരമാണെന്ന് തില്ലേരി കപ്പുച്ചില്‍ ആശ്രമം യൂഫ്രാ ഡയറക്ടര്‍ ഫാ. ജോസഫ് ജെയിംസ്.
ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭ കൊല്ലം രൂപതയിലെ തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ ശുശ്രൂഷ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വിപത്തില്‍ നിന്നു നമ്മുടെ സമൂഹത്തെ വിമോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.വര്‍ഗീസ് പൈനാടത്ത്, സഹ വികാരി ഫാ. ബെഞ്ചമിന്‍ ജോര്‍ജ്,മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി മേരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായുള്ള ദിവ്യബലിക്ക് ഫാ. ജോസഫ് ജെയിംസ് മുഖ്യകാര്‍മികനായിരുന്നു.
യുവജനങ്ങളില്‍ വിവിധ മേഖലകളില്‍ സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തിയ സ്നേഹാ ടോമി, എസ്.സഹിന്, ജാക്സണ് ബെന്നി, ഫ്ളാവിയ ടെറി, സാവിയോ പോള്‍, അജിന് അര്‍നോള്‍ഡ്, എല്‍.കൃപ എന്നിവരെ ആദരിച്ചു.
ഡോണ്‍ ബോസ്കോ യൂത്ത് ഭാരവാഹികളായ സ്റ്റെര്‍വിന്‍ ടെറന്‍സ്, സാബു സ്റ്റാലിന്, അഞ്ജന ജസ്റ്റസ്, ജോമോള്‍ ജോയി എന്നിവര്‍ നേതൃത്വം നല്കി. 26ന് ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്നു വികാരി വര്‍ഗീസ് പൈനാടത്ത്, സുവർണ ജൂബിലി ജനറല്‍ കണ്‍വീനര്‍ എ.ജെ. ഡിക്രൂസ്, കൈക്കാരന് ജെറാള്‍ഡ് നെറ്റോ എന്നിവര്‍ പറഞ്ഞു.
Kerala
ഇടുക്കി: മേരികുളത്തിനു സമീപം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഇടത്തിപ്പറമ്പിൽ സോജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി മേരികുളത്തിനു സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ സോജനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന എൽപിജി സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിനു യുവാവ് തീ കൊളുത്തി. ജീവനൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നു കരുതുന്നു. യുവാവിനെ പോലീസ് പിടികൂടി. കടപ്ലാമറ്റം സ്വദേശിയെയാണ് തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക ദൗർബല്യമുള്ള ആളാണോ യുവാവ് എന്നു പോലീസ് സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്നു ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാൽ ലോറി സ്ഥിരമായി ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.
ലോറിയുടെ മുകളിൽ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയം കാറിലെത്തിയ ആൾ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഉടൻ പോലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകൾക്കു തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Kerala
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.
കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.
National
മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം.
മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് മഹേഷ് തന്റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
മധ്യ മഹാരാഷ്ട്ര ജില്ലയിലെ പാര്‍ത്തൂര്‍ തഹസിലിനു കീഴിലുള്ള ടോക്മല്‍ തണ്ട ഗ്രാമത്തിലെ താമസക്കാരനായിരുന്നു മഹേഷ്.
മഹേഷും സുഹൃത്തും പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മദ്യലഹരിയില്‍ ചെയ്തതായി ആരോപിച്ചുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്.
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. ഒരുപാട് ആളുകൾ ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് മഹേഷും സുഹൃത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഭീഷണി തുടര്‍ന്നു.
മാനസിക സമ്മര്‍ദ്ദവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് മഹേഷ് അഡെ ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Kerala
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചു കയറുകയായിരുന്നു.
മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വച്ച് ആയിരുന്നു അപകടം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
District News
കോട്ടയം: കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് സമീപത്തെ കടയില്‍ നിന്നും ചൂല് വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Leader Page
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, സാംസ്കാരിക മാറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾ എന്നിവയാൽ അടയാളമിടപ്പെട്ട ഒരു യുഗത്തിൽ, കത്തോലിക്കാസഭ നിർണായക വഴിത്തിരിവിലാണ്. പ്രത്യേകിച്ച് യുവതലമുറയുമായുള്ള ബന്ധത്തിൽ. ‘പുതിയ തലമുറ’ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, അതിന്റെ ശക്തിയും ശബ്ദവും ഊർജവും കാഴ്ചപ്പാടും സമകാലിക സമൂഹത്തിൽ കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന രീതിയും പ്രകടിപ്പിക്കുന്ന രീതിയും പുനർനിർമിക്കുന്നു.
സമ്പന്നമായ പാരമ്പര്യവും നീണ്ട ചരിത്രവുമുള്ള കത്തോലിക്കാസഭയിൽ എല്ലായ്പ്പോഴും തലമുറകളുടെ നവീകരണം ഉയർന്നു വന്നിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ പഴയ തലമുറയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർ ഡിജിറ്റൽ ലോകത്താണ്, അവർക്ക് സാമൂഹികബോധമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സാമൂഹികനീതി, ഉൾക്കൊള്ളൽ എന്നീ ആഗോളവിഷയങ്ങളിൽ ആഴത്തിൽ ഇടപഴകുന്നവരാണ്.
കത്തോലിക്കാസഭയിൽ ദശലക്ഷക്കണക്കിന് യുവതീയുവാക്കന്മാരെ ആവേശഭരിതരാക്കുന്ന ലോക യുവജനദിനം പോലുള്ള പരിപാടികളിലൂടെ, പ്രത്യേകിച്ച് ഫ്രാൻസിസ് മാർപാപ്പ, യുവജന പങ്കാളിത്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. ക്രിസ്തുസ് വിവിറ്റ് എന്ന തന്റെ പ്രബോധനത്തിൽ, ‘ക്രിസ്തു ജീവിച്ചിരിക്കുന്നു, നിങ്ങൾ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു’എന്ന് അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു. യുവാക്കളോടൊപ്പം നടക്കാനും അവരുടെ ആശങ്കകൾ ഉൾക്കൊള്ളാനും നേതൃത്വത്തിലും സുവിശേഷവത്കരണത്തിലും അവരെ ശക്തീകരിക്കാനുമുള്ള സഭയുടെ പ്രതിബദ്ധത ഈ സന്ദേശം പ്രതിധ്വനിപ്പിക്കുന്നു.
ഇന്നു സഭയിൽ യുവാക്കളുടെ പങ്ക്
ഇന്ന് യുവജനങ്ങൾ ഇടവകകളിലും രൂപതകളിലും ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളിലും കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു. അവർ അൾത്താര ശുശ്രൂഷകർ, ഗായകസംഘ അംഗങ്ങൾ, മതബോധന അധ്യാപകർ, ഡിജിറ്റൽ മിഷനറിമാർ, സോഷ്യൽ മീഡിയ സുവിശേഷകർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അവർ യുവജനധ്യാനങ്ങൾ സംഘടിപ്പിക്കുന്നു, പ്രാർഥനാ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നു, സാമൂഹികസേവനങ്ങളിൽ പങ്കെടുക്കുന്നു.
കെസിവൈഎം, എസ്എംവൈഎം, എംസിവൈഎം, ജീസസ് യൂത്ത്, കാത്തലിക് യൂത്ത് ഓർഗനൈസേഷൻസ് (സിവൈഒ) പോലുള്ള യുവജന ശുശ്രൂഷകളും പ്രസ്ഥാനങ്ങളും യുവാക്കൾക്ക് ആത്മീയമായി വളരാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും വിശ്വാസാധിഷ്ഠിത സമൂഹങ്ങൾ രൂപീകരിക്കാനുമുള്ള വേദികളായി മാറുന്നു. പരിസ്ഥിതി സംരക്ഷണം (ലൗദാത്തോ സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദരിദ്രർക്കുവേണ്ടി സന്നദ്ധസേവനം നടത്തുക, വിവേചനത്തിനെതിരേ നിലകൊള്ളുക എന്നിവയിലൂടെയായാലും അവർ ലോകത്തിൽ തങ്ങളുടെ വിശ്വാസവും ജീവിതവും സജീവമായി മുമ്പോട്ടു കൊണ്ടുപോകുന്നു.
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ഇതൊക്കെ ഉണ്ടായിട്ടും, ഐഡന്റിറ്റി ക്രൈസിസ്, മാനസിക ആരോഗ്യ വെല്ലുവിളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഏകാന്തത, സാംസ്കാരിക വിഘടനം തുടങ്ങിയ നിരവധി വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധന ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവർഷം ഹൈസ്കൂൾ വിദ്യാർഥികളിൽ 20.4 % പേർ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിസംഗതയും വർധിച്ചുവരികയാണ്. താൽപ്പര്യക്കുറവ് മാത്രമല്ല, എതിർസാക്ഷ്യവും വർധിച്ചുവരുന്ന അവിശ്വാസവും സഭ പരിഹരിക്കണം. അതിനാൽ, യുവജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും തള്ളിക്കളയുന്നതിനുപകരം സ്വാഗതം ചെയ്യുന്ന സത്യസന്ധമായ സംഭാഷണത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഭാവിതലമുറയുടെ പ്രതീക്ഷ
ആധികാരികത, സമൂഹം, ദൗത്യം എന്നിവയ്ക്കുള്ള അവരുടെ ആഗ്രഹം സഭയിൽ പ്രതിഫലിപ്പിക്കാനും സഭയെ പരിഷ്കരിക്കാനും പുതുക്കാനും പ്രേരിപ്പിക്കുന്നു. നയിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ, അവർ സർഗാത്മകത, അനുകമ്പ, ബോധ്യം എന്നിവയോടെ പ്രതികരിക്കും.
സഭ അതിന്റെ യുവജനതയെ ശ്രദ്ധിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ, പ്രത്യാശ, സത്യം, സ്നേഹം എന്നിവ അത്യന്തം ആവശ്യമുള്ള ഒരു ലോകത്ത് അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. യുവാക്കൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ സഭയുമാണ്. അവരുടെ സാന്നിധ്യം പരിശുദ്ധാത്മാവ് പുതിയതും ശക്തവുമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളം കൂടെയാണ്.
ഓരോ യുവജന ദിനാചരണവും നമ്മുടെ യുവജനതയെ കൂടുതൽ അർഥവത്തായ ഒരു ജീവിതം നയിക്കുവാനും കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും ക്ഷണിക്കുന്നു.
Youth Special
റീല്‍സിന്റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്
പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കാന് ഈ ചെറുപ്രായത്തിനുള്ളില്‍ റിയയ്ക്ക് സാധിച്ചു.
പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു.
പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്.
വീടിന്റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന് വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു.
സ്കാന്ഡ് ഐസ്ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന് വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു.
360 ഡിഗ്രി അഡ്വര്റ്റൈസ്മെന്റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന് ആവശ്യമായ പ്രൊമോഷന് വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്ക്കൊപ്പമുണ്ട്.
സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്.
അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്. നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി
കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.
Youth Special
ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയിൽ, പ്രത്യേകിച്ച് യുവജനതക്കിടയിൽ, 'സൈലന്റ് ക്വിറ്റിംഗ്' എന്നൊരു പുതിയ പ്രവണത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. തൊഴിൽ ദാതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ മാറ്റം, ജോലി ഉപേക്ഷിക്കുന്നതിനേക്കാൾ ഉപരി, ജോലി ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സന്തുലിതാവസ്ഥയ്ക്ക് (work-life balance) മുൻഗണന നൽകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിക്കുമ്പോഴും, ശമ്പളമില്ലാത്ത അധിക ജോലികൾ, നിശ്ചിത സമയത്തിനപ്പുറമുള്ള അധിക ചുമതലകൾ, അല്ലെങ്കിൽ ഔദ്യോഗിക സമയത്തിന് പുറത്തുള്ള ആശയവിനിമയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണ് 'സൈലന്റ് ക്വിറ്റിംഗ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന് ശേഷം, യുവജനങ്ങളിൽ പലരും തങ്ങളുടെ മാനസികാരോഗ്യത്തിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. അമിതമായി ജോലി ചെയ്യുന്നത് തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിൻ്റെ ഫലമായി, ഉയർന്ന ശമ്പളത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി അമിതമായി അധ്വാനിക്കുന്നതിന് പകരം, നിശ്ചിത സമയത്തിനുള്ളിൽ മാത്രം ജോലി പൂർത്തിയാക്കാനും അവശേഷിക്കുന്ന സമയം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്കായും വിനിയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.
ഈ മാറ്റം തൊഴിൽ ദാതാക്കളെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ജോലിഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നുണ്ട്. 'സൈലന്റ് ക്വിറ്റിംഗ്' എന്നത് കേവലം മടിയായി കാണാതെ, പുതിയ തലമുറയുടെ തൊഴിൽ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും പ്രതിഫലിക്കുന്ന ഒരു സാമൂഹിക മാറ്റമായാണ് പല വിദഗ്ദ്ധരും ഇതിനെ വിലയിരുത്തുന്നത്. സാങ്കേതികവിദ്യയിലും മറ്റ് ആധുനിക തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്ന യുവജനങ്ങൾക്കിടയിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്.
District News
പന്തളം ടൗണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരിടത്ത് നിന്ന് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 5 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചൻകോവിൽ സ്വദേശിയായ 25 വയസ്സുകാരൻ രതീഷിനെ (യഥാർത്ഥ പേരല്ല) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ലഹരി മാഫിയക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്നും, അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി പരിശോധനകൾ നടത്തണമെന്നും, ലഹരിയുടെ ഉറവിടം കണ്ടെത്തി പൂർണ്ണമായും ഇല്ലാതാക്കണമെന്നും പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.