International
ധാക്ക: മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബംഗ്ലാദേശിൽ അധികാരത്തിലെത്തിയ ബിഎൻപിക്ക് (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) തെരഞ്ഞെടുപ്പിൽ ലഭിച്ചത് 50 ശതമാനത്തിനടുത്ത് വോട്ട് (49.97%). പ്രധാന എതിരാളിയായ ജമാഅത്തെ ഇസ്ലാമി 31.76 ശതമാനം വോട്ട് നേടി. സ്വതന്ത്രർക്ക് 5.79 ശതമാനം വോട്ട് കിട്ടി. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 12.7 കോടി വോട്ടർമാരിൽ 59.44 ശതമാനം പേർ വോട്ട് ചെയ്തു.
ഫലം പ്രഖ്യാപിച്ച 297 സീറ്റുകളിൽ 209ഉം ബിഎൻപി നേടി. ജമാ അത്തെ ഇസ്ലാമിക്ക് 68 സീറ്റാണു കിട്ടിയത്. ബിഎൻപി സഖ്യത്തിന് ആകെ 212 സീറ്റും ജമാഅത്ത് സഖ്യത്തന് 77 സീറ്റും ലഭിച്ചു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ സ്ഥാനഷ്ടയാക്കിയ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) വെറും 3.05 ശതമാനം വോട്ടാണു നേടിയത്.
ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു എൻസിപി. ഇസ്ലാമി ആന്ദോളൻ പാർട്ടി 2.70 ശതമാനവും ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ് 2.09 ശതമാനവും വോട്ട് നേടി.
International
ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ സന്ദർശനം മൂലം നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കില്ല.
പ്രധാനമന്ത്രിക്ക് പകരമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി.രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും. അതേസമയം ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്ന ഇന്ത്യയോട് എങ്ങനെയായിരിക്കും താരിഖ് റഹ്മാൻ സ്വീകരിക്കുന്ന നിലപാടെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
National
ന്യൂഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാലാണ് മോദി സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചൈനീസ് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യ താത്പര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും നേടിയാണ് താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഭരണം പിടിച്ചെടുത്തത്.
ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായത്. പ്രധാനമന്ത്രി സ്ഥാനാർഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
International
ധാക്ക: ബംഗ്ലാദേശില്‍ എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ആക്ടിംഗ് ചെയര്‍മാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാന്.
ബംഗ്ലാദേശില്‍ ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി വന്‍ വിജയം നേടിയതിനു ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാന്.
‘സുരക്ഷിതവും മാനുഷികവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യം പുനര്‍നിര്‍മിക്കുന്നതില്‍ എല്ലാവരും ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കണം.
എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണം. ഇന്ന് മുതല്‍ എല്ലാവരും സ്വതന്ത്രരാണെന്നും താരിഖ് റഹ്മാന് പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. 209 സീറ്റുകൾ നേടിയാണ് ബിഎൻപി 20 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തുന്നത്.
ബിഎൻപി ചെയർമാൻ താരിഖ് അൻവർ പ്രധാനമന്ത്രിയാകും. ബിഎൻപിക്കു വെല്ലുവിളിയാകുമെന്ന വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിനു മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.
രണ്ടു സീറ്റിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചിരിക്കുകയാണ്. 299 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
ഒരു കാലത്ത് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്ലാമി. 2001-2006 കാലത്തെ ബിഎൻപി സർക്കാരിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു മന്ത്രിമാരുണ്ടായിരുന്നു. ഒരു പ്രത്യേക പാർട്ടിയോട് ഭരണകൂടത്തിൽ ഒരു വിഭാഗം പക്ഷപാതിത്വം കാണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ആരോപിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.
ഷേഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ "വിവേചനത്തിനെതിരേ വിദ്യാർഥികൾ'എന്ന വിദ്യാർഥി സംഘടന പിന്നീട് രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു. ആറു സീറ്റാണ് എൻസിപിക്കു കിട്ടിയത് ഇന്ത്യൻ അതിർത്തിയിലെ സത്ഖിര, കുഷ്തിയ, രംഗ്പുർ മേഖലകളിലാണ് പ്രധാനമായും ജമാഅത്തെ ഇസ്ലാമി വിജയിച്ചത്. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. 2024ലെ പ്രക്ഷോഭത്തിനുശേഷമാണു നിരോധനം നീക്കിയത്.
2024ൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ ഷേഖ് ഹസീന സ്ഥാനഭൃഷ്ടയാക്കപ്പെട്ടശേഷം നടന്ന ആദ്യ തെരഞ്ഞെെടുപ്പാണിത്. ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. താരിഖ് റഹ്മാനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു താരിഖ് റഹ്മാൻ മുൻഗണന നല്‍കുമെന്നാണു വിലയിരുത്തൽ. ഷേഖ് ഹസീനയെ പുറത്താക്കിയശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ സംഭവിച്ചിരുന്നു.
ചൈനയും പാക്കിസ്ഥാനും തെരഞ്ഞെടുപ്പു വിജയത്തിൽ ബിഎൻപി ചെയർമാനെ അഭിനന്ദിച്ച. ഷേക്ക് ഹസീനയെ വിചാരണാനടപടികൾക്കായി വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ ബിഎൻപി തീരുമാനിച്ചു. ബിഎൻപിയുടെ മുതിർന്ന നേതാവ് സലാഹുദീൻ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി പരസ്പര സഹകരണത്തിലൂന്നിയുള്ള സൗഹൃദബന്ധം നിലനിർത്തണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും എന്നാൽ, ഷേക്ക് ഹസീന വിചാരണ നേരിടണമെന്നത് പാർട്ടി നിലപാടാണെന്നും സലാഹുദീൻ കൂട്ടിച്ചേർത്തു.
പാർലമെന്റിന് ഉപരിസഭ, പ്രധാനമന്ത്രിക്കു രണ്ടു ടേം മാത്രം തുടങ്ങിയവ ഉൾപ്പെടെയുള്ള 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന റഫറണ്ടത്തിൽ അനുകൂലമായി വോട്ട് ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. 4.80 കോടി വോട്ടർമാർ "ജൂലൈ നാഷണൽ ചാർട്ടർ’ എന്നറിയപ്പെടുന്ന പരിഷ്കരണ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 2.25 കോടി വോട്ടർ വിയോജിച്ചു.
Leader Page
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പുതിയ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്കും നിര്‍ണായകമാണ്. പതിമൂന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന് (60) ചെയര്‍മാനായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വന്വിജയമാണു സ്വന്തമാക്കിയത്. പ്രഖ്യാപിച്ച 299 സീറ്റുകളില്‍ 213 എണ്ണവും തൂത്തുവാരിയ ബിഎന്‍പി സഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്. അവാമി ലീഗിനെ വിലക്കിയ തെരഞ്ഞെടുപ്പായതിനാല്‍ ഈ വിജയത്തിനു ശോഭയില്ല. അമ്മ ഖാലിദയോടുള്ള ആദരസൂചകമായി വിജയാഘോഷം വേണ്ടെന്നും പ്രാര്‍ഥിക്കാനുമാണ് അണികളോട് താരിഖ് നിര്‍ദേശിച്ചത്.
►►താരിഖിന് മധുരപ്രതികാരം
ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ച് ധാക്കയിലെത്തി രണ്ടു മാസത്തിനുള്ളിലാണ് താരിഖ് രാജ്യഭരണത്തിന്റെ അമരക്കാരനാകുന്നത്. ധാക്കയിൽ വിമാനമിറങ്ങിയ ഉടനെ നഗ്നപാദനായി ജന്മനാടിന്റെ മണ്ണില്‍ ചവിട്ടിയുള്ള ആ തുടക്കം ഫലിച്ചു. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താരിഖിനെ തടഞ്ഞവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാകും ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍നിന്നുള്ള ജയം.
ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു കൂപ്പുകുത്തിയ 2006ലായിരുന്നു കന്നിയങ്കത്തിനിറങ്ങാന്‍ താരിഖ് മോഹിച്ചത്. അന്നു നിഷേധിക്കപ്പെട്ട രാഷ്ട്രീയ അരങ്ങേറ്റം ഇപ്പോള്‍ ഉജ്വലമായി. രാഷ്ട്രീയ ശത്രുക്കളായ അവാമി ലീഗിനെതിരേ അതിരൂക്ഷ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയാണ് താരിഖ് പ്രചാരണം തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയും ഹസീനയെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെന്‍ സിയുടെ നാഷണല്‍ സിറ്റിസൺസ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം 77 സീറ്റുകളുമായി പ്രതിപക്ഷത്താകും.
►►ജമാ അത്തെ ഇസ്ലാമിയെ തള്ളേണ്ട
ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമി പ്രതിപക്ഷത്താണെങ്കിലും താരിഖിന്റെ പിന്നിലെ മറ്റൊരു ശക്തിയാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനോടൊപ്പം നടത്തിയ റഫറണ്ടത്തിനു കിട്ടിയ ജനങ്ങളുടെ അംഗീകാരം തീവ്രനിലപാടുകള്‍ മയപ്പെടുത്താനും തടസമായേക്കും. പാക്കിസ്ഥാന് അനുകൂല, ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള ജമാ അത്തെ മുമ്പ് ഖാലിദ സിയയുടെ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരേയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിലും ജമാ അത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ഖാലിദ സിയയുടെ ഭരണകാലത്തു പിന്നില്‍നിന്ന് അധികാരം നിയന്ത്രിച്ചിരുന്ന താരിഖ് റഹ്മാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ മറക്കാനാകില്ല.
►►വാജ്പേയി മുതല്‍ മോദി വരെ
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനായ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് മുമ്പു പദവികളില്ലാതെ അധികാരം അമ്മാനമാടിയിരുന്നയാളാണ്. 1981ല്‍ വധിക്കപ്പെടുന്നതുവരെ സിയാവുര്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. ഖാലിദ സിയ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. 1978ല്‍ സിയാവുര്‍ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ ബിഎന്‍പി സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഊഷ്മളമായിരുന്നില്ല.
ഖാലിദ സിയയുടെ കീഴില്‍ ബിഎന്‍പി അവസാനമായി അധികാരത്തിലിരുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ ബിജെപിയുടെ ഭരണകാലത്തായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള ബിഎന്‍പി ഭരണം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. അക്കാലത്ത് പാക്കിസ്ഥാന്റെ പ്രതിരൂപമായി കരുതാവുന്ന ജമാ അത്തെ ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്നു.
►► ഭൂതകാലത്തെ ഡാര്‍ക്ക് പ്രിന്‍സ്
ഇരുണ്ട ഭൂതകാലമുള്ള രാജകുമാരന് (ദി ഡാര്‍ക്ക് പ്രിന്‍സ്) എന്നാണ് 2005ല്‍ അമേരിക്കന്‍ നയതന്ത്ര കേബിള്‍ താരിഖിനെ വിശേഷിപ്പിച്ചത്. ഖാലിദ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളുടെ തോഴനായിരുന്നു താരിഖ്. സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ലെങ്കിലും തിരശീലയ്ക്കു പിന്നിലെ ശക്തനായിരുന്നു അക്കാലത്ത് താരിഖ്. ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്മാന്, സീനിയര്‍ വൈസ് ചെയര്മാന്, സീനിയര്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ താരിഖ് പ്രവര്‍ത്തിച്ചു.
ധാക്കയില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള "ഹവാ ഭബാന്' (വായു മന്ദിരം) യഥാര്‍ഥ തീരുമാനങ്ങള്‍ എടുക്കുന്ന സമാന്തര അധികാരകേന്ദ്രമായിരുന്നു. 2017ല്‍ ധാക്ക സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലൊക്കെ പോയതിന്റെ ഓര്‍മകള്‍ ലേഖകന്‍ ഇപ്പോഴും സജീവമാണ്.
►► ഇന്ത്യാ വിരുദ്ധത ഉപേക്ഷിക്കുമോ?
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകള്‍ക്കു നേരേ അക്കാലത്തു കണ്ണടച്ചെന്നും വടക്കുകിഴക്കന്‍ കലാപകാരികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തിനു പിന്നില്‍ താരിഖാണെന്ന് ഇന്ത്യ കരുതുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആസാമിലെ ഉള്‍ഫയുമായി നടത്തിയ ഗൂഢാലോചനയാണിത്.
►► താരിഖ് സിയയ്ക്ക് വെല്ലുവിളി
ബംഗ്ലാദേശില്‍ താരിഖ് സിയ എന്നാണ് താരിഖ് റഹ്മാന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍നിന്നു തിരിച്ചെത്തിയ ശേഷം പഴയ നിലപാടുകളിലും രീതികളിലും താരിഖ് വലിയ മാറ്റം വരുത്തിയെന്നതിലാണ് പ്രതീക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്' ആഖ്യാനം മാതൃകയാക്കി "ബംഗ്ലാദേശ് ഫസ്റ്റ്' അജന്‍ഡ നടപ്പാക്കുമെന്നായിരുന്നു പ്രതിജ്ഞ. മേഖലയിലെ ഇന്ത്യ, ചൈന, പാക്കിസ്ഥാന് തുടങ്ങിയ ശക്തികളില്‍നിന്നു തുല്യ അകലം പാലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
►► ടീസ്റ്റ നദീജലം അനിവാര്യത
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയും താരിഖ് റഹ്മാനും ഒരേപോലെ താത്പര്യമുണ്ട്. ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം അനിവാര്യവുമാണ്. ബിഎന്‍പിയുടെ പ്രകടനപത്രികയില്‍ ഇന്ത്യ എന്ന പരാമര്‍ശം പോലുമില്ലെങ്കിലും ടീസ്റ്റ, പത്മ നദികളില്‍നിന്നു ന്യായമായ ജലം ഉറപ്പാക്കുമെന്നു പറയുന്നുണ്ട്. ബംഗ്ലാദേശിന്റെ നിലനില്‍പ്പിന്റെ കാര്യമാണിവയെന്നു വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഇന്ത്യക്കും എളുപ്പമാകില്ല.
►► മുള്ളാകുന്ന ഷെയ്ഖ് ഹസീന
ഭൂമിശാസ്ത്രപരമായി ഇന്ത്യ അനിവാര്യമായി തുടരുമെന്ന് താരിഖിന് നന്നായി അറിയാം. നാലായിരത്തിലേറെ കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം, വൈദ്യുതി, കണക്റ്റിവിറ്റി എന്നിവ മാത്രമല്ല, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധവും പെട്ടെന്നു മുറിച്ചെറിയാവുന്നതല്ല. കടുത്ത ഇന്ത്യാ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും ജമാ അത്തെ ഇസ്ലാമിയെയും കൈകാര്യം ചെയ്യുക താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മര്‍ദങ്ങളും നിലപാടുകളെ സ്വാധീനിക്കും.
എന്നാല്‍ ഇന്ത്യയിലുള്ള ഹസീനയെ വിട്ടുകൊടുക്കണമെന്ന സമ്മര്‍ദ്ദങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് മോദിക്കും താരിഖിനുമുള്ള അടിയന്തര വെല്ലുവിളി. തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ഇന്നലെയും ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു.
►► ഒലിവിലയുമായി ആദ്യം മോദി
താരിഖ് റഹ്മാനെയും ബിഎന്‍പിയെയും അഭിനന്ദിക്കാനും നേരിട്ടു ടെലിഫോണില്‍ വിളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയില്ല. “നമ്മുടെ ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു” എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉടനെ അഭിനന്ദിച്ചു. “ശുഭോനന്ദന്, താരിഖ് ഭായി” എന്നു പറഞ്ഞാണ് മമതയുടെ ട്വീറ്റ്.
താരിഖിന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ മരിച്ചശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ധാക്കയില്‍ നേരിട്ടു ചെന്നതു നല്ല സന്ദേശമായി. പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ കത്തും കൈമാറി. 2024ലെ കലാപത്തിനുശേഷം ധാക്ക സന്ദര്‍ശിച്ച ആദ്യ പ്രമുഖ നേതാവാണ് ജയശങ്കര്‍. തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വേരൂന്നിയ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്താതിരിക്കാന്‍ അക്കാര്യങ്ങള്‍ താരിഖ് തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ ഒഴിവാക്കിയതും ശുഭസൂചകമായി.
►► എല്ലാവരുടേതുമാകണം രാഷ്ട്രം
എല്ലാവര്ക്കും സുരക്ഷിതമായ ബംഗ്ലാദേശ് നിര്‍മിക്കുമെന്ന താരിഖ് റഹ്മാന്റെ പ്രഖ്യാപനം ആശാവഹവും സ്വാഗതാര്‍ഹവുമാണ്. “മതം വ്യക്തിപരമാണ്, പക്ഷേ രാഷ്ട്രം എല്ലാവരുടേതുമാണ്” എന്ന താരിഖിന്റെ പ്രസ്താവനയിലും വലിയ സന്ദേശമുണ്ട്. ബംഗ്ലാദേശിനു മാത്രമല്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇതൊരു പാഠമാകേണ്ടതുണ്ട്. അതിര്‍ത്തിയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുമെന്നും ബിഎന്‍പി മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു.
ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും തുല്യ അകലവും തുല്യ സ്നേഹവുമെന്ന താരിഖിന്റെ പ്രസ്താവന നല്ല സൂചകമാണെങ്കിലും പ്രായോഗികമാകില്ല.
Leader Page
ഖാലിദ സിയയുടെ ഭരണകാലത്ത് "ഡാർക് പ്രിൻസ് 'എന്നാണ് മകൻ താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ഡാർക് പ്രിൻസ് ഇനി ബംഗ്ലാദേശിന്റെ കിംഗ് ആകുകയാണ്.
17 വർഷം ലണ്ടനിൽ കഴിഞ്ഞശേഷമാണ് താരിഖ് 2025 ഡിസംബർ 25ന് ബംഗ്ലാദേശിൽ തിരിച്ചെത്തി ബിഎൻപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തി അഞ്ചു ദിവസത്തികം ഖാലിദ സിയ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു അവർ.
രണ്ടു ദശകം അധികാരത്തിൽനിന്നു പുറത്തായ ബിഎൻപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. താരിഖിന്റെ പിതാവ് സിയാവുർ റഹ്മാനാണ് ബിഎൻപിയുടെ സ്ഥാപകൻ. 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ട സമയത്ത് താരിഖിനു 16 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് ഖാലിദ സിയ ബിഎൻപിയുടെ നേതൃത്വത്തിലെത്തി.
1965 നവംബർ 20ന് ധാക്കയിലാണ് സിയാവുർ റഹ്മാൻ-ഖാലിദ സിയ ദന്പതികളുടെ മൂത്ത മകനായി താരിഖ് ജനിച്ചത്. താരിഖിന്റെ ബാല്യകാലത്തായിരുന്നു ബംഗ്ലാദേശ് വിമോചനപ്രക്ഷോഭം. അമ്മയ്ക്കും സഹോദരനും ഒപ്പം താരിഖ് അറസ്റ്റിലായി.
പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ 1971 ഡിസംബർ 16ന് താരിഖ് അമ്മയും സഹോദരനും മോചിപ്പിക്കപ്പെട്ടു. 2009ൽ ബിഎൻപി സീനിയർ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാലിദ സിയ രണ്ടാമതു പ്രധാനമന്ത്രിയായ 2001-2006 കാലത്ത് ഭരണത്തിൽ താരിഖിനു വൻ സ്വാധീനമുണ്ടായിരുന്നു. സമാന്തര അധികാരകേന്ദ്രമെന്നായിരുന്നു താരിഖിനെ എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്.
അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതിക്കേസുകളിൽ താരിഖിനെ പ്രതിചേർത്തു. 2007ൽ അറസ്റ്റിലായി. 18 മാസം ജയിലിൽ കഴിഞ്ഞു. 2008ൽ ഇദ്ദേഹം രാജ്യം വിട്ടു. വിദേശത്തായിരുന്നപ്പോഴും ബിഎൻപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് താരിഖായിരുന്നു. 2004ൽ ഷേഖ് ഹസീനയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ട കേസിൽ താരിഖിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് പറയുന്നു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ എല്ലാ കേസുകളിൽനിന്നും താരിഖിനെ കുറ്റവിമുക്തമാക്കി. 2018ൽ ഖാലിദ സിയ അഴിമതിക്കേസിൽ ജയിലിലായപ്പോൾ താരിഖിനെ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനായി. അമ്മയുടെ മരണശേഷം ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ബംഗ്ലാദേശിന്റെ മുൻ നാവികസേനാ തലവന്റെ മകൾ ഡോ. സുബൈദ റഹ്മാൻ ആണ് താരിഖിന്റെ ഭാര്യ. സൈന സർനാസ് റഹ്മാൻ മകളാണ്.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.
അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നു മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്.
"പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു' -മോദി കുറിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം. . പോളിംഗ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു.
ഗോപാൽ ഗഞ്ച് പോളിംഗ് സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 വയസുകാരൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു.
നിലവിൽ ബംഗ്ലാദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകുന്നേരം 4.30 വരെയാണ് പോളിംഗ് നടക്കുക. ഇതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കും. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ് 18 മാസത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
International
ധാക്ക: ബംഗ്ലാദേശ് ഇന്നു പോളിംഗ് ബൂത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരഭ്രഷ്ടയായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ വോട്ടർമാരുടെ എണ്ണം 12.7 കോടിയാണ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒന്‍പതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്.
ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും ഇന്നു നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാർട്ടർ. പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗങ്ങളുള്ള ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്റ് രൂപവത്കരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജൂലൈ നാഷണൽ ചാർട്ടറിലുള്ളത്.
350 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബംഗ്ലാദേശ് പാർലമെന്റ്. ഇവരിൽ 300 പേരെ നേരിട്ട് തെരഞ്ഞെടുക്കും. 50 സീറ്റ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇന്ന് 299 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഷേർപുർ-3ലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അഞ്ചു വർഷമാണു പാർലമെന്റിന്റെ കാലാവധി.
ഷേഖ് ഹസീനയും ഖാലിദ സിയയും നയിക്കുന്ന പാർട്ടികളായിരുന്നു മൂന്നു ദശകമായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദ സിയ ഡിസംബറിൽ അന്തരിച്ചു. ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലെത്താനാണു സാധ്യത.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ആണ് ബിഎൻപിയെ നയിക്കുന്നത്. 17 വർഷം വിദേശത്തായിരുന്ന താരിഖ് റഹ്മാൻ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടി സഖ്യം ബിഎൻപിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.
2024ലെ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവ ജമാഅത്തെ ഇസ്ലാമിയുടെ സഖ്യത്തിലുണ്ട്. 50 രാഷ്ട്രീയ പാർട്ടികളിലെ 1755 സ്ഥാനാർഥികളും 273 സ്വതന്ത്രരുമാണു മത്സരരംഗത്തുള്ളത്. ബിഎൻപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് -291. ആകെ സ്ഥാനാർഥികളിൽ വനിതകൾ 83 പേരാണ്.
90 ശതമാനം മുസ്ലിംകളുള്ള ബംഗ്ലാദേശിൽ എട്ടു ശതമാനത്തോളം ഹൈന്ദവരുണ്ട്. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളും രാജ്യത്തുണ്ട്. ഷേഖ് ഹസീന പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങൾക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദു ബിസിനസുകാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Sports
കറാച്ചി: ഒടുവില്‍ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാനുള്ള കാരണം പാക്കിസ്ഥാന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
2026 ട്വന്റി-20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമായാണ് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിച്ചതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് വ്യക്തമാക്കി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനു നാളെ തുടക്കം കുറിക്കും.
“പാക് സര്‍ക്കാരിന്റെ തീരുമാനമാണ് ഇന്ത്യക്തെതിരേ കളിക്കേണ്ട എന്നത്. അക്കാര്യം ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ല. സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ ബഹുമാനിക്കുന്നു’’ സല്മാന് ആഘ (പാക് ടീം ക്യാപ്റ്റന്‍)
International
ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.
Kerala
ന്യൂഡൽഹി: തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 128 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യ വിട്ടയച്ചപ്പോൾ 23 പേരെ ബംഗ്ലാദേശിലെ ജയിലിൽ നിന്നും മോചിപ്പിച്ചു.
ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മാനുഷികവും ഉപജീവനപരവുമായ ആശങ്കകൾ കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും പരസ്പര കൈമാറിയതെന്ന് ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Sports
ദുബായി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന് ഐസിസി. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരീച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായിയില്‍ ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ലോകകപ്പിലെ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ: ഇന്ത്യ, യു.എസ്.എ, നെതർലൻഡ്സ്, നമീബിയ, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, ഒമാൻ, അയർലൻഡ്.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം ടീമിനെ പങ്കെടുപ്പിക്കാന്‍ നീക്കം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
പകരം സ്കോട്ട്ലന്‍ഡ്
ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തില്‍ അവിടെ നിയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയായിട്ടാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ചട്ടോഗ്രാം, ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര പദവികളിലും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമ്മീഷന്റെ പ്രവർത്തനം തുടരും.
ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും തീവ്രവാദി-റാഡിക്കല്‍ ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് ഈ തീരുമാനം. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിച്ചത്
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബംഗ്ലാദേശിലെ അക്രമങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് നടക്കുന്ന ബംഗ്ലാദേശിലെ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ നടപടി.
Sports
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ഐസിസി ഇതു സംബന്ധിച്ച് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകന് ആസിഫ് നസ്റുള്‍ പറഞ്ഞു.
21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഐസിസി ഈ നിലപാട് തള്ളി.
കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി.
Sports
ധാക്ക: ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 21 ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ധാക്കയിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നു. ലോകകപ്പിൽ ടീമിനെ അയക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം പറയണമെന്ന് ഐസിസി അന്ത്യശാസനം നൽകി.
തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തെ വേദിയിൽ നടത്തണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ ഇതിനോട് ഐസിസി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം ബംഗ്ലാദേശ് വിട്ടു നിൽക്കുകയാണെങ്കിൽ സ്കോട്ട്ലൻഡ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാനെ സമീപിച്ചു. ബംഗ്ലദേശിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലോകകപ്പിൽനിന്നും പാക്കിസ്ഥാനും പിന്മാറുമെന്ന് ബിസിബി വൃത്തങ്ങൾ പറഞ്ഞു. ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി.
ലോകകപ്പ് ആരംഭിക്കുന്നതിന് ഇനി വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്ന് ഐസിസി നിർദേശം നൽകിയിരിക്കുന്നത്.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരം അൽപസമയിത്തിനകം ആരംഭിക്കും. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
ടിം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), കനിഷ്ക് ചൗഹാൻ, ഹർവൻഷ് പംഗാളിയ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
Sports
ദുബായ്: ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ടീം ഉണ്ടാകില്ലെന്ന് ഉറപ്പായി. ബംഗ്ലാദേശ് ടീമിന് ഇന്ത്യയിൽ പറയത്തക്കതായ സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി സ്ഥിരീകരിച്ചതിന്റെ പിന്നാലെ, ടീം ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്, ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യക്കു പുറത്തേക്കു മാറ്റണമെന്ന് ഐസിസിയോട് ബിസിബി ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026 ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്നു മത്സരങ്ങൾ കോൽക്കത്തയിലും അവസാന മത്സരം മുംബൈയിലുമാണ്.
2026 ഐപിഎല്ലിൽനിന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതാണ് പ്രശ്നകാരണം. പ്രത്യേക കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു ബിസിസിഐയുടെ ഈ നടപടി.
Sports
കോല്‍ക്കത്ത: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ മത്സര വേദി വിഷയത്തില്‍ ഇടപെട്ട് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).
സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കു വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് അറിയിച്ചാണ് പിസിബിയുടെ രംഗപ്രവേശനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)യില്‍ നിന്നോ പിസിബിയില്നിന്നോ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനെ ബിസിസിഐ നിര്‍ദേശ പ്രകാരം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ 2026 സീസണില്‍ ടീമില്‍നിന്ന് പുറത്താക്കിയതിനെതുടര്ന്നുള്ള സംഭവവികാസമാണ് പുതിയ തലത്തിലേക്കെത്തിയത്. ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിരോധിച്ചിട്ടുമുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിരോധിക്കുന്നത്.
ഫെബ്രുവരി ഏഴിന് ലോകകപ്പ് ആരംഭിക്കാനിരിക്കേ വേദി മാറ്റത്തിന് ഐസിസി താല്‍പ്പര്യപ്പെടുന്നില്ല. കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലണ് ബംഗ്ലാദേശിന്റെ ലീഗ് റൗണ്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
International
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ യുവാവിനെ മർദിച്ചവശനാക്കിയശേഷം വിഷംകൊടുത്തു കൊന്നതായി ആരോപണം. സുനംഗഞ്ച് എന്ന സ്ഥലത്തുണ്ടായ സംഭവത്തിൽ ജോയ് മഹപത്ര എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്.
വ്യാഴാഴ്ച പ്രദേശത്തെ ഒരാൾ ജോയിയെ വിളിച്ചുകൊണ്ടുപോയി മർദിച്ചശേഷം വിഷംകൊടുത്തു വെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോയി ഇന്നലെ മരിച്ചു.
ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഫോൺ വാങ്ങിയതിന്റെ കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണ സംഭവത്തിൽ കലാശിച്ചതെന്നു സൂചനയുണ്ട്.
ഏതാനും ദിവസം മുന്‍പ് ഭണ്ഡാർപുർ എന്ന സ്ഥലത്ത് മോഷ്ടാവെന്നാരോപിക്കപ്പെട്ട ഹിന്ദു യുവാവ് മർദനത്തിൽനിന്നു രക്ഷപ്പെടാൻ നദിയിൽ ചാടിയതിനെത്തുടർന്ന് മരണപ്പെട്ടിരുന്നു.
ബംഗ്ലാദേശിൽ ഹൈന്ദവർക്കെതിരേ ആക്രമണങ്ങൾ വർധിക്കുന്നതിനു പിന്നിൽ ന്യൂനപക്ഷ വിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
International
ലാഹോർ: പാക്കിസ്ഥാനിൽനിന്ന് ജെഎഫ്-തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങാൻ താത്പര്യമറിച്ച് ബംഗ്ലാദേശ്. ഇരുരാജ്യങ്ങളിലെയും വ്യോമസേനാ മേധാവികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ചൈനയിലെ ചെംഗ്ഡു എയർക്രാഫ്റ്റ് കോർപറേഷൻനും (സിഎസി) പാക്കിസ്ഥാൻ ഏയ്റോനോട്ടിക്കൽ കോംപ്ലക്സും സംയുക്തമായി വികസിപ്പിച്ച സിംഗിൾ എൻജിൻ ലൈറ്റ്വെയ്റ്റ് യുദ്ധവിമാനമാണ് ജെഎഫ് -17 തണ്ടർ. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ ജെഎഫ് 17 തണ്ടർ കരുത്തുകാട്ടിയെന്നാണു പാക്കിസ്ഥാന്റെ അവകാശവാദം.
എന്നാൽ, വിമാനത്തിന്റെ ശേഷി സംബന്ധിച്ച് വ്യക്തതയില്ല. ഇസ്ലാമാബാദിലെ പാക് വ്യോമസേന താവളത്തിൽവച്ചായിരുന്നു ബംഗ്ലാദേശ് വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ ഹസൻ മഹ്മൂദ് ഖാനും പാക് വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ സഹർ അഹമ്മദ് ബാബർ സിദ്ദുവും കൂടിക്കാഴ്ച നടത്തിയത്.
International
ധാക്ക: ബംഗ്ലാദേശിൽ അക്രമികളിൽനിന്നു രക്ഷതേടി കനാലിലേക്കു ചാടിയ ഹിന്ദു യുവാവ് മരിച്ചു.
വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലാണു സംഭവം. മിഥുൻ സർക്കാർ (25) ആണു മരിച്ചത്. മോഷണം ആരോപിച്ചാണ് ആൾക്കൂട്ടം ചൊവ്വാഴ്ച മിഥുനെ ആക്രമിച്ചത്.
പ്രാണരക്ഷാർഥം കനാലിലേക്കു ചാടിയ മിഖുൻ മുങ്ങിമരിച്ചുവെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വക്താവ് കാജോൾ ദേബ്നാഥ് പറഞ്ഞു.
ബംഗ്ലാദേശിൽ കഴിഞ്ഞ ഡിസംബറിൽ മാത്രം 51 സാമുദായിക സംഘർഷങ്ങളുണ്ടായെന്ന് ദേബ്നാഥ് ചൂണ്ടിക്കാട്ടി.
Sports
ദുബായി: ട്വന്റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തളളി. ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
അതേസമയം ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
അടുത്ത മാസം തുടങ്ങുന്ന ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെയും ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.
International
ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി കൊലപ്പെടുത്തി. റാണാ പ്രതാപ് (45) എന്നയാളെയാണ് തിങ്കളാഴ്ച വൈകുന്നേരം ജഷോർ ജില്ലയിലെ ഗ്രാമത്തിൽ വെടിവച്ച് കൊലപ്പെടുത്തിയത്.
മൂന്നാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഹിന്ദു മതസ്ഥനാണ് റാണാ പ്രതാപ്. അരൂവ ഗ്രാമത്തിലാണ് റാണാ പ്രതാപിന്റെ വീട്. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അജ്ഞാതരായ ചിലർ റാണാ പ്രതാപിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നിലേറെ തവണ വെടിയേറ്റ ഇയാൾ സ്ഥലത്തു തന്നെ മരിച്ചുവീണു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ അതിക്രമം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും കൊലപാതകം.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Sports
ധാക്ക: ഐപിഎല്ലിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ കടുത്ത നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ്. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിൽ മത്സരിക്കാനെത്തില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇതിനുപുറമെ ഐപിഎൽ മത്സരങ്ങൾ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ റിലീസ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
ഈ നടപടിയിൽ പ്രതിഷേധിച്ചാണ് 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
International
ധാക്ക: ബംഗ്ലാദേശിൽ ആക്രമികൾ ക്രൂരമായി ആക്രമിച്ച ശേഷം തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു. ഖോകോൺ ചന്ദ്ര ദാസാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രദാസ് ചികിത്സയിലിരിക്കെ മരണംസംഭവിക്കുകയായിരുന്നു.
ഡിസംബർ 31നായിരുന്നു സംഭവം. കേർഭംഗ ബസാറിൽ മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തിവരികയായിരുന്നു ചന്ദ്ര ദാസ്.
കടഅടച്ചതിന് ശേഷം വീട്ടിലേക്ക് വരും വഴി ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ചന്ദ്ര ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി.
കേസിൽ റബ്ബി, സൊഹാഗ് എന്നീ രണ്ട് പേരെ പ്രതി ചേർത്തിരുന്നു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ചന്ദ്ര ദാസിനെ ആക്രമിക്കുകയും തുടർന്ന് തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു എന്നും ദാമുദ്യ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് റബിയുൾ ഹഖ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ സമാനമായി മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നിരുന്നു.
International
ധാക്ക: ബംഗ്ലദേശിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട ബിസിനസുകാരനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഖോകോൺ ചന്ദ്ര ദാസ് എന്നയാൾ ആക്രമണത്തിനു ഇരയായത്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
അക്രമികൾ പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഖോകോൺ ചന്ദ്ര ദാസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് ദാസ് ആക്രമിക്കപ്പെട്ടത്. അക്രമികൾ വ്യാപാരി സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുകയായിരുന്നു. ശേഷം തലയിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി.
പൊള്ളലേറ്റ ദാസ് സമീപത്തുള്ള കുളത്തിൽ ചാടിയാണ് രക്ഷപ്പെട്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടിപ്പോയി. തുടർന്നു സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മികച്ച ചികിത്സയ്ക്കായി ധാക്കയിലേക്കു മാറ്റി.
അക്രമികളെ തിരിച്ചറിഞ്ഞതായും രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ദാമുദ്യ പോലീസ് സ്റ്റേഷൻ ഓഫിസർ അറിയിച്ചതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
International
ധാക്ക: അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു ബംഗ്ലാദേശ് വിടചൊല്ലി. ധാക്കയിൽ ഇന്നലെ നടന്ന അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന ക്കത്ത് ഖാലിദയുടെ മകൻ താരിഖ് റഹ്മാന് ശജയങ്കർ കൈമാറി.
ബംഗ്ലാദേശ് പാർലമെന്റ് വളപ്പിലെ സംസ്കാര പ്രാർഥനയ്ക്കു ശേഷം തൊട്ടടുത്തു തന്നെയുള്ള ചന്ദ്രിമ ഉദ്ദാൻ പാർക്കിൽ, ഭർത്താവും ഭരണത്തിലിരിക്കെ വധിക്കപ്പെട്ട പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിനടുത്ത് ഖാലിദയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ബംഗ്ലാദേശിൽ ദേശീയപതാക പാതി താഴ്ത്തിക്കെട്ടിയിരുന്നു. ധാക്കയിൽ സുരക്ഷ ഉറപ്പാക്കാനായി ആയിരക്കണക്കിനു ഭടന്മാരെ വിന്യസിച്ചു. ലക്ഷങ്ങൾ എത്തിച്ചേർന്നതിനാൽ ധാക്ക നഗരത്തിന്റെ പല ഭാഗങ്ങളും സ്തംഭിച്ചു. ഭരണത്തിലിരിക്കേ സ്ത്രീശക്തീകരണത്തിനായി ഖാലിദ സ്വീകരിച്ച നടപടികൾ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയവർ അനുസ്മരിച്ചു.
മൂന്നു വട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയ വാർധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്ച ധാക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഖാലിദയുടെ ബിഎൻപി പാർട്ടി ജയിക്കുകയും മകൻ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്നാണ് പ്രവചനങ്ങൾ.
International
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. മൈമെൻസിംഗ് ജില്ലയിലെ തുണി ഫാക്ടറിയിൽ സുരക്ഷാ ജീവനക്കാരനായ ബജേന്ദ്ര ബിശ്വാസ് (42) എന്നയാളാണ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു യുവാവാണ് ഇയാൾ. ബലൂക്കയിൽ ലബിബ് ഗ്രൂപ്പിന് കീഴിലെ സുൽത്താന സ്വെറ്റർ ലിമിറ്റഡിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബജേന്ദ്ര ബിശ്വാസ്.
സംഭവത്തിൽ സഹപ്രവർത്തകൻ നോമൻ മിയയെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അൻസാർ സേനയിലെ അംഗമാണ് ഇയാൾ.
സർക്കാർ ഓഫിസുകൾ, ഫാക്ടറികൾ, വ്യാവസായിക യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് കാവൽ നിൽക്കുന്നത് ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങൾക്കായാണ് അൻസാർ സേനാംഗങ്ങളെ വിന്യസിക്കുന്നത്. ഇവർക്ക് ആയുധങ്ങളും നൽകാറുണ്ട്.
ഇരുവരും സുരക്ഷാ ചുമതലയിലുള്ളപ്പോഴാണ് കൊലപാതകമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നോമൻ മിയ, ബിശ്വാസിന് നേരെ തോക്കു ചൂണ്ടിയത് തമാശക്കാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വെടിപൊട്ടുകയും ബിശ്വാസ് വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഡിസംബർ 18ന് അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെ രാജ്ബാരി ഗ്രാമത്തിൽ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ക്രിമിനൽ ഗാംഗിന്റെ നേതാവാണെന്ന് ആരോപിച്ചായിരുന്നു മർദനം.
അതിന് ഒരാഴ്ച മുൻപ് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയും ചെയ്തു.
International
ന്യൂഡൽഹി: ദീർഘകാലം രാഷ്ട്രീയ എതിരാളിയായിരുന്ന ഖാലിദ സിയയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ പ്രവാസത്തിൽ കഴിയുന്ന മുൻ ബംഗ്ലാ പ്രധാനമന്ത്രി ഷേഖ് ഹസീന.
ഖാലിദയുടെ വിയോഗം ബംഗ്ലാദേശിനു തീരാനഷ്ടമാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായ വ്യക്തിത്വമായിരുന്നു ഖാലിദ.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനടക്കം നല്കിയ രാജ്യസേവനങ്ങളാൽ ഓർമിക്കപ്പെടുമെന്നും ഹസീന കൂട്ടിച്ചേർത്തു.
International
ധാക്ക: ബംഗ്ലാദേശിന്റെ നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെർപേഴ്സണും മുൻ പ്രധാനമന്ത്രിയുമായിരുന്ന അന്തരിച്ച ബീഗം ഖലീദ സിയ ബംഗ്ലാദേശിന്റെ തിളക്കമുള്ള പെൺചരിതം കൂടിയാണ്. 1945 ഓഗസ്റ്റ് 15നായിരുന്നു ജനനം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ അധ്യക്ഷയും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുഖവുമായിരുന്നു സിയ. 1990 കളുടെ തുടക്കത്തിൽ സൈനിക ഭരണത്തിനു ശേഷം രാജ്യത്തെ പാർലമെന്ററി ഭരണത്തിലേക്കു നയിച്ച ശക്തരായ നേതാക്കളിൽ ഒരാൾ.
ബംഗ്ലാദേശിൽ പെൺവിദ്യാഭ്യാസത്തിനു വേണ്ടി സ്വരമുയർത്തിയും പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും സിയ പുതിയ ചരിത്രം സൃഷ്ടിച്ചു.
പതിറ്റാണ്ടുകൾ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിയ പ്രധാനമന്ത്രിപദം ഒഴിഞ്ഞ ശേഷവും അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ മുഖ്യ എതിരാളിയായി തുടർന്നു.
വിദ്യാർഥികൾ നേതൃത്വം നൽകിയ കലാപത്തെത്തുടർന്ന് അധികാരം നഷ്ടമായ ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹൃദ്രോഗം, കരൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കുറെ വർഷങ്ങളായി ഖാലിദ സിയയെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
മാസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും 2026ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാമെന്നു ബിഎൻപി പാർട്ടിക്ക് അവർ വാഗ്ദാനം നൽകിയിരുന്നു. ഇതിനിടയിലാണ് മരണം.
കരുത്തുറ്റ സാന്നിധ്യം
1960ൽ സിയാവുർ റഹ്മാനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം 1977ൽ ബംഗ്ലാദേശിന്റെ പ്രസിഡന്റ് ആയി. 1981ൽ പട്ടാളക്കാർ സിയാവുർ റഹ്മാനെ വധിച്ചു. ഇതേത്തുടർന്ന് 1982ൽ ബിഎൻപി പാർട്ടിയുടെ നേതാവായി സിയ സജീവ രാഷ്ട്രീയത്തിലിറങ്ങി. 1983 മുതൽ ബിഎൻപി പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെത്തി. 1991ൽ വിജയിച്ച് ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി. 1991 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെ ഭരണം നടത്തി.
2006 ഒക്ടോബറിൽ, പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിയ സ്ഥാനമൊഴിഞ്ഞു. ഇടക്കാല സർക്കാർ മിക്ക രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കുകയും ഉന്നതതല അഴിമതിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം, കൊള്ളയടിക്കലിനും അഴിമതിക്കും സിയ അറസ്റ്റിലായി. സിയയെ വെർച്വൽ വീട്ടുതടങ്കലിലാക്കി.
അഴിമതിക്കേസുകൾ
ഭർത്താവിന്റെ പേരിൽ ചാരിറ്റിക്കു വേണ്ടി ഭൂമി വാങ്ങാൻ അവർ വെളിപ്പെടുത്താത്ത വരുമാനം ഉപയോഗിച്ചുവെന്ന് ആരോപിച്ചു 2011ൽ, അഴിമതി വിരുദ്ധ കമ്മീഷൻ സിയയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. പാർട്ടിയുടെ നിയന്ത്രണം നിലനിർത്താൻ അവർ വലിയ പോരാട്ടം നടത്തേണ്ടി വന്നു.
രണ്ടാം തവണ അധികാരത്തിലിരിക്കെ, 2003ൽ കാർഗോ ടെർമിനലുകളുമായി ബന്ധപ്പെട്ടു കരാറുകൾ നൽകുന്നതിനു തന്റെ സ്വാധീനം ഉപയോഗിച്ചതായി ആരോപിച്ച് സിയയ്ക്കെതിരെ കുറ്റം ചുമത്തി.
അവരുടെ ഇളയ മകൻ അറഫാത്ത് കൊക്കോ റഹ്മാൻ, ഇടപാടുകൾ അംഗീകരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.
International
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സണായിരുന്നു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയായ ഖാലിദ സിയ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1981ൽ ഭരണനേതൃത്വത്തിലേക്കെത്തുന്നത്.
ബംഗ്ലാദേശിൽ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ബീഗം ഖാലിദ സിയ, 1991ൽ ആണ് ആദ്യം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 1996 വരെ പ്രധാനമന്ത്രിയായി തുടർന്ന ഖാലിദ സിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല.
പിന്നീട് 2001-2006 കാലഘട്ടത്തിലും ഖാലിദ സിയ പ്രധാനമന്ത്രി പദത്തിലെത്തി. 2018ൽ അഴിമതി കേസിൽ തടവിലാക്കപ്പെട്ട ഖാലിദ സിയ 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവെച്ചതോടെയാണ് മോചിതയായത്.
International
ധാക്ക: പ്രവാസത്തിനുശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഫെബ്രുവരി 17നാണ് തെരഞ്ഞെടുപ്പ്.
ധാക്ക-17 മണ്ഡലത്തിൽനിന്നാണ് താരിഖ് റഹ്മാൻ മത്സരിക്കുക. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.
National
ഷില്ലോംഗ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദിയെ വധിച്ച സംഘം ഇന്ത്യയിലേക്കു കടന്നുവെന്ന ധാക്ക പോലീസിന്റെ ആരോപണം നിഷേധിച്ച് ബിഎസ്എഫും മേഘാലയ പോലീസും. യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റിദ്ധാരണാ ജനകമായ ആരോപണമാണിതെന്ന് മേഘാലായ ബിഎസ്എഫ് ഐജി ഒ.പി. ഉപാധ്യായ പറഞ്ഞു.
ബംഗ്ലദേശിന്റെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മേഘാലയ പോലീസും പറഞ്ഞു. ധാക്ക പോലീസ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഇന്ത്യയുമായി ചര്‍ച്ച നടത്താതെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ നിലപാടുകൾ പിന്തുടർന്നിരുന്ന ഉസ്മാൻ ഹാദി ബംഗ്ലാദേശിലെ ഇൻക്വിലാബ് മോഞ്ചോ എന്ന സംഘടനയുടെ നേതാവായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്കു കടന്നുവെന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണര്‍ എസ്.എന്‍. നസ്രുല്‍ ഇസ്ലാം ആണ് ആരോപിച്ചത്.
അതിർത്തികടന്ന് മേഘാലയയിൽ എത്തിയ ഇവരെ പുര്‍തി എന്ന ഒരാൾ സ്വീകരിച്ചു. ഇതിനുശേഷം ഒരു ടാക്സിയിൽ ഇരുവരുടേയും ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ആരോപണം. മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ അധികാരത്തിൽനിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. ധാക്കയില്‍ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ 12നാണു ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം.
International
ധാക്ക: ബംഗ്ലാദേശിൽ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്ക് നേരെ അക്രമം. ഫരീദ്പുരിലെ ഒരു സ്കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.
എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. ഇതിനു പിന്നാലെ പരിപാടി റദ്ദാക്കി.
അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. സ്കൂളിലെ നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കില്ലെന്നാണ് വിവരം.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യ.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ അതീവ ഗൗരവതരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍, ക്രൈ സ്തവർ, ബുദ്ധമതക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരന്തരമായ ശത്രുത ഗുരുതരമായ ആശങ്കാജനകമാണ്.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷ യെന്നും ജയ്സ്വാൾ പ റഞ്ഞു.
International
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്‍പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.
“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.
മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലുള്ള ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ 12 പേർ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് കാരണത്താലാണ് പ്രതിഷേധം നടത്തിയതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം നൽകി വിട്ടയച്ചു. അലിപുർ പോലീസ് കോടതിയാണ് പ്രതിഷേധക്കാർക്ക് ജാമ്യം നൽകിയത്.
ഹിന്ദു സംഘടനകളിൽപ്പെട്ട 1000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
International
ധാക്ക: മതനിന്ദയാരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ മർദിച്ച് കൊന്ന് ദിവസങ്ങൾക്കകം ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. അമൃത് മൊണ്ഡൽ (30) എന്ന ഹിന്ദു യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി 11 ഓടെയാണ് അമൃത് മൊണ്ഡലിനെ കൊലപ്പെടുത്തിയത്. രാജ്ബാരി ഗ്രാമത്തിൽ തന്നെയാണ് അമൃതിന്റെ വീട്. അതേസമയം, സാമ്രാട്ട് മേഖലയിലെ ക്രിമിനൽ ഗാംഗിന്റെ നേതാവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അമൃതും ഗ്യാംഗിലെ അംഗങ്ങളും ഗ്രാമത്തിലെ ഷാഹിദുൽ ഇസ്ലാം എന്നയാളുടെ വീട്ടിലെത്തി പണം തട്ടാൻ ശ്രമിച്ചതായി പറയുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമൃതിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.
സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു. അമൃതിന്റെ സഹായിയായ മുഹമ്മദ് സലിം എന്നയാളെ രണ്ട് തോക്കുകളുമായി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട അമൃത് എന്ന് പോലീസ് പറഞ്ഞു.
International
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ, 17 വർഷമായി പ്രവാസത്തിൽ കഴിയുന്ന മൂത്ത മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നു.
ക്രിസ്മസ് ദിനത്തിൽ അദ്ദേഹം രാജ്യത്തു കാലുകുത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നേതൃത്വം നല്‍കും. താരിഖ് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്. താരിഖ് 2000ൽ ബിഎൻപി നേതൃനിരയിലെത്തിയതാണ്. ഷേഖ് ഹസീന ഭരണകൂടത്തിന്റെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറിയതാണ്. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. ഖാലിദ സിയയ്ക്കു രോഗം മൂർച്ഛിച്ചപ്പോൾ താറിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ മടക്കം നീണ്ടു.
വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്കു വൻ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാൻ, ഇന്ത്യയോ പാക്കിസ്ഥാനോ അല്ല ‘ബംഗ്ലാദേശാണ് ആദ്യം’ എന്ന ചിന്താഗതിക്കാരനാണ്.
National
ന്യൂഡൽഹി: കോണ്‍സുലാർ, വീസ സേവനങ്ങൾ നിർത്തിവച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ. ബംഗ്ലാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനിൽ നിന്നുള്ള വീസ സർവീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്.
ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതിനു പിന്നാലെയാണ് വീസ സർവീസ് നിർത്തിവച്ചത്.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ, ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്നുള്ള എല്ലാ കോൺസുലാർ, വീസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുഎന്നാണ് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് ഒട്ടിച്ച നോട്ടീസിലുള്ളതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
International
ധാക്ക: ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ഷെയ്ഖ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ പ്രതികരണവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൊലപാതകം ഇടക്കാല ഭരണകൂടത്തിന് കീഴിൽ വളർന്നുവരുന്ന അക്രമ സംസ്കാരത്തിന് അടിവരയിടുന്നുവെന്ന് ഹസീന വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ ഇ-മെയിൽ അഭിമുഖത്തിൽ പറഞ്ഞു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അരാജകത്വത്തിന് നേതൃത്വം നൽകുകയാണ്. തന്നെ പുറത്താക്കിയതിനുശേഷം വഷളായ ഭരണത്തിന്റെ തകർച്ചയെയാണ് അക്രമം പ്രതിഫലിപ്പിക്കുന്നതെന്നും ഹസീന ആരോപിച്ചു
സ്ഥിതിഗതികൾ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുമെന്നും അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യുമെന്നും ഹസീന മുന്നറിയിപ്പ് നൽകി.
ഈ അരാജകത്വവും ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളും നമ്മൾ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിന്റെയും നാശവും ഇന്ത്യ നോക്കിക്കാണുകയാണ്. നിങ്ങളുടെ അതിർത്തിക്കുള്ളിൽ ക്രമസമാധാനം നിലനിർത്താൻ കഴിയാത്തപ്പോൾ, അന്താരാഷ്ട്ര വേദിയിൽ നിങ്ങളുടെ വിശ്വാസ്യത തകരുന്നു. ഇതാണ് യൂനുസിന്റെ ബംഗ്ലാദേശിന്റെ യാഥാർഥ്യമെന്നും ഹസീന പറഞ്ഞു.
International
ധാക്ക: ഇന്ത്യാ വിരുദ്ധനും വിദ്യാർഥി നേതാവുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനും വീസ കേന്ദ്രത്തിനും സുരക്ഷ ശക്തമാക്കി.
സാഹചര്യം ചൂഷണം ചെയ്യാൻ മൂന്നാമതൊരു കക്ഷിയെ അനുവദിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്ന് സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (മീഡിയ) സൈഫുൽ ഇസ്ലാം പറഞ്ഞു.
അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇങ്ക്വിലാബ് മഞ്ച നേതാവ് ഹാദിയുടെ മരണത്തെത്തുടർന്ന്, അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഓഫീസ് ഉപരോധിക്കുമെന്ന് ഗാനോ ഒധികർ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ചിറ്റഗോംഗിലെ ഇന്ത്യൻ വീസ അപേക്ഷാ കേന്ദ്രം (ഐവിഎസി) പ്രവർത്തനം നിർത്തിവച്ചു. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് നടപടി. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം വീസ സെന്റർ വീണ്ടും തുറക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് ഐവിഎസി പ്രസ്താവനയിൽ പറഞ്ഞു.
ധാക്ക, ഖുൽന, രാജ്ഷാഹി എന്നീ അഞ്ച് കേന്ദ്രങ്ങളും, ചാറ്റഗോംഗ്, സിൽഹെറ്റ് എന്നീ കേന്ദ്രങ്ങളുമാണ് ഐവിഎസി നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം അടച്ച ധാക്കയിലെ വീസ അപേക്ഷാ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു.
International
ധാക്ക: ബംഗ്ലാദേശിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്റെ വീടിന് തീവച്ചു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ഏഴ് വയസുകാരി പൊള്ളലേറ്റു മരിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നോടെ ഭവാനിഗഞ്ച് യൂണിയൻ ബിഎൻപി അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മകൾ ആയിഷയാണ് മരിച്ചത്.
അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു എന്ന് ബിലാലിന്റെ അമ്മ ഹസീറ ബീഗം പറഞ്ഞു.
വാതിലുകൾ പൂട്ടിയതിനാൽ വീട്ടിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ബിലാൽ ഹുസൈൻ, മക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇവരുടെ ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് മാറ്റി. ബിലാലിന്റെ ഭാര്യ നജ്മ, നാല് മാസം പ്രായമുള്ള കുഞ്ഞ് അബീർ, ആറ് വയസുകാരനായ മകൻ ഹബീബ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധ നേതാവും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നിരുന്ന ആളുമായ ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശിൽ കലാപം രൂക്ഷമായത്.
കഴിഞ്ഞ ദിവസം കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി.
വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
"ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. ഏതൊരു പരിഷ്കൃത സമൂഹത്തിലും മതം, ജാതി, സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുളള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം'.- പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
ഹിന്ദു യുവാവായ ദീപു ചന്ദ്രദാസ്(25)ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
അതിനിടെയാണ് മൈമെന്‍സിംഗ് പട്ടണത്തില്‍ ദിപുവിനെ ഒരുസംഘം അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്. ഭലുകയില് ഒരു പ്രാദേശിക ഗാര്‍മെന്റ്സ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു ദിപു ചന്ദ്രദാസ്. പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ചാണ് ദിപുവിനെ അക്രമികള്‍ മര്‍ദിച്ചുകൊന്നത്.
Viral
ധാക്കയിലെ പ്രശസ്തമായ ബ്രക് സർവ്വകലാശാലയിൽ വിദ്യാർഥികളെ പരിഭ്രാന്തിയിലാഴ്ത്തിയ എസ്കലേറ്റർ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
സർവ്വകലാശാലയുടെ പുതിയ കാമ്പസിനുള്ളിൽ സാധാരണ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എസ്കലേറ്റർ പെട്ടെന്ന് നിയന്ത്രണാതീതമായ വേഗതയിൽ പാഞ്ഞതോടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
എസ്കലേറ്ററിന്റെ ഒരു വശം കൃത്യമായ വേഗതയിൽ ചലിക്കുമ്പോൾ തൊട്ടടുത്തുള്ള ഭാഗം അസാധാരണമാംവിധം വേഗത വർദ്ധിപ്പിക്കുകയായിരുന്നു.
ഈ സമയം എസ്കലേറ്ററിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ ബാലൻസ് തെറ്റി വീഴാൻ തുടങ്ങുകയും പരസ്പരം താങ്ങിയും കൈവരികളിൽ മുറുകെ പിടിച്ചും എങ്ങനെയൊക്കെയോ എത്തിച്ചേരുകയുമായിരുന്നു.
അപകടത്തിൽപ്പെട്ടവർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി എസ്കലേറ്റർ ഉടൻ തന്നെ പ്രവർത്തനരഹിതമാക്കാൻ അധികൃതർ ഉത്തരവിട്ടതായാണ് വിവരം.
എങ്കിലും ഇത്രയും വലിയൊരു സ്ഥാപനത്തിൽ എസ്കലേറ്ററിന്റെ അറ്റകുറ്റപ്പണികളിൽ ഉണ്ടായ വീഴ്ചയാണോ അതോ സാങ്കേതികമായ മറ്റ് തകരാറുകളാണോ ഇത്തരമൊരു അപകടത്തിന് കാരണമായതെന്ന കാര്യത്തിൽ വിദ്യാർഥികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
തിരക്കേറിയ സമയത്ത് ഇത്തരമൊരു പിഴവ് സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും സർവ്വകലാശാലയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ക്യാമ്പസിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
International
ധാക്ക: ഇന്ത്യയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചെത്തിക്കുന്നതിന് നയതന്ത്രതലത്തിൽ ശ്രമം തുടരുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അവാമി ലീഗ് നേതാവായ ഹസീന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിലെത്തിയത്.
ഷേഖ് ഹസീനയെ ധാക്കയിലേക്കു തിരിച്ചയയ്ക്കുന്നതിന്റെ ആവശ്യം ഇന്ത്യയെ ബോധിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ അറിയിച്ചു.
ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ഷേഖ് ഹസീനയ്ക്കും ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.
Sports
മധുര: 2025 എഫ്ഐഎച്ച് ജൂണിയർ പുരുഷ ഹോക്കി ലോകകപ്പ് ചലഞ്ചർ ട്രോഫി സ്വന്തമാക്കി ബംഗ്ലാദേശ്.
ഓസ്ട്രിയയെ 5-4ന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കപ്പുയർത്തിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ അമീറുൾ ഇസ്ലാമിന്റെ ഹാട്രിക്കും, ഹൊസിഫ ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരുടെ ഗോളുകളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
Sports
ധാക്ക: ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള സ്റ്റേഡിയത്തിവാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശുമാണ് വിജയിച്ചത്.
അയർലൻഡ് 39 റൺസിനാണ് ആദ്യ മത്സരത്തിൽ വിജയം നേടിയത്. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളും പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
National
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യ ശ്രദ്ധിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
2013 ജനുവരി 28നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി ഒപ്പുവച്ചത്.
National
ന്യൂഡൽഹി: തനിക്ക് വധശിക്ഷ വിധിച്ച അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്നും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
കോടതിയിൽ സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ല. ഇഷ്ടമുള്ള അഭിഭാഷകരെ വച്ച് വാദിക്കാൻ പോലും സാധിച്ചില്ല. ലോകത്തിലെ ഒരു യഥാർഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും ഹസീന വ്യക്തമാക്കി.
മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയുമാണ് അധികാരം പിടിച്ചെടുത്തത്. യൂനിസിന്റെ ഭരണത്തിൻ കീഴിൽ വിദ്യാർഥികൾ, വസ്ത്രനിർമാണ തൊഴിലാളികൾ, ഡോക്ടർമാർ, അധ്യാപകർ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയിൽ അടിച്ചമർത്തി.
സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവച്ച് കൊന്നു. മാധ്യമപ്രവർത്തകർ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവർ ആരോപിച്ചു.
അതേസമയം, നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയിൽ വിചാരണ നേരിടാൻ തയാറാണെന്ന് ഹസീന വ്യക്തമാക്കി. തെളിവുകൾ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലിൽ ആരോപകരെ നേരിടാൻ തനിക്ക് ഭയമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
International
ധാക്ക: ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്.
ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന് കമല്‍, പോലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന് എന്നിവരും കേസുകളില്‍ പ്രതികളാണ്.
ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Sports
ധാക്ക: അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 338 എന്ന നിലയിലാണ് ബംഗ്ലാദേശ്. അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 52 റൺസ് മുന്നിലാണ് ബംഗ്ലാദേശ്.
സെഞ്ചുറി നേടിയ മഹ്മുദുൾ ഹസനും അർധ സെഞ്ചുറി നേടിയ മൊമിനുൾ ഹഖും ആണ് ക്രീസിലുള്ളത്. മഹ്മുദുൾ 169 റൺസും മൊമിനുൾ 80 റൺസും എടുത്തിട്ടുണ്ട്. 80 റൺസെടുത്ത ഷഡ്മാൻ ഇസ്ലാമിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. മാത്യൂ ഹംഫ്രെയ്സാണ് അയർലൻഡിന് വേണ്ടി വിക്കറ്റ് എടുത്തത്.
നേരത്തെ അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് 16 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു.
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡും ഹസൻ മഹ്മുദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും നഹീദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ അയർലൻഡിന് ബാറ്റിംഗ് തകർച്ച. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിലാണ് അയർലൻഡ് .
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യ ദിവസത്തെ അവസാനത്തെ പന്തിൽ വിക്കറ്റ് വീണതിനാൽ 21 റൺസുമായി ബാരി മക്കാർത്തി മാത്രമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡ് രണ്ട് വിക്കറ്റും ഹസൻ മഹ്മുദും നഹീദ് റാണയും തയ്ജുൽ ഇസ്ലാമും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Kerala
തിരുവനന്തപുരം: അനധികൃതമായി ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശ് സ്വദേശിയെ പേട്ട പോലീസ് പിടികൂടി. പ്രണോയ് റോയി (29) ആണ് പിടിയിലായത്. ബ്രഹ്മോസിലെ കരാർ തൊഴിലാളി ആണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഇതിന്റെ സത്യാവസ്ഥ പോലീസ് അന്വേഷിക്കുകയാണ്. ഇന്ത്യയിലേക്ക് കടന്ന ഇയാളുടെ കൈവശം വ്യാജ ആധാർ കാർഡാണ് ഉണ്ടായിരുന്നത്. ഇയാളുടെ ഫോണിൽ ബംഗ്ലാദേശ് പാസ്പോർട്ടിന്റെ വിവരങ്ങളും കൈവശം വെസ്റ്റ് ബംഗാളിൽനിന്നും ഇയാൾ വ്യാജമായി നിർമിച്ച ആധാർകാർഡും കണ്ടെത്തി.
2025 ലാണ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്. കൊച്ചുവേളിയിലാണ് താമസിച്ചു വന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്. സംശയം തോന്നി രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഫോണിൽ ബംഗ്ലാദേശിൽ എടുത്ത പാസ്പോർട്ടിന്റെ കോപ്പി കണ്ടെത്തിയത്.