Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
മലപ്പുറം: ശബരിമല തീർഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പമ്പയിൽനിന്നു നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. പമ്പ - തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്.
District News
കുണ്ടറ : ആറുമുറിക്കട പഴയ ഫയർസ്റ്റേഷനു സമീപം ബസിനു പിന്നിൽ കാർ ഇടിച്ച് അപകടം. നിസാര പരിക്കേറ്റ കാർ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.
ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. കുണ്ടറ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു പോവുകയായിരുന്ന ശാസ്താംകോട്ട സ്വദേശി ഓടിച്ചിരുന്ന കാർ ബസ്സ്റ്റോപ്പിൽ നിർത്തി ആളിനെ ഇറക്കി കൊണ്ടിരുന്ന സ്വകാര്യ ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ബസിൽ നിന്നും ഇറങ്ങിയ യുവതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സാരമായ പരിക്കുകളോടെ കാർ യാത്രികനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഇന്നു രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഹിമാചൽ റോഡ്വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ദക്മഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽനിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം നടത്തിവരികയാണ്.
Kerala
കോഴിക്കോട്: കൊടിയത്തൂരിൽ സ്വകാര്യ ബസിന്റെ മുന്നിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുഞ്ഞ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
പിതാവിനൊപ്പം ഓട്ടോറിക്ഷയിലെത്തിയ കുഞ്ഞ്, പെട്ടെന്നു വാഹനത്തിൽനിന്നുമിറങ്ങി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ബസിലെ ഡ്രൈവർ കുഞ്ഞിനെ കണ്ട് വാഹനം വേഗം കുറച്ച് സൈഡിലേക്ക് ഒതുക്കി.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ടു വയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. അമിത വേഗത്തില്‍ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടൊടെയാണ് സംഭവം നടന്നത്.
ആലുവ-ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. നോര്‍ത്ത് ചെല്ലാനം സ്വദേശിയായ ജൂഡിന്റെ മകന് എനോയ് ജൂഡ് ആണ് അപകടത്തില്‍ മരിച്ചത്.
എരമല്ലൂര്‍ സാന്താക്രൂസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് എനോയ്. കടയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കുട്ടിയെ ഇടിച്ച ശേഷം മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ബസ് തകര്‍ത്തിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉദ്ദംപുരിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അപകടത്തിൽ സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. 52 ബറ്റാലിയനിലെ സിആർപിഎഫ് ജവാനാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ നില നില ഗുരുതരമാണെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
National
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്.
കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമസ്ഥലയിലേയ്ക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മുൻവശം പൂർണമായും തകർന്നു. ബസും ഭാഗീകമായി തകർന്നിട്ടുണ്ട്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Movies
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവിനൊടുക്കിയത് ഞെട്ടലോടെയാണ് കേരളം ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് നടൻ ഹരീഷ് കണാരൻ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ബസിൽ വച്ച് ആർത്തവ വേദന നേരിട്ട പെൺകുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്ലോഗര്‍ പറഞ്ഞ കാര്യങ്ങൾ കുറിച്ചുകൊണ്ട് ജെറി പൂവക്കാല എഴുതിയ കുറിപ്പ് ആണ് ഹരീഷ് പങ്കിട്ടത്.
ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്.
സോഷ്യൽ മീഡിയ ലൈംഗികാതിക്രമി എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങൾക്ക് മുൻപ് അതേ ബസിൽ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെൺകുട്ടിയുടെ വാക്കുകളിൽ നമുക്ക് മനസിലാകും.
ഏകദേശം ഒരു വർഷം മുൻപ് അതേ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെൺകുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് മോളെ, എന്ത് പറ്റി? എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോൾ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതൽ ആയിരുന്നു അത്.
അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കൈയിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാൻ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു.
പരീക്ഷയെ ഓർത്ത് പേടിയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ ഉപദേശം ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. "എന്തിനാ പേടിക്കുന്നത്? എന്റെ ഈ പ്രായത്തിലും ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നൽകിയ മനുഷ്യൻ. അതുകൊണ്ടാണ് ഒരു വർഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓർത്തിരുന്നത്.
ആ പെൺകുട്ടിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്ന, അന്യന്റെ വേദന കണ്ടാൽ മനസലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്.
ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താൻ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കിൽ ഈ സത്യം ഒരുപക്ഷേ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം. ആദരാജ്ഞലികൾ സഹോദരാ.
ലിയാസ് ലത്തീഫ് എന്ന ഇൻസ്റ്റാഗ്രാം വ്ലോഗർ ആണ് ഈ പെൺകുട്ടിയുടെ അനുഭവം പങ്കുവച്ചത്.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
അടൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവതിയോടായിരുന്നു പ്രതി അപമര്യാദയായി പെരുമാറിയത്.
തിരുവനന്തപുരം അതിയന്നൂർ താന്നിമൂട് രാമപുരം സ്വദേശിയായ ലാൽഭവനിൽ എം.എൽ. റോജിലാൽ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ പാലാ - കൊല്ലം ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.
തന്റെ എതിർപ്പിനെ മറികടന്ന് ശല്യം ചെയ്തതിനെതുടർന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റ് യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവച്ച് വിവരം പോലീസിൽ അറിയിക്കുയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
National
ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.
അമൃത്സറിലേയ്ക്ക് കാറിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഹൊഷിയാർപുരിൽ നിന്ന് യാത്ര ആരംഭിച്ച ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 14 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേയ്ക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.
കുപ്വിയിൽ നിന്ന് ഷിംലയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി
National
ജയ്പുർ: രാജസ്ഥാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറിൽ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
മുണ്ടക്കയം: ദേശീയപാത 183-ൽ പെരുവന്താനത്ത് ബസുകള്‍ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. കെകെ റോഡില്‍ പുല്ലുപാറയ്ക്കു സമീപം കടുവാപ്പാറയില്‍ രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്.
തങ്കമണി-ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന അപ്പൂസ് ബസും തമിഴ്നാട്ടില്‍നിന്നു ശബരിമല തീര്‍ഥാടനത്തിന് എത്തയ സംഘം സഞ്ചരിച്ച ബസുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്നു ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായി. പീരുമേട് ഫയര്‍ ഫോഴ്സും പെരുവന്താനം പോലീസും സേഫ് സോൺ പ്രവർത്തകരും സ്ഥലത്തെത്തിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
District News
തൃശൂർ: നെടുപുഴ പള്ളിക്ക് സമീപം സ്വകാര്യബസിൽ കണ്ടക്ടർ കൂടിയായ ബസ് ഉടമ കുഴഞ്ഞുവീണു മരിച്ചു. ചിയ്യാരം മടുപ്പിലാവ് റോഡിൽ സൈന്തമഠത്തിൽ കണ്ണന്റെ മകൻ മനോജ് ബാബു(54) വാണ് ബസിൽ കുഴഞ്ഞുവീണത്.
തൃശൂർ-നെടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന വട്ടപ്പിനി ബസിലാണ് സംഭവം. ബസ് രാവിലെ ആദ്യ സർവീസിന് ഇറക്കിയവേളയിൽ രാവിലെ 6.10 നാണ് സംഭവം.
ഈ സമയം ബസിൽ മറ്റു യാത്രക്കാരുണ്ടായിരുന്നില്ല. മനോജ് കുഴഞ്ഞുവീണയുടനെ ഡ്രൈവർ ബസിൽ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു രാവിലെ 11.30ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: വിജയലക്ഷ്മി. ഭാര്യ: രാധിക. മക്കൾ: അഞ്ജന, അരുണ്‍കുമാർ.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അൽമോറയിലെ ദ്വാരഹട്ടിൽ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസ് ഭിക്കിയസൈൻ പ്രദേശത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവസമയം 19 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആറുപേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയിലുമാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ ഉൾപ്പടെയുള്ളവരെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി.
District News
നെടുങ്കണ്ടം: കന്നി യാത്രയ്ക്കിടെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വനിതാ സംരംഭകരുടെ ബസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉടമകള്‍ക്കു വിട്ടുനല്‍കി.
നെടുങ്കണ്ടം - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയ മിടുക്കി എന്ന ബസാണ് സര്‍വീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ 20 ന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബസ് വിട്ടുകിട്ടാന്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതിയില്‍നിന്നും ലഭിച്ച അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ ബസ് വിട്ടുനല്‍കി. വാഹനം നിയമവിരുദ്ധമായോ അനാവശ്യമായോ തടയരുതെന്നും പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (എഐടിപി) പ്രകാരം പൂര്‍ണമായും നിയമാനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അടുത്ത ദിവസംതന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഉടമ പറഞ്ഞു.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
District News
കുണ്ടറ: സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു അപകടം. കുണ്ടറ പള്ളിമുക്ക് എം ജി ഡി സ്കൂളിനു സമീപം സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു. വിദ്യാർഥിക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 6.10 ഓടെ ആയിരുന്നു അപകടം നടന്നത്. കുണ്ടറ ഭാഗത്തുനിന്ന് കല്ലട ഭാഗത്തേക്ക് കന്നുകാലികളുമായി പോയ പിക്കപ്പ് വാൻ കല്ലട ഭരണിക്കാവിൽ നിന്നും കുണ്ടറയ്ക്ക് വന്ന ബസിൽ ഇടി ക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.
ബസിലുണ്ടായിരുന്ന സാരമായ പരിക്ക് പറ്റിയ സ്കൂൾ വിദ്യാർഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുണ്ടറയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.പോലീസെ ത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
ഹൈദരരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിന്റെ ക്ലീനർ നിതീഷാണ് മരിച്ചത്.
അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ചന്ദ്രടണ്ട പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ടിജിഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഖമ്മത്ത് നിന്ന് ബോദിലേയ്ക്കുള്ള പോകുകയായിരുന്നു ബസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ലീനർ നിതിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.
കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ചാലക്കുടി: രാത്രിയിൽ പെൺകുട്ടികളായ യാത്രക്കാരെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽനിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.
കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി. ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുമ്പോഴാണ് ബസിൽ കയറിയത്.
രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവറും കണ്ടക്ടറും അതിന് തയാറാകാതിരുന്നതോടെ കുട്ടികൾ കരച്ചിലായി. കുട്ടികൾക്ക് ബസ് നിർത്തി നൽകണമെന്ന് സഹയാത്രികരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇതോടെ യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെപ്പോകാൻ വഴി അറിയില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഇറക്കിയത്. രാത്രിയാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.
Kerala
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ വിളക്കും മരുതങ്കലില് ക്രയിനിന്റെ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസിടിച്ച് അപകടം. ഇന്നു രാവിലെ 9 .30ന് ആയിരുന്നു സംഭവം.
നാല്ക്കവലയായ വിളക്കും മരുതിങ്കലില് തോട്ടനാലില്‍ റോഡില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക് ഇറങ്ങി വന്ന ക്രെയിനിന്റെ സൂമിലാണ് ബസ് ഇടിച്ചത്. പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.
ആന്ധ്രയില്‍നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.
Kerala
തൃശൂർ: കെഎസ്ആർടിസി ബസിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് അറസ്റ്റിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. ശനിയാഴ്ച രാവിലെ 11:15-ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസുള്ള സ്ത്രീയുടെ പേഴ്സാണ് ഇവർ മോഷ്ടിച്ചത്.
അറസ്റ്റിലായ രാജേശ്വരി കളമശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ്.
International
അങ്കാറ: തുർക്കിയിൽ ഇന്റർ സിറ്റി ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അദാന, ഗാസിയൻടെപ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവർ എല്ലാവരും ബസ് യാത്രക്കാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരു ടയർ പോട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കോഴിക്കോട്: മദ്യലഹരിയിലായ ഡ്രൈവര്‍ കോഴിക്കോട്ടുനിന്നു ബംഗളൂരുവിലേക്ക് ബസ് ഓടിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഭാരതി എന്ന പ്രമുഖ കമ്പനിയുടെ ഒരു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഭാരതി ട്രാവല്‍സിലെ ഡ്രൈവര്‍ യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഭാരതി കമ്പനി പ്രതിനിധികള്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. സെന്തില്‍ എന്ന ആളാണ് ഞായറാഴ്ച ബസ് ഓടിച്ചതെന്നും അയാള്‍ താത്കാലിക ഡ്രൈവറാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹത്തിനെതിരേ തമിഴ്നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
സംഭവം വിവാദമായ സാഹചര്യത്തില്‍, ഭാരതി കമ്പനി കഴിഞ്ഞദിവസം കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഒരു ബസ് എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. രാഗേഷ് പറഞ്ഞു.
ബസിന്റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയായിരുന്നു. എമര്‍ജന്‍സി എക്സിറ്റിലെ ഗ്ളാസ് പൊട്ടിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫിറ്റ്നസ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസിന് കേരളത്തില്‍ റോഡ് ടാക്സ് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പിഴയും ടാക്സും അടക്കം ഏകദേശം രണ്ടുലക്ഷം രൂപയോളം അടച്ചാല്‍ മാത്രമേ ബസ് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുക്കുകയുള്ളു. സെന്തില്‍ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ ശേഖരിക്കാനും എംവിഡി ശ്രമം നടത്തുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന ഉടന്‍ ബന്ധപ്പെട്ട സ്ഥലത്തെ ആര്‍ടിഒയ്ക്ക്, സെന്തിലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കായി മുന്നൂറോളം ബസ് സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഭാരതി. സെന്തിലിന്റെ നടപടി കമ്പനിയെ ബാധിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് കമ്പനി മാനേജര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ കോപ്പി ലഭ്യമാക്കി തുടര്‍ നിയമനടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ട് അധികം വൈകുന്നതിനു മുമ്പേ യാത്രക്കാര്‍ക്ക് അപാകത അനുഭവപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.സഹായി അമിതമായി മദ്യപിച്ച് ഡ്രൈവറുടെ കാബിനില്‍ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു.
മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസിന്റെ യാത്ര തുടര്‍ന്നത്.
Kerala
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.
Kerala
കാസര്‍ഗോഡ്: ബസിൽ വച്ച് വിദ്യാർഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.
ബസിലെ കണ്ടക്ടര്‍ മോശമായി സപർശിച്ചെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി.
കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
അതേസമയം, പഠനത്തിനായി രാവിലെയും വൈകുന്നേരവും ബസിലാണ് മംഗളൂരുവിലേക്ക് പോകുന്നതെന്നും ബസിൽ യാത്ര ചെയ്യുന്നതിന് പാസുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
മുമ്പ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും മോശമായി പെരുമാറാൻ ശ്രമിച്ചു. രാവിലെ എട്ടേമുക്കാലിന് ബസിൽ കയറിയപ്പോഴായിരുന്നു സംഭവം. പ്രതികരിച്ചപ്പോള്‍ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ചീത്ത വിളിക്കുകയായിരുന്നു.
പരാതി നൽകുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞ് നടുറോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷ എഴുതാനായില്ലെന്നും കോളജ് വിദ്യാർഥിനി പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പോലീസിൽ പെണ്‍കുട്ടി പരാതി നൽകി.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി ഒൻപത് വയസുള്ള കുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റാൻഡിൽ കയറിയ ഉടൻതന്നെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടയുടമകളുമാണ് രക്ഷാപ്രവർത്തനം നടത്തി ബസിന്റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ആദർശ് ബോറാഡെ ആണ് അപകടത്തിൽ മരിച്ച ഒൻപത് വയസുകാരൻ. കുടുംബത്തോടൊപ്പം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു കുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യും.
National
ബംഗളൂരു: കോഴിക്കോട്ടുനിന്ന് പഠനയാത്രയ്ക്കു പോയ വിദ്യാർഥികളുടെ ബസ് മറിഞ്ഞു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. ബംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിദ്യാർഥികളാണ് അപടത്തിൽപെട്ടത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഹാസനിലെ അറയ്ക്കൽഗുഡ എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രി തന്നെ സംഘം മടങ്ങി.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ വച്ചാണ് അര്‍ധരാത്രിയോടെ അപകടമുണ്ടായത്.
അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീർഥാടകരുടെ നില ഗുരുതരമല്ല.
Kerala
ഇടുക്കി: അണക്കരക്ക് സമീപം കടശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനു നേരെയാണ് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
Kerala
തൃശൂർ: മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു (52) എന്നയാൾക്കാണ് പരിക്കേറ്റത്.
മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം.
സീറ്റിൽ നിന്ന് എഴുന്നേറ്റ് യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന ജയ്ജു മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്.
യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനുള്ളിൽ ബസിന് തീപിടിച്ചു. സംഭവ സമയം ബസിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എന്നാൽ, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ചൊവ്വാഴ്ച ഉച്ചയോടെ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് സമീപമുണ്ടായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.
National
ബംഗളുരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. ബംഗളുരു - ഹൈദരാബാദ് ദേശീയപാതയിൽ കർണൂൽ നഗരത്തിൽനിന്ന് 20 കിലോമീറ്റര്‍ അകലെ ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ഹൈദരാബാദിൽനിന്ന് ബംഗളുരുവിലേക്ക് വന്ന കാവേരി ട്രാവൽസ് എന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് മിനിട്ടുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. എൻജിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെങ്കിലും കാരണം വ്യക്തമല്ല.
40 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികളും വഴിയാത്രക്കാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
വിജയ്യുടെ കാരവാൻ നാമക്കൽ പോലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് കൈമാറിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ട് എടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പോലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കരൂരിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘ദുരന്തമുണ്ടായ ഉടൻ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കൾക്കു പറ്റിയ ഗുണമല്ലെന്നു പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമാണ്. എത്രയോ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. പക്ഷേ, നേതാക്കൾക്ക് ഒട്ടും പശ്ചാത്താപമില്ല.’ -കോടതി പറഞ്ഞു.
ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്ഐടി) സംഭവം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
Kerala
കോട്ടയം: പോലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്.
പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്തുവച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു. ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. ബസിൽനിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനുശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
സ്വർണം എവിടെവച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.