National
ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി തല ചാക്കിലാക്കി കനാലിൽ എറിഞ്ഞു.
ആഗ്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ (30) യെയാണ് അതേ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിനയ് (30) എന്ന യുവാവ് കൊലപ്പെടുത്തിയത്.
ഇവർ തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിനയുടെ വിവാഹാഭ്യർഥന മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. വിനയ്, മിങ്കിയെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു ബാഗിലും തല മറ്റൊരു ചാക്കിലുമായി സൂക്ഷിച്ചു. തുടർന്ന് തല സൂക്ഷിച്ചിരുന്ന ചാക്ക് കനാലിൽ എറിഞ്ഞു.
ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് യമുന നദിയിലേക്ക് എറിയാൻ ശ്രമിച്ചുവെങ്കിലും പാലത്തിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും ഓഫീസിൽനിന്നു കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മിങ്കിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.
Kerala
കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവനം പുറലോകമറിയുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോഴാണ് അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീടിന്റെ കമ്പി നെറ്റ് തകർത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും മരിച്ചു. ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മക്കൾ: സുദീപ്, സുമിത്, സുബിത.
International
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
എംബസികളും ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിംഗുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
NRI
ഡാളസ്: ഡാളസിൽ പോലീസ് വെടിവയ്പിൽ കൊലപാതക കേസ് പ്രതി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ മെസ്കിറ്റിലെ തിരക്കേറിയ ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽബിജെ ഫ്രീവേയിലാണ് സംഭവം നടന്നത്.
ഡാളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ച കേസിലെ പ്രതി മാൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാളസ് പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചപ്പോൾ, ഇയാൾ ആയുധവുമായി പുറത്തിറങ്ങി പോലീസിനെ നേരിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് വെടിയുതിർക്കുകയും പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല. വാരാന്ത്യമായതിനാൽ ഷോപ്പിംഗിനായി നിരവധി ആളുകൾ എത്തിയ ടൗൺ ഈസ്റ്റ് മാളിന് സമീപം വെടിവയ്പ് നടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശം പോലീസ് വളയുകയും ഫ്രീവേയിലെ ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അഞ്ച് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
National
ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി യുവാവ്. റിതു ഭണ്ഡാർക്കർ (23) എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് ബാലാഗട്ട് ജില്ലയിലാണ് സംഭവം.
മധ്യപ്രദേശിലെ ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്ര ചെയ്തിരുന്നത്. സംഭവ സമയം യുവതി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തർക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പ്രതിയെ മർദിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.