Kerala
കണ്ണൂര്‍ : സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടുൾപ്പടെയുള്ളവയുടെ കണക്കുകൾ പുറത്തു വിടാൻ പാർട്ടിയെ വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ. അണികളെ നേതൃത്വം തിരുത്തണമെന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഫണ്ട് വെട്ടിപ്പിന്റെ ക്രമക്കേടുകൾ പ്രതിപാദിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്‍പ് കണക്കുകൾ വെളിപ്പെടുത്താൻ സിപിഎം നേതൃത്വത്തിന് ആർജവുമുണ്ടോ എന്ന വെല്ലുവിളിയാണ് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയിരിക്കുന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെയും പ്രസ്താവനയ്ക്ക് മറുപടിയായാണ് വി. കുഞ്ഞികൃഷ്ണൻ പുസ്തകമിറങ്ങുന്നതിന് മുന്‍പ് കണക്കുകൾ വെളിപ്പെടുത്താനുള്ള വെല്ലുവിളി ഉയർത്തിയത്.
തന്റെ പുസ്തകം പുറത്തിറങ്ങിയാൽ അതിലുള്ള കണക്കുകൾക്കനുസരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണ് സിപിഎം നീക്കമെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അഞ്ച് വര്‍ഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താന്‍ പാകത്തിലൊരു കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ എവിടെയും പറഞ്ഞിട്ടില്ല. തന്നെ പുറത്താക്കാന്‍ ചേര്‍ന്ന കമ്മിറ്റിക്ക് ശേഷം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലും രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത് വി.എസ്. അച്യുതാനന്ദനാണ് വി. കുഞ്ഞിക്കൃഷ്ണന് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പ്രഫ. എം.എന്‍. വിജയന്റെ മകന് ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്കി ജോസഫ് സി. മാത്യുവാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുക. കോടതിയുടെ നിര്ദേശമുളള്ളതിനാല് കനത്ത സുരക്ഷയൊരുക്കുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
Kerala
പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ പള്‍സര്‍ ബൈക്കാണ് ഇന്നു പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.
റോഡില്‍നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തിങ്കളാഴ്ച കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ പതിനഞ്ചില്‍ താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്.
Kerala
കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സിപിഎമ്മിന്റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം യുദ്ധപ്രഖ്യാപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ തങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല. പാർട്ടിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ധിക്കാരം നിറഞ്ഞ സമീപനത്തിനെതിരേ അതിശക്തമായി നിലകൊള്ളുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
ആലപ്പുഴ: തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നു എന്നുള്ളതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുപ്രവണതകളിൽ ഒന്നെന്ന് തോമസ് ഐസക്. എന്നാൽ തീരദേശത്തിനുവേണ്ടി കഴിഞ്ഞ 10 വർഷക്കാലത്തെന്നപോലെ കേരളചരിത്രത്തിൽ ഒരു കാലത്തും സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്ന് വേണം കരുതാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപതോളം വീടുകളിൽ പോയിരുന്നു. ഏതാണ്ട് എല്ലാം തന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ. സജീവ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അതിൽ ഉണ്ടായിരുന്നു. എങ്കിലും ഇരുന്നു സംസാരിക്കുമ്പോൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കും.
വർധിപ്പിച്ച പെൻഷനും, സ്ത്രീ സുരക്ഷാ സഹായവും തന്നെ സ്റ്റാർ പെർഫോമറുകൾ. മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ചെട്ടികാട്ടെ പുതിയ താലൂക്ക് ആശുപത്രി വലിയ സഹായമാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. പക്ഷെ വിചാരിച്ച വോട്ട് കിട്ടാത്തതിന് കാരണം സാമുദായിക ചരടുവലികളാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
കൽപറ്റ: വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയൻ സിപിഎം വിട്ടു. മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി. ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ.വി. ജയൻ പ്രതികരിച്ചു.
ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്.
വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും ജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഖജനാവില്‍ നിന്നു പണമെടുത്ത് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെലവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
സിപിഎം വോളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സര്‍ക്കാരിന്റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹം സമുന്നതനായ സമുദായ നേതാവാണ്. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണെന്ന് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കേണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലബാറില്‍ സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. അതില്‍ പാര്‍ട്ടിക്ക് റോളില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന കോഴ ആരോപണത്തില്‍, ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും നടത്തുന്ന രീതി സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ എന്തിനു കാണാന്‍ പോയെന്നും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പോറ്റിയോടൊപ്പം പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
എസ്ഐടിയുടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.
സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
പത്തനംതിട്ട: പാരഡി ഗാന വിവാദത്തിൽ മലക്കംമറിഞ്ഞ് സിപിഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണെന്നും വിഷയത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രതികരിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎം.പാർട്ടി പാട്ടിന് എതിരല്ല. കൃത്യമായ നിലപാട് അതിലുള്ള പാർട്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ചു തീരുമാനിക്കുമെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ... എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം.
കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം.
രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദമെന്നും വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു.
ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
ഉണ്ണിക്കൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ഇതിനിടെ ഇന്നലെ പാട്ടിനെതിരേ കേസെടുത്ത സൈബര്‍ പോലീസ് തുടര്‍ നടപടികളുടെ ഭാഗമായി പ്രതി ചേര്‍ത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
ശരണമന്ത്രത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും പാട്ട് തയാറാക്കിയെന്ന പേരിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണുള്ളത്.
മതസ്പര്‍ധ വളര്‍ത്തി, വിശ്വാസം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൈബര്‍ പോലീസ് എസ്പിയാണ് പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. വിവാദ പാട്ട് സൈറ്റുകളില്‍ നിന്നും സമൂഹമാധ്യങ്ങളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശിക്കും.
തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പാട്ട് യുഡിഎഫ് നേതാക്കന്മാര് ഏറ്റുപാടുകയും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ യുഡിഎഫ് എംപിമാര്‍ ഈ പാട്ട് പാടുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് കോൺഗ്രസിനെയും ബിജെപിയെയും ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി ആഹ്ലാദിക്കുന്നുണ്ടെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.
ചരിത്രപരമായി നോക്കിയാൽ, ഈ രണ്ടു പാർട്ടികളുടെയും സംയുക്തമായ സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ജനഹിതം പൂർണമായി മനസിലാക്കി, തിരുത്തൽ നടപടികളിലൂടെ ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
എന്നാൽ, കോൺഗ്രസ് തീവ്രപക്ഷങ്ങളെ കൂടെ നിർത്തിക്കൊണ്ട് നടത്തുന്ന നീക്കങ്ങൾ ആർഎസ്എസിന് സഹായകമാവുകയാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന്റെ ക്രെഡിറ്റിന് വേണ്ടി കോൺഗ്രസും ആർഎസ്എസും വിലപേശിയത് ചരിത്രപരമായ വസ്തുതയാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചപ്പോൾ പ്രധാനമന്ത്രിയും ഒരു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും പരസ്പരം അഭിനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്തതിലൂടെ ഈ സംയുക്ത സന്തോഷം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം സംസ്ഥാനം ഒരു പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, രാജ്യസഭയിലെ ഒരു ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെക്കുറിച്ചും ബ്രിട്ടാസ് ആശങ്ക രേഖപ്പെടുത്തി.
കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക കൈപ്പറ്റി തിരഞ്ഞെടുപ്പുകൾ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് നിലവിൽ തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്.
ഉദ്ദേശിച്ച കാര്യങ്ങൾ നിറവേറ്റുമ്പോൾ ഉപകാരസ്മരണയായി കോർപ്പറേറ്റുകൾ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നുവെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണ ചർച്ചയിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.
സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന് തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Kerala
തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നുവെന്നും വി. ജോയ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും.
ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിൽ ഇടതനുകൂല തരംഗം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
Kerala
ഇടുക്കി: റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞ സ്പെഷ്യൽ തഹസിൽദാരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി ജില്ലാ കളക്ടർക്കും പോലീസിലും പരാതി നൽകി.
കഴിഞ്ഞ ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് സിപിഎം നേതാവ് ജോബി ജോൺ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗായത്രി ദേവി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം ജോബി ജോൺ നിഷേധിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന് ഇനിയും 8500 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി എന്നും എതിരാണെന്നും ഗോവിന്ദൻ വ്യക്തമാക്ക. കേന്ദ്രം ഇതിന്റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
"ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.'-ഗോവിന്ദൻ പറഞ്ഞു.
Kerala
ഉദയംപേരൂര്‍(കൊച്ചി): സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഉദയംപേരൂര്‍ തേരേക്കല്‍ വീട്ടില്‍ ടി.എസ്.പങ്കജാക്ഷനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടക്കാവിലുള്ള പാര്‍ട്ടി ഓഫീസിന്റെ റീഡിംഗ് റൂമില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ പാര്‍ട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Kerala
കോഴിക്കോട്: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യസംസ്കരണ പ്ലാന്റിനുനേരെ നടന്ന സമരം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞുകയറി.
ഇവർ കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.
നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.
District News
ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി.സുധാകരൻ. കുട്ടനാട്ടിൽ പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്കെടിയു നടത്തുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും നോട്ടീസ് പോലും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ വീട്ടിലെത്തിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സുധാകരൻ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Kerala
തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
മുതിര്‍ന്ന സിപിഎം നേതാവ് എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നും ശരത് പ്രസാദ് പറയുന്നു. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന് പറയുന്നു.
"ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ.സി. മൊയ്തീന് ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി. മൊയ്തീന്'- എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അഞ്ചുവര്‍ഷം മുന്പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പ്രതികരിച്ചു. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു.
ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിച്ചോര്ച്ച വിവാദത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയും. സംസ്ഥാന സമിതിയില്‍ കത്ത് ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിരോധം മൂലമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്നും അവതാരങ്ങള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവം കാസര്‍ഗോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം ക്ലാസിലെ കൈപ്പുസ്തകത്തിലുണ്ടായ പിശകില്‍ ആ ഭാഗം തയാറാക്കിയ അധ്യാപകരെ ഡീബാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പിബിക്ക് നല്കിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ചോര്‍ത്തി എന്നാരോപിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വ്യവസായി പരാതി നല്കി.
പാര്‍ട്ടിക്ക് നല്കിയ രഹസ്യ കത്ത് എങ്ങനെ ഡല്‍ഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് നല്കിയ പരാതിയിലെ ചോദ്യം. ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്തു.
ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നതോടെ രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കോടതിയിൽ സമർപ്പിച്ച രേഖക്കൊപ്പം തനിക്കെതിരെ സിപിഎം നേതൃത്വത്തിന് കിട്ടിയ പരാതിയും രാജേഷ് കൃഷ്ണ ഭാഗമാക്കി.
ഈ രേഖ പുറത്തുവന്നതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് മുഹമ്മദ് ഷര്‍ഷാദ് ഉന്നയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഈ മാസം 12ന് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
Leader Page
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.
Leader Page
ഉറച്ച നിലപാടുകളുടെ മനുഷ്യനായിരുന്നു അഞ്ചു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും 14 വർഷം പ്രതിപക്ഷ നേതാവും ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ. മരണംവരെ പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന, സാധാരണക്കാരനായി ജീവിച്ച കമ്യൂണിസ്റ്റുകാരൻ.
കൃഷ്ണപിള്ള കാണിച്ച വഴി
തൊഴിലാളികളെ സംഘടിപ്പിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ പി. കൃഷ്ണപിള്ളയാണ് വിഎസിനെ നിയോഗിച്ചത്. കുട്ടിക്കാലത്തുതന്നെ ദൈവവുമായി പിണങ്ങിയ വിഎസിന് ഈ നിരീശ്വര വിമോചന പ്രസ്ഥാനം ആകർഷകമായി. കുട്ടിക്കാലത്ത് കളർകോട് ക്ഷേത്രത്തിലും അറവുകോട് ക്ഷേത്രത്തിലും ദർശനം നടത്താൻ പോയിരുന്ന അണ്ണനെക്കുറിച്ച് വിഎസിന്റെ ഏക പെങ്ങൾ അഴിക്കുട്ടി അനുസ്മരിച്ചിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ച് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ആരും നിലവിളി കേൾക്കാനില്ലാത്ത പാവങ്ങൾക്കു വേണ്ടി പോരാടണമെന്നായിരുന്നു തീരുമാനം. അങ്ങനെ പോരാളിയും കമ്യൂണിസ്റ്റുമായി. എതിരാളികളെ നിഗ്രഹിക്കുന്നതിൽ പോലും അപാകത കാണാത്ത കമ്യൂണിസ്റ്റ്. എന്നിട്ടും 2012 മേയ് നാലിന് ഒഞ്ചിയത്ത് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ യുവനേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിന് പാർട്ടി കശാപ്പു ചെയ്ത വിവരം അറിഞ്ഞ അദ്ദേഹം വല്ലാതെ തളർന്നു. സിപിഎമ്മിൽനിന്നു രാജിവച്ച എം. സത്യനേശൻ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ദിവസം പാർട്ടി മേലാളന്മാരുടെ അപ്രഖ്യാപിത വിലക്ക് ലംഘിച്ച് അദ്ദേഹം ടിപിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ചു; അവരോടൊപ്പം കരഞ്ഞു- അതായിരുന്നു വിഎസ്.
മുസ്ലിം വർഗീയത
തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലിം വർഗീയതയെയും ക്രൈസ്തവ വർഗീയതയെയും ആത്മാർഥമായി എതിർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആർഎസ്എസിനെയും മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെയും അദ്ദേഹം ഒന്നുപോലെ എതിർത്തു. എല്ലാ സമുദായത്തിലെയും പാവങ്ങളെ അദ്ദേഹം സ്നേഹിച്ചു. അതേസമയം, സാന്പത്തികസംവരണത്തെ എതിർത്തു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു വർഗീയതയെ നേരിടാൻ എന്ന മറയിൽ മുസ്ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള വഴിയെന്ന് അവർ കരുതുന്നു. വിഎസ് ആ സമീപനത്തെ എതിർത്തു. 1975 മുതൽ സിപിഎമ്മിന്റെ കൂടെ ഇടതുമുന്നണിയിൽ നിന്ന അഖിലേന്ത്യാ ലീഗിനെ വരെ 1987ൽ പുറത്താക്കി. പാർട്ടി നയത്തിനെതിരായി മുസ്ലിം ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 1984ൽ ബദൽ രേഖ കൊണ്ടു വന്നവരെയും കൂടെ നിന്നവരെയും നിഷ്കരുണം വെട്ടിനിരത്തി. ലീഗും കേരള കോണ്‍ഗ്രസും ഇല്ലാതെ 1987ൽ കേരളത്തിൽ ഇടതുമുന്നണി ഭരണം പിടിച്ചു. അതിനർഥം അദ്ദേഹം മുസ്ലിം സമൂഹത്തിനെതിരായിരുന്നു എന്നല്ല. കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പാലൊളി കമ്മിറ്റിയെ നിയോഗിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
വെള്ളാപ്പള്ളിക്കെതിരേ നടപടികൾ
സിപിഎമ്മിന്റെ അണികളിൽ ഭൂരിഭാഗവും ഈഴവരാണെന്ന് അറിയുന്പോഴും അദ്ദേഹം ഈഴവരുടെ സംഘടനയായ എസ്എൻഡിപിയുടെ നേതാവിനെ പ്രീതിപ്പെടുത്തിയില്ല. പകരം, എസ്എൻഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നതായി കരുതപ്പെടുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിനെതിരേ ശക്തമായ നടപടികൾ എടുത്തു.1987ൽ ഈഴവ സമൂഹത്തിൽനിന്നുള്ള പ്രമുഖ നേതാവായ കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ നടപടിയെടുത്തു.
പാർട്ടികളെ പരിശോധിച്ച് കൂടെ നിർത്തി
1980ൽ വിഎസ് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴാണ് ഇന്നത്തെ ഇടതുമുന്നണിയുടെ പിറവി. മുന്നണിയിലെ ഓരോ കക്ഷിയെയും പരിശോധിച്ചാണ് അകത്തു കയറ്റിയത്. നിയമസഭാ സീറ്റ് വിഭജന ചർച്ച ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ ഏക കാലമാണത്.
അഴിമതിക്കേസുമായി പിന്നാലെ നടന്ന് അദ്ദേഹം ജയിലിലാക്കിയ ആർ. ബാലകൃഷ്ണപിള്ള കേരള ചരിത്രത്തിൽ അപൂർവ കഥാപാത്രമായി. അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഏക നേതാവാണ് പിള്ള. അതിനു കാരണം വിഎസിന്റെ വിടാതെയുള്ള പോരാട്ടവും. പിള്ളയുടെ പാർട്ടി 1996ൽ ജനതാദളിൽ ലയിച്ച് ഇടതുമുന്നണിയിൽ കയറാൻ നടത്തിയ നീക്കവും വിഎസ് തകർത്തു. പിള്ളയോടും കരുണാകരനോടും അത്ര എതിർപ്പായിരുന്നു വിഎസിന്. എന്നാൽ, പിന്നീട് പിണറായി യുഗത്തിൽ പിള്ള ഇടതുമുന്നണിയിൽ അംഗമായി.
പാവപ്പെട്ടവരുടെ പക്ഷത്ത്
നാട്ടുകാരുടെ അപ്പം കട്ടു തിന്നുന്നവർ എന്ന് അദ്ദേഹം കരുതിയവരെയെല്ലാം മുൻപിൻ നോക്കാതെ ആക്രമിച്ചു. സന്ധിയില്ലാതെ വെട്ടി. അപമാനിക്കപ്പെട്ടവരിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർപോലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് വളരെ ഹീനമായ വാക്കുകളാണ് വിഎസ് നിയമസഭയിൽ പറഞ്ഞത്.
വികസനവിരുദ്ധന്‍ എന്ന ആക്ഷേപം കേട്ടത് അദ്ദേഹം വിശ്വസിച്ച നിലപാട് മൂലമാണ്. പൊതുമേഖലയുടെ മാത്രം വക്താവായ അദ്ദേഹം ട്രാക്ടറിനെ എതിർത്തു. നെൽകൃഷി നടത്താനാകാത്തവർ വയൽ മറ്റു കൃഷികൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു. കംപ്യൂട്ടറിനെ എതിർത്തു. സ്വാശ്രയ കോളജുകളെ എതിർത്തു. സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന വിമാനത്താവളങ്ങളെ എതിർത്തു. സ്മാർട് സിറ്റിയെ എതിർത്തു. ഇതൊക്കെ ആയിട്ടും അദ്ദേഹത്തിന് കേരളത്തിൽ എല്ലാ പദവികളും കിട്ടി. സ്വന്തം പാർട്ടി ചതിച്ചതുകൊണ്ടാണ് 2016ൽ ഉമ്മൻ ചാണ്ടിയെപ്പോലെ 2011ൽ അദ്ദേഹത്തിന് ഭരണത്തുടർച്ച കിട്ടാതെപോയതെന്നു കരുതുന്നവരുണ്ട്.
പുന്നപ്ര-വയലാർ സമരം
ജന്മിമാർ കഴിഞ്ഞപ്പോൾ അവർക്ക് ഒത്താശ ചെയ്യുന്ന മഹാരാജാവും ദിവാനുമായി. അവർക്കെതിരേയും അദ്ദേഹം പോരാടി. അതായിരുന്നു ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം. ഈ സമരത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെന്ന് വീറോടെ പറയുന്നവരിൽ എം.എം. ലോറൻസുമുണ്ട്.
പാർട്ടിയെ ധിക്കരിച്ചു
പാർട്ടി തീരുമാനങ്ങൾക്കെതിരേ പോലും അദ്ദേഹം നിലപാടുകളെടുത്തു. 1964 ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കായി ചോര കൊടുത്തത് അത്തരത്തിൽ ഒന്നാണ്. ലാവ്ലിൻ കേസിൽ, കൂടംകുളം ആണവനിലയ വിഷയത്തിൽ, എഡിബി വായ്പാകാര്യത്തിൽ ഒക്കെ അദ്ദേഹം പാർട്ടി ലൈനിനെതിരേ ഉറച്ചുനിന്നു. നാലാം ലോകസിദ്ധാന്തത്തെയും വിഎസ് എതിർത്തു.
1990 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ വിഎസ് സമരത്തിലാണ്. 1991ലെ ഇടതുമുന്നണി ഭരണകാലത്ത് മുല്ലപ്പെരിയാർ വിഷയത്തിൽ ജലസേചനമന്ത്രി ബേബി ജോണ്‍ അലംഭാവം കാണിക്കുന്നതായി വിഎസ് ആരോപിച്ചു. ആർഎസ്പി ബഹളം വച്ചു; വിഎസ് വിട്ടില്ല.
പിടിച്ചാൽ കൊണ്ടേ പോകൂ എന്നതായിരുന്നു വിഎസ് ശൈലി. അദ്ദേഹം ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ കാണിച്ചത് അതാണ്. പാമോയിൽ കേസിലും ചാരക്കേസിലും കരുണാകരനെതിരേയും ഈ സമീപനം കൈക്കൊണ്ടു. ബാർ കോഴ കേസിലും മതികെട്ടാൻ വിഷയത്തിലും കെ.എം. മാണിയോടും ഇതേ സമീപനമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ കേസിലും അദ്ദേഹം പിന്നാലെ നടന്ന് വേട്ടയാടി. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയോടും ഇതേ സമീപനം എടുത്തു. പല കേസിലും പിണറായിയുടെ പാർട്ടി ആത്മാർഥമായി വിഎസിന് ഒപ്പം നിന്നില്ല. ലാവ്ലിൻ കേസിലെ കടുംപിടിത്തത്തിനും എഡിബി വിഷയത്തിനും അദ്ദേഹത്തെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.
മതികെട്ടാനിലെ 1281.74 ഹെക്ടർ ദേശീയോദ്യാനമാക്കിയതിനു പിന്നിൽ വിഎസിന്റെ പോരാട്ടവുമുണ്ട്. അവിടത്തെ കൈയേറ്റങ്ങൾ നേരിട്ടു കാണാൻ അദ്ദേഹം 2003ൽ മതികെട്ടാൻമലകയറി. ടാറ്റാ ടീയുടെ 1,027 ഏക്കർ ഏറ്റെടുക്കുന്നതിന് അദ്ദേഹം കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി.
ഇന്നും കത്തുന്ന നിലപാടുകൾ
വിഎസിന്റെ ഭൗതികശരീരം ജനസാഗരത്തിന്റെ അകന്പടിയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്പോഴും കേരളത്തിൽ ചർച്ചാവിഷയമായത് അദ്ദേഹം 2010ൽ നടത്തിയ ഒരു പത്രസമ്മേളനത്തിലെ മുന്നറിയിപ്പായിരുന്നു. 2010ൽ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് കേരളത്തെ മുസ്ലിം ആധിപത്യ സംസ്ഥാനമാക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നീക്കങ്ങൾ നടത്തുകയാണെന്ന്. അതിനായി അവർ യുവാക്കൾക്കു പണവും ആയുധവും കൊടുക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും വിഎസ് വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഫ്രീഡം പരേഡുകൾ സംഘടിപ്പിക്കുന്നത് മുഖം രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 19ന് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിന്റെ വാക്കുകൾ അനുസ്മരിച്ചു. അതു വിവാദവുമായി. ഇന്നത്തെ നിലയിൽ പോയാൽ വൈകാതെ മുസ്ലിംകൾ ലക്ഷ്യം നേടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതു-വലതു മുന്നണികൾ ഒന്നുപോലെ മുസ്ലിം പ്രീണനമാണു നടത്തുന്നത്. നടേശന്റെ വാക്കുകൾ പ്രതിപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി. നടേശൻ വിദ്വേഷപ്രസംഗം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് പത്രം ചന്ദ്രിക വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ചു.
വെള്ളാപ്പള്ളി ശക്തമായാണ് പ്രതികരിച്ചത്. കേരളം മുസ്ലിം ആധിപത്യ പ്രദേശമാവുകയാണ്. ഇപ്പോൾത്തന്നെ സ്കൂൾ ടൈമിംഗിനായാലും സുംബാ നൃത്തിനായായാലും മലപ്പുറത്ത് പോയി അനുവാദം ചോദിക്കേണ്ട നിലയായി. ഭരണത്തിൽ അനാവശ്യമായ കൈകടത്തലുകളാണ് നടത്തുന്നത്. കേരളത്തിൽ മതേതരത്വമല്ല, മതാധിപത്യമാണെന്ന് നടേശൻ പറഞ്ഞു.
നടേശനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മലപ്പുറം പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ഒരു പാർട്ടിക്കെതിരേ പറഞ്ഞത് ഒരു സമുദായത്തിനതിരേ ആക്കിയതാണ്. അത്തരം വാക്കുകൾ പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ഈ പിന്തുണയിൽ വെള്ളാപ്പള്ളി പറയുന്ന വാക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമായ ഹിന്ദു ഏകീകരണം ഉണ്ടാക്കാനല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.
ലീഗും വെൽഫെയർ പാർട്ടിയും അടക്കം മുസ്ലിം രാഷ്ട്രീയം ആകെ കോണ്‍ഗ്രസ് സ്വന്തമാക്കുന്പോൾ ഇതല്ലാതെ സിപിഎമ്മിന് എന്തു വഴി? മാത്രവുമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രീണന നിലപാടുകൾമൂലം സിപിഎമ്മിന്റെ ധാരാളം ഈഴവ വോട്ടുകൾ ചോർന്നു. അതു തടയാനും സിപിഎം ആഗ്രഹിക്കുന്നു.
വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചില്ല. നടേശന്റെ പ്രസ്താവന കേരളം തള്ളിക്കളയുമെന്ന് പഹൽഗാമിനെ അപലപിക്കാതെ ഗാസയ്ക്കുവേണ്ടി കരയുന്ന എം. സ്വരാജ് പ്രതികരിച്ചു. നടേശന്റെ പ്രസ്താവന തീർത്തും നിരുത്തരവാദപരവും മതനിരപേക്ഷസമൂഹത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങളോടെ വെള്ളാപ്പള്ളി ഇനിയും പലതും പറയാനാണിട. അതിനും തിരി കൊളുത്തിയത് വിഎസ്.
Editorial
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാൻ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുന്പോൾ അവരും പ്രതികരിക്കാൻ നിർബന്ധിതരാകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താൻ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുന്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈസ്തവരുമാണെന്ന ധ്വനിയുണ്ടാക്കും.
കാരണം, ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു മാത്രം പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും, ഇതര മതസ്ഥർ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനർഹമായി തട്ടിയെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാർഥതാത്പര്യങ്ങൾക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണം.
ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികത്തിൽ കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിലും ആലുവ യൂണിയനിലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വർഷത്തേക്കെങ്കിലും ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഈഴവനെ വളർത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനമാണ്. എൻഎസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്.
പക്ഷേ, സുകുമാരൻ നായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സന്പത്താണ് അവർ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.”
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയുടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുൾപ്പെടെ ഈഴവ സമുദായത്തിനു കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ ഇന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. ഈഴവനെ വളർത്തിയ ചരിത്രം ഒരു പാർട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സന്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സന്പത്ത് പങ്കിട്ടെടുത്തതാണെങ്കിൽ പരിഹരിക്കാൻ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്.
ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവർച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിർമാണക്കരാർ സംരംഭത്തിലുമൊക്കെ വിജയക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയുമൊക്കെ കൂടുതൽ മികച്ച നിലവാരത്തിലാക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്.
എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബിഡിജെഎസ് (ഭാരത ധർമ ജന സേന) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലാണ്; വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറാണ് പാർട്ടി അധ്യക്ഷൻ.
എങ്കിലും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനൊപ്പമാണ്. ബിഡിജെസ് ബിജെപിക്കൊപ്പം ചേർന്നതോടെ, വെള്ളാപ്പള്ളി ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ സിപിഎം നിലപാട് കടുപ്പിച്ചെങ്കിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തെത്തിയപ്പോൾ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുണ്ട്.
പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നു നിസാര പലിശയ്ക്കെടുത്ത വായ്പ, ഇപ്പോൾ ആർക്കുവേണ്ടി വിലപിക്കുന്നോ ആ സ്വസമുദായാംഗങ്ങൾക്ക് ഉയർന്ന പലിശനിരക്കിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ് എന്നതു മറക്കരുത്. സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും വെള്ളാപ്പള്ളിക്കുണ്ട്. അതേ ഉത്തരവാദിത്വവും അവകാശങ്ങളും മറ്റു സമുദായങ്ങൾക്കുമുണ്ട്.
അർഹമായതു ചോദിച്ചുവാങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നിശ്ചയദാർഢ്യം സമുദായത്തിനു ഗുണകരമായിട്ടുണ്ടെന്നതുപോലെ ചില പരാമർശങ്ങൾ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നുമുണ്ട്. 2019ൽ പുരോഗമന-മതേതര മൂല്യങ്ങൾ വളർത്തുന്നതിന് ഇടതുസർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോൾ അദ്ദേഹത്തിൽനിന്നു സമൂഹം കൂടുതൽ പക്വത പ്രതീക്ഷിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമായതിനാൽ സിപിഎം പലതും കണ്ടില്ലെന്നു നടിക്കും. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കൽ-വാങ്ങലുകളാവാം അത്. പക്ഷേ, വർഗീയ ധ്രുവീകരണത്തിന് മുന്‍പെന്നത്തേക്കാളും ഗതിവേഗം ലഭ്യമായ കാലത്ത് ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്പോൾ കാര്യമറിയാത്തവർക്കു തെറ്റിദ്ധാരണയുണ്ടാകാനും വർഗീയവാദികൾക്ക് ആവേശമുണർത്താനും കാരണമാകും. ജാതി-മത ദ്വേഷമില്ലാത്ത എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് അതല്ലല്ലോ ലോകം പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വേലിക്കകത്തു വീട്ടിലേക്കു വന്നെത്താൻ വി.എസ്. അച്യുതാനന്ദനു വേണ്ടിവന്നത് ശരാശരി മൂന്നു-മൂന്നര മണിക്കൂർ. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുള്ള വിഎസിന്റെ അന്ത്യയാത്ര 22 മണിക്കൂർ നീണ്ടു. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പൊതുദർശനം നടന്ന റിക്രിയേഷൻ ക്ലബ്ബിലേക്കും എത്താൻ വീണ്ടും മണിക്കൂറുകൾ ഏറെയെടുത്തു.
വിഎസിന്റെ അവസാനയാത്ര കണ്ടവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തിയത് രണ്ടു വർഷം മുന്‍പ് ഇതുപോലെ ഒരു ജൂലൈയിൽ തിരുവനന്തപുരത്തുനിന്ന് എംസി റോഡ് വഴി കോട്ടയത്തേക്കു പോയ മറ്റൊരു വിലാപയാത്രയായിരുന്നു. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായിരുന്നു.
സിപിഎം കൃത്യമായ മാർഗരേഖ തയാറാക്കിയാണു വിഎസിന്റെ വിലാപയാത്ര ക്രമീകരിച്ചത്. ദേശീയപാതയിലെ നിശ്ചയിച്ച പോയിന്റുകളിൽ പ്രവർത്തകരും നാട്ടുകാരും എത്തി അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡിന് ഇരുവശവും തിങ്ങിക്കൂടിയതോടെ തുടക്കത്തിൽ തന്നെ സമയക്രമം തെറ്റി.
ജനകീയ നേതാക്കളുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള നിരവധി വിലാപയാത്രകൾ കേരളം കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ പ്രിയ നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്പോൾ ഈ യാത്രകൾ പലപ്പോഴും മണിക്കൂറുകൾ നീളും. ഇതിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ്.
2023 ജൂലൈ 19നു രാവിലെ 7.15നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നു പുറപ്പെട്ട വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത് 28 മണിക്കൂറിനു ശേഷമായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും പിന്നീട് അവിടെനിന്ന് പുതുപ്പള്ളിവരെയും വീഥികൾക്കിരുവശവും മനുഷ്യക്കോട്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിൽ വിലാപയാത്രയെത്താൻ വേണ്ടിവന്നത് 37.5 മണിക്കൂർ.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ അന്ത്യയാത്രയും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെ.എം. മാണിയുടെ യാത്ര 21 മണിക്കൂറിലേറെ നീണ്ടു.
എറണാകുളത്തുനിന്ന് കോട്ടയത്തേക്കും അവിടെനിന്നു പാലായിലേക്കുമായിരുന്നു കെ.എം. മാണിയുടെ അന്ത്യയാത്ര. 2019 ഏപ്രിൽ ഒന്‍പതിനായിരുന്നു കെ.എം. മാണി വിടപറഞ്ഞത്.
കോണ്‍ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരന്റെ അന്ത്യയാത്ര തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കായിരുന്നു.
2010 ഡിസംബറിൽ അന്തരിച്ച കെ. കരുണാകരന്റെ മൃതദേഹം നന്ദൻകോടുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂരിലേക്കു പുറപ്പെട്ടത്.
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടേതായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്ത്യയാത്ര. ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തുനിന്നു കണ്ണൂർ പയ്യാന്പലം ബീച്ചിലേക്കു വിലാപയാത്ര നീങ്ങിയത്.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കി.
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന്
ശ്രമമുണ്ടായി.
ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയിൽ സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് രാവിലെ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്.
Kerala
ജോൺസൺ വേങ്ങത്തടം
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.
Kerala
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെ തള്ളി സിപിഎം. ഡോ.ഹാരിസിന്റേത് പ്രതിപക്ഷത്തിന് ആയുധം നല്കുന്ന പരാമര്‍ശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.
കോവിഡ് സമയത്ത് ലോകം തന്നെ പ്രശംസിച്ച ആരോഗ്യസംവിധാനമാണ് കേരളത്തിന്റേത്. എവിടെയെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ പര്വതീകരിച്ചുകാണിക്കുന്ന മാനസികാവസ്ഥയാണ് ഇത്.
ആരോഗ്യരംഗം പൂര്‍ണമായി തകര്‍ന്നെന്ന് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇതില്‍നിന്ന് പിന്തിരിയണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് ഡോ.ഹാരിസ് പ്രതികരിച്ചു. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്.
വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
നിശാന്ത് ഘോഷ്
കണ്ണൂർ: രവാഡ ചന്ദ്രശേഖറെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ കണ്ണൂർ സിപിഎമ്മിൽ ഭിന്നാഭിപ്രായം. നേതാക്കളിലും പ്രവർത്തകരിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളിലും സർക്കാർ നിലപാടിനോടു കടുത്ത അതൃപ്തിയുണ്ട്. എം.വി. രാഘവൻ മന്ത്രിയായിരിക്കേ കൂത്തുപറന്പിൽ നടന്ന യുവജന സമരത്തിനു നേരേയുണ്ടായ വെടിവയ്പിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെ സിപിഎം ഭരണത്തിൽ സംസ്ഥാന പോലീസ് മേധാവിയാക്കിയതാണ് അതൃപ്തിക്കു കാരണം. മുതിർന്ന നേതാവായ പി. ജയരാജൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. രവാഡ ചന്ദ്രശേഖർ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും ആരാണ് യോഗ്യനെന്നു സർക്കാർ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക എന്നുമായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. നിയമന തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടതു സർക്കാരാണെന്നും ജയരാജന് പറഞ്ഞു.
1994ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും എം.വി. രാഘവൻ സഹകരണമന്ത്രിയുമായിരിക്കേ സ്വാശ്രയ കോളജ് വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ സമരമാണു കൂത്തുപറന്പിൽ വെടിവയ്പിൽ കലാശിച്ചത്. രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിക്കുകയും നട്ടെല്ലിനു പരിക്കേറ്റ പുഷ്പൻ വർഷങ്ങളോളം കിടപ്പിലാവുകയും ചെയ്തു. പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണു മരിച്ചത്.
കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കു കൂത്തുപറന്പ് രക്തസാക്ഷികളോടു വൈകാരികമായ ബന്ധമാണുള്ളത്. വെടിവയ്പിനു കാരണമായ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കുന്നത് ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതിനാൽ, സർക്കാരിനെതിരേ സൈബർ ഇടങ്ങളിലും പോരാട്ടം വ്യാപകമായിരിക്കുകയാണ്. കണ്ണൂരിലെ പാർട്ടിയിലെ പലർക്കും സർക്കാർ നിലപാടിനോടു കടുത്ത വിയോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയാറാവുന്നില്ലെന്നതാണു യാഥാർഥ്യം. 1995ൽ വെടിവയ്പ് സംഭവത്തിൽ പോലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് രവാഡ ചന്ദ്രശേർ ഉൾപ്പെടെയുള്ളവർക്കതിരേ കേസെടുത്തിരുന്നു. യുഡിഎഫ് സർക്കാരിനു ശേഷം അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ കൂത്തുപറന്പ് കേസന്വേഷിക്കാനായി പദ്മനാഭൻ കമ്മീഷനെ നിയമിച്ചു.
1997ൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡിവൈഎസ്പി. അബ്ദുൾ ഹക്കീം ബത്തേരി, രവാഡ ചന്ദ്രശേഖർ എന്നിവർ കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തിയത്. പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇവരെ പ്രതികളാക്കി പുതിയ കേസ് ഫയൽ ചെയ്തെങ്കിലും സുപ്രീംകോടതി പ്രതികളുടെ ഹർജിയെത്തുടർന്ന് കേസ് അന്വേഷണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.
ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും സ്വകാര്യ അന്യായത്തിൻമേൽ കൂത്തുപറന്പ് കോടതി കുറ്റക്കാരാക്കിയിരുന്നു. എന്നാൽ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും കൊല്ലപ്പെട്ടവരോടും പരിക്കേറ്റവരോടും മുൻകാല വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രവർത്തനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടി രവാഡ ചന്ദ്രശേഖർ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കുകയായിരുന്നു.
രവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി. ജയരാജന്റെ നിലപാടുകൾ തള്ളി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. പോലീസ് മേധാവി നിയമനത്തിൽ പാർട്ടി സർക്കാരിനൊപ്പമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കൂത്തുപറന്പ് കേസിൽ രവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് കോടതി തീരുമാനമെടുത്തത്.
വെടിവയ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ചുമതലയേറ്റത്. അദ്ദേഹത്തിന് കാര്യങ്ങളൊന്നുമറിയില്ലായിരുന്നു. ഈ വിഷയത്തിൽ പി. ജയരാജന്റെ പ്രതികരണം സർക്കാരിനെതിരേയുള്ള വിമർശനമായി കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എല്ലാവർക്കും നീതി ഉറപ്പാക്കുന്ന പോലീസ് സംവിധാനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ബാക്കിയെല്ലാം സർക്കാരാണ് തീരുമാനിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ച മന്ത്രിസഭാതീരുമാനത്തോടു പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ രാഷ്ടീയ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. സർക്കാരിനു മുന്നിൽവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അക്കാര്യം വിശദീകരിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഉദ്യോഗസ്ഥരും പലഘട്ടത്തിലും സിപിഎമ്മിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനു മുന്നിൽവന്ന മറ്റൊരു പേരായ നിതിൻ അഗർവാളിനെതിരേ സിപിഎം പരാതിനൽകിയിരുന്നു. സിപിഎം-ആർഎസ്എസ് സംഘർഷമുണ്ടായിരുന്ന സമയത്തു സിപിഎമ്മിന്റെ നിലവിലെ ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ ഭീകരമായി തല്ലിച്ചതച്ച കേസിൽ നിതിൻ അഗർവാൾ പ്രതിയായിരുന്നു.
ഇന്നു യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരുകൾ സർക്കാരിന്റെ പരിഗണനയ്ക്കു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. ചുമതലയേറ്റതിനുശേഷം രവാഡ എടുക്കുന്ന നടപടികളെക്കുറിച്ചു പറയാമെന്നും പി. ജയരാജൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിലമ്പുരിൽ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള തീവ്രവര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിരുന്നു. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മില്‍ കുട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിക്കുമെന്നും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.