Movies
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ പറയുന്നു.
‘ശുഭദിനം. ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതിൽ ‘തീക്കുട്ടി’ എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ)
ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്നു മാസമായി പിആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്,
അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്, ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും, (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട.’ സീമ ജി. നായർ കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരിൽ വലിയ രീതിയിൽ സീമ ജി. നായർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
National
പുർണിയ: "വോട്ട് ചോരി’ ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ ശക്തിയുമുപയോഗിച്ച് വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുമെന്നും ഇതിനെതിരായി പ്രവർത്തിക്കേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും രാഹുൽ പറഞ്ഞു. ബിജെപി എല്ലായിടത്തും തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നത് വോട്ടുകൾ മോഷ്ടിച്ചാണെന്നും രാഹുൽ ആരോപിച്ചു.
ബിഹാറിലെ പൂർണിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഹരിയാന തെരഞ്ഞെടുപ്പ് മോഷ്ടിച്ചത് തങ്ങൾ ലോകത്തിന് മുഴുവൻ കാണിച്ചുകൊടുത്തു. ബിഹാറിലും അവർ വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുണ്ട്. ഇത് അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കേണ്ടത് ബിഹാറിലെ യുവാക്കളുടെ ഉത്തരവാദിത്തമാണ്.
പോളിംഗ് ബൂത്തുകളിൽ ജാഗ്രത പാലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ ശതകോടീശ്വരന്മാരുടെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് നഗരസഭാധ്യക്ഷയോടു വിശദീകരണം തേടി ബിജെപി സംസ്ഥാനനേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു.
പ്രമീളയ്ക്കെതിരേ ശക്തമായ നടപടി വേണമെന്നു ജില്ലയിൽനിന്നുള്ള സംസ്ഥാനനേതാവ് സി. കൃഷ്ണകുമാറും പാർട്ടി ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർപക്ഷം ആവശ്യപ്പെട്ടത്. മാധ്യമങ്ങൾക്കുമുന്നിൽ തെറ്റ് ഏറ്റുപറയണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കടുത്ത നടപടി എടുക്കുന്നതു തിരിച്ചടിയാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.
അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പാലക്കാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചു. വികസനപ്രവർത്തനമെന്ന നിലയിലാണു പരിപാടിയിൽ പങ്കെടുത്തതെന്നാണു വിവാദങ്ങളിൽ പ്രമീള ശശിധരന്റെ പ്രതികരണം.
പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള പ്രതികരിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്നു പറഞ്ഞ പ്രമീള, പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.
Kerala
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരും. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
Leader Page
ബിഹാറിൽ വൻ റാലിയോടെ ഇന്നലെ സമാപിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര ദേശീയ രാഷ്ട്രീയത്തിൽ തുടർചലനങ്ങളുണ്ടാക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പരന്പരാഗത ശൈലിയും സന്തുലിതാവസ്ഥയും പോലും തകിടം മറിച്ചേക്കാവുന്നതാകും ഇനിയുള്ള ദിവസങ്ങൾ. ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകളും രാഹുൽ ഉയർത്തിയ വോട്ടുകൊള്ളയും അണയാതെ ആളിക്കത്തുകയാണ്.
ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ തന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ വസ്തുകളാണെന്നു തെളിഞ്ഞതായി കോണ്‍ഗ്രസ് പറയുന്നു. രാഹുൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും തെളിയിക്കാനായിട്ടില്ല.
ഇനി ഹൈഡ്രജൻ ബോംബ്
എന്നാൽ, ഇപ്പോൾ കണ്ടത് ആറ്റം ബോംബ് ആണെങ്കിൽ ഉടനെ വരുന്നത് ഹൈഡ്രജൻ ബോംബ് ആകുമെന്നാണു രാഹുൽ ഇന്നലെ പാറ്റ്നയിലെ സമ്മേളനത്തിൽ ബിജെപിക്ക് മുന്നറിയിപ്പു നൽകിയത്. അടുത്ത വെളിപ്പെടുത്തലിനു ശേഷം നരേന്ദ്ര മോദിക്കു ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ലെന്നുകൂടി രാഹുൽ പറഞ്ഞു. മഹാദേവപുരയേക്കാൾ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്കായി രാജ്യം കാതോർക്കുകയാണ്.
ബിഹാറിലെ വോട്ടർപട്ടികയിൽനിന്നു 65 ലക്ഷം വോട്ടർമാരെ നീക്കാനുള്ള ശ്രമങ്ങൾക്കെതിരേയും വോട്ടുകൊള്ളയ്ക്കെതിരേയും മാത്രമാകില്ല വോട്ട് അധികാർ യാത്ര. രണ്ടു മാസത്തിനകം നടക്കാനുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി, കോണ്‍ഗ്രസ്, ഇടത് മഹാസഖ്യത്തെ അധികാരത്തിലേറ്റുക തന്നെയായിരുന്നു വോട്ട് യാത്രയുടെ മുഖ്യലക്ഷ്യം. ബിഹാറിലും മറ്റു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞ കോണ്‍ഗ്രസിന് പുതിയ ഉണർവും ആവേശവും ഒരുപരിധി വരെയെങ്കിലും പുനരുജ്ജീവനവും ശക്തിയും പകരാൻ വോട്ട് അധികാർ യാത്ര വഴിതെളിക്കും.
വോട്ടവകാശത്തിനു വിലയേറെ
വോട്ടർ അധികാർ യാത്ര ബിഹാറിൽ മാത്രമല്ല, രാജ്യമെന്പാടും വോട്ട് മോഷണത്തിനെതിരേ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാറ്റ്നയിൽ പറഞ്ഞതിൽ അതിശയോക്തിയില്ല. പ്രധാനമന്ത്രി മോദി വോട്ട് മോഷ്ടിക്കുന്നതു പതിവാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കുകളെ വഞ്ചിച്ചവർപോലും മോദി ഭരണകാലത്തു രാജ്യം വിട്ടു. മോദിയും അമിത് ഷായും ചേർന്നു സാധാരണക്കാരുടെ വോട്ടുകൾ മോഷ്ടിക്കുന്നതിനെതിരേ ഖാർഗെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
വോട്ടവകാശം ഒന്നുകൊണ്ടു മാത്രമാണ് ആളുകൾക്കു കുറച്ചെങ്കിലും പരിഗണന ലഭിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളതുകൊണ്ടു മാത്രമാണ് മന്ത്രിമാരും ജനപ്രതിനിധികളും നിങ്ങളിലേക്ക് എത്തിച്ചേരുന്നത്. അല്ലെങ്കിൽ, ആരും നിങ്ങളെ ശല്യപ്പെടുത്തുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ല. വോട്ടവകാശം നിരന്തരം ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞതിൽ കൃത്യമായ മുന്നറിയിപ്പുണ്ട്.
ജനരോഷം ഉയർത്താനുറച്ച്
ചരിത്രം കുറിച്ച രാഹുലിന്റെ രണ്ടു ഭാരത് ജോഡോ യാത്രകൾക്കുശേഷമുള്ള യാത്ര പുതിയൊരു പോരാട്ടത്തിന്റെ നാന്ദികൂടിയാകും. അടുത്തതായി ഗുജറാത്തിലാകും വോട്ടവകാശ യാത്ര രാഹുൽ നടത്തുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ നൽകിയ സൂചന. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സാവധാനമെങ്കിലും മോദി സർക്കാരിനെതിരേ ജനവികാരം ഉണർത്തുന്നതിൽ രാഹുലും പ്രതിപക്ഷ പാർട്ടികളും വിജയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ക്രമക്കേടുകളില്ലെങ്കിൽ ഭരണം മാറുമെന്നതിൽ ഇന്ത്യാ സഖ്യം നേതാക്കൾക്കു സംശയമില്ലാതായതിൽ രാഹുലിന്റെ പോരാട്ടമാകും മുന്നിൽ.
തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക-ചെറുകിട വ്യവസായ, വാണിജ്യ പ്രതിസന്ധി തുടങ്ങിയ പരാജയമാകുന്ന സാന്പത്തിക, വിദേശകാര്യ നയങ്ങൾ വരെയുള്ള പലതും ജനങ്ങളെ ബോധ്യപ്പെടുത്താനാകും പ്രതിപക്ഷനേതാവിന്റെ ദൗത്യം. വിലക്കയറ്റത്തിന്റെ പൊള്ളൽ ബിഹാറിലെ സാധാരണക്കാരെയും പാവങ്ങളെയും കാര്യമായി ബാധിച്ചത് നിതീഷ് കുമാറിന്റെ ജെഡിയു, ബിജെപി സർക്കാരിനു തലവേദനയാണ്.
ജനപ്രീതി ഉയർത്തി രാഹുൽ
ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും, രാജ്യത്തിന്റെ ഐക്യത്തിനും സമുദായ സൗഹാർദത്തിനും ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികളും സത്യമാണെന്നു ബോധ്യപ്പെടുത്താൻ വോട്ടുകൊള്ളയും എസ്ഐആറും രാഹുൽ സമർഥമായി ഉപയോഗിച്ചു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി പ്രതിപക്ഷത്തെ പാർട്ടികളെ ബോധ്യപ്പെടുത്താനും അവസരം അദ്ദേഹം നന്നായി വിനിയോഗിച്ചു. മോദിക്കു ബദലാകാൻ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രതിപക്ഷനേതാവായി രാഹുൽ മാറിയതു തികഞ്ഞ കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ്.
പാർലമെന്റിലും പുറത്തും തുടർച്ചയായ പോരാട്ടങ്ങളിലൂടെ പ്രതിപക്ഷത്തെ എല്ലാവർക്കും കൂടുതൽ സ്വീകാര്യനായി രാഹുൽ മാറിയത് അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ബിജെപിക്കാരെപ്പോലെയല്ലെങ്കിലും രാഹുലിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പരിഹാസവും വിമർശനവും ഉയർത്തിയിരുന്ന ഇന്ത്യാ സഖ്യത്തിലെ പാർട്ടികളൊക്കെ എത്ര വേഗമാണു രാഹുലിന്റെ കീഴിൽ പാർലമെന്റിലും പുറത്തും അണിനിരന്നത്. രാഹുലിന്റെ വസതിയിൽ നടത്തിയ അത്താഴവിരുന്നിൽ പ്രതിപക്ഷനേതാക്കളും എംപിമാരും സജീവമായി പങ്കെടുത്തതും ഈ മാറ്റത്തിന്റെ പ്രതിഫലനമായി.
ഗെയിം ചേഞ്ചറാകുന്ന യാത്ര
രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം ഓഗസ്റ്റ് 17ന് ബിഹാറിൽ ആരംഭിച്ച വോട്ടർ അധികാർ യാത്ര കടന്നുപോയ 25 ജില്ലകളിലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. പാറ്റ്നയിൽ ഇന്നലെ നടന്ന സമാപനറാലിയിലെ ജനങ്ങളുടെ വർധിത ആവേശം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ആർജെഡിയും കോണ്‍ഗ്രസും വിശ്വസിക്കുന്നു. ബിഹാറിൽ പുതിയൊരു സർക്കാർ വന്നാൽ, മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്കെതിരേ ജനവികാരം ഉയരുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രത്യാശ.
ആറു മാസത്തിനകം ബിഹാറിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകംകൂടിയാണ്. മഹാത്മാഗാന്ധിയെ വധിച്ച അതേ ശക്തികൾ ഭരണഘടനയെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെയും മുന്നറിയിപ്പ് നൽകി. വോട്ടവകാശ യാത്ര ഗെയിം ചേഞ്ചർ ആകുമെന്ന് കഴിഞ്ഞ 24ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞതും പ്രതിപക്ഷ നേതാക്കളുടെ മനസിലെ വികാരമാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല.
രാഹുലിനെതിരെ അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഫിറോസ് പറഞ്ഞു.
യുഡിഎഫ് എല്ലാം മറികടക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും ഫിറോസ് പറഞ്ഞു. അതേസമയം രാഹുലിനെതിരേ തുടർച്ചയായി വരുന്ന ആരോപണങ്ങൾ കോണ്‍ഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാഹുലിന്റെ രാജി സംബന്ധിച്ച് ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഹുൽ രാജി ആവശ്യത്തിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇതിൽ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ ചോദിച്ചു.
അതേസമയം ആരോപണങ്ങൾക്ക് മുൻപ് ട്രാൻസ് വുമൺ അവന്തിക ഒരു സ്ക്രീൻഷോട്ട് തനിക്ക് അയച്ചു നൽകിയിരുന്നതയി ബിജെപി നേതാവ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിനെതിരെ പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നത്. ഇന്നല്ലെങ്കിൽ നാളെ രാജിവയ്ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ, വിഡി സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്ത് വന്നതെന്നും ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു എന്നും ഗോവിന്ദന് പറഞ്ഞു.
രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. സതീശന് അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അതേസമയം ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു, മുഖ്യതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.