അഗളി: വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ സാമൂഹിക പഠനമുറികൾ. പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിവഴി 43 പഠനമുറികളാണ് ഒരുക്കിയത്.
സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വീട്ടിൽ പഠനാന്തരീക്ഷം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നിലാകുന്നത് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സാമൂഹിക പഠനമുറികൾ പ്രവർത്തിക്കുന്നത്.
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ 12, പുതൂർ ഗ്രാമപഞ്ചായത്തിൽ 13, അഗളി ഗ്രാമപഞ്ചായത്തിൽ 18 സാമൂഹിക പഠനമുറികളാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, കുടുംബശ്രീയിലൂടെ ലഘുഭക്ഷണം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് സാമൂഹ്യ പഠനമുറി ഒരുക്കിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4.30 മുതൽ 6.30 വരെയാണ് വിദ്യാർഥികൾക്ക് സാമൂഹ്യ പഠനമുറികൾ ഉപയോഗിക്കാൻ കഴിയുക.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയും പഠനമുറികൾ ഉപയോഗിക്കാൻ സാധിക്കും. ഓരോ സാമൂഹിക പഠന മുറികളിലും ഓരോ ഫെസിലിറ്റേറ്ററുടെ സേവനവും വിദ്യാർഥികൾക്ക് ലഭ്യമാണ്. ഫെസിലിറ്റേറ്റർ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും കുട്ടികളുടെ പ്രദേശിക ഭാഷയിൽ ക്ലാസുകൾ എടുത്തു നൽകുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.
Tags : local nattuvishesham Attappadi