പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന മിടുക്കി ബസ്.
നെടുങ്കണ്ടം: കന്നി യാത്രയ്ക്കിടെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വനിതാ സംരംഭകരുടെ ബസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉടമകള്‍ക്കു വിട്ടുനല്‍കി.
നെടുങ്കണ്ടം - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയ മിടുക്കി എന്ന ബസാണ് സര്‍വീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ 20 ന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബസ് വിട്ടുകിട്ടാന്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതിയില്‍നിന്നും ലഭിച്ച അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ ബസ് വിട്ടുനല്‍കി. വാഹനം നിയമവിരുദ്ധമായോ അനാവശ്യമായോ തടയരുതെന്നും പിടിച്ചെടുക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (എഐടിപി) പ്രകാരം പൂര്‍ണമായും നിയമാനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അടുത്ത ദിവസംതന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഉടമ പറഞ്ഞു.
Tags : Miduki bus nattuvishesham local news