മുക്കം: സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് പാഴൂരിൽ വച്ച് സഹോദരങ്ങളെ വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതായുള്ള കേസിൽ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പ് സ്വദേശി ചേലപ്പുറത്ത് മുഹമ്മദ് ഇർഫാനായാണ് മാവൂർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
പ്രതിക്കായി മുക്കം പോലീസും മാവൂർ പോലീസും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് രണ്ട് കേസുകളും മാവൂർ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സാരമായി പരിക്കേറ്റ സഹോരങ്ങളായ ചെറുവാടി പഴംപറമ്പിൽ കറുത്തേടത് തൻസിഫ് (21), സഹോദരങ്ങളായ തസ്നിം, (27), തൻസിൽ (20) എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതരയോടെ തൻസിഫിന്റെ പഴംപറമ്പിലിലെ വീട്ടിലാണ് സംഭവങ്ങളുടെ തുടക്കം.
തൻസീഫും ഇർഫാനും തമ്മിലുണ്ടായ പണമിടപാടിനെച്ചൊല്ലി തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ തൻസിഫിനെ ഇർഫാൻതന്നെ തന്റെ കാറിൽ തൻസിഫിന്റെ മാതാവിനെയും മറ്റൊരാളെയും കൂടെകൂട്ടി കൂളിമാട്ടെ സ്വകാര്യ ക്ലിനിക്കിലും മുക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയും ചെയ്തു.
ഇതിനിടെ, തൻസീഫിനെ ആക്രമിച്ചതറിഞ്ഞ തസ്നിമും തൻസിലും ബൈക്കിൽ ഇർഫാന്റെ വീട്ടിലെത്തുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് തിരഞ്ഞു വരികയുമായിരുന്നു. ഇതറിഞ്ഞ ഇർഫാൻ ആശുപത്രിയിൽനിന്ന് തിരിച്ചുവരുന്നതിനിടെ പുൽപറമ്പ്-കൂളിമാട് റോഡിൽ പാഴൂരിൽവെച്ച് രാവിലെ 10.15ഓടെ തസ്നിമും തൻസിലും ഇർഫാന്റെ കാർ തടയാൻ ശ്രമിക്കുകയായിരുന്നു. നടുറോഡിൽ ബൈക്ക് നിർത്തി കൈയിലുണ്ടായിരുന്ന ആയുധവുമായി ചാടിയിറങ്ങുന്നതിനിടെ ഇർഫാന്റെ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Tags : nattu vishesham Youths hit by car Lookout notice