ധാക്ക: അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു ബംഗ്ലാദേശ് വിടചൊല്ലി. ധാക്കയിൽ ഇന്നലെ നടന്ന അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന ക്കത്ത് ഖാലിദയുടെ മകൻ താരിഖ് റഹ്മാന് ശജയങ്കർ കൈമാറി.
ബംഗ്ലാദേശ് പാർലമെന്റ് വളപ്പിലെ സംസ്കാര പ്രാർഥനയ്ക്കു ശേഷം തൊട്ടടുത്തു തന്നെയുള്ള ചന്ദ്രിമ ഉദ്ദാൻ പാർക്കിൽ, ഭർത്താവും ഭരണത്തിലിരിക്കെ വധിക്കപ്പെട്ട പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിനടുത്ത് ഖാലിദയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ബംഗ്ലാദേശിൽ ദേശീയപതാക പാതി താഴ്ത്തിക്കെട്ടിയിരുന്നു. ധാക്കയിൽ സുരക്ഷ ഉറപ്പാക്കാനായി ആയിരക്കണക്കിനു ഭടന്മാരെ വിന്യസിച്ചു. ലക്ഷങ്ങൾ എത്തിച്ചേർന്നതിനാൽ ധാക്ക നഗരത്തിന്റെ പല ഭാഗങ്ങളും സ്തംഭിച്ചു. ഭരണത്തിലിരിക്കേ സ്ത്രീശക്തീകരണത്തിനായി ഖാലിദ സ്വീകരിച്ച നടപടികൾ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയവർ അനുസ്മരിച്ചു.
മൂന്നു വട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയ വാർധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്ച ധാക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഖാലിദയുടെ ബിഎൻപി പാർട്ടി ജയിക്കുകയും മകൻ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്നാണ് പ്രവചനങ്ങൾ.
Tags : Khaleda Zia left Bangladesh Tariq Rahman