ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
ഹസീനയെ വിട്ടുകൊടുക്കില്ല
ഷെയ്ഖ് ഹസീനയും അവരുടെ പാർട്ടിയായ അവാമി ലീഗുമായി എക്കാലത്തും അഭേദ്യമായ ബന്ധമാണ് ഇന്ത്യക്കുള്ളത്. ഹസീനയെ വിട്ടുനൽകണമെന്ന് താരിഖ് റഹ്മാൻ വാശിപിടിച്ചാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കും. അവാമി ലീഗ് അധികാരത്തിലെത്തിയപ്പോഴെല്ലാം ഇന്ത്യയായിരുന്നു ആ രാജ്യത്തിന്റെ ഏറ്റവും വലിയ പങ്കാളി. 2024ൽ രാജിവച്ച് രാജ്യം വിട്ടപ്പോൾ ഇന്ത്യ അഭയം നൽകിയതുപോലെ മുന്പൊരിക്കൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയും ഹസീനയ്ക്കും കുടുംബത്തിനും ഇന്ത്യ അഭയം നൽകിയിട്ടുണ്ട്.
1975 ഓഗസ്റ്റ് 15ന് രാജ്യത്തു സൈനിക അട്ടിമറിയുണ്ടായപ്പോഴായിരുന്നു ഇത്. അധികമാർക്കും ഇക്കാര്യം അറിയില്ലായിരുന്നു. വ്യാജ മേൽവിലാസത്തിലായിരുന്നു ഹസീനയുടെയും കുടുംബത്തിന്റെയും താമസം. 1981 വരെ വിവിധ പേരുകളിൽ വിവിധ വീടുകളിലായി ഹസീനയും കുടുംബവും ഡൽഹിയിൽ തങ്ങി. ആറു വർഷത്തെ ഇന്ത്യയിലെ രഹസ്യജീവിതത്തിനുശേഷം മാതൃരാജ്യത്തു മടങ്ങിയെത്തിയ ഹസീന സ്വന്തം പാർട്ടിയായ അവാമി ലീഗിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
Tags : Bangladesh history India