പുർണിയ: "വോട്ട് ചോരി’ ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ ശക്തിയുമുപയോഗിച്ച് വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുമെന്നും ഇതിനെതിരായി പ്രവർത്തിക്കേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും രാഹുൽ പറഞ്ഞു. ബിജെപി എല്ലായിടത്തും തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നത് വോട്ടുകൾ മോഷ്ടിച്ചാണെന്നും രാഹുൽ ആരോപിച്ചു.
ബിഹാറിലെ പൂർണിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഹരിയാന തെരഞ്ഞെടുപ്പ് മോഷ്ടിച്ചത് തങ്ങൾ ലോകത്തിന് മുഴുവൻ കാണിച്ചുകൊടുത്തു. ബിഹാറിലും അവർ വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുണ്ട്. ഇത് അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കേണ്ടത് ബിഹാറിലെ യുവാക്കളുടെ ഉത്തരവാദിത്തമാണ്.
പോളിംഗ് ബൂത്തുകളിൽ ജാഗ്രത പാലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ ശതകോടീശ്വരന്മാരുടെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Tags : Rahul votes Bihar election Rahul Gandhi