Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്വ പറഞ്ഞു.
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.
വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.
മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്‍ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
Kerala
ആലപ്പുഴ: കായംകുളം ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 30,000 രൂപ പിടിച്ചെടുത്തു. ഓഫീസിനുള്ളിൽ ഏജന്റുമാരുടെ സ്വാധീനം വർധിക്കുന്നതായും സേവനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്നാണ് പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തത്. ഏകദേശം 30,000 രൂപയോളം ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു കൃത്യമായ ഉറവിടം വെളിപ്പെടുത്താത്ത 1,000 രൂപയും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
Kerala
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.
വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
International
ഓലണ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ. ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഗ്രീൻലൻഡിനുവേണ്ടി ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്റിക്സനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണു പ്രസ്താവനയിറക്കിയത്.
ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു മെറ്റേ ഫ്രെഡ്റിക്സന്റെ പ്രസ്താവന. ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണു ഗ്രീൻലൻഡ്.
വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെയാണു ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് മുന്‍പും പ്രഖ്യാപനം നടത്തിയിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഒരു വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 50 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഹരിയാന സ്വദേശി ഇന്ദർജിത് സിംഗ് യാദവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് ഡൽഹിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5.12 കോടി രൂപ പണമായും 8.80 കോടി വിലമതിക്കുന്ന ആഭരണങ്ങളും 35 കോടി രൂപ ആസ്തി കണക്കാക്കുന്ന വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തത്. പരിശോധനയ്ക്കു വിധേയമായ വീടുമായി യാദവിന്റെ കൂട്ടാളിക്ക് ബന്ധമുണ്ട്.
നിയമവിരുദ്ധമായി പണം തട്ടിയെടുക്കൽ, സ്വകാര്യ ധനകാര്യസ്ഥാപങ്ങളുടെ വായ്പ ഒത്തുതീർപ്പ്, അനധികൃതമായി കമ്മീഷൻ സന്പാദിക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് യാദവിനെതിരേയുള്ള കുറ്റം.
ഇയാൾക്കും കൂട്ടാളികൾക്കുമെതിരേ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 14 എഫ്ഐആറുകളും കുറ്റപത്രങ്ങളുമുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഡിസംബർ ആദ്യം നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര കാറുകളും 17 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയിരുന്നു.
Kerala
മലപ്പുറം: വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദീന്റെ കൈയില്‍ നിന്നാണ് 1970 രൂപ പിടിച്ചെടുത്തത്.
കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11500 രൂപയും കണ്ടെത്തി. ഓഫീസിനകത്തെ മേശയില്‍ നിന്ന് പാതി ഉപയോഗിച്ച നിലയില്‍ കുപ്പിയിലുള്ള മദ്യം വിജിലൻസ് പിടിച്ചെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
സേവനത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ മലപ്പുറം വിജിലന്‍സിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.
District News
കുമളി: തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്തുവാൻ പിക്കപ്പ് വാനിൽ എത്തിച്ച 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കുമളി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ചെക്ക്പോസ്റ്റിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാമാക്ഷി പാറക്കടവ് ഇഞ്ചൻ തുരുത്തിൽ ഇ.വി. ബിനേഷ്ദേവ് (38) അറസ്റ്റിലായി. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
31 പ്ളാസ്റ്റിക് ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ നിറച്ചിരുന്നത്. ചാക്കുകൾ അടിയിലാക്കി മുകളിലായി വാഴക്കുലയും മറ്റ് സാധനങ്ങളും അടുക്കിയാണ് നിരോധിത പുകയില കടത്തിന് ശ്രമിച്ചത്.
ഇടുക്കി, ചെറുതോണി അടക്കം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ വിതരണത്തിനുള്ളതാണ് പുകയില ഉത്പന്നങ്ങളെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ മുൻപും ഇത്തരത്തിൽ സാധനങ്ങൾ കടത്തിയതായി സൂചനയുണ്ട്.
കുമളി എസ്എച്ച് ഒകെ. അഭിലാഷ്കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പോലീസുകാരായ രജ്ജിത് ചെറിയാൻ, നദീർ, മഹേന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Kerala
കൊല്ലം: ബീച്ച് പരിസരത്തുനിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. സ്പെഷൽ ഡ്രൈവറിന്റെ ഭാഗമായി അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കൊല്ലം മാങ്ങാട് സ്വദേശി അരുൺ രാജ് (29 വയസ്) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 17.365 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. പ്രതി വിൽപ്പനയ്ക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു.
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. ബ്രിജേഷ് റാം (36 വയസ്), അരുൺ അലാം (22 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
Kerala
മലപ്പുറം: പൊന്നാനിയില്‍ ലോറിയില്‍ കടത്താൻ ശ്രമിച്ച ഹാൻസ് പാക്കറ്റുകള്‍ പിടികൂടി. മൂന്ന് ലക്ഷം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. കാസര്‍ഗോഡ് നിന്ന് എറണാകുളം ജില്ലയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകളാണ് പൊന്നാനി ഹൈവേയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്. ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മൂന്ന് ലക്ഷത്തോളം ഹാന്‍സ് പാക്കറ്റുകള്‍ കടത്താൻ ശ്രമിച്ചത്. 200ഓളം വലിയ ചാക്കുകളിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിസാണ് ഹാൻസ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തളിപ്പറമ്പ്: കെഎസ്ആർടിസി ബസ്, നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിക്കു നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മാന്ധംകുണ്ടിലെ കെ. ഷൈജയുടെ പരാതിയിൽ തളിപ്പറന്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്.
2021 സെപ്റ്റംബർ 16ന് ഷൈജ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയിൽ കുറ്റിക്കോലിൽവച്ച് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷൈജയടക്കം 15 പേർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളജിലും പരിയാരം മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും ചികിത്സയിലായിരുന്ന ഷൈജയ്ക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഷൈജയ്ക്ക് 12,96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2025 ജൂലൈ17ന് തളിപ്പറന്പ് എംഎസിടി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകാതെ നീട്ടിക്കൊണ്ടു പോയി. തുടർന്ന് അഡീഷണൽ സെഷൻസ് കോടതിയിൽ പരാതി നൽകി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എട്ടു ശതമാനം പലിശയടക്കം നഷ്ടപരിഹാരത്തുക 18,19,019 രൂപയായി വർധിപ്പിച്ച് ഉത്തരവിട്ടെങ്കിലും നൽകിയില്ല. തുടർന്ന് വീണ്ടും കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തിനായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള രാത്രി എട്ടിന് ബംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്ന കെഎല്‍ 15 എ 2365 നമ്പര്‍ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ നഷ്ടപരിഹാരത്തുക നൽകാതെ കെഎസ്ആർടിസി അധികൃതർ ഈ സർവീസ് നിർത്തിവയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കോടതി ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.
Kerala
മാനന്തവാടി: മാനന്തവാടിയിൽ വൻ കുഴല്‍പ്പണവേട്ട. മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണമായിരുന്നു കേരളത്തിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. സംസ്ഥാനത്ത് തന്നെ വലിയ കുഴല്‍പ്പണവേട്ടയിലൊന്നാണ് പോലീസിന്റെ ജാഗ്രതയില്‍ പൊളിഞ്ഞത്.
ബെംഗളുരുവിലെ കെആര്‍ നഗറില്‍നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയാണ് രണ്ടുപേര്‍ സ്കൂട്ടറില്‍ പണം എത്തിച്ചത്. ഇവിടെ വെച്ച് ആസിഫും മുഹമ്മദ് ഫാസില്‍, റസാഖ് എന്നിവര്‍ കാറില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവയ്ക്കുകയും ശേഷം മൂന്ന് യുവാക്കളും ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക് പുറപ്പെടുകയുമായിരുന്നു. ബെംഗളുരു സ്വദേശിയാണ് മലയാളികള്‍ക്ക് പണം കൈമാറിയത്.
പണം കൊണ്ടുവരുന്നതിനായി ആസിഫിനെയും റസാഖിനെയും മുഹമ്മദ് ഫാസിലിനെയും സല്മാന് പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിൽ എത്തിയപ്പോഴാണ് സല്മാന് വലയിലാകുന്നത്. ഹവാല ഇടപാടുകാരായ സല്‍മാനും മുഹമ്മദും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരം ബെംഗളുരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നും കമ്മീഷന് സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്.
ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയിൽ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Kerala
പത്തനംതിട്ട: റാന്നിയിൽ അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്ന് വിദേശ മദ്യം പിടികൂടി. 220 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്.
റാന്നി എക്സൈസ് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തി വിദേശ മദ്യം പിടികൂടിയത്.
Kerala
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാക്ക് കെട്ടിനുള്ളിൽ 20 ൽ പരം ലാപ്ടോപ്പ് ബാഗുകളിലായി പ്ലാസ്റ്റിക് കവറിൽ തയ്ച്ച് പിടിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടശേഷമാണ് സംശയാസ്പദമായ രീതിയിൽ ചാക്ക് കെട്ട് ശ്രദ്ധയിൽപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തിൽപ്പരം രൂപ വിലവരും.
ആർപിഎഫ് ഇൻസ്പെക്ടർ എ.കെ. പ്രിൻസ്, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ .ജിപിൻ, ജിആർപി സബ് ഇൻസ്പെക്ടർ ബിജോയ്, പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ,സിജോ സേവ്യർ, അജിമോൻ, എസ്.വി. ജോസ് ,യേശുദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.