Kerala
തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി അന്വേഷണ സംഘം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ യുവതിയെ വീണ്ടും അപമാനിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണ സംഘത്തിന്റെ ഹർജിയിൽ കോടതി രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
National
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളിൽ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശം രീതിയിൽ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു.
ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. എഐ ദുരുപയോഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നീക്കം. 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയത്.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ വംശീയാക്രമണത്തിന് വിധേയനായി എയ്ഞ്ചൽ ചക്മ (24) എന്ന വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഏഴ് ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണമെന്നും ഡെറാഡൂൺ അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി. കേസ് നടപടികളുടെ പകർപ്പ് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ചുകൊടുക്കണം.
Kerala
കൊച്ചി: 10 മിനിട്ട് ഡെലിവറി എന്ന അതിവേഗ സേവനത്തിന്റെ പേരില്‍ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്കി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി. നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മര്‍ദം മൂലം ഡെലിവറി ഏജന്റുമാര്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
സിഗ്നല്‍ ലംഘനം, തെറ്റായ ലെയ്ന്‍ മാറ്റം, സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതെയുള്ള യാത്ര എന്നിവ റൈഡര്‍മാര്‍ക്കിടയില്‍ പതിവാകുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
അതിവേഗ ഡെലിവറി സംവിധാനം റോഡ് സുരക്ഷയെ ബാധിക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കുന്നുവെന്നും റൈഡര്‍മാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദീകരിക്കാന്‍ കമ്പനികളോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമയം ജീവനേക്കാള്‍ പ്രധാനമാണെന്ന തെറ്റായ സന്ദേശമാണ് ഇത്തരം ബിസിനസ് മാതൃകകള്‍ നല്‍കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ നിരീക്ഷിച്ചു.
Kerala
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ നോട്ടീസ് നൽകി വിട്ടയച്ചു. ഒന്നര മണിക്കൂർ ചൊദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
പോലീസ് ആവശ്യപ്പെടുന്ന സമയത്തൊക്കെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സുബ്രഹ്മണ്യനെ വിട്ടയത്. അദ്ദേഹത്തിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു. പോലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.
കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പോലീസ് വാങ്ങിവച്ചുവെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.
ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
National
ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ഏതാനും വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോടതിയുടെ പരിഗണനയിലുള്ള സമാനസ്വഭാവത്തിലുള്ള ഹർജികൾക്കൊപ്പം ഇതു പരിഗണിക്കാനും ജസ്റ്റീസ് ദീപാങ്കർ ദത്തയും ജസ്റ്റീസ് എ.ജി. മസിഹും അടങ്ങുന്ന ബഞ്ച് തീരുമാനിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭകൾ പാസാക്കിയതും സമാനസ്വഭാവമുള്ളവയുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചതിനെത്തുടർന്നാണിത്.
രാജസ്ഥാനിലെ നിയമത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും സര്‍ക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹർജിയിൽ സിബിസിഐ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്താല്‍ കുറ്റാരോപിതരുടെ വീടുകളുംമറ്റും കണ്ടുകെട്ടുന്നതിനും പൊളിക്കുന്നതിനും വ്യവസ്ഥയുണ്ടെന്നും ഹർജിയിൽ പറയുന്നു. കുറ്റം തെളിയും മുന്‍പേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാമത്തെ കേസിലെ അതിജീവിതക്ക് നോട്ടീസ് അയച്ച് പോലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത പരാതി അയച്ച മെയിലിലേക്ക് നോട്ടീസ് അയച്ചത്.
മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.
Kerala
തിരുവനന്തപുരം: അതീജീവിതയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. അതിജീവിതയെ രാഹുൽ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച ദീപ പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.
നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പോലീസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു.
ജയിലിനുള്ളിലെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരേ ഇഡി നോട്ടീസ് അയച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ല. ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും, അതുപോലെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്.
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം നൽകി. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്.
പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.
സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എംവിഡിയുടെ നേതൃത്വത്തിൽ വലിയ പരിശോധന നടന്നിരുന്നു.
500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസർഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് സർക്കാർ അപ്പീല്‍ നൽകിയത്.
നേരത്തെ നല്കിയ റിവിഷന്‍ ഹർജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ . കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമവിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
പോലീസ് നല്കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. എസ്സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം.
National
ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ പരിസ്ഥിതി പ്രവര്ത്തകന് സോനം വാംഗ്ചുകിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഗീതാഞ്ജലിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന് സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റീസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാംഗ്ചുകിനെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചില്ലെന്ന് ഗീതാഞ്ജലി ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തുകൊണ്ട് ഭാര്യയെ ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. തടങ്കലില്‍ വച്ചതിന്റെ കാരണങ്ങള്‍ ഭാര്യയെ അറിയിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നൽകി.
വാംഗ്ചുകിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാംഗ്ചുകിന്റെ മോചനത്തില്‍ ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
നിലവില്‍ ജോധ്പുര്‍ ജയിലിലാണ് സോനം വാംഗ്ചുകിനെ പാര്‍പ്പിച്ചിട്ടുള്ളത്. വാംഗ്ചുകിനെ ആര്‍ട്ടിക്കിള്‍ 22 പ്രകാരം നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജയില്‍ മോചിതനാക്കണമെന്നുമാണ് ഗീതാഞ്ജലി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രസര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, എന്നിവര്‍ക്ക് പുറമെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ഹര്‍ജിയിലെ എതിര് കക്ഷികളാണ്.
Kerala
കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കേസില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടന് ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്.
ഉണ്ണി മുകുന്ദന് താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍വച്ച് മാനേജര്‍ ബിപിന്‍ കുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്കും നെഞ്ചത്തും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
എന്നാല്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. മാനേജരെ ഉപദ്രവിച്ചിട്ടില്ല. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടതോടെ പിരിച്ചുവിട്ടതെന്നുമാണ് ഉണ്ണി മുകുന്ദന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.