ഡോ.എ.ഡി. മണികണ്ഠൻ
അഗളി: അട്ടപ്പാടിയിലെ ചരിത്രവും ഗോത്ര സംസ്കാരവും വിളിച്ചോതുന്ന ഇരുന്നൂറിലധികം ഫോട്ടോസുകളുടെ അപൂർവശേഖരവുമായി ഗവേഷകൻ.
അട്ടപ്പാടിയിലെ ആദിമ സംസ്കാരങ്ങളെകുറിച്ചും വ്യത്യസ്തമാർന്ന ഗോത്രവിഭാഗങ്ങളുടെ പൈതൃകങ്ങളെയും ജീവിത രീതികളെക്കുറിച്ചും പതിമൂന്നു വർഷത്തിലധികമായി ഗവേഷണം നടത്തുന്ന ഡോ.എ.ഡി. മണികണ്ഠൻ തന്റെ ഗവേഷണ കാലയളവിൽ ശേഖരിച്ചതാണ് ഈ ചിത്രങ്ങൾ.
നവീന ശിലായുഗകാലംമുതൽ സംഘകാലം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം വരെയുള്ള ചരിത്രം, പുരാവസ്തു, നരവംശ സംബന്ധിയായ ശേഷിപ്പുകളെ തെളിയിക്കുന്ന ഗുഹാചിത്രങ്ങൾ, മെൻഹിറുകൾ, സ്റ്റോൺ സർക്കിളുകൾ, നന്നങ്ങാടികൾ, സംഘകാല പോട്ടറിയുടെ ചിത്രങ്ങൾമുതൽ അട്ടപ്പാടിയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രങ്ങൾവരെ ഈ ഗവേഷകന്റെ ശേഖരത്തിലുണ്ട്.
അട്ടപ്പാടി താഴ്വരയുടെ മഹത്തായ ചരിത്രത്തെയും സാമൂഹിക മാറ്റങ്ങളെയും വ്യക്തമായി അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ശേഖരത്തിലുള്ളത്.
വിവിധ ഗോത്ര വിഭാഗങ്ങളായ കുറുംമ്പ, മുഡുക, ഇരുള, ബഡഗ, തൊഡാസ് എന്നിവരുടെ സംസ്കാരം, പൈതൃകം, ജീവിത രീതികൾ, മൂപ്പന്മാർ, വാദ്യോപകരണങ്ങൾ തുടങ്ങി അട്ടപ്പാടിയുടെ കാലാന്തരത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്.
2012 മുതൽ 2025 വരെ നടത്തിയ ഫീൽഡ് വർക്കിലൂടെയും, വിവിധ സ്ഥലങ്ങളിലെ ആർക്കവ്സിൽ നിന്നും, തദ്ദേശീരായ ആളുകളിൽനിന്നും ശേഖരിച്ചതാണ് അപൂർവമായ ഫോട്ടോകൾ. മ്യൂസിയം, ഫോട്ടോഗാലറി, എക്സിബിഷൻ തുടങ്ങിയവക്ക് നല്ലൊരു മുതൽക്കൂട്ടായിരിക്കും ഇതെന്നു ഡോ.എ.ഡി. മണികണ്ഠൻ പറയുന്നു. ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സ്കൂൾ കുട്ടികൾ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കാൻ താത്പര്യമുള്ളവരുമായി സഹകരിക്കാനും തീരുമാനമുണ്ട്.
ഗവേഷണഫലമെന്നോണം അട്ടപ്പാടിയെ സംബന്ധിച്ച മൂന്നു പുസ്തകങ്ങൾ ഡോ. മണികണ്ഠന്റഅ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അട്ടപ്പാടി ആൽബം എന്ന പേരിൽ അപൂർവഫോട്ടോസുകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവയ്ക്കുന്നു.
Tags : Attappadi nattuvisesham local news