കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്.
കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
Tags : Youth vandalize hotel food