District News
ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. തീർഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ 1500ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ കുമളി, കന്പംമെട്ട് പാതകളിൽ ഓരോ ജംഗ്ഷനിലും കൂടുതൽ പോലീസിനെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്സ ലൈറ്റുകൾ സ്ഥാപിക്കും. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കാനന പാതയിൽ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെയും പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളിൽ എലിഫന്റ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
അപകടകരമായ സ്ഥലങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ കണ്ട്രോൾ റൂം തുറന്നു. സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും എൻഎച്ച്, പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. മകരവിളക്ക് ദിവസമായ ഇന്ന് കുമളി- കോഴിക്കാനം റൂട്ടിൽ രാവിലെ ആറു മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ഡ്യൂട്ടിക്ക് എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ ദർശനത്തിന് തീർഥാടകർ സേനാംഗങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
District News
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിലെ തിരുനെല്ലി, നൂൽപ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയായ ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത്തല വിവര ശേഖരണം ആഭിച്ചു.
വിവരശേഖരണത്തിന്റെ ഉദ്ഘാടനം കുമിഴി ഉന്നതിയിൽ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ എന്നീ ഉന്നതികളിലാണ് കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുക.
കുടിവെള്ള പദ്ധതികൾക്ക് പുറമെ പരിശീലനങ്ങൾ, വരുമാന വർധക പരിപാടികൾ, ജൈവ പച്ചക്കറി കൃഷി വ്യാപനം, ഉന്നതികളിലെ മലിനജല സംസ്കരണം എന്നിവയും നടപ്പാക്കും. ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി ഗുണഭോക്താക്കളുടെയും ഉന്നതികളുടെയും വിവര ശേഖരണമാണ് നടത്തുന്നത്.
വിവര ശേഖരണത്തിന് നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, സീനിയർ എൻജനീയർ തോമസ് സെബാസ്റ്റ്യൻ, ടീം ലീഡർ ദീപു ജോസഫ്, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനീയർ നീരജ സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ നിമിഷ മോൻസി, ലിജ കുര്യാക്കോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
നീരുറവ സുരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് സോഷ്യൽ ഓഡിറ്റ് ബോർഡ് സ്ഥാപിച്ചു. പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവുമായ നിർവഹണം ലക്ഷ്യം വച്ചാണ് സോഷ്യൽ സോഷ്യൽ ഓഡിറ്റ് ബോർഡ് സ്ഥാപിച്ചത്.
ബോർഡിന്റെ അനാച്ഛാദനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജിൽസണ്‍ തൂപ്പുംകര, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സീനിയർ സയന്റിസ്റ്റ് എം. രവി, എടവക ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷിൽസണ്‍ മാത്യു, ജെസി വർഗീസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് റിസർച്ച് അസോസിയേറ്റ് പി. അഖിൽ, ഫീൽഡ് അസോസിയേറ്റ് പി.പി. ആന്റണി, പുലിക്കാട് നീർത്തട വികസന സമിതി പ്രസിഡന്റ് കെ.ജെ. വർഗീസ്, സെക്രട്ടറി പി.ജെ. സിനോജ്, കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ എൻ.ജെ. ചാക്കോ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജക്ട് കോഓർഡിനേറ്റർമാരായ ദീപു ജോസഫ്, ജാൻസി ജിജോ, അശ്വിൻ പീറ്റർ, നീർത്തട വികസന സമിതി അംഗങ്ങൾ, നീർത്തട സമൂഹം എന്നിവർ പങ്കെടുത്തു.
Kerala
ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ജനുവരി 10 മുതൽ 27 വരെയാണ് തിരുനാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പോലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.
തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിംഗും നടപ്പാക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി ഒമ്പത്, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ റവന്യൂ, പോലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.
Kerala
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
District News
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായി നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു.
പുതുതായി പരിശീലനം നൽകിയ ലൈഫ് ഗാർഡുകളെ നിയമിക്കാനും പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കാനും വേണ്ട നടപടികൾ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചശേഷം പറഞ്ഞു.
പഞ്ചായത്ത് മെംബർമാരായ ശിവദാസൻ താഴെ പാലാട്ട്, വിൻസന്റ് വടക്കേമുറിയിൽ, വിൽസൺ തറപ്പേൽ, ജിജി എലുവാലുങ്കൽ, മിനി സണ്ണി, റീന കക്കുഴി, പ്രദേശവാസികളായ ജയിംസ് കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, മാത്തുക്കുട്ടി പന്തംമാക്കൽ, ബാബു കോഴാമല എന്നിവർ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
International
ധാക്ക: ഇന്ത്യാ വിരുദ്ധനും വിദ്യാർഥി നേതാവുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനും വീസ കേന്ദ്രത്തിനും സുരക്ഷ ശക്തമാക്കി.
സാഹചര്യം ചൂഷണം ചെയ്യാൻ മൂന്നാമതൊരു കക്ഷിയെ അനുവദിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്ന് സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (മീഡിയ) സൈഫുൽ ഇസ്ലാം പറഞ്ഞു.
അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇങ്ക്വിലാബ് മഞ്ച നേതാവ് ഹാദിയുടെ മരണത്തെത്തുടർന്ന്, അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഓഫീസ് ഉപരോധിക്കുമെന്ന് ഗാനോ ഒധികർ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ചിറ്റഗോംഗിലെ ഇന്ത്യൻ വീസ അപേക്ഷാ കേന്ദ്രം (ഐവിഎസി) പ്രവർത്തനം നിർത്തിവച്ചു. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് നടപടി. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം വീസ സെന്റർ വീണ്ടും തുറക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് ഐവിഎസി പ്രസ്താവനയിൽ പറഞ്ഞു.
ധാക്ക, ഖുൽന, രാജ്ഷാഹി എന്നീ അഞ്ച് കേന്ദ്രങ്ങളും, ചാറ്റഗോംഗ്, സിൽഹെറ്റ് എന്നീ കേന്ദ്രങ്ങളുമാണ് ഐവിഎസി നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം അടച്ച ധാക്കയിലെ വീസ അപേക്ഷാ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു.
Kerala
ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് - ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ.
ഇന്നലെയും ഇന്നുമായാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
International
പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു.
ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
National
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടന്‍ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
അതിക്രമിച്ചു കയറിയത് മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുണ്‍ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: പാര്‍ലമെന്റിൽ സുരക്ഷാവീഴ്ച. മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം.
യുവാവ് മരത്തിൽ കയറിയശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം.
റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്.
ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി മാനസ്സിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.