ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. മൈമെൻസിംഗ് ജില്ലയിലെ തുണി ഫാക്ടറിയിൽ സുരക്ഷാ ജീവനക്കാരനായ ബജേന്ദ്ര ബിശ്വാസ് (42) എന്നയാളാണ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു യുവാവാണ് ഇയാൾ. ബലൂക്കയിൽ ലബിബ് ഗ്രൂപ്പിന് കീഴിലെ സുൽത്താന സ്വെറ്റർ ലിമിറ്റഡിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബജേന്ദ്ര ബിശ്വാസ്.
സംഭവത്തിൽ സഹപ്രവർത്തകൻ നോമൻ മിയയെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അൻസാർ സേനയിലെ അംഗമാണ് ഇയാൾ.
സർക്കാർ ഓഫിസുകൾ, ഫാക്ടറികൾ, വ്യാവസായിക യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് കാവൽ നിൽക്കുന്നത് ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങൾക്കായാണ് അൻസാർ സേനാംഗങ്ങളെ വിന്യസിക്കുന്നത്. ഇവർക്ക് ആയുധങ്ങളും നൽകാറുണ്ട്.
ഇരുവരും സുരക്ഷാ ചുമതലയിലുള്ളപ്പോഴാണ് കൊലപാതകമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നോമൻ മിയ, ബിശ്വാസിന് നേരെ തോക്കു ചൂണ്ടിയത് തമാശക്കാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വെടിപൊട്ടുകയും ബിശ്വാസ് വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഡിസംബർ 18ന് അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെ രാജ്ബാരി ഗ്രാമത്തിൽ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ക്രിമിനൽ ഗാംഗിന്റെ നേതാവാണെന്ന് ആരോപിച്ചായിരുന്നു മർദനം.
അതിന് ഒരാഴ്ച മുൻപ് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയും ചെയ്തു.
Tags : Hindu Man murder Bangladesh