Editorial Audio
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
Tags : american president donald trump