ധാക്ക: ഇന്ത്യാ വിരുദ്ധനും വിദ്യാർഥി നേതാവുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനും വീസ കേന്ദ്രത്തിനും സുരക്ഷ ശക്തമാക്കി.
സാഹചര്യം ചൂഷണം ചെയ്യാൻ മൂന്നാമതൊരു കക്ഷിയെ അനുവദിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്ന് സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (മീഡിയ) സൈഫുൽ ഇസ്ലാം പറഞ്ഞു.
അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇങ്ക്വിലാബ് മഞ്ച നേതാവ് ഹാദിയുടെ മരണത്തെത്തുടർന്ന്, അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഓഫീസ് ഉപരോധിക്കുമെന്ന് ഗാനോ ഒധികർ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ചിറ്റഗോംഗിലെ ഇന്ത്യൻ വീസ അപേക്ഷാ കേന്ദ്രം (ഐവിഎസി) പ്രവർത്തനം നിർത്തിവച്ചു. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് നടപടി. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം വീസ സെന്റർ വീണ്ടും തുറക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് ഐവിഎസി പ്രസ്താവനയിൽ പറഞ്ഞു.
ധാക്ക, ഖുൽന, രാജ്ഷാഹി എന്നീ അഞ്ച് കേന്ദ്രങ്ങളും, ചാറ്റഗോംഗ്, സിൽഹെറ്റ് എന്നീ കേന്ദ്രങ്ങളുമാണ് ഐവിഎസി നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം അടച്ച ധാക്കയിലെ വീസ അപേക്ഷാ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു.
Tags : Indian diplomatic missions Security Bangladesh Sharif Usman Hadi murder security tightened