തിരുവനന്തപുരം: കടല്‍തീരത്തെ പൂഴിമണ്ണില് നാടന്‍ കൃഷിയുടെ അത്ഭുതംകണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഉറക്കെപ്പറഞ്ഞു.."സുജിത്, ദിസ് ഈസ് ഫെന്റാസ്റ്റിക് അഗ്രോഫാം!'
അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റെലെ കൃഷിശാസ്ത്രജ്ഞരും വിദ്യാര്‍ഥികളുമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് കാമ്പസില്‍ എസ്.വി. സുജിത് പാട്ടത്തിനെടുത്ത 20 ഏക്കറിലെ നാടന്‍ അഗ്രോഫാം സന്ദര്‍ശിച്ച് അതിശയപ്പെട്ടത്.
ഫാമിലെ കൃഷിരീതികള്‍ അമേരിക്കന്‍ കൃഷിവിദഗ്ധര്‍ കണ്ടുമനസിലാക്കി. ഒപ്പം അവരുടെ ആശയങ്ങള്‍ സുജിത്തുമായി പങ്കുവയ്ക്കുകയും ചെയ്തു. 20 ഏക്കറില്‍ മുപ്പതിലധികം ഇനങ്ങളിലുള്ള പച്ചക്കറികള്‍ കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരുടെ സഹായത്തോടെ സേഫ് ടു ഈറ്റ് രീതിയിലാണു സുജിത് കൃഷിചെയ്യുന്നത്.
കലാവസ്ഥ വ്യതിയാനവും യന്ത്രവല്കരണവും ഫെര്ട്ടിഗേഷന് രീതികളും പച്ചക്കറിയുടെ ആരോഗ്യപരിപാലനവും കീടരോഗപ്രതിരോധ മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
സെന്റ് സേവ്യേഴ്സ് കോളജിനുള്ളിലെ കൃഷിയിടത്തില്‍ തന്റെ അഗ്രി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നാടന്‍ അഗ്രോ ഫാംസില്‍ കേരള കാര്‍ഷിക സര്‍വകാലാശാല, വെള്ളനാട് മിത്രനികേതന്, എച്ച്എസ്ടി വലിയമല എന്നീ കാര്‍ഷിക കേന്ദ്രങ്ങളുടെ സഹായത്തോടെ നടക്കുന്ന പരീക്ഷണ പുരോഗതികളും സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു.
അമേരിക്കന്‍ സംഘത്തില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്ട്മെനന്റ് പ്രഫസര്‍ ആന്‍ഡ് ഹെഡ്, അസോ. പ്രഫസര്‍ കാതറിന് സ്വബോഡ, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങി 14 പേര് സന്ദര്ശകരായുണ്ടായിരുന്നു. സുജിത്തിന്റെ കൃഷിയിടത്തില്‍ ഫാം ഇന്റേണ്‍ഷിപ് ചെയുന്ന സെന്റ് സേവ്യേഴ്സ് കോളജ് വിദ്യര്‍ഥികളായ സോന, താരുണ്യ, ആരതി എന്നിവര്‍ പഠനത്തോടൊപ്പമുള്ള ജോലിയെക്കുറിച്ച് വിശദീകരിച്ചു.
വ്യവസായികമായി സോളാര്‍ പാനല്‍ ഉപയോഗിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം പാനലിന്റെ അടിഭാഗത്തു കൃഷി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് പിആര്‍ഒ അജയ് നായര്‍ വിശദീകരിച്ചു.കൂടാതെ അമേരിക്കയിലെ കൃഷിയിടത്തിലെ യന്ത്രവല്‍ക്കരണ മാതൃകകള്‍ തുമ്പയിലെ തന്റെ കൃഷിയിടത്തില്‍ എത്തിക്കുന്നതിനുള്ള വഴികളും ചര്‍ച്ചചെയ്തു.
തുമ്പയിലെ നാടന്‍ ഫാമില്‍ കഴിഞ്ഞ ഓണത്തിനു വിരിഞ്ഞ സൂര്യകാന്തിപ്പാടം കാണാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ എത്തിയ സന്തോഷം സുജിത് പങ്കുവച്ചു. ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളും വിശദീകരിച്ചു. ഫാം മാനേജര്‍ ഹെവിന്‍ ഹെലിയറ്റ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാ അസി. പ്രഫസര്‍ ഡോ. ജി. ഗായത്രി, വിദ്യാര്‍ഥി കളായ അനഘ, പൂജ, ഫഹ്മിദ, ഗൗരി തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.