International
കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
National
സാംബാ: ജമ്മു കാഷ്മീരിലെ സാംബാ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഗ്രാമത്തിനു മുകളിൽ പാക്കിസ്ഥാനി ഡ്രോൺ പറന്നത് പരിഭ്രാന്തി പരത്തി.
വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഛക് ഭുറ പോസ്റ്റിൽനിന്നാണ് ഡ്രോൺ പറന്നെത്തിയത്. ഖാഗ്വാൾ മേഖലയിലെ റീഗൽ ഗ്രാമത്തിനു മുകളിൽ ഏതാനും മിനിറ്റുകൾ നിന്നശേഷം ഡ്രോൺ മടങ്ങിപ്പോയി.
പ്രദേശത്ത് മയക്കുമരുന്നോ ആയുധങ്ങളോ നിക്ഷേപിച്ചിട്ടില്ലെന്ന് സുരക്ഷാ സേനയുടെ തെരച്ചിലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുകളിൽ ഡ്രോൺ കണ്ടതായി ശിവസേന ഉദ്ധവ് വിഭാഗം എംഎൽസി അനിൽ പരബ് അവകാശപ്പെട്ടു.
സംഭവത്തിനു പിന്നിൽ തീവ്രവാദ പശ്ചാത്തലമുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതീവസുരക്ഷയുള്ള വസതിയാണ് ബാന്ദ്രയിലെ മാതോശ്രീ.
എന്നാൽ, മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അഥോറിറ്റി (എംഎംആർഡിഎ) യുടെ അനുമതിയോടെ നടക്കുന്ന സർവേയുടെ ഭാഗമായിരുന്നു ഡ്രോൺ നിരീക്ഷണമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ് കൽവാനിയ പറഞ്ഞു.ഇത് സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.