തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.
13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.
തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്.
Tags : Karuvannur Bank elections Voting Congress CPIM