Kerala
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയ്ക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയത്ത് നന്ദഗോപാൽ അപകടത്തിൽപ്പെടുകയായിരുന്നു.
വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.
Kerala
പാലക്കാട്: എസ്ഐആർ കാമ്പയിന് അട്ടപ്പാടി ആദിവാസി ഊരുകളിൽ മികച്ച തുടക്കം.
അട്ടപ്പാടി ബ്ലോക്ക് പരിധിയിൽ വരുന്ന ഷോളയൂർ പഞ്ചായത്തിലെ സിങ്കംപാറ മുത്തികുളം ആദിവാസി ഉന്നതയിലുള്ള 180-ാം നന്പർ പോളിംഗ് ബൂത്തിൽ നൂറുശതമാനംപേരും നേരിട്ട് രജിസ്റ്റർ ചെയ്ത് രാജ്യത്തിനു മാതൃകയായി.
അട്ടപ്പാടി ബ്ലോക്കിലെ ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഉന്നതിയിലെ നിവാസികൾക്കു സ്വന്തം പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെത്താൻ തമിഴ്നാട്ടിലൂടെ ഏകദേശം 120 കിലോമീറ്റർ സഞ്ചരിക്കണം. അട്ടപ്പാടിയിൽ ഉൾപ്പെടുന്നതാണെങ്കിലും ഈ ദൂരക്കൂടുതൽമൂലം സർക്കാരിന്റെ മിക്ക ആനുകൂല്യങ്ങളും ഇവർക്ക് അന്യമായിരുന്നു.
District News
അഗളി: വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ സാമൂഹിക പഠനമുറികൾ. പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിവഴി 43 പഠനമുറികളാണ് ഒരുക്കിയത്.
സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വീട്ടിൽ പഠനാന്തരീക്ഷം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നിലാകുന്നത് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സാമൂഹിക പഠനമുറികൾ പ്രവർത്തിക്കുന്നത്.
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ 12, പുതൂർ ഗ്രാമപഞ്ചായത്തിൽ 13, അഗളി ഗ്രാമപഞ്ചായത്തിൽ 18 സാമൂഹിക പഠനമുറികളാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, കുടുംബശ്രീയിലൂടെ ലഘുഭക്ഷണം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് സാമൂഹ്യ പഠനമുറി ഒരുക്കിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4.30 മുതൽ 6.30 വരെയാണ് വിദ്യാർഥികൾക്ക് സാമൂഹ്യ പഠനമുറികൾ ഉപയോഗിക്കാൻ കഴിയുക.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയും പഠനമുറികൾ ഉപയോഗിക്കാൻ സാധിക്കും. ഓരോ സാമൂഹിക പഠന മുറികളിലും ഓരോ ഫെസിലിറ്റേറ്ററുടെ സേവനവും വിദ്യാർഥികൾക്ക് ലഭ്യമാണ്. ഫെസിലിറ്റേറ്റർ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും കുട്ടികളുടെ പ്രദേശിക ഭാഷയിൽ ക്ലാസുകൾ എടുത്തു നൽകുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.
District News
അഗളി: അട്ടപ്പാടിയിലെ ചരിത്രവും ഗോത്ര സംസ്കാരവും വിളിച്ചോതുന്ന ഇരുന്നൂറിലധികം ഫോട്ടോസുകളുടെ അപൂർവശേഖരവുമായി ഗവേഷകൻ.
അട്ടപ്പാടിയിലെ ആദിമ സംസ്കാരങ്ങളെകുറിച്ചും വ്യത്യസ്തമാർന്ന ഗോത്രവിഭാഗങ്ങളുടെ പൈതൃകങ്ങളെയും ജീവിത രീതികളെക്കുറിച്ചും പതിമൂന്നു വർഷത്തിലധികമായി ഗവേഷണം നടത്തുന്ന ഡോ.എ.ഡി. മണികണ്ഠൻ തന്റെ ഗവേഷണ കാലയളവിൽ ശേഖരിച്ചതാണ് ഈ ചിത്രങ്ങൾ.
നവീന ശിലായുഗകാലംമുതൽ സംഘകാലം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം വരെയുള്ള ചരിത്രം, പുരാവസ്തു, നരവംശ സംബന്ധിയായ ശേഷിപ്പുകളെ തെളിയിക്കുന്ന ഗുഹാചിത്രങ്ങൾ, മെൻഹിറുകൾ, സ്റ്റോൺ സർക്കിളുകൾ, നന്നങ്ങാടികൾ, സംഘകാല പോട്ടറിയുടെ ചിത്രങ്ങൾമുതൽ അട്ടപ്പാടിയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രങ്ങൾവരെ ഈ ഗവേഷകന്റെ ശേഖരത്തിലുണ്ട്.
അട്ടപ്പാടി താഴ്വരയുടെ മഹത്തായ ചരിത്രത്തെയും സാമൂഹിക മാറ്റങ്ങളെയും വ്യക്തമായി അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ശേഖരത്തിലുള്ളത്.
വിവിധ ഗോത്ര വിഭാഗങ്ങളായ കുറുംമ്പ, മുഡുക, ഇരുള, ബഡഗ, തൊഡാസ് എന്നിവരുടെ സംസ്കാരം, പൈതൃകം, ജീവിത രീതികൾ, മൂപ്പന്മാർ, വാദ്യോപകരണങ്ങൾ തുടങ്ങി അട്ടപ്പാടിയുടെ കാലാന്തരത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്.
2012 മുതൽ 2025 വരെ നടത്തിയ ഫീൽഡ് വർക്കിലൂടെയും, വിവിധ സ്ഥലങ്ങളിലെ ആർക്കവ്സിൽ നിന്നും, തദ്ദേശീരായ ആളുകളിൽനിന്നും ശേഖരിച്ചതാണ് അപൂർവമായ ഫോട്ടോകൾ. മ്യൂസിയം, ഫോട്ടോഗാലറി, എക്സിബിഷൻ തുടങ്ങിയവക്ക് നല്ലൊരു മുതൽക്കൂട്ടായിരിക്കും ഇതെന്നു ഡോ.എ.ഡി. മണികണ്ഠൻ പറയുന്നു. ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സ്കൂൾ കുട്ടികൾ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കാൻ താത്പര്യമുള്ളവരുമായി സഹകരിക്കാനും തീരുമാനമുണ്ട്.
ഗവേഷണഫലമെന്നോണം അട്ടപ്പാടിയെ സംബന്ധിച്ച മൂന്നു പുസ്തകങ്ങൾ ഡോ. മണികണ്ഠന്റഅ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അട്ടപ്പാടി ആൽബം എന്ന പേരിൽ അപൂർവഫോട്ടോസുകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവയ്ക്കുന്നു.