അമൃത്സർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവച്ച് ജീവനൊടുക്കി വിദ്യാർഥി.
ഒന്നാം വർഷ നിയമവിദ്യാർഥികളായ നൗഷെഹ്റ പന്നുവാൻ നിവാസിയായ സന്ദീപ് കൗർ, ജലന്ധർ ജില്ലയിലെ മല്ലിയൻ ഗ്രാമവാസിയായ പ്രിൻസ് രാജ് എന്നിവരാണ് മരിച്ചത്.
സംഭവത്തിന്റെ ക്ലാസ് മുറി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 9.15ഓടെയാണ് സംഭവം നടന്നത്.
ക്ലാസിലേക്ക് കയറിവന്ന പ്രിൻസ്, സന്ദീപ് കൗറിനടുത്തേക്ക് എത്തുകയും ഇരുവരും സംസാരിക്കാനായി മുറിയുടെ പിൻഭാഗത്തേക്ക് പോവുകയുമായിരുന്നു. മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംസാരത്തിനിടെ ബാഗിൽ നിന്നും തോക്കെടുത്ത യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടി വീണയുടൻ തന്നെ ഇയാൾ സ്വന്തം തലയ്ക്കും വെടിവെച്ചു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പോലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് കാരണം പ്രണയബന്ധം സംബന്ധിച്ച മുന്‍വൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.
Tags : Student Kill suicide Classroom