വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
Tags : american president donald trump nicolas maduro venezuela capture