Kerala
കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജ് (18) ആണ് മരിച്ചത്.
ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോടു ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
കോട്ടയം: ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്.
ഇവർ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.
NRI
കാഡോ കൗണ്ടി (ഓക്ലഹോമ): ഓക്ലഹോമയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ.
അമ്മയും രണ്ടാനച്ഛനും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാലപീഡനം, ലൈംഗികാതിക്രമം, അവഗണന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ കിത്സയിലാണ്.
രണ്ടാനച്ഛന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിലിറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.
Kerala
കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
തിരുവനന്തപുരം: കരമനയിൽനിന്നു കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.
പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷിക്കുകയായിരുന്നു.
ഇതിനിടെയാണ് ഹൈദരാബാദിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.
Kerala
മലപ്പുറം: കരുളായിയിൽ നിന്ന് കാണാതായ പതിനെഴുകാരിയെ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ കരുളായി സ്വദേശിനിയെയാണ് കോഴിക്കോട് നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ നിന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ ആണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാരുമായി പിണങ്ങിയാണ് പെണ്‍കുട്ടി ഉച്ചക്ക് വീട് വിട്ട് ഇറങ്ങിയത്.
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കണ്ടതായി വിവരം കിട്ടിയതിനെ തുടർന്ന് സഹോദരങ്ങൾ അവിടെയെത്തി പരിശോധിച്ചെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Kerala
മാന്നാര്‍: കാണാതായ യുവാവിനെ രണ്ട് ദിവസത്തിനുശേഷം ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന് നായരുടെ മകന് വിഷ്ണു നായരെ (34) യാണ് എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തിയത്.
ദുബായിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബന്ധുക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ബുധനൂര്‍ പഞ്ചായത്ത് അംഗം രാജേഷ് ഗ്രാമത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.
ഇതിൽ ബൈക്കിൽ യാത്ര ചെയ്ത വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്നതായി കണ്ടെത്തി. തുടര്‍ന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ ബൈക്കും സമീപത്ത് അവശനിലയില്‍ വിഷ്ണുവിനെയും കണ്ടെത്തിയത്.
ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർആർടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.
Kerala
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്.
വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തിയട്ടുണ്ട്.
അസ്ഥകൂടത്തിന് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.
സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Kerala
പട്ടാമ്പി: തിരുമിറ്റക്കോടുനിന്നു തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി മുഹമ്മദാലിയെ കണ്ടെത്തി. കോതകുറിശിയില്നിന്നാണു പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയശേഷം മുഹമ്മദാലിയെ കോതകുറിശി ഭാഗത്ത് വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അക്രമികള്‍ ഉറങ്ങിയസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയോടി മുഹമ്മദാലി പോലീസിനെ വിളിക്കുകയായിരുന്നു. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ശനിയാഴ്ച രാത്രി ആറരയോടെയായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്നു ആറങ്ങോട്ടുകര ഭാഗത്തേക്കു കാറിൽ പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടര്ന്നുവന്ന സംഘം തോക്കുകാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴു സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. ബിസിനസ് രംഗത്തെ വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്ന് മുഹമ്മദാലി പറഞ്ഞു. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് പ്രവാസി വ്യവസായി വി.പി. മുഹമ്മദലി. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുഹമ്മദാലിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
Kerala
വയനാട്: പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Kerala
ആലപ്പുഴ: കാർത്തികപള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വച്ച് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ വെടിയുണ്ടകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
National
ബംഗളൂരു: തമ്മനഹള്ളിയിൽ കോളജ് വിദ്യാർഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര പ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല.
ബിബിഎം വിദ്യാർഥിനിയാണ് ദേവിശ്രീ. തമ്മനഹള്ളിയിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം.
കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അവർ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ടൂറിസം പോലീസ് എത്തി വർക്കല സ്റ്റേഷനിലും അയിരൂർ സ്റ്റേഷനിലും വിവരമറിയിച്ചു. ഈ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.
Kerala
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗ്(11)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പിതാവിനെയും രണ്ടാനമ്മയേയും കൈയേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ മർദിച്ചിരുന്നതായാണ് അയൽവാസികൾ ആരോപിക്കുന്നത്.
നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.
സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ടത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. അലമാരിക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂജ ആശുപത്രിയിൽ പോയി തിരിച്ച് എത്തുമ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അയൽവാസികൾ ആരോപിച്ചു.
രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പതിവായിരുന്നുവെന്നും ബെൽറ്റിന് അടിക്കുകയും തല ഭിത്തിയിൽ പിടിച്ച് ഇടിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനെമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
International
ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം. ദുബായിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഷാർജ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായി മാതാപിതാക്കൾ അറിയിച്ചു.
ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു.
ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തി കുട്ടിയെ കൂടി കൊണ്ട് പോകുകയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബായിൽ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഔദ് മേത്തയിൽ താൻ പഠിച്ചിരുന്ന സ്കൂളിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം അബു ഷഗാരയിലെ ഒരു ക്ലിനിക്കിൽ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കിൽ ആക്കിയ ശേഷം പിൻവാതിലിലൂടെ പുറത്ത് കടന്നു.
ബസിലും തുടർന്ന് ദുബായ് മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വച്ചാണ് നാട്ടുകാർ റിതികയേ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും രീതികളുടെ കുടുംബം നന്ദി പറഞ്ഞു.