District News
പൂവാർ : സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കുന്നതിനിടെ അനൗൺസർ കുഴഞ്ഞ് വീണ് മരിച്ചു. പൂവാർ ആഷിയാനയിൽ പി.താജുദ്ദീൻ (54) ആണ് മരിച്ചത്. തമിഴ്നാട് അഴകിയ മണ്ഡപം നാഗർ സ്ട്രീറ്റ് കൈതേ മില്ലത്ത് താമസിക്കുന്ന താജുദ്ദീൻ തെരഞ്ഞെടുപ്പ് പ്രമാണിപ്പുള്ള പ്രചാരണത്തിനാണ് നാട്ടിൽ എത്തിയത്.
ഇന്നലെ പൂവാർ പഞ്ചായത്തിൽ ടൗൺ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.അഹമ്മദ് കബീറിന് വേണ്ടി ഓട്ടോയിൽ അനൗൺസ്മെന്റ് ചെയ്യുന്നതിന്ന് ഇടയിൽ ഓട്ടോയിൽ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. താജുദ്ദീന്റെ അമ്മ പൂവാർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ അമ്മയെ ആശുപത്രിയിൽ പോയി കണ്ട ശേഷമാണ് ഉച്ചയോടെ പ്രചാരണത്തിനായി പോയത്.
വാഹനത്തിൽ കയറി കുറച്ച് ദൂരം അനൗൺസ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള പൂവാർ സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരണം സംഭവിച്ചതായി പൂവാർ പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ : സുൽത്താന. മകൻ : നസീം.
Kerala
മങ്കൊമ്പ്: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രചരണ വാഹനത്തിലെ മൈക്ക് ഓപ്പറേറ്റർ കുഴഞ്ഞുവീണു മരിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് 13 ാം വാർഡ് കറുകയിൽ രഘുവാണ് (54) മരിച്ചത്.
വൈകിട്ട് 6.30 ഓടെ വടക്കേ അമിച്ചകരിയിൽ വച്ചാണ് സംഭവം. 13 ാം വാർഡിൽ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനുശേഷം പൈലറ്റ് വാഹനത്തിൽ ചമ്പക്കുളത്തേയ്ക്കു പോകുന്നതിനിടെ നൂറ്റിപ്പത്തു ജംഗ്ഷനിലെത്തിയപ്പോൾ രഘു കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുള്ളവർ ഇയാളെ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കൾ: വിജയ്, വിശാഖ്.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. കാവശേരി ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പിന്റെ കടിയേറ്റത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. വെള്ളിക്കെട്ടനാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാനാർഥിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.
District News
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും മുൻകൂട്ടി പോലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ്.
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം. ജാഥ കടന്നുപോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകർ പരിശോധിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം.
ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം. ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടണം.
ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിന്റെ സഹായം തേടാം. ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയപാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർഥിയോ സ്വീകരിക്കാൻ പാടില്ല എന്നും നിർദേശമുണ്ട്.
District News
സ്വന്തം ലേഖകൻ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ റോഡുകളിലും കവലകളിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സജീവമായി. കഴിഞ്ഞ തവണത്തെ കോവിഡ് ഭീതി യിൽ മാറി നിന്ന അനൗണ്‍സ്മെന്റുകൾ അടുത്ത ദിവസം തന്നെ നഗര ഗ്രാമ വീഥികളെ മാറ്റൊലി കൊള്ളിക്കും.
വാട്സാപ്പ്, ഫേസ്ബുക്ക് അടയ്ക്കമുള്ള സോഷ്യൽ മിഡിയകളിൽ ഇതിനകം തന്നെ ചിഹ്നങ്ങളോ ടുകൂടിയ സ്ഥാനാർഥികളുടെ വർണ ചിത്രങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങൾ ഗ്രാമ -നഗര വ്യത്യാസമില്ലാതെ മീഡിയകളിൽ സജീവമാണ്. വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ടു കാണാനാണ് ഇപ്പോൾ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സമയം കണ്ടെത്തുന്നത്.
ഇന്നലെ അവധി ദിനമായതിനാൽ സ്ഥാനാർഥിയടക്കമുള്ള സംഘം തങ്ങളുടെ മുന്നണിയുടെ നിലപാടും നയങ്ങളുമായി വീടുകളിൽ എത്തി. വോട്ടര്‍മാരില്‍ പലരും വീട്ടിലുണ്ടാകുന്ന അവധി ദിവസങ്ങളിൽ കൂടുതലായി വീടുകളിൽ എത്തി വോട്ട് ചോദിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണി നേതൃത്വം.
പരസ്യ പ്രചാരണത്തെക്കാൾ വീടു കൾ കയറി വോട്ടുകൾ ഉറപ്പിക്കുന്നതിലാണ് നേതാക്കളും പ്രവർത്തകരും ഇപ്പോൾ സജീവമായിരി ക്കുന്നത്. സ്ഥാനാർഥികളുമായാണ് ഭൂരിഭാഗവും വീടുകളിലെത്തുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങളും സജീവമാണ്.
ഹരിത തെരഞ്ഞെടുപ്പാണ് ഭരണകൂടം പ്രഖ്യാപിച്ചതെങ്കിലും ഫ്ളക്സ് ബോര്ഡുകളോടുള്ള സ്ഥാനാ ര്‍ഥികളുടെ ആഭിമുഖ്യത്തിന് വലിയ കുറവു വന്നിട്ടില്ല. എങ്കിലും ഫ്ളക്സ് ഒഴിവാക്കിയുള്ള പ്രചാരണ പരിപാടികൾക്കാണ് ഊന്നൽ.
അപരിചിത മുഖങ്ങളായ തങ്ങള്‍ വോട്ടര്‍മാരുടെ ഇടയിലേക്ക് പോകു മ്പോള്‍ പ്രചാരണ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ വലിയ ഗുണം ചെയ്യുന്നുവെന്നാണ് സ്ഥാനാര്‍ഥി കളുടെ വാദം.
പത്രിക സമർപ്പണം പൂർത്തിയാവുകയും പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനി ക്കുകയും ചെയ്യുന്നതോടെ രാത്രിയോടെ സംസ്ഥാനത്തെ സ്ഥാനാർഥികളുടെ യഥാർഥ ചിത്രം വ്യക്തമാകും. വിമത ശല്യം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് തലവേദനയാണ്. പലരേയും പിന്തിരിപ്പിക്കാനുള്ള ശ്രമം നേതൃതലത്തിൽ സജീവമാണ്.
Kerala
തിരുവനന്തപുരം: മംഗലപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി.
സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം അറിയിച്ചത്.
District News
ഉദുമ: പരവനടുക്കത്തെ ഓട്ടോഡ്രൈവറായ പി.പദ്മനാഭൻ ഇത്തവണ ചെമ്മനാട് പഞ്ചായത്തിലെ നാലാം വാർഡ് തലക്ലായിയിൽ ബിജെപി സ്ഥാനാർഥിയാണ്. ചെമ്മനാട് സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ ഭാര്യ സൗമ്യ ബിജെപിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലും മത്സരിക്കുന്നു.
ഇവരുടെ മക്കളായ പ്ലസ്ടു വിദ്യാർഥിനി ശിവന്യയും എട്ടാംതരം വിദ്യാർഥിനി ശിവധന്യയും ജില്ലാ സ്കൂൾ കബഡി ടീമിൽ അംഗങ്ങളാണ്. അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാകുമ്പോൾ മക്കൾ കബഡി പരിശീലനത്തിന്റെ തിരക്കിലാണ്. കാലുവാരലും മലർത്തിയടിക്കലുമൊക്കെ ചേർന്നതാണല്ലോ കബഡിയും രാഷ്ട്രീയവുമെല്ലാം.
സൗമ്യ ഇത് രണ്ടാംതവണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചെമ്മനാട് പഞ്ചായത്തിലെ ദേളി വാർഡിലേക്കായിരുന്നു മത്സരം. പദ്മനാഭന് ഇത് കന്നിയങ്കമാണ്.
നീലേശ്വരം നഗരസഭയിലെ മുന്നണികൾക്ക്
സ്ഥാനാർഥികളായി
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍: 1.പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്- എം. കുഞ്ഞമ്പു നായര്‍, 2.പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്- പി. വിനോദ്കുമാര്‍, 3.നീലേശ്വരം സെന്‍ട്രല്‍-വി.വി. രാജം, 4.കിഴക്കന്‍കൊഴുവല്‍- കെ. സതീശന്, 5.പാലക്കാട്ട്- പി. രാമചന്ദ്രന്, 7.രാങ്കണ്ടം- എ. രമണി, 8.പട്ടേന- എറുവാട്ട് മോഹനന്, 11.പാലായി- ടി.എസ്. ശശികുമാര്‍, 12.വള്ളിക്കുന്ന്-കെ.പി. കരുണാകരന്, 13.ചാത്തമത്ത്-എ.കെ. പദ്മനാഭന്, 14.പൂവാലംകൈ- കെ.കെ. ശ്രീജ, 15.കുഞ്ഞിപുളിക്കാല്‍- പി. രതീഷ്, 17.പേരോല്‍- ഇ.എം. പദ്മാവതി, 18.തട്ടാച്ചേരി-പി. ഗോപാലകൃഷ്ണന്, 19.പള്ളിക്കര- ആതിര, 20.പള്ളിക്കര 2- സിന്ധു, 21.കരുവാച്ചേരി- ഇ. ഷജീര്‍, 22.കൊയാമ്പുറം-പ്രദീപന് ഇട്ടപ്പുറം, 23.ആനച്ചാല്‍- കെ. മുനീറ, 24.കോട്ടപ്പുറം- അഞ്ചില്ലത്ത് സൗദ, 25.കടിഞ്ഞിമൂല- വി.വി. സീമ, 26.പുറത്തേക്കൈ-വി.വി. ജാനു, 27. തൈക്കടപ്പുറം സൗത്ത്-കെ. പ്രകാശന്, 29.തൈക്കടപ്പുറം നോർത്ത്- ടി.പി. ബീന, 31. തൈക്കടപ്പുറം സ്റ്റോര്‍-ശ്രീജ സത്യന്, 34.നീലേശ്വരം ടൗണ്‍- ഒ.കെ. സതി.
ബിജെപി സ്ഥാനാര്‍ഥികള്‍: 1.സി.എം. ഗോപിനാഥന്, 2.എം. യമുന, 5.വി. സുനില്‍കുമാര്‍, 9.ദിലീഷ്, 11. ഇ.വി. രാജന്, 12.ടി.ഡി. ബിജിമോന്‍, 13.സാഗര്‍ ചാത്തമത്ത്, 14. ശരണ്യ സുനില്‍, 15.പി. മോഹനന്, 17. കൃഷ്ണപിയ, 26.രജിത മധു, 27.പി.പി. ദാമോദരന്‍, 29.സന, 32.ടി. റിജു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സിപിഎമ്മിന്റെ കെ. സുജാതയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. സിപിഎം 12 സീറ്റുകളില്‍ മത്സരിക്കും. ഏച്ചിക്കാനം, മാവുങ്കാല്‍, ഡിവിഷനുകളില്‍ സിപിഐയും പനയാല്‍ ഡിവിഷനില്‍ ഐഎന്‍എലും മത്സരിക്കും. പത്രസമ്മേളനത്തില്‍ കെ.വി. കുഞ്ഞിരാമന്, കെ. മണികണ്ഠന്, എന്‍. ബാലകൃഷ്ണന്, പി.കെ. അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.
ഡിവിഷനുകളും സ്ഥാനാര്‍ഥികളും: 1.ഉദുമ- എം. ബീബി, 2.കരിപ്പോടി- എ. ബാലകൃഷ്ണന്, 3.പനയാല്‍- പി.എച്ച്. ഹനീഫ, 4.വെളുത്തോളി- പി. ശാന്ത, 5.പെരിയ- ശാരദ എസ്. നായര്‍, 6.പുല്ലൂര്‍-മാടിക്കാല്‍ നാരായണന്, 7.ഏച്ചിക്കാനം- പി. ഗോവിന്ദന്, 8.മടിക്കൈ-കെ. സുജാത, 9.മാവുങ്കാല്‍- ബിന്ദു പാണന്തോട്, 10.മിയൻ- പി.കെ. മഞ്ജിഷ, 11.അജാനൂര്‍- യു.വി. ബഷീര്‍, 12.രാവണീശ്വരം-രതീഷ് വെള്ളംതട്ട, 13.പാക്കം- നസ്നിം വഹാബ്, 14.ബേക്കല്‍- ബി.എം. നഫാസത്ത്, 15.പാലക്കുന്ന്-ശ്രീസ്ത രാമചന്ദ്രന്.
Kerala
ഇടുക്കി: ബൈസൺവാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം.
യുഡിഎഫ് സ്ഥാനാർഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.
ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.
ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനത്തിന് പ്ലാസ്റ്റിക്, പിവിസി, ഫ്ളക്സ് തുടങ്ങിയവ പൂർണമായി നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ.
ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കാൻ പേപ്പർ, പിസിബി സർട്ടിഫൈ ചെയ്ത 100% കോട്ടണ്‍, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കാൻ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ-പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനങ്ങളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയാറാക്കണം.
തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെയും തദ്ദേശവകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ. തെരഞ്ഞെടുപ്പ് പ്രചരണത്തിനുശേഷം പാർട്ടികളും സ്ഥാനാർഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം.
അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അതു നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കണം. പോളിംഗ് സ്റ്റേഷനുകളിലും വിതരണ- സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്- വോട്ടെണ്ണൽ ദിനങ്ങളിൽ ജൈവ- അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിനു വേണ്ട ബിന്നുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിതകർമസേന, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ്വസ്തുക്കൾ നീക്കംചെയ്യണം.
പൊതു പരിപാടികളിൽ ശബ്ദമലിനീകരണം ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.