x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈവർ ഫിറ്റായപ്പോൾ ബസിന്‍റെ ഫിറ്റ്നസ് പോയി, പിന്നാലെ കേസും


Published: November 28, 2025 05:16 PM IST | Updated: November 28, 2025 05:16 PM IST

കോഴിക്കോട്: മദ്യലഹരിയിലായ ഡ്രൈവര്‍ കോഴിക്കോട്ടുനിന്നു ബംഗളൂരുവിലേക്ക് ബസ് ഓടിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഭാരതി എന്ന പ്രമുഖ കമ്പനിയുടെ ഒരു ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ സ്‌ക്വാഡ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഭാരതി ട്രാവല്‍സിലെ ഡ്രൈവര്‍ യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

ഭാരതി കമ്പനി പ്രതിനിധികള്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. സെന്തില്‍ എന്ന ആളാണ് ഞായറാഴ്ച ബസ് ഓടിച്ചതെന്നും അയാള്‍ താത്കാലിക ഡ്രൈവറാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹത്തിനെതിരേ തമിഴ്‌നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

സംഭവം വിവാദമായ സാഹചര്യത്തില്‍, ഭാരതി കമ്പനി കഴിഞ്ഞദിവസം കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഒരു ബസ് എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാഗേഷ് പറഞ്ഞു.

ബസിന്‍റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിലെ ഗ്‌ളാസ് പൊട്ടിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫിറ്റ്‌നസ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസിന് കേരളത്തില്‍ റോഡ് ടാക്‌സ് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പിഴയും ടാക്‌സും അടക്കം ഏകദേശം രണ്ടുലക്ഷം രൂപയോളം അടച്ചാല്‍ മാത്രമേ ബസ് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുക്കുകയുള്ളു. സെന്തില്‍ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ വിവരങ്ങള്‍ ശേഖരിക്കാനും എംവിഡി ശ്രമം നടത്തുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന ഉടന്‍ ബന്ധപ്പെട്ട സ്ഥലത്തെ ആര്‍ടിഒയ്ക്ക്, സെന്തിലിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കായി മുന്നൂറോളം ബസ് സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഭാരതി. സെന്തിലിന്‍റെ നടപടി കമ്പനിയെ ബാധിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് കമ്പനി മാനേജര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്‍റെ കോപ്പി ലഭ്യമാക്കി തുടര്‍ നിയമനടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ട് അധികം വൈകുന്നതിനു മുമ്പേ യാത്രക്കാര്‍ക്ക് അപാകത അനുഭവപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.സഹായി അമിതമായി മദ്യപിച്ച് ഡ്രൈവറുടെ കാബിനില്‍ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു.

മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്.

Tags : driver bus case

Recent News

Up